ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.
Showing posts with label പ്രണയം. Show all posts
Showing posts with label പ്രണയം. Show all posts

Monday, March 21, 2011

ഒഴിവുകാലത്തൊരു പ്രണയം

കഷ്ടപ്പെട്ടു പഠിച്ചും, ടെന്‍ഷനടിച്ചു കോപ്പിയടിച്ചു പരീക്ഷകളെഴുതിയും, അതൊക്കെത്തന്നെ പലവട്ടമെഴുതിയും പോളിപഠനം കഴിഞ്ഞു കൂമ്പുവാടി വീട്ടിലെത്തിയിട്ടു ഒരാഴ്ച കഴിഞ്ഞു.

ചിക്കനിന്റെ വിവിധയിനങ്ങള്‍ കൊണ്ട് ആദ്യ ദിനങ്ങളില്‍ തുടങ്ങിയ ഉച്ചയൂണിന്റെ വിഭവങ്ങളെ മങ്ങിയ ഒരോര്‍മ്മയാക്കി, മീന്‍‌‌വഴി വെറും ചമ്മന്തിയിലെത്തി നില്‍ക്കുന്നു. കിടക്കും മുന്‍പ് കിട്ടിയിരുന്ന പാലിലാണെങ്കില്‍ വെള്ളത്തിന്റെ അളവു കൂടിക്കൂടിയൊടുവില്‍  വെറുമൊരു ഗ്ലാസ്സ് ചൂടുവെള്ളം മാത്രമായുമൊതുങ്ങി.

നഷ്ടപ്പെട്ട കോളേജിന്റെ ഓര്‍മകളെ അയവിറക്കി, രാവിലെയെണീറ്റു റോഡിലേക്കു വായില്‍ നോക്കിയിരിക്കുമ്പോള്‍ ചുറ്റുവട്ടത്തെ കൂട്ടുകാരൊക്കെ റ്റാറ്റ പറഞ്ഞു കോളേജിലേക്കു യാത്രയാകുന്നു.  ഭക്ഷണം കഴിച്ചു ബോറഡി മാറ്റിയും, അതിന്റെ ക്ഷീണം ഉറങ്ങിത്തീര്‍ത്തും, ഉറക്കത്തില്‍ എട്ടു നിലയില്‍ പൊട്ടിയെന്ന ദു:സ്സ്വപ്നം കണ്ടു ഞെട്ടിയുണര്‍ന്നും ഞാന്‍ മടുത്തു. ചുറ്റുവട്ടത്തൊന്നും പത്തുവയസ്സു പ്രായവ്യത്യാസത്തില്‍ പോലും ഇളയതോ മൂത്തതോ ആയ ഒരെണ്ണത്തിനെപ്പോലും പകലായാല്‍ കാണാനില്ല. ആറു മുതല്‍ അറുപതുവരെയുള്ളവരുടെ കമ്പനി കൊണ്ടുനടന്നിരുന്ന ഞാനങ്ങനെ, ആറു വയസ്സിനു താഴെയുള്ളതും അറുപതിനു മുകളിലുള്ളതും ചേര്‍ത്തു വലയം വ്യാപിപ്പിക്കേണ്ട അവസ്ഥയിലെത്തി.


എന്തായാലും ദിവസങ്ങള്‍ കഴിയവേ, വഴിയേ പോകുന്ന എന്നെക്കണ്ടാല്‍ കൊച്ചു കുട്ടികളുള്ള ചേച്ചിമാര്‍ ഓടി വന്നു “മോനേ, മാമനൊരു ഷേക്കാന്റു കൊടുത്തേ...” എന്നു പറഞ്ഞ്  കൈകള്‍ നീട്ടിച്ചു, കുട്ടിയെ എന്റെ കയ്യിലേക്കിട്ടു തന്നിട്ടു വീടിനകത്തേക്കോടിപ്പോയാല്‍ മണിക്കൂറുകള്‍ക്കു ശേഷവും തിരിഞ്ഞു നോക്കാതെയായി.

കാലം പോകെ, വെറുതെ തേരാപ്പാരാ നടക്കുന്ന എന്നെ പ്രതീക്ഷിച്ചു നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും (അഥവാ ആ ബാലന്മാരും വൃദ്ധന്മാരും) രാവിലെമുതല്‍ കണ്ണിലെണ്ണയൊഴിച്ചു കാത്തു നില്‍ക്കാന്‍ തുടങ്ങി. അവരെ കൂടുതല്‍ നിര്‍ത്താതെ എത്രയും പെട്ടെന്നു അടുത്ത പരിപാടി പ്ലാന്‍ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു.

കോളേജില്‍ പോയ കൂട്ടുകാര്‍ തിരിച്ചെത്തുന്നതും കാത്തു വൈകുന്നേരമായാല്‍ റോഡിലേക്കു കണ്ണും നട്ടിരിക്കും. സ്കൂള്‍-കോളേജുകള്‍ വിടുന്ന സമയത്തങ്ങനെ കാഴ്ചകള്‍ കണ്ടു രസിച്ചു നില്‍ക്കുന്നതിന്നിടയിലാണ് റോഡിലൂടെ പോകുന്ന ചില മുഖങ്ങളിലെ ഭാവമാറ്റങ്ങള്‍ ശ്രദ്ധയില്‍ പെട്ടതു. മാറത്തടുക്കിയ പുസ്തകവുമായിപ്പോകുന്ന കൂട്ടത്തിലേക്കു നമ്മളൊന്നു നോക്കിയാല്‍, ഓരോരുത്തരില്‍ നിന്നും തിരികെയെത്തുന്ന ഒരുപാട് കടാക്ഷങ്ങള്‍. ഒരു ചിരിക്കൊരുപാട് റിഫ്ലക്റ്ററുകള്‍ .


പണ്ട് സ്കൂളില്‍ കൂടെപ്പഠിച്ചിരുന്ന, പല അങ്കത്തട്ടുകളില്‍ തോറ്റും ജയിച്ചും കറങ്ങിത്തിരിഞ്ഞുമൊക്കെ പാരലല്‍ കോളേജില്‍ അങ്കത്തിനിറങ്ങിയ ചില കൂട്ടുകാരെ അതിന്നിടയില്‍ കണ്ടുമുട്ടി. പഠനം മടുത്തിട്ടും പള്ളിക്കൂടം മടുക്കാത്തവര്‍. എങ്ങനെ ബോറഡി മാറ്റാം എന്നു തിരക്കി നടന്ന എനിക്കവര്‍ ഗുരുക്കന്മാരായി. പോളിയുടെ റിസള്‍ട്ട് വരും വരെയുള്ള ഒഴിവു വേളകള്‍ ആനന്ദകരമാക്കാനായി‍ ഞാനും അവരോടൊപ്പം പാരലല്‍ കോളേജിലെ ഒരു പ്രീഡിഗ്രിക്കാരനായി പടികയറി.

ചത്താലും ‘കായംകുളം എം.എസ്.എം കോളേജി‘ന്റെ പടി മക്കളെ കാണിക്കില്ലെന്നു വാശിയുള്ള വീട്ടുകാരുടെ സന്തതികളാണവിടെ പഠിക്കുന്നവരിലൊരു കൂട്ടര് , മക്കളെ പാഴാക്കാനെന്തിനു കാശു ചെലവാക്കണമെന്ന ചിന്താഗതിക്കാരായ മാതാപിതാക്കളുടെ കുട്ടികള്‍ . (ഞാനും ആ ഗണത്തില്‍ പെടും. അതുകൊണ്ടാണ്, അടുത്തപെരുന്നാളിന്നു വെട്ടാനുള്ള പോത്തിനെ നേരത്തെ വാങ്ങി നിര്‍ത്തും പോലെ, ‘പത്താം ക്ലാസ്സു കഴിഞ്ഞാല്‍ ഇവന്‍ പോളിക്കുവേണ്ടി‘ എന്നു നേര്‍ച്ച നേര്‍ന്നെന്നെ എട്ടാം ക്ലാസ്സിലേ ടെക്നിക്കല്‍ സ്കൂളിലാക്കിയത്.)‍

മറ്റൊരു കൂട്ടര്‍, പഠിക്കാനായി തീരുമാനിച്ച പാവപ്പെട്ട കുട്ടികളായിരുന്നു‍. കോളേജില്‍ പോയിട്ടു പിന്നെ ട്യൂഷനും കൂടി കാശ് കൊടുക്കാന്‍ പറ്റാത്തവര്‍. പാഴാവില്ലെന്നു സ്വയം ശപഥം ചെയ്തവര്‍. അവരായിരുന്നവിടുത്തെ ന്യൂനപക്ഷം.

മൃഗീയ ഭൂരിപക്ഷമുള്ള മറ്റൊരു കൂട്ടരുണ്ട്. ലക്ഷ്യത്തില്‍ ഇത്ര കൃത്യമായി അമ്പെയ്തു കൊള്ളിച്ച വേറൊരു വിഭാഗമില്ലന്നു നാട്ടില്‍. അധികമാക്കി ആര്‍ഭാടമാക്കാതെയും, കുറഞ്ഞുപോയി പാഴാക്കാതെയും  കൃത്യമായി 210 എന്ന മാന്ത്രിക സംഖ്യയില്‍ തന്നെ തങ്ങളുടെ എസ്.എസ്.എല്‍.സി മാര്‍ക്കു തളച്ചിട്ട മിടുക്കന്മാരും മിടുക്കികളുമായിരുന്നു അവര്‍.  വിവിധ സ്കൂളുകളിലെ സ്ഥിരം പിന്‍ബെഞ്ചുകാരുടെ സമ്മേളനം. അതിനാല്‍ പിന്‍ ബെഞ്ചിനായി വന്മത്സരമാണവര്‍ക്കിടയില്‍ . എങ്കിലും കൂട്ടുകാരുടേയും വയസ്സിന്റെയും പിന്‍ബലത്താല്‍, നീളം കുറവായിരുന്നിട്ടും യോഗ്യതയില്ലാതിരുന്നിട്ടും എനിക്കും കിട്ടി പിന്‍ബെഞ്ചിലൊരു സീറ്റ്.


പഠന നിലവാരവും നീളവും തമ്മില്‍ വിപരീത ദിശയിലൊരു ബന്ധമുണ്ടെന്ന എന്റെ ആദ്യ തിയറം രൂപപ്പെടുന്നതു അവിടെവെച്ചാണ്. ‘നീളം കൂടിയാല്‍ സാധാരണയായി ക്ലാസ്സില്‍ പിറകിലിരിക്കണം. അവിടെക്കിടക്കുന്ന വൃത്തികെട്ട പിന്‍ബഞ്ച് സകല ദുശ്ശീലങ്ങളും നമ്മില്‍ വളര്‍ത്തും. കുട്ടികളില്‍ ദുശ്ശീലങ്ങള്‍ വളരുന്നതിന്ന് അടിത്തറയിടുന്നതു പിന്‍ബെഞ്ചാണെന്നു എനിക്കും ബോധ്യപ്പെട്ടു.

നല്ല കുട്ടികളെ ചീത്തയാക്കുന്ന ആ പിന്‍ ബഞ്ചിനെ വരും തലമുറയുടെ നന്മയെ ഓര്‍ത്തു ക്ലാസ്സിന്നു പുറത്താക്കണമെന്ന ആശയം മനസ്സില്‍ രൂപപ്പെടുമ്പോഴേക്കും പിന്‍ ബഞ്ചിലിരിക്കാനുള്ള തിരക്കുകാരണം പല ബെഞ്ചുകള്‍ ഒടിഞ്ഞു പോയിരുന്നു. :) 

ക്ലാസ്സിലെ പെണ്‍കുട്ടികളാണെങ്കില്‍ എന്തൊക്കെയോ നിശ്ചയിച്ചുറപ്പിച്ചതുപോലെ(?), പഠിക്കേണ്ടതിലൊഴിച്ചു മറ്റെല്ലാ കാര്യത്തിലും വിരുതുകള്‍ കാട്ടിയിരുന്നു. പണത്തിന്റെ കാര്യത്തില്‍ പാവങ്ങളായിരുന്നു എങ്കിലും സ്നേഹത്തിന്റെ കാര്യത്തില്‍ എല്ലാവരും സമ്പന്നരായിരുന്നു. വില്‍ക്കാന്‍ വെക്കാത്ത ഹൃദയങ്ങളും, വലയില്‍ വീഴാത്ത കിളികളും വളരെ കുറവായിരുന്നു.   ‘വലയില്‍ വീണ കിളികളാ‘യിരുന്നു’ ആ ക്യാമ്പസ്സിന്റെ സ്വന്തം പാട്ടു.

പാട്ടുകാരിയായ ഒരു ചട്ടക്കാരിയും, കൈ നോട്ടക്കാരിയായ തട്ടക്കാരിയും, ആട്ടക്കാരിയായ ചാട്ടക്കാരിയും പെണ്‍കുട്ടികളുടെ പിന്‍ബഞ്ചില്‍ നിറഞ്ഞിരുന്നു. ക്ലാസ്സിലെ ഇടക്കിടെയുള്ള കൂട്ടപ്പാട്ടിനു നേതൃത്വം നല്‍കിയിരുന്ന പാട്ടുകാരിക്കുട്ടിയുടെ പാട്ടുകളില്‍ മിക്കതും പള്ളിപ്പാട്ടുകളായിരുന്നു‍. എന്നാല്‍ അതുപോലും പലര്‍ക്കും തുള്ളല്‍ പാട്ടുകളായിരുന്നു .  (ഉറക്കത്തിലും തുളസിയെം ശംഭുവെം കൂടെക്കൊണ്ടുനടന്നിരുന്ന ആണ്‍കുട്ടികളില്‍ ഒട്ടുമിക്കവരും  പാട്ടില്ലെങ്കില്‍ തന്നെ ക്ലാസ്സ് സമയത്തും ആടും.) അങ്ങനെ പാടിയുമാടിയും ദിവസങ്ങള്‍ ആഘോഷപൂര്‍വ്വം മുന്നോട്ടു പോയി.

അതിന്നിടയില്‍,  പ്രായത്തിന്റെ മൂപ്പും  സമയത്തിന്റെ ദോഷവും ഒത്തു ചേര്‍ന്ന ഒരു ശുഭമുഹൂര്‍ത്തത്തില്‍, അടുത്തു വന്നിരുന്നു പാട്ടുകാരിപ്പാവാടക്കാരി പതിഞ്ഞ ശബ്ദത്തില്‍ പാടിയ പാട്ടിന്റെ വരികള്‍ കേട്ടു ഞാനൊന്നു ഞെട്ടി....

എനിക്കു നിന്നോട് പ്രണയമാണെന്നു പറയുന്നെല്ലാരും...
അയ്യോ, പറയുന്നെല്ലാരും....

‘അയ്യോ....‘ വിളി എന്റെ വകയായി വന്നുപോയതായിരുന്നു.......

കടക്കണ്ണാല്‍ നോക്കി, ഒരു ചിരി ചിരിച്ചു, ആകെ മൊത്തമൊന്നിളകി, എന്റെയുള്ളമൊരു ചൂണ്ടക്കൊളുത്തില്‍ കോര്‍ത്തി നിറുത്തി അവള്‍ നടന്നു പോയി.  പിന്നെ വികൃതിക്കുട്ടികള്‍ ചൂണ്ടയില്‍ മീന്‍ കൊത്തിയോ എന്നു നോക്കുമ്പോലെ ഇടക്കിടക്കു ക്ലാസ്സിന്റെ വാതിലിലെത്തി അകത്തേക്കു നോക്കി കണ്ണുകള്‍ കൊണ്ട് ചൂണ്ട വലിച്ചു.

സ്ഥലകാല ബോധം നഷ്ടപ്പെട്ടു ഞാനെന്നെ ആകെയൊന്നു നോക്കി. അവള്‍ക്കു കണ്ണുകാണില്ലേയെന്നായെന്റെ അടുത്ത സംശയം. ആ(?)ശങ്ക മൂത്ത് അതെന്തിന്റെയാണെന്നു പോലും തിരിച്ചറിയാന്‍ വയ്യാതായി.

‘അളിയാ, ലവള്‍ നിന്നെ നോക്കുന്നു....’
സകല പയ്യന്മാരെയും വഴിതെറ്റിച്ച വിശ്വവിഖ്യാതമായ വാക്യം അടുത്തിരുന്നവന്‍  ഉരുവിട്ടു...

അടുത്തിരുന്ന കുപ്പിയിലെ വെള്ളം ഒറ്റയടിക്കു അകത്താക്കി, അടുത്തിരുന്നവന്‍ പകര്‍ന്നു തന്ന ധൈര്യത്തില്‍ ഞാന്‍ നാണിച്ചു അവളെയൊന്നു നോക്കി.

തരക്കേടില്ല. അത്യാവശ്യം സുന്ദരിയാണ്...... 
അല്ല, അവള്‍തന്നെയാണ് സുന്ദരി.....
അതിനുമുന്‍പ് വരെ എനിക്കങ്ങനെ തോന്നിയിരുന്നില്ല. ഞാനാകെ മൊത്തം ക്ലാസ്സിനെയൊന്നു നോക്കി. ഇന്നു കൂട്ടത്തിലേറ്റവും സുന്ദരിയും അവള്‍ തന്നെ. മനസ്സു കള്ളം പറഞ്ഞു (?). എന്റെ ഹൃദയ താളം അവതാളത്തിലേക്കു നീങ്ങുമ്പോള്‍ പെണ്‍കൂട്ടത്തിന്നു നടുവില്‍ നിന്നു താളത്തില്‍ അവളുടെ മനോഹരശബ്ദം പൊങ്ങി.

കണ്ണുനീര്‍ മാറി വേദനകള്‍ എന്ന് മാറുമോ ?
നിന്ദകള്‍ മാറി നല്ല ദിനം എന്ന് കാണുമോ ?

ചൂടുവെള്ളത്തില്‍ വീണ പൂച്ചയെപ്പോലെ വിരണ്ട് ഞെട്ടിത്തരിച്ചു നിന്ന എന്റെ പ്രതികരണം ആശാവഹമല്ലാത്തതിനാവും ........ ഇടക്കിടക്കു ഇടങ്കണ്ണെറിഞ്ഞു അവള്‍ പാടിക്കൊണ്ടിരുന്നു. ഇതിനെക്കാള്‍ നല്ലതൊന്നും ഇനി വരാനില്ലെന്നു ബോധ്യമുള്ളതിനാലും, വരുന്നതെല്ലാം നല്ലതെന്ന വിശ്വാസത്താലും ഞാന്‍ മൌനം പൂണ്ടു. (മൌനം സമ്മതമാണന്നാണല്ലോ വിശ്വാസം). അവള്‍ക്കും സന്തോഷമായി.

ഒരു പുഞ്ചിരി സമ്മാനിച്ചിട്ടു അവള്‍ ചന്തമുള്ള അന്നനടയോടെ പടികളിറങ്ങുമ്പോള്‍, നല്ല അനുഭവ സമ്പത്തുള്ള അടുത്തിരുന്ന കൂട്ടുകാരന്‍ പുറത്തു തട്ടി എന്നെ ആശ്വസിപ്പിച്ചു.

‘സാരമില്ലളിയാ, ഇതിലും വലുതെന്തോ വരാനിരുന്നതാ‘, 
പിന്നെ ഒന്നു നിറുത്തി അവന്‍ തുടര്‍ന്നു....
‘നിന്നോട് അങ്ങനെ പറഞ്ഞു സമാധാനിപ്പിക്കണമെന്നുണ്ട്. പക്ഷേ എന്തു പറയാനാ, ഇനി ഇതിലും വലുതെന്തോ വരാനാ?‘

ദിവസങ്ങള്‍ നീങ്ങി. ക്ലാസ്സുകള്‍ ഉത്സവത്തിന്റെ ഇടവേളകള്‍ പോലെയായി. ചില ക്ലാസ്സുകള്‍ ഉത്സവങ്ങള്‍ തന്നെയും. അദ്ധ്യാപകര്‍ ശുഷ്കാന്തിയോടെ തല്ലിയും, ആത്മാര്‍ത്ഥതയോടെ പഠിപ്പിച്ചും മുന്നോട്ടു പോയി. ‘തല്ലരുതമ്മാവാ, ഞാന്‍ നന്നാവില്ല‘ എന്ന ലൈനില്‍ വിദ്യാര്‍ത്ഥികള്‍ പലവിധ ലൈന്‍വലിക്കലുമായും മുന്നേറി. അക്കാലമത്രയും,  മുന്‍ബെഞ്ചിലെ കുട്ടികള്‍ അറിയാതെ ഊരിയിട്ട ചെരുപ്പുകള്‍ പലതും, പിന്‍ബഞ്ചിലെ നീളമുള്ള കാലുകളാല്‍ തട്ടിയെടുക്കപ്പെട്ടു പലകയടിച്ചു മറച്ച ക്ലാസ്സ് റൂമില്‍ നിന്നും പുറത്തേക്കു പറന്നും പോയി.  ഒളിഞ്ഞു നോട്ടത്തിന്റെ ആദ്യപാഠങ്ങള്‍ അടുത്ത ക്ലാസ്സുകളിലേക്ക് പലകകള്‍ക്കിടയിലൂടെ ഒളിഞ്ഞുനോക്കിപ്പഠിച്ചു എന്നല്ലാതെ പഠനം മാത്രം മുന്നോട്ടുപോയില്ല.

ഒരു ദിവസം, ഒരു മുഖവരയുമില്ലാതെ അവളെന്റെ അടുത്തെത്തി ചിണുങ്ങിക്കൊണ്ട് ചോദിച്ചു.
എന്താ പ്രണയത്തെകുറിച്ചുള്ള അഭിപ്രായം?
തലേന്നൊരുത്തനോട് പ്രണയം മൊഴിചൊല്ലിയ അവളുടെ കൂട്ടുകാരിയെ ഉപദേശിച്ചതിന്റെ ആഫ്റ്റെര്‍ എഫക്റ്റ്.

എന്തുപറയണം‍?എന്തു പറഞ്ഞാലും കുളമാകുമെന്ന കാര്യമൊറപ്പ്.
വിശ്വവിഖ്യാതമായ സകല പ്രണയങ്ങളും മനസ്സില്‍ ധ്യാനിച്ചു. കുട്ടിക്കാലം മുതല്‍ വായിച്ചു കൂട്ടിയ കഥകളും കവിതകളും കഥാപാത്രങ്ങളും മനസ്സിലൂടെ കടന്നു പോയി. ഉള്ളിലെന്നോ രൂപപ്പെടുത്തിയ വിശുദ്ധപ്രേമത്തിന്റെ പവിത്രത പറഞ്ഞു കഴിഞ്ഞപ്പോള്‍ ഗദ്ഗദത്തോടെ അവള്‍പറഞ്ഞു.....

അതേ, ഞാനത്രക്കൊന്നും ചിന്തിച്ചില്ലട്ടോ....
വേറൊന്നും തോന്നരുതു, പ്ലീസ്..... എന്നെയൊരു സഹോദരിയായിക്കാണണം...

എന്നില്‍ നിന്നൊരു ആശ്വാസ നിശ്വാസം പുറത്തേക്കു പോയിക്കാണണം. കണ്ണു തള്ളിയിരുന്നതിനാല്‍ ഒന്നും വ്യക്തമായി കാണാനായില്ല.

രക്ഷകാ എന്റെ പാപഭാരമെല്ലാം നീക്കണേ
യേശുവേ എന്നും നീതിമാന്റെ മാർഗ്ഗം നൽകണേ

മങ്ങിയ കാഴ്ച തെളിഞ്ഞു വന്നപ്പോഴേക്കും കൂട്ടുകാരുടെ നടുവിലിരുന്നവള്‍ പാടിത്തുടങ്ങിയിരുന്നു. ഒരു പ്രാര്‍ത്ഥനപോലെ........

പിന്നോട്ടോടാനാവാത്തതിനാല്‍ ദിവസങ്ങള്‍ പിന്നെയും മുന്നോട്ടു തന്നെ പോയി. എന്റെ റിസള്‍ട്ടു വന്നു. ഉറക്കത്തില്‍ ഞെട്ടിയുണരുമാറ് ഭയന്നതൊന്നും സംഭവിച്ചില്ല. ചെറിയ ജോലിയുമായി. ചുരുങ്ങിയ കാലയളവിലെ ആഘോഷങ്ങള്‍ക്കൊടുവില്‍ പടിയിറങ്ങവേ സ്നേഹ നിര്‍ഭരമായ യാത്രയയപ്പ്. അതിനു മാറ്റുകൂട്ടുവാന്‍ അന്നുമവള്‍ പാടി. കണ്ഡമിടറിപ്പാടവേ അവളുടെ കണ്ണുകള്‍ എന്റെ കണ്ണിലുടക്കി പിന്‍‌വലിഞ്ഞു. അപ്പോള്‍ ചൂണ്ടയില്‍ കൊളുത്തിവലിഞ്ഞത് ഹൃദയങ്ങളായിരുന്നു.

അരുതാത്തതെന്റെയാശ
അതറിയുന്നതെന്‍ നിരാശ
അരുണാഭ ചൂടിയണയും
അനുരാഗമേ, വേണ്ട വേണ്ടാ.

ജീവിതം ബോധ്യപ്പെടുത്തിയ, ബാധ്യതകള്‍ അറിഞ്ഞുള്ള വാക്കുകള്‍ എനിക്കൊരു  യാത്രാമൊഴിയായവള്‍ കരുതി വെച്ചിരുന്നതാകാതെ വഴിയില്ല. 


*************************************************


(അലുമിനി മീറ്റിങ്ങുകള്‍ കൂടി ഹൃദയബന്ധം പുതുക്കേണ്ടയാവശ്യമില്ലാത്ത സ്നേഹിതര്‍ക്ക്‍. ഒപ്പം വേലിക്കെട്ടുകളില്‍ നിന്നും പുറത്തുചാടാനാവാത്തതിനാല്‍, പ്രണയത്തെ വേലിക്കകത്താക്കിയവര്‍ക്കും)

Thursday, February 19, 2009

ലൗ അറ്റ്‌ ഫസ്റ്റ്‌ സൈറ്റ്‌

ഇതെന്റെ അവസാന പ്രണയത്തിന്റെ ആദ്യവാര്‍ഷികം. എല്ലാവരും ആദ്യപ്രണയത്തെകുറിച്ചാണല്ലോ പറയാറ്‌. ഇതൊരു ചേയ്ഞ്ചായിക്കോട്ടെ. കൂടാതെ, ‘ ലവള്‍- എന്റെ നായിക‘ ഇതിടക്കിടക്കു എടുത്തു നോക്കുന്ന ഒരു ശീലം തുടങ്ങിയിട്ടുമുണ്ട്‌. അവള്‍ “ഇക്കാ, എന്റെ കഥയെപ്പ വരും? ഒന്നിടുമോ? ഇന്നിടുമോ? ” എന്നു ചോദിച്ചു സ്വൈര്യം കെടുത്താന്‍ തുടങ്ങിയിട്ടു കുറച്ചു കാലവുമായി. പ്രണയം പൂവണിഞ്ഞതിനു ശേഷം വന്ന ആദ്യ വാലെന്റൈന്‍സ്‌ ഡേ, ദേ... പോവുകയും ചെയ്തു. എല്ലാവര്‍ക്കും പ്രണയ കഥകള്‍ ഇഷ്ടമായിരിക്കുമല്ലോ? എന്നാല്‍ പിടിച്ചോ, ഇതെന്റെ ഒടുവിലത്തെ പ്രണയത്തിന്റെ കഥ.

വിവാഹപ്രായമായപ്പോഴാണു ഞാന്‍ എഞ്ചിനീയറിംഗ്‌ പഠിക്കാന്‍ പോയതു. രണ്ടായിരുന്നു ഉദ്ദേശം. ഒരുപാടെണ്ണം വരുന്നതല്ലേ? ഒത്താല്‍ ഒന്നിനെ അവിടെനിന്നും വളച്ചു ജീവിതത്തിലേക്കു കൂട്ടുക. പക്ഷേ, പുതിയ നൂറ്റാണ്ടിലെ കാമ്പസ്‌ ഏറെ മാറിയിരുന്നു. പിള്ളേര്‍ക്കൊക്കെ നല്ല ബോധമുണ്ടായിരുന്നതിനാല്‍ (സൗന്ദര്യ ബോധവും, പഠിക്കണമെന്നുള്ള ബോധവും) ആ ഉദ്ദേശം എങ്ങും തൊടാതെ പാളി. പഠിച്ചിറങ്ങിയാല്‍, നമ്മുടെ പ്രായത്തിലുള്ള അവിവാഹിതരായ എഞ്ചിനീയര്‍സ്‌ നാട്ടില്‍ കുറവായതിനാല്‍ മാര്‍ക്കറ്റിലിത്തിരി ഡിമാന്റ്‌ ഉണ്ടാകും എന്നതായിരുന്നു രണ്ടാമത്തെ വിചാരം.

പഠനം കഴിഞ്ഞു. രണ്ടാമത്തെയുദ്ദേശവുമായി നമ്മള്‍ മാമാമാരുടെയും, മാമാമാര്‍ നമ്മുടെയും, പിന്നെ കെട്ടുപ്രായമായ പെണ്‍കുട്ടികളുടെയും വീടുകള്‍ കയറിയിറങ്ങി. ബാക്കിയായതു തേഞ്ഞ ചെരുപ്പുകള്‍ മാത്രം. മാര്‍ക്കറ്റില്‍ ഡിമാന്റ്‌ ഉയര്‍ന്നുകൊണ്ടേയിരുന്നു... അതും ചെരുപ്പുകള്‍ക്കുമാത്രം....

ഒടുവില്‍ ഒരു ദിവസം,
തീയതിയും സമയവുമൊക്കെ അറിയണമെങ്കില്‍ അവളോട്‌ തന്നെ ചോദിക്കേണ്ടി വരും. അല്ലെങ്കില്‍ തന്നെ അതിലെന്തിരിക്കുന്നു. “എന്റെ ഒരു സമയം... അത്രതന്നെ....”

അതിരാവിലെ കുളിച്ചൊരുങ്ങി ഞാന്‍ വണ്ടിയില്‍ കയറി. ഇന്നു രണ്ടിലൊന്നു അറിഞ്ഞിട്ടു തന്നെ കാര്യം. ഒന്നുകില്‍ ‘അവള്‍ വീഴും’, ‘അല്ലെങ്കില്‍ അവള്‍ വീഴില്ല’. നമ്മളുടെ വീഴ്ചയെക്കുറിച്ചു പറയേണ്ടതില്ലല്ലോ?

'അവള്‍ വീഴല്ലേ' എന്നായിരുന്നു എന്റെ ആദ്യ പ്രാര്‍ത്ഥന. പത്തറുപതു കിലോമീറ്റര്‍ ദൂരം പോകണം. അവിടെ ചെല്ലുമ്പോഴേക്കും ആകെയൊരുപരുവമായിത്തീരുന്ന എന്നെക്കണ്ട്‌, അവളെങ്ങാന്‍ സകലപ്രതീക്ഷയും നശിച്ചു 'ബോധംകെട്ടുവീണാല്‍' അതിന്റെ പഴികൂടി കേള്‍ക്കേണ്ടി വരും. ഇപ്പോള്‍തന്നെ നമ്മുടെ കോലം ‘അസ്തികൂട’ത്തിനു സമാനമാണെന്ന പഴി തട്ടാതെ നടക്കാന്‍ പറ്റുന്നില്ല (ഹും... അതും എന്റെ കുഴപ്പം?).

"പടച്ചോനെ, ഇവളെങ്കിലും വീഴണെ" ഇടക്കിടക്കു ആരും കേള്‍ക്കാതെ ഇങ്ങനെയും പ്രാര്‍ത്ഥിക്കും. 'ഇവനെയെനിക്കെങ്ങും വേണ്ട ' എന്നിവളും പറഞ്ഞാല്‍ പിന്നെ ഈ സംസ്ഥാനം വിടുകയേ രക്ഷയുള്ളൂ...

എന്തു ചെയ്യാം, നാട്ടിലൊന്നും പെണ്ണില്ലാഞ്ഞിട്ടല്ല. ഒന്നും നമ്മുടെ സൈസിനു മാച്ച്‌ ആവുന്നില്ല. മാച്ചാവണമെങ്കില്‍ നമ്മളെപ്പോലെ പെര്‍ഫക്റ്റ്‌ ആയിരിക്കണ്ടെ? നീളവും വണ്ണവുമൊന്നും ഒട്ടും കൂടരുത്‌. അതായതു ഞങ്ങളുടെ ഫാമിലിയിലെ കല്യാണപ്രായമായ കുട്ടികളെ കണ്ടാല്‍, 'പത്തിലാന്നോ മോളു പഠിക്കുന്നേ?' എന്നു മറ്റുള്ളവര്‍ ചോദിക്കും. ചുരുക്കി പറഞ്ഞാല്‍ ഒരു ‘ലില്ലിപ്പുട്ടു‘ സ്റ്റൈല്‍. എന്റെ കൂട്ടുകാരന്‍ ശ്രീജയന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ‘ലില്ലി’ സ്റ്റൈല്‍. കാരണം ലില്ലിപ്പുട്ടെന്ന വാക്കിനിത്തിരി നീളമുണ്ട്‌. എന്റെ കാര്യത്തിലത്രയും ആവശ്യമില്ല, അതിന്റെ പകുതിയായ ലില്ലി മാത്രം മതിയാവുമത്രെ?

ഇതിപ്പോള്‍, നാട്ടിലെ പിള്ളേരൊക്കെ കൊന്നത്തെങ്ങിന്റ മുകളിലെ തേങ്ങ കയ്യെത്തി പറിക്കുന്ന ഇനമല്ലേ? ഇനി സൈസ്‌ മാച്ചാവുന്ന ഐറ്റംസിനെ പറ്റി വിവരമറിഞ്ഞാല്‍, ഒന്നു കാണും മുമ്പെ അവരുടെ കാരണവന്മാര്‍ നമ്മളെകണ്ട്‌ ബോധിച്ച്‌ പേരു വെട്ടിയിട്ടുണ്ടാവും. എന്നാല്‍ പിന്നെ ഡയറക്റ്റ്‌ മുട്ടി, മുട്ടി നില്‍ക്കുന്ന ഏതെങ്കിലുമൊന്നിനെ ചാടിക്കാമെന്നു വിചാരിച്ചാല്‍, ഹാ, കഷ്ടം!!! സ്ഥിരമായി നാട്ടിലില്ലാത്തതിനാല്‍ ഊടുവഴികളൊന്നും പരിചയവുമില്ല.

പത്താം ക്ലാസ്സു കഴിഞ്ഞപ്പോള്‍ പഠനവും ജോലിയുമായി നാടു കടത്തിയതാ. ഇപ്പോള്‍ എല്ലാം കൂടി രാമന്റെ വനവാസത്തിന്ന് സമാനമായ കാലവുമായി. പുള്ളിക്കാണേല്‍ കാട്ടിലും കൂട്ടിനാളുണ്ടായിരുന്നു. ഞമ്മളിവിടെ കൂട്ടുതേടി വനവാസം നടത്തേണ്ടി വരുമോയെന്തോ?

പൊത്തോ....
ഞാന്‍ ഞെട്ടിയെഴുന്നേറ്റു. വണ്ടി റോഡിലെയൊരു കുഴിയില്‍ വീണതാ. വണ്ടി എന്‍.എച്ച്‌ വിട്ടു ബൈറൂട്ടു പിടിച്ചതിന്റെ സിംബല്‍. ഇത്തിക്കരയാറ്റിലെ വെള്ളത്തില്‍ തുഴഞ്ഞുനീങ്ങുന്ന വള്ളങ്ങളും, സമീപത്തെ റോഡില്‍കൂടി ഞങ്ങളും ആടിയാടി നീങ്ങി.

എന്തിനേറെപ്പറയണം, ഒടുവില്‍ വീടെത്തി. വന്ന റോഡു എവിടെയോ തീര്‍ന്നിരുന്നു. മുന്നിലൊന്നും കാണുന്നുണ്ടായിരുന്നില്ല. പൊടിയൊന്നടങ്ങിയപ്പോള്‍ വണ്ടിയില്‍ നിന്നുമിറങ്ങി ഞാന്‍ കൈകാലുകള്‍ വലിച്ചു നിവര്‍ത്തി. ‘നടു‘ ഇനി വീട്ടില്‍ ചെന്നിട്ടു തൈലമിട്ടിട്ടുവേണം നിവര്‍ത്താന്‍. പിന്നെ പറമ്പൊക്കെയൊന്നു നോക്കി. അതാ, വീട്ടുമുറ്റത്തു ഒരു സൂയിസൈഡ്‌ പോയിന്റ്‌. എന്തായാലും രണ്ടിലൊന്നു ഇന്നിവിടെ തീരുമാനിക്കാം, എല്ലാ ഓപ്ഷനുകളും ദാ നീണ്ടു നിവര്‍ന്നു കുത്തനെ കിടക്കുവല്ലേ?

നന്നായി വിയര്‍ക്കുന്നുണ്ടായിരുന്നു. ടെന്‍ഷന്മൂലമായിരിക്കുമെന്നു ഞാനന്നു കരുതി. പിന്നീടൊരിക്കല്‍ അവിടുത്തെ കാലാവസ്ഥയെക്കുറിച്ചവള്‍ അഭിമാനത്തോടെ വിശേഷിപ്പിച്ചതു 'മിതശീതോഷ്ണമേഖല' എന്നായിരുന്നു. ഒടുവില്‍, സ്വസ്ഥമായി അവിടെയിരുന്നു വിയര്‍ത്ത നാളുകളില്‍, മിതശീത-"ഉഷ്ണമേഖല" എന്നാണവള്‍ പറഞ്ഞതെന്നെനിക്കു മനസ്സിലായി.

ഒരു ചെറിയ വീട്‌. ആള്‍ക്കാരും നമ്മളെപ്പോലെ ലില്ലിപ്പുട്ടുകാരാവും. ഞാന്‍ ചിന്തിച്ചു. പെണ്ണിന്റെ ആങ്ങളച്ചെക്കന്‍ ഞങ്ങളെ അകത്തേക്കു ക്ഷണിച്ചു. 'പത്തറുപതു കിലോമീറ്റര്‍ വെറുതെ ഓടിയോ' എന്നായി അപ്പോളെന്റെ സംശയം. ഞങ്ങളെ രണ്ടുപേരെയുംകൂടി കണ്ടാല്‍ ആനയും ആടും പോലെ.

അകത്തിരിക്കുമ്പോള്‍, വകയിലെ മൂന്നാലാങ്ങളമാരും കൂടി നമ്മളെ വാച്ച്‌ ചെയ്തു മുന്നിലൂടെ പോയി. ‘എണീറ്റ്‌ നിന്നിട്ടു അവരുടെ മുഖത്തേക്കു നോക്കിയാല്‍ കഴുത്തു ഉളുക്കും. ഇരുന്നുകൊണ്ട്‌ നോക്കുമ്പോള്‍, നമ്മള്‍ മലര്‍ന്നു കിടക്കുന്ന പ്രതീതി‘. ഒന്നുരണ്ട്‌ പേര്‍ പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ തല കുനിച്ചു. ഇനി പെണ്ണുവന്നു നില്‍ക്കുമ്പോള്‍ ഇങ്ങനെതന്നെ മിക്കവാറും നോക്കേണ്ടി വന്നേക്കും. എന്റെ പ്രതീക്ഷയുടെ വിളക്കില്‍ കരിന്തിരി എരിഞ്ഞു തുടങി.

‘പെണ്ണിനു നീളക്കുറവാ‘ എന്നാണ്‌ പറഞ്ഞിരുന്നതു. അതുമാത്രം നോക്കി എഴുന്നള്ളിയതാ. എന്തായാലും പണി പാളിയെന്നാ തോന്നുന്നേ? ഇതിപ്പോള്‍ 'ഗള്ളിവര്‍‘  വലിയമനുഷ്യരുടെ നാട്ടിലെത്തിയ അവസ്ഥ. ഇവിടുത്തെ അളവുകോലുകളും, ഗള്ളിവര്‍ കണ്ട വലിയമനുഷ്യരുടെ നാട്ടിലേതുപോലെയെങ്ങാനുമാണോ? 'ഒരു മീറ്റര്‍ എന്നു ഇവര്‍ പറയുന്നതിനു എത്ര നീളം ഉണ്ടാവുമോ എന്തോ?‘

എന്താ പരിപാടി? മുന്നിലൂടെ പോയ ഒരു തടിയനോട് വാപ്പയുടെ ചോദ്യം.
പഠിക്കുവാ... മറുപടി.

എന്തിനാ? വിശ്വാസമാകാതെ വാപ്പയുടെ അടുത്ത ചോദ്യം.
പത്തിലാ....

വാപ്പ കുറച്ചുനേരം മിണ്ടാതിരുന്നു. പിന്നെ സമനില തിരിച്ചു കിട്ടിയപ്പോഴാകണം, എന്നെയാകെയൊന്നു നോക്കി, 'എന്നാല്‍ പെണ്‍കുട്ടിയെക്കൂടി കണ്ടേക്കാം?' എന്നു പറഞ്ഞു.

അതിനിടയില്‍ വാതില്‍പാളികള്‍ക്കിടയിലൂടെ എന്നെത്തന്നെ പാളിനോക്കുന്ന ചില കണ്ണുകളുടെ സാന്നിദ്ധ്യം ഞാന്‍ മനസ്സിലാക്കി. നമ്മളുടെ സ്വതസിദ്ധമായ വായില്‍നോട്ടം, സകല പ്രതിബന്ധങ്ങളെയും തട്ടിത്തെറുപ്പിച്ചു എന്റെ തലയെ ഉയര്‍ത്തി അവര്‍ക്കഭിമുഖമായി തിരിച്ചു നിര്‍ത്തി.

കൂടി നില്‍ക്കുന്ന സ്ത്രീജനങ്ങള്‍ക്കിടയിലാരുടെയോ കക്ഷത്തില്‍ നിന്നുത്ഭവിക്കുന്ന ഒരു തല. എന്നെ കൊല്ലല്ലേയെന്നു യാചിക്കുന്ന മുഖഭാവം. ശ്വാസം കിട്ടാതെയാവണം, വിടര്‍ന്നു തള്ളിയ രണ്ട്‌ കണ്ണുകള്‍ (അതു ജന്മനാ അങ്ങനെതന്നാണെന്നു പിന്നെയാണ്‌ മനസ്സിലായതു). തല കക്ഷത്തില്‍ നിന്നും ഉത്ഭവിച്ചതല്ല, പൊക്കം മറ്റുള്ളവരുടെ ആ ഭാഗം വരയേയുള്ളൂ എന്ന് സൂക്ഷിച്ചു നോക്കിയപ്പോള്‍ മനസ്സിലായി. അതെ, എന്നെ കാണിച്ച അതേ മുഖം. എനിക്കു പാതി ആശ്വാസമായി.

കൂടിക്കാഴ്ചക്കു സമയം അനുവദിച്ചു കിട്ടി. സ്ത്രീജനങ്ങള്‍ക്കിടയില്‍ ആകെയൊരു പിടിവലി. എന്തൊക്കെയോ വലിച്ചുകീറുന്ന ശബ്ദം. ഞാന്‍ എന്തുചെയ്യണമെന്നറിയാതെ നിന്നു. തണ്ടും തടിയുമുള്ള അനിയത്തിമാരിലാരോ ഒരുവള്‍, അവളെ തള്ളി എന്റെ മുന്നിലേക്കിട്ടു. ഉമ്മയുടെ സാരിത്തലപ്പിലെ പിടി അപ്പോഴുമവള്‍ വിട്ടിരുന്നില്ല. കീറിപ്പോയ സാരിത്തലപ്പു, ബാക്കികൂടി കീറിയവളെയേല്‍പ്പിച്ചിട്ടു ഉമ്മ നടന്നുനീങ്ങി. ഞങ്ങളെ തനിച്ചാക്കി മറ്റുള്ളവരും പോയി. എങ്കിലും എല്ലാവരുടെയും കണ്ണുകള്‍ നമ്മുടെമേല്‍ തന്നെ കറങ്ങിനടക്കുന്നുണ്ടായിന്നു.

വിറക്കുന്ന ചുണ്ടുകള്‍, മുമ്പ്‌ കണ്ടതിനേക്കാള്‍ കുറച്ചുകൂടി തള്ളിയ കണ്ണുകള്‍. അവള്‍ പിടിച്ചു നിന്ന കസേര ആടിക്കൊണ്ടേയിരുന്നു....

ഇപ്പോള്‍ എനിക്കു പൂര്‍ണ്ണ ആശ്വാസമായി. ഈ ഭൂമിയില്‍, എന്നെ പേടിയുള്ള ഒരു വ്യക്തിയെ ഞാന്‍ കണ്ടുമുട്ടിയിരിക്കുന്നു......

അലസമായി ചുറ്റിത്തിരിഞ്ഞ എന്റെ കണ്ണുകള്‍ ഭിത്തിയിലെ ഘടികാരത്തില്‍ തടഞ്ഞു. അതു, ആട്ടമൊക്കെ നിര്‍ത്തി ഞങ്ങളെ നോക്കി നില്‍ക്കുന്നു. ഛെ, ആഭാസന്‍.....

വീണ്ടും എന്റെ നോട്ടം കുട്ടിയിലെത്തി. ഇനിയിതു ഞാന്‍ തന്നെ ചൊമക്കേണ്ടി വന്നാലോ? നേരേ ചൊവ്വേ നോക്കിയില്ലേല്‍ ഞാന്‍ തന്നെ അനുഭവിക്കും...
ഈ കൊച്ചു ഇപ്പോള്‍ വീഴും... ഞാനുറപ്പിച്ചു.
ഞാനവളെ ദയനീയമായി നോക്കി. പ്ലീസ്‌... ഇപ്പോള്‍ ബോധംകെട്ടുവീണ് എന്നെ നാറ്റിക്കരുത്‌....

അപ്പോഴും പേടിമാറാത്ത അവളുടെ കണ്ണിലെ കൃഷ്ണമണികള്‍ 360 ഡിഗ്രിയില്‍ ഒന്നു കറങ്ങി പഴയ നിലയില്‍ വന്നു നിന്നു. അപ്പോള്‍ അവളെന്റെ മുഖം കണ്ടു.

"പാവം, ഇതിനെ കെട്ടി ഒരു ജീവിതം കൊടുത്തേക്കാം". എന്റെ മുഖത്തെ ദൈന്യതയും, ഭയവും, അപേക്ഷാഭാവവുമൊക്കെകൂടി കണ്ടപ്പോള്‍ അവളുടെയും കരളലിഞ്ഞു.

എന്റെ മുഖത്തെ ദയനീയതയും അപേക്ഷാഭാവവും വിവാഹ അഭ്യര്‍ത്ഥനയാണെന്നും, ഇതു നടന്നില്ലെങ്കില്‍ ഞാന്‍ എന്തെങ്കിലും കടുംകൈ ചെയ്തേക്കുമെന്നും അവള്‍ ധരിച്ചുപോയിരിക്കണം....
‘ആദ്യമായിട്ടാണവളുടെ മുന്നിലൊരാള്‍ ഭയത്തോടെ നില്‍ക്കുന്നതത്രേ... ‘- അങ്ങനെ അവള്‍ക്കും കിട്ടി സമാധാനിക്കാനൊരു വക.

ഇനിയെന്തിനേറെ പറയണം, രണ്ടുപേര്‍ക്കും പൂര്‍ണ്ണസമ്മതം. അങ്ങനെ ഞങളങ്ങ് പ്രണയിച്ചു തുടങ്ങി.
ഇതാണു  'ലൗ അറ്റ്‌ ഫസ്റ്റ്‌ സൈറ്റ്‌'.


Saturday, June 2, 2007

അല്‍പ്പം വികൃതികളുടെ ഓര്‍മ്മകള്‍.......

ഏഴാം മൈലില്‍ ആയിരുന്നു കോട്ടയത്തെ പഠനകാലത്തെ താമസം. റബ്ബര്‍ മരങ്ങള്‍ക്കു നടുവില്‍ ശാന്തമായ സ്ഥലത്തു ധാരാളം മുറികളുള്ള ഒരു പഴയ തറവാട്‌. എല്ലാ പരീക്ഷകളും(അതു സീരീസൊ, സീരിയസൊ ആകട്ടെ) അവിടെ ആഘോഷങ്ങളായിരുന്നു. അവിടുത്തെ താമസക്കാരില്‍ ഇലക്ട്രോണിക്സുകാരായി ബിമലും ഞാനും. ഇലക്ട്രിക്കല്‍കാരായി ബെന്‍സീര്‍, നൗഷാദ്‌, സുജിത്‌ തുടങ്ങിയവരും. വാടക തരാത്ത സ്ഥിര താമസക്കാരായി ഫൈസി, കിഷോര്‍, രഞ്ജിത്ത്‌, ജോബിന്‍ എന്നിവരും. ഏഴാം മൈലില്‍ മറ്റിടങ്ങളിലെ അന്തേവാസികളായിരുന്ന ധനേഷ്‌, നോയല്‍, റോബി, രാകേഷ്‌, ഡെറിക്‌ എന്നിവരും ഇടക്കാലങ്ങളിലെ ആഘോഷമായി അഭിലാഷ്‌, നിഷാദ്‌, ജുനൈസ്‌, കാംചലബ്ധന്‍,അനീഷ്‌, കെല്‌വിന്‍, ജിനേഷ്‌ തുടങ്ങിയവരും, എല്ലാവരും പഠിച്ചതു ചോര്‍ത്തിക്കൊണ്ടുപോകാന്‍ സ്ഥിരമായി അവസാന ദിവസം മാത്രം എത്തുന്ന ജേക്കബ്‌, ഇനി എന്തെങ്കിലും പഠിക്കാന്‍ ഉണ്ടോ എന്നറിയാന്‍ എത്തുന്ന വിപിന്‍ കോര, പഠിച്ചതു ബാക്കിയുള്ളവരെ പഠിപ്പിക്കാനും എന്നെ ചുരുട്ടിക്കൂട്ടി ഒരുമൂലക്കാക്കി പരീക്ഷയുടെ പിരിമുറുക്കം കുറക്കാനുമായി എത്തുന്ന എഡ്‌വിന്‍, പരീക്ഷ സമയങ്ങളില്‍ പഠിക്കുക എന്ന ഒറ്റ ഉദ്ദേശവുമായി എത്തി നിരാശനായി മടങ്ങുന്ന കൊച്ചു വിഷ്ണു, വലിയവലിയ കാര്യങ്ങളും വലിയ പുസ്തകങ്ങളും വളരെ വേഗത്തിലുള്ള സംസാരവുമായി എത്തുന്ന വലിയ വിഷ്ണു, കയറ്റം കയറാന്‍ പാടുപെടുന്ന ഒരു വണ്ടിയുമായി (വണ്ടിയുടെ കുഴപ്പമാണൊ?) ഇടക്കിടെ വന്നെത്തി കുറെ ചിരിച്ചു തീര്‍ത്തും അവിടുള്ള വെള്ളം മുഴുവന്‍ കുടിച്ചു തീര്‍ത്തും പോകുന്ന എമില്‍ എന്നിവര്‍. ഇവരൊക്കെയാണു അവിടുത്തെ സ്ഥിരം സാന്നിദ്ധ്യങ്ങള്‍.

പരീക്ഷകളുടെ ഇടദിനങ്ങളിലാണു മിക്കവാറും വികൃതികള്‍ക്കു തുടക്കം. അതിനു ഇലക്ട്രിക്കല്‍സെന്നോ ഇലക്ട്രോണിക്സ്‌കാരെന്നൊ വ്യത്യാസമില്ല. ഇതിലെല്ലാം സജീവ സാന്നിദ്ധ്യമായിട്ടുള്ളത്‌ ബിമലിന്റെ 14" ബ്ലാക്‌ ആന്റ്‌ വൈറ്റ്‌ മോണിറ്ററുള്ള കമ്പ്യൂട്ടറാണ്‌. അതിലെ പടങ്ങളെ നോക്കിയാണു ഞങ്ങള്‍ പടങ്ങള്‍ വരച്ചത്‌. അതില്‍ തന്നെയാണു ക്വിസ്‌ ചോദ്യങ്ങളും മറ്റും സൃഷ്ടിക്കപ്പെട്ടതും.

കാമ്പസ്സുകളില്‍ വികൃതികള്‍ക്കു ഒപ്പമുണ്ടായിരുന്നവര്‍ ഏറെയാണ്‌.
ദര്‍പ്പണം മാഗസിനിലെ സജീവ സാന്നിദ്ധ്യമായി കാംചലബ്ദന്‍, നിര്‍മല, ധനേഷ്‌, ദീപ, ഹന്‍സ തുടങ്ങിയവര്‍....

അത്തപ്പൂക്കളങ്ങളുടെ നിര്‍മ്മാണങ്ങളില്‍ അനീഷായിരുന്നു സജീവ സാന്നിദ്ധ്യം. സ്റ്റാര്‍ട്‌ ചെയ്തു നിര്‍ത്തിയ വണ്ടിയുടെ വെളിച്ചത്തില്‍ തുമ്പപ്പൂ പറിക്കുന്നതും പാതിരാത്രിയില്‍ മരങ്ങളില്‍ കയറുന്നതും ഓര്‍ക്കാനിന്നു എന്തു സുഖം.

ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്ന വലിയ ഒരു കൂട്ടായ്മ നിഖില്‍ രാജിന്റെയും റിന്‍സിയുടെയും നേതൃത്തത്തില്‍ അനീഷ്ം എല്‍ദൊസ്ം റ്റീനയുമൊന്നിച്ച്‌ ചെയ്ത വെര്‍റ്റ്യൊസൊയുടെ ബാക്ക്‌ സ്റ്റേജിന്റെ ജോലിയാണ്‌.

ഇവയിലുള്‍പ്പെടുത്തിയിരിക്കുന്ന ഒട്ടുമിക്ക പടങ്ങള്‍ക്കുവേണ്ടി ഞാനാദ്യം വിളിച്ചതും ശേഖരിച്ചു തന്നതും വിഷ്ണു ആണ്‌. അതിന്റെ നന്ദി കൂടി ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു.

ഇതില്‍ ഉള്‍പ്പെടുത്താന്‍ പട്ടുന്ന പടങ്ങള്‍ ഏതെങ്കിലും നിങ്ങളുടെ കൈകളിലുണ്ടെങ്കില്‍ ദയവായി അയച്ചു തരിക.

ഇവിടെ വികൃതികളുടെ ഓര്‍മ്മകള്‍ ഞാന്‍ നിര്‍ത്തുന്നു, ഇനി ഇതു തുടരേണ്ടതു നിങ്ങളാണ്‌. നിങ്ങളുടെ ഓര്‍മ്മകള്‍, അഭിപ്രായവും എഴുതുക.....

പഴയ ചില വികൃതികള്‍