ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Friday, October 8, 2010

നുറുങ്ങുകള്‍

പൊന്മുടിക്കുള്ള വഴി

തിരുവനന്തപുരം വെള്ളയമ്പലത്തെ വീട്ടില്‍ കൂട്ടുകാരൊത്തു സൊറപറഞ്ഞിരിക്കുന്നതിനിടയില്‍ ആരോചോദിച്ചു.
ഏതുവഴിയാടാ പൊന്മുടിക്കു പോകുന്നതു?
രാജീവ്: അതു കാട്ടാക്കട വഴിയാ

കാട്ടാക്കട എതിര്‍ദിശയിലുള്ള സ്ഥലമാണെന്നറിയാവുന്ന കൂട്ടുകാര്‍ കളിയാക്കി. സ്ഥലവും വഴിയുമൊന്നും അറിയാന്‍ വയ്യെങ്കില്‍ മിണ്ടാതിരുന്നു കൂടേ?

രാജീവ് : എന്താ കാട്ടാക്കട വഴി പൊന്മുടിക്കു പോയിക്കൂടെ?
കൂട്ടുകാര്‍: പറ്റില്ല, അതു എതിര്‍ദിശയിലുള്ള സ്ഥലമല്ലേ? അതുവഴിയെങ്ങനാ പൊന്മുടിക്കു പോകുക?
രാജീവ്: ഹും, എന്നാല്‍ പറയൂ, പിന്നെങ്ങനയാ കാട്ടാക്കടയിലുള്ളവര്‍ പൊന്മുടിക്കു പോകുക?

താമസിച്ചേ വരൂ...

ഒരു പാര്‍ട്ടിക്കിടയില്‍ നല്ല ഫോമില്‍ നില്‍ക്കുന്ന ശ്രീജിത്തിന്റെ മൊബൈലില്‍ ഒരു കോളെത്തി. വീട്ടില്‍ നിന്നുമാണ്, ആരും ബഹളമുണ്ടാക്കരുത് എന്ന ഓര്‍മപ്പെടുത്തലോടെ അവന്‍ സംസാരിച്ചു തുടങ്ങി.

അപ്പാ, ഞാനിന്നു താമസിച്ചേ വരൂ, കഴിച്ചിട്ടേ വരൂ എന്നൊക്കെ പറയുന്നതു കേട്ടു.

പാര്‍ട്ടി വീണ്ടും മുന്നോട്ടു പോയി. സമയം ഒരുപാടായി. ഒടുവില്‍ കിടക്കാന്‍ പായ വിരിക്കുന്ന ശ്രീജിത്തിനോട് കൂട്ടുകാര്‍ ചോദിച്ചു.

ഡാ, നീ വീട്ടില്‍ പോകുന്നില്ലേ?
ശ്രീജിത്ത്: ഞാനിന്നു അവിടേക്കു ചെല്ലില്ലെന്നു വീട്ടില്‍ വിളിച്ചു പറഞ്ഞതു നിങ്ങള്‍ കേട്ടില്ലേ?

കൂട്ടുകാര്‍: നീയിന്നു താമസിച്ചേ ചെല്ലു എന്നല്ലേ പറഞ്ഞതു? കള്ളം പറയുന്നോ?
ശ്രീജിത്ത്: അങ്ങനെ പറയരുതു. എനിക്കു കള്ളം പറയുന്നതു ഇഷ്ടമല്ല, പ്രത്യേകിച്ചും വീട്ടുകാരോട്.

കൂട്ടുകാര്‍: അപ്പോള്‍ പിന്നെ നീ പറഞ്ഞതെന്താ?
ശ്രീജിത്ത്: താമസിച്ചേ ചെല്ലൂ എന്നു പറഞ്ഞാല്‍ “ഇന്നിവിടെ താമസിച്ചിട്ടു നാളയേ ചെല്ലൂ എന്നാണ്”. കഴിച്ചിട്ടേ ചെല്ലൂ എന്നാല്‍ “അല്പം മദ്യം കഴിച്ചിട്ടേ ചെല്ലൂ എന്നും”. മനസ്സിലായോ?


പഠനം

പാതിരാത്രിയില്‍ ഉണ്ണാതെയും ഉറങ്ങാതെയുമിരുന്ന് അടുത്ത ദിവസത്തെ പരീക്ഷക്കായി പഠിക്കുന്ന നൌഷാദിനെ നോക്കി, ഒരു ഉറക്കം കഴിഞ്ഞു എണീറ്റ ഫൈസി ചോദിച്ചു
എന്തുവാഡേയിതു, എന്തു പഠിത്തമാ? ഭക്ഷണം കഴിച്ചിട്ടു പോയിക്കിടന്നുറങ്ങഡാ...
നൌഷാദ് : ഉം.... എന്താ?
ഫൈസി : ഗുണദോഷിക്കുകയാണെന്നു വിചാരിക്കരുതു, നമ്മളൊക്കെ പഠിക്കുന്നതു വരും കാലത്തു നന്നായി തിന്നാനും ഉറങ്ങാനും വേണ്ടിയിട്ടല്ലേ? അതിനാല്‍ ഭക്ഷണവും ഉറക്കവും കഴിഞ്ഞുള്ള പഠനമേ പാടുള്ളൂ.

പഴയ ചില വികൃതികള്‍