ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Thursday, February 19, 2009

ലൗ അറ്റ്‌ ഫസ്റ്റ്‌ സൈറ്റ്‌

ഇതെന്റെ അവസാന പ്രണയത്തിന്റെ ആദ്യവാര്‍ഷികം. എല്ലാവരും ആദ്യപ്രണയത്തെകുറിച്ചാണല്ലോ പറയാറ്‌. ഇതൊരു ചേയ്ഞ്ചായിക്കോട്ടെ. കൂടാതെ, ‘ ലവള്‍- എന്റെ നായിക‘ ഇതിടക്കിടക്കു എടുത്തു നോക്കുന്ന ഒരു ശീലം തുടങ്ങിയിട്ടുമുണ്ട്‌. അവള്‍ “ഇക്കാ, എന്റെ കഥയെപ്പ വരും? ഒന്നിടുമോ? ഇന്നിടുമോ? ” എന്നു ചോദിച്ചു സ്വൈര്യം കെടുത്താന്‍ തുടങ്ങിയിട്ടു കുറച്ചു കാലവുമായി. പ്രണയം പൂവണിഞ്ഞതിനു ശേഷം വന്ന ആദ്യ വാലെന്റൈന്‍സ്‌ ഡേ, ദേ... പോവുകയും ചെയ്തു. എല്ലാവര്‍ക്കും പ്രണയ കഥകള്‍ ഇഷ്ടമായിരിക്കുമല്ലോ? എന്നാല്‍ പിടിച്ചോ, ഇതെന്റെ ഒടുവിലത്തെ പ്രണയത്തിന്റെ കഥ.

വിവാഹപ്രായമായപ്പോഴാണു ഞാന്‍ എഞ്ചിനീയറിംഗ്‌ പഠിക്കാന്‍ പോയതു. രണ്ടായിരുന്നു ഉദ്ദേശം. ഒരുപാടെണ്ണം വരുന്നതല്ലേ? ഒത്താല്‍ ഒന്നിനെ അവിടെനിന്നും വളച്ചു ജീവിതത്തിലേക്കു കൂട്ടുക. പക്ഷേ, പുതിയ നൂറ്റാണ്ടിലെ കാമ്പസ്‌ ഏറെ മാറിയിരുന്നു. പിള്ളേര്‍ക്കൊക്കെ നല്ല ബോധമുണ്ടായിരുന്നതിനാല്‍ (സൗന്ദര്യ ബോധവും, പഠിക്കണമെന്നുള്ള ബോധവും) ആ ഉദ്ദേശം എങ്ങും തൊടാതെ പാളി. പഠിച്ചിറങ്ങിയാല്‍, നമ്മുടെ പ്രായത്തിലുള്ള അവിവാഹിതരായ എഞ്ചിനീയര്‍സ്‌ നാട്ടില്‍ കുറവായതിനാല്‍ മാര്‍ക്കറ്റിലിത്തിരി ഡിമാന്റ്‌ ഉണ്ടാകും എന്നതായിരുന്നു രണ്ടാമത്തെ വിചാരം.

പഠനം കഴിഞ്ഞു. രണ്ടാമത്തെയുദ്ദേശവുമായി നമ്മള്‍ മാമാമാരുടെയും, മാമാമാര്‍ നമ്മുടെയും, പിന്നെ കെട്ടുപ്രായമായ പെണ്‍കുട്ടികളുടെയും വീടുകള്‍ കയറിയിറങ്ങി. ബാക്കിയായതു തേഞ്ഞ ചെരുപ്പുകള്‍ മാത്രം. മാര്‍ക്കറ്റില്‍ ഡിമാന്റ്‌ ഉയര്‍ന്നുകൊണ്ടേയിരുന്നു... അതും ചെരുപ്പുകള്‍ക്കുമാത്രം....

ഒടുവില്‍ ഒരു ദിവസം,
തീയതിയും സമയവുമൊക്കെ അറിയണമെങ്കില്‍ അവളോട്‌ തന്നെ ചോദിക്കേണ്ടി വരും. അല്ലെങ്കില്‍ തന്നെ അതിലെന്തിരിക്കുന്നു. “എന്റെ ഒരു സമയം... അത്രതന്നെ....”

അതിരാവിലെ കുളിച്ചൊരുങ്ങി ഞാന്‍ വണ്ടിയില്‍ കയറി. ഇന്നു രണ്ടിലൊന്നു അറിഞ്ഞിട്ടു തന്നെ കാര്യം. ഒന്നുകില്‍ ‘അവള്‍ വീഴും’, ‘അല്ലെങ്കില്‍ അവള്‍ വീഴില്ല’. നമ്മളുടെ വീഴ്ചയെക്കുറിച്ചു പറയേണ്ടതില്ലല്ലോ?

'അവള്‍ വീഴല്ലേ' എന്നായിരുന്നു എന്റെ ആദ്യ പ്രാര്‍ത്ഥന. പത്തറുപതു കിലോമീറ്റര്‍ ദൂരം പോകണം. അവിടെ ചെല്ലുമ്പോഴേക്കും ആകെയൊരുപരുവമായിത്തീരുന്ന എന്നെക്കണ്ട്‌, അവളെങ്ങാന്‍ സകലപ്രതീക്ഷയും നശിച്ചു 'ബോധംകെട്ടുവീണാല്‍' അതിന്റെ പഴികൂടി കേള്‍ക്കേണ്ടി വരും. ഇപ്പോള്‍തന്നെ നമ്മുടെ കോലം ‘അസ്തികൂട’ത്തിനു സമാനമാണെന്ന പഴി തട്ടാതെ നടക്കാന്‍ പറ്റുന്നില്ല (ഹും... അതും എന്റെ കുഴപ്പം?).

"പടച്ചോനെ, ഇവളെങ്കിലും വീഴണെ" ഇടക്കിടക്കു ആരും കേള്‍ക്കാതെ ഇങ്ങനെയും പ്രാര്‍ത്ഥിക്കും. 'ഇവനെയെനിക്കെങ്ങും വേണ്ട ' എന്നിവളും പറഞ്ഞാല്‍ പിന്നെ ഈ സംസ്ഥാനം വിടുകയേ രക്ഷയുള്ളൂ...

എന്തു ചെയ്യാം, നാട്ടിലൊന്നും പെണ്ണില്ലാഞ്ഞിട്ടല്ല. ഒന്നും നമ്മുടെ സൈസിനു മാച്ച്‌ ആവുന്നില്ല. മാച്ചാവണമെങ്കില്‍ നമ്മളെപ്പോലെ പെര്‍ഫക്റ്റ്‌ ആയിരിക്കണ്ടെ? നീളവും വണ്ണവുമൊന്നും ഒട്ടും കൂടരുത്‌. അതായതു ഞങ്ങളുടെ ഫാമിലിയിലെ കല്യാണപ്രായമായ കുട്ടികളെ കണ്ടാല്‍, 'പത്തിലാന്നോ മോളു പഠിക്കുന്നേ?' എന്നു മറ്റുള്ളവര്‍ ചോദിക്കും. ചുരുക്കി പറഞ്ഞാല്‍ ഒരു ‘ലില്ലിപ്പുട്ടു‘ സ്റ്റൈല്‍. എന്റെ കൂട്ടുകാരന്‍ ശ്രീജയന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ‘ലില്ലി’ സ്റ്റൈല്‍. കാരണം ലില്ലിപ്പുട്ടെന്ന വാക്കിനിത്തിരി നീളമുണ്ട്‌. എന്റെ കാര്യത്തിലത്രയും ആവശ്യമില്ല, അതിന്റെ പകുതിയായ ലില്ലി മാത്രം മതിയാവുമത്രെ?

ഇതിപ്പോള്‍, നാട്ടിലെ പിള്ളേരൊക്കെ കൊന്നത്തെങ്ങിന്റ മുകളിലെ തേങ്ങ കയ്യെത്തി പറിക്കുന്ന ഇനമല്ലേ? ഇനി സൈസ്‌ മാച്ചാവുന്ന ഐറ്റംസിനെ പറ്റി വിവരമറിഞ്ഞാല്‍, ഒന്നു കാണും മുമ്പെ അവരുടെ കാരണവന്മാര്‍ നമ്മളെകണ്ട്‌ ബോധിച്ച്‌ പേരു വെട്ടിയിട്ടുണ്ടാവും. എന്നാല്‍ പിന്നെ ഡയറക്റ്റ്‌ മുട്ടി, മുട്ടി നില്‍ക്കുന്ന ഏതെങ്കിലുമൊന്നിനെ ചാടിക്കാമെന്നു വിചാരിച്ചാല്‍, ഹാ, കഷ്ടം!!! സ്ഥിരമായി നാട്ടിലില്ലാത്തതിനാല്‍ ഊടുവഴികളൊന്നും പരിചയവുമില്ല.

പത്താം ക്ലാസ്സു കഴിഞ്ഞപ്പോള്‍ പഠനവും ജോലിയുമായി നാടു കടത്തിയതാ. ഇപ്പോള്‍ എല്ലാം കൂടി രാമന്റെ വനവാസത്തിന്ന് സമാനമായ കാലവുമായി. പുള്ളിക്കാണേല്‍ കാട്ടിലും കൂട്ടിനാളുണ്ടായിരുന്നു. ഞമ്മളിവിടെ കൂട്ടുതേടി വനവാസം നടത്തേണ്ടി വരുമോയെന്തോ?

പൊത്തോ....
ഞാന്‍ ഞെട്ടിയെഴുന്നേറ്റു. വണ്ടി റോഡിലെയൊരു കുഴിയില്‍ വീണതാ. വണ്ടി എന്‍.എച്ച്‌ വിട്ടു ബൈറൂട്ടു പിടിച്ചതിന്റെ സിംബല്‍. ഇത്തിക്കരയാറ്റിലെ വെള്ളത്തില്‍ തുഴഞ്ഞുനീങ്ങുന്ന വള്ളങ്ങളും, സമീപത്തെ റോഡില്‍കൂടി ഞങ്ങളും ആടിയാടി നീങ്ങി.

എന്തിനേറെപ്പറയണം, ഒടുവില്‍ വീടെത്തി. വന്ന റോഡു എവിടെയോ തീര്‍ന്നിരുന്നു. മുന്നിലൊന്നും കാണുന്നുണ്ടായിരുന്നില്ല. പൊടിയൊന്നടങ്ങിയപ്പോള്‍ വണ്ടിയില്‍ നിന്നുമിറങ്ങി ഞാന്‍ കൈകാലുകള്‍ വലിച്ചു നിവര്‍ത്തി. ‘നടു‘ ഇനി വീട്ടില്‍ ചെന്നിട്ടു തൈലമിട്ടിട്ടുവേണം നിവര്‍ത്താന്‍. പിന്നെ പറമ്പൊക്കെയൊന്നു നോക്കി. അതാ, വീട്ടുമുറ്റത്തു ഒരു സൂയിസൈഡ്‌ പോയിന്റ്‌. എന്തായാലും രണ്ടിലൊന്നു ഇന്നിവിടെ തീരുമാനിക്കാം, എല്ലാ ഓപ്ഷനുകളും ദാ നീണ്ടു നിവര്‍ന്നു കുത്തനെ കിടക്കുവല്ലേ?

നന്നായി വിയര്‍ക്കുന്നുണ്ടായിരുന്നു. ടെന്‍ഷന്മൂലമായിരിക്കുമെന്നു ഞാനന്നു കരുതി. പിന്നീടൊരിക്കല്‍ അവിടുത്തെ കാലാവസ്ഥയെക്കുറിച്ചവള്‍ അഭിമാനത്തോടെ വിശേഷിപ്പിച്ചതു 'മിതശീതോഷ്ണമേഖല' എന്നായിരുന്നു. ഒടുവില്‍, സ്വസ്ഥമായി അവിടെയിരുന്നു വിയര്‍ത്ത നാളുകളില്‍, മിതശീത-"ഉഷ്ണമേഖല" എന്നാണവള്‍ പറഞ്ഞതെന്നെനിക്കു മനസ്സിലായി.

ഒരു ചെറിയ വീട്‌. ആള്‍ക്കാരും നമ്മളെപ്പോലെ ലില്ലിപ്പുട്ടുകാരാവും. ഞാന്‍ ചിന്തിച്ചു. പെണ്ണിന്റെ ആങ്ങളച്ചെക്കന്‍ ഞങ്ങളെ അകത്തേക്കു ക്ഷണിച്ചു. 'പത്തറുപതു കിലോമീറ്റര്‍ വെറുതെ ഓടിയോ' എന്നായി അപ്പോളെന്റെ സംശയം. ഞങ്ങളെ രണ്ടുപേരെയുംകൂടി കണ്ടാല്‍ ആനയും ആടും പോലെ.

അകത്തിരിക്കുമ്പോള്‍, വകയിലെ മൂന്നാലാങ്ങളമാരും കൂടി നമ്മളെ വാച്ച്‌ ചെയ്തു മുന്നിലൂടെ പോയി. ‘എണീറ്റ്‌ നിന്നിട്ടു അവരുടെ മുഖത്തേക്കു നോക്കിയാല്‍ കഴുത്തു ഉളുക്കും. ഇരുന്നുകൊണ്ട്‌ നോക്കുമ്പോള്‍, നമ്മള്‍ മലര്‍ന്നു കിടക്കുന്ന പ്രതീതി‘. ഒന്നുരണ്ട്‌ പേര്‍ പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ തല കുനിച്ചു. ഇനി പെണ്ണുവന്നു നില്‍ക്കുമ്പോള്‍ ഇങ്ങനെതന്നെ മിക്കവാറും നോക്കേണ്ടി വന്നേക്കും. എന്റെ പ്രതീക്ഷയുടെ വിളക്കില്‍ കരിന്തിരി എരിഞ്ഞു തുടങി.

‘പെണ്ണിനു നീളക്കുറവാ‘ എന്നാണ്‌ പറഞ്ഞിരുന്നതു. അതുമാത്രം നോക്കി എഴുന്നള്ളിയതാ. എന്തായാലും പണി പാളിയെന്നാ തോന്നുന്നേ? ഇതിപ്പോള്‍ 'ഗള്ളിവര്‍‘  വലിയമനുഷ്യരുടെ നാട്ടിലെത്തിയ അവസ്ഥ. ഇവിടുത്തെ അളവുകോലുകളും, ഗള്ളിവര്‍ കണ്ട വലിയമനുഷ്യരുടെ നാട്ടിലേതുപോലെയെങ്ങാനുമാണോ? 'ഒരു മീറ്റര്‍ എന്നു ഇവര്‍ പറയുന്നതിനു എത്ര നീളം ഉണ്ടാവുമോ എന്തോ?‘

എന്താ പരിപാടി? മുന്നിലൂടെ പോയ ഒരു തടിയനോട് വാപ്പയുടെ ചോദ്യം.
പഠിക്കുവാ... മറുപടി.

എന്തിനാ? വിശ്വാസമാകാതെ വാപ്പയുടെ അടുത്ത ചോദ്യം.
പത്തിലാ....

വാപ്പ കുറച്ചുനേരം മിണ്ടാതിരുന്നു. പിന്നെ സമനില തിരിച്ചു കിട്ടിയപ്പോഴാകണം, എന്നെയാകെയൊന്നു നോക്കി, 'എന്നാല്‍ പെണ്‍കുട്ടിയെക്കൂടി കണ്ടേക്കാം?' എന്നു പറഞ്ഞു.

അതിനിടയില്‍ വാതില്‍പാളികള്‍ക്കിടയിലൂടെ എന്നെത്തന്നെ പാളിനോക്കുന്ന ചില കണ്ണുകളുടെ സാന്നിദ്ധ്യം ഞാന്‍ മനസ്സിലാക്കി. നമ്മളുടെ സ്വതസിദ്ധമായ വായില്‍നോട്ടം, സകല പ്രതിബന്ധങ്ങളെയും തട്ടിത്തെറുപ്പിച്ചു എന്റെ തലയെ ഉയര്‍ത്തി അവര്‍ക്കഭിമുഖമായി തിരിച്ചു നിര്‍ത്തി.

കൂടി നില്‍ക്കുന്ന സ്ത്രീജനങ്ങള്‍ക്കിടയിലാരുടെയോ കക്ഷത്തില്‍ നിന്നുത്ഭവിക്കുന്ന ഒരു തല. എന്നെ കൊല്ലല്ലേയെന്നു യാചിക്കുന്ന മുഖഭാവം. ശ്വാസം കിട്ടാതെയാവണം, വിടര്‍ന്നു തള്ളിയ രണ്ട്‌ കണ്ണുകള്‍ (അതു ജന്മനാ അങ്ങനെതന്നാണെന്നു പിന്നെയാണ്‌ മനസ്സിലായതു). തല കക്ഷത്തില്‍ നിന്നും ഉത്ഭവിച്ചതല്ല, പൊക്കം മറ്റുള്ളവരുടെ ആ ഭാഗം വരയേയുള്ളൂ എന്ന് സൂക്ഷിച്ചു നോക്കിയപ്പോള്‍ മനസ്സിലായി. അതെ, എന്നെ കാണിച്ച അതേ മുഖം. എനിക്കു പാതി ആശ്വാസമായി.

കൂടിക്കാഴ്ചക്കു സമയം അനുവദിച്ചു കിട്ടി. സ്ത്രീജനങ്ങള്‍ക്കിടയില്‍ ആകെയൊരു പിടിവലി. എന്തൊക്കെയോ വലിച്ചുകീറുന്ന ശബ്ദം. ഞാന്‍ എന്തുചെയ്യണമെന്നറിയാതെ നിന്നു. തണ്ടും തടിയുമുള്ള അനിയത്തിമാരിലാരോ ഒരുവള്‍, അവളെ തള്ളി എന്റെ മുന്നിലേക്കിട്ടു. ഉമ്മയുടെ സാരിത്തലപ്പിലെ പിടി അപ്പോഴുമവള്‍ വിട്ടിരുന്നില്ല. കീറിപ്പോയ സാരിത്തലപ്പു, ബാക്കികൂടി കീറിയവളെയേല്‍പ്പിച്ചിട്ടു ഉമ്മ നടന്നുനീങ്ങി. ഞങ്ങളെ തനിച്ചാക്കി മറ്റുള്ളവരും പോയി. എങ്കിലും എല്ലാവരുടെയും കണ്ണുകള്‍ നമ്മുടെമേല്‍ തന്നെ കറങ്ങിനടക്കുന്നുണ്ടായിന്നു.

വിറക്കുന്ന ചുണ്ടുകള്‍, മുമ്പ്‌ കണ്ടതിനേക്കാള്‍ കുറച്ചുകൂടി തള്ളിയ കണ്ണുകള്‍. അവള്‍ പിടിച്ചു നിന്ന കസേര ആടിക്കൊണ്ടേയിരുന്നു....

ഇപ്പോള്‍ എനിക്കു പൂര്‍ണ്ണ ആശ്വാസമായി. ഈ ഭൂമിയില്‍, എന്നെ പേടിയുള്ള ഒരു വ്യക്തിയെ ഞാന്‍ കണ്ടുമുട്ടിയിരിക്കുന്നു......

അലസമായി ചുറ്റിത്തിരിഞ്ഞ എന്റെ കണ്ണുകള്‍ ഭിത്തിയിലെ ഘടികാരത്തില്‍ തടഞ്ഞു. അതു, ആട്ടമൊക്കെ നിര്‍ത്തി ഞങ്ങളെ നോക്കി നില്‍ക്കുന്നു. ഛെ, ആഭാസന്‍.....

വീണ്ടും എന്റെ നോട്ടം കുട്ടിയിലെത്തി. ഇനിയിതു ഞാന്‍ തന്നെ ചൊമക്കേണ്ടി വന്നാലോ? നേരേ ചൊവ്വേ നോക്കിയില്ലേല്‍ ഞാന്‍ തന്നെ അനുഭവിക്കും...
ഈ കൊച്ചു ഇപ്പോള്‍ വീഴും... ഞാനുറപ്പിച്ചു.
ഞാനവളെ ദയനീയമായി നോക്കി. പ്ലീസ്‌... ഇപ്പോള്‍ ബോധംകെട്ടുവീണ് എന്നെ നാറ്റിക്കരുത്‌....

അപ്പോഴും പേടിമാറാത്ത അവളുടെ കണ്ണിലെ കൃഷ്ണമണികള്‍ 360 ഡിഗ്രിയില്‍ ഒന്നു കറങ്ങി പഴയ നിലയില്‍ വന്നു നിന്നു. അപ്പോള്‍ അവളെന്റെ മുഖം കണ്ടു.

"പാവം, ഇതിനെ കെട്ടി ഒരു ജീവിതം കൊടുത്തേക്കാം". എന്റെ മുഖത്തെ ദൈന്യതയും, ഭയവും, അപേക്ഷാഭാവവുമൊക്കെകൂടി കണ്ടപ്പോള്‍ അവളുടെയും കരളലിഞ്ഞു.

എന്റെ മുഖത്തെ ദയനീയതയും അപേക്ഷാഭാവവും വിവാഹ അഭ്യര്‍ത്ഥനയാണെന്നും, ഇതു നടന്നില്ലെങ്കില്‍ ഞാന്‍ എന്തെങ്കിലും കടുംകൈ ചെയ്തേക്കുമെന്നും അവള്‍ ധരിച്ചുപോയിരിക്കണം....
‘ആദ്യമായിട്ടാണവളുടെ മുന്നിലൊരാള്‍ ഭയത്തോടെ നില്‍ക്കുന്നതത്രേ... ‘- അങ്ങനെ അവള്‍ക്കും കിട്ടി സമാധാനിക്കാനൊരു വക.

ഇനിയെന്തിനേറെ പറയണം, രണ്ടുപേര്‍ക്കും പൂര്‍ണ്ണസമ്മതം. അങ്ങനെ ഞങളങ്ങ് പ്രണയിച്ചു തുടങ്ങി.
ഇതാണു  'ലൗ അറ്റ്‌ ഫസ്റ്റ്‌ സൈറ്റ്‌'.


Tuesday, February 3, 2009

ക്രേസി ഈയെല്‍

കോട്ടയത്തെ പഠനകാലത്ത് എന്റെ സഹ-അന്തേവാസിയായിരുന്ന ബിമലും, വാടക തരാതെ അന്തേവാസികളെപ്പോലെ കഴിഞ്ഞിരുന്ന ജോബിനും ധനേഷും എഡ്വിനും, എന്റെ ആദ്യപോസ്റ്റില്‍ തന്നെ വിശദമായി പരിചയപ്പെടുത്തിയിരുന്ന, “കൂട്ടുകാരന് ഉറക്കം വരുന്നു എന്നു കേട്ടാല്‍ ഉറങ്ങിപ്പോകുന്ന,“ നല്ല നാടന്‍പാട്ടുകാരനും നാട്ടുവൈദ്യനും കൂടിയായ അഭിലാഷ് .E.L ഉം (ക്ലാസ്സില്‍ ഈ പേരുകാര്‍ രണ്ടുണ്ടായതിനാല്‍ ഈയെല്‍ എന്നു ചുരുക്കി വിളിച്ചു പോന്നു) ശ്രീജിത്ത്, ജയകൃഷ്ണന്‍(ജെകെ), രഞ്ചി,കൊച്ചുവിഷ്ണു(അതും രണ്ടുണ്ടായിരുന്നതിനാല്‍ ഇങനെ വിളിക്കും, ഇപ്പോള്‍ നാടുവിട്ടു) എന്നിവരാണ് അനന്തപുരിയില്‍ എന്റെ കൂട്ടുകാരായുള്ള കോട്ടയത്തെ സഹപാഠികള്‍. ഈയെലും ഞാനുമൊഴിച്ചുള്ളവരെല്ലാം ഒന്നിച്ചു കഴിയുന്നു. ഒരു പ്രതികാരമെന്നപോലെ വാടക കൊടുക്കാതെ ഞാനും ഈയെലും ഇടക്ക് അവിടെ കഴിയാറുണ്ട്. ട്രീറ്റുകള്‍ എന്നപേരിലറിയപ്പെടുന്ന കൊലവിളിക്കായുള്ള കൂടിച്ചേരലുകള്‍, സിനിമകാണല്‍ എന്നിവയാണ് ഒന്നിച്ചുള്ള പരിപാടികള്‍. ഇവക്കിടയിലെ ചെറിയ ചെറിയ അബദ്ധങള്‍ കഥകളാക്കി മാലോകരെ അറിയിക്കലാണ് ഒരു വികൃതി. അങനെയൊന്നാണ് താഴെ.....

********************************************************************************


പ്രത്യേകിച്ചു പരിപാടികളൊന്നും തീരുമാനിച്ചിട്ടില്ലാത്ത ഒരു ശനിയാഴ്ച.

പതിവുപോലെ വീട്ടിലിരുന്നു ബോറഡിച്ചപ്പോള്‍ ഈയെല്‍ ഓഫീസിലെത്തി. അവധിയായതിനാല്‍ ഏറെപ്പേരൊന്നും വന്നിട്ടില്ല. എങ്കിലും പതിവു ജോലികള്‍ ചെയ്യാമെന്നു കരുതി, ഗുഡ് മോര്‍ണിംഗ്- ഗുഡ്നൈറ്റ് മെയിലുകളും ഓര്‍ക്കൂട്ടുമൊക്കെ നോക്കികിടിലമളിയാ, സൂപ്പര്‍, എന്തുണ്ട് വിശേഷം, ഹാപ്പി ബെര്‍ത്ത് ഡേ, ചിലവു വേണം - എപ്പോള്‍ തരും?” തുടങിയ പതിവു മറുപടികളും സ്ക്രാപ്പുകളും ചാമ്പി വീണ്ടും ബോറഡിച്ചപ്പോള്‍ പുറത്തേക്കിറങ്ങി, മാനവീയം വീഥിയില്‍ വയലാറിനു കൂട്ടായി നിന്നു ഇങ്ങനെ ചിന്തിച്ചു.


ഇന്നിനി എന്തു ചെയ്യും? മ്യൂസിയത്തിലേക്കു പോകണോ, വീട്ടില്‍ പോകണോ? വീട്ടിലേക്കാണെങ്കില്‍ ദേവരാജന്‍ മാഷിനെ കണ്ടിട്ടു പോണോ, അയ്യങ്കാളിയെ മീറ്റ് ചെയ്തിട്ടു പോണോ?”


ആകെ കണ്‍ഫ്യൂഷന്‍, ഒരിടത്തേക്കു രണ്ട് വഴികളുണ്ടാകുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു പ്രശ്നം. സാധാരണ ഓഫീസില്‍ നിന്നിറങ്ങി വയലാറിന്നോട് രണ്ട് കൊച്ചു വര്‍ത്തമാനങ്ങള്‍ പറയുമ്പോഴേക്കും ആരെങ്കിലും വഴികാണിച്ചു തരും. പിന്നെ അതിന്നു പിറകേയങ്ങ് പോയാല്‍ മതി. ഇന്നാണെങ്കില്‍ നിരത്തുകളില്‍ ഒരു ഈച്ചയെപ്പോലും കാണാനില്ല.


ങ്യാ‍...ഹ ഹ - ഈയെലിന്റെ ഫോണ്‍ മണിയടിച്ചു (ക്ഷമിക്കണം -മണിയുടെ ചിരിചിരിച്ചു തുടങി).

ചാലക്കുടി ചന്തക്കു പോയപ്പം...

ചന്ദനച്ചോപ്പുള്ള

മീങ്കാരിപ്പെണ്ണിനെ കണ്ടേ ഞാന്‍....മണി പാടിത്തുടങ്ങി


ഹലോ...

നീപടത്തിനു വരുന്നോ?“ ഫോണിന്റെ മറുതലക്കല്‍നിന്നും ഈയെലിനെ സ്ഥിരം വഴിതെറ്റിക്കുന്ന ശ്രീജിത്തിന്റെ ശബ്ദം.


ഓ... ഞാന്‍ റെഡി, എവിടെ വരണം? ആരൊക്കെയുണ്ട് കൂടെ?

രോഗിയുടെ ഇച്ഛയും വൈദ്യന്റെ കല്‍പ്പനയും ഒന്നായ അവസ്ഥ. സന്തോഷാധിക്ക്യത്തില്‍ ചുമ്മാ ഒരുപിടി ചോദ്യങ്ങള്‍.


നീ ന്യൂതീയേറ്ററിലേക്കു പോരു, ടിക്കറ്റ് എടുത്തിട്ടുണ്ട്. ക്രേസി ഗോപാലനാണ് പടം. പടം തുടങ്ങിയാല്‍ ഞങള്‍ അകത്തു കയറും. വാതിലില്‍ നില്‍ക്കുന്നയാളോട് നിന്റെ പേര് പറഞ്ഞേക്കാം.


“‘ന്യൂ എവിടാ?”

"ഓവര്‍ബ്രിഡ്ജിന്റെ താഴെ, ബസ്റ്റാന്റിന്നടുത്ത്. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ നീ അവിടെ വന്നിട്ട് വിളിച്ചാല്‍ മതി" ഇപ്രാവശ്യം മറുപടി നായരുടെ വകയായിരുന്നു. അതു എപ്പോഴും അങ്ങനെയേ വരൂ, വഴിതെറ്റിക്കുന്ന വഴി എപ്പോഴും നായരുടെ വകയായിരിക്കും.


(അപരിചിത വായനക്കാര്‍ക്കു വേണ്ടി: ഞങളുടെ നായര്‍ തനി 916പ്യൂരിറ്റി നസ്രാണിയാണ്. ജോബിന്‍ എന്നതാണ് അവന്‍ സ്വയം വിളിക്കുന്ന പേര്. ഒരിക്കല്‍ അവന്‍ എയര്‍ടെല്‍ ഫോണ്‍ കണക്ഷന്‍ എടുത്തപ്പോള്‍, ബിമലിന്റെ ഫോണില്‍ പുതിയ നമ്പര്‍ വേര്‍തിരിച്ചറിയാനിട്ട പേരാണ് jobinAir. പിന്നീട് അതു Jobi Nair ആകുകയും, ഒടുവില്‍ ചുരുങ്ങി nair ആകുകയും ചെയ്തു. )


അതിനിടയില്‍ വഴിയേ പോയ ഓട്ടോകാരനെ തടഞ്ഞു നിര്‍ത്തി ഈയല്‍ അതില്‍ കയറി ഇരിപ്പുറപ്പിക്കുകയും ചെയ്തു.

ഡ്രൈവര്‍: എവിടെ പോണം?

ഈയല്‍: ബസ് സ്റ്റാന്റ് .


ബസ് സ്റ്റാന്റ് കണ്ടതും വണ്ടിയില്‍ നിന്നും ചാടിയിറങി നായരെ ഫോണ്‍ ചെയ്തു. നായര്‍ വഴി പറഞു തുടങ്ങി. ഈയല്‍ നടന്നും തുടങി.


ജോബിന്‍: നീ ബസ് സ്റ്റാന്റിന്റെ മുന്നില്‍ റെയില്‍`വേ സ്റ്റേഷ്നു അഭിമുഖമായി നിന്നിട്ടു ഇടത്തോട്ടു നടന്നോ..

ഈയല്‍ പറഞ്ഞതു അനുസരിച്ചു. നേരേ വലത്തോട്ടു നടന്നു....


ജോബിന്‍: നീ ഇപ്പോള്‍ നേരേ ഓവര്‍ബ്രിഡ്ജ് കാണുന്നില്ലെ? ഇടത്തേവശത്തായി തിയേറ്റര്‍ കാണുന്നില്ലെ? അകത്തേക്കു കയറിപ്പോരു, വാതില്‍ക്കല്‍ പറഞിട്ടുണ്ട്.

ഈയെല്‍ ദൂരെ ഓവര്‍ബ്രിഡ്ജ് കണ്ടു. നേരേ വലത്തു കണ്ട തിയേറ്ററിലേക്കു നോക്കി.


ക്രേസിഗോപാലന്‍..... ന്യൂ തിയേറ്റര്‍, നാലു കളി. തിയേറ്ററിന്നു സമീപത്തെ പോസ്റ്റര്‍ കണ്ടതും തിയേറ്ററിലേക്കു അവന്‍ പാഞ്ഞു കയറി.


എന്റെ പേര്‌ അഭിലാഷ് ഈയെല്‍‍. വാതില്‍ തുറക്കൂ...

ഒരു അശരീരി കേട്ടു ശ്രീകുമാര്‍ തീയേറ്ററിലെ വാതില്‍ സൂക്ഷിപ്പുകാരന്‍ പേടിച്ചു അവിടെയാകെ ടോര്‍ച്ചടിച്ചു നോക്കി. പടം തുടങ്ങിയിട്ടു അരമണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. അകത്തെ വെളിച്ചവും വരാന്തയിലെ വെളിച്ചവും അണഞ്ഞിട്ടും ഏറെ നേരമായി. അതും സാക്ഷാല്‍ ട്വെന്റി 20 എന്ന ചിത്രം. അശരീരി നടത്താന്‍ എക്സ്പെര്‍ട്ടായ സലിം കുമാറും ബിജുക്കുട്ടനുമൊക്കെ അകത്തൊണ്ട് താനും. പിന്നെ ഇതാരാവും....


എനിക്കു ഇപ്പോള്‍തന്നെ 'ക്രേസി ഗോപാലന്‍' എന്ന പടം കാണണം, വാതില്‍ തുറക്കൂ.... എന്റെ കൂട്ടുകാര്‍ അകത്തുണ്ട്. വീണ്ടും അതേ ശബ്ദം, സംസാരത്തിനാകെ ഒരു വൈപ്പിന്‍ ടച്ചും...


ഇതെന്തു കഥ, ‘ക്രേസി ഗോപാലന്‍ ഇപ്പോള്‍ ന്യൂ തീയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ്‌. അത്യാവശ്യത്തിനു വടിയായും ഉപയോഗിക്കാവുന്ന ടോര്‍ച്ച്‌ കത്തിച്ച് അയാള്‍ വിശദമായിത്തന്നെ അവിടെയാകെ നോക്കി. അപ്പോള്‍ തൊട്ടു മുന്നിലൊരുവന്‍, അവന്റെ പല്ലുകള്‍ കൊഴിഞ്ഞു താഴെപ്പോകാതിരിക്കാന്‍ വലിച്ചു കെട്ടിയ വേലിയില്‍ തട്ടി പ്രകാശം തിരിച്ചു വന്നു.


അല്ല മോനെ, നീ ആരുടെ കൂടെയാ വന്നെ? അച്ഛനുമമ്മയും എവിടെയിരിക്കുന്നു? വരൂ, ചേട്ടന്‍ കൊണ്ടാക്കാം. അയാള്‍ മാന്യമായി സ്നേഹത്തോടെ കുട്ടിയോടു പറഞ്ഞു.


പരിഹസിക്കരുതു, ഞാന്‍ സി.ഡാക്കിലെ യുവശാസ്ത്രജ്ഞനാണ്‌ എന്നു പറഞ്ഞവന്‍ തന്റെ ഐ. ഡി കാര്‍ഡെടുത്തു വീശി.


ഓഹോ, അപ്പോള്‍ അങ്ങനാണല്ലെ? വലിയ വലിയ കമ്പനികള്‍ക്കു പേരു ദോശം ഉണ്ടാക്കാന്‍ ഓരോരുത്തന്മാര്‍ ഇറങ്ങിക്കോളും, പോയി ടിക്കറ്റ്‌ എടുത്തു കൊണ്ടു വാടാ...കയ്യിലിരുന്ന ടോര്‍ച്ചില്‍ അയാള്‍ പിടി മുറുക്കി.


ചേട്ടാ എന്റെ കൂട്ടുകാര്‍ അകത്തുണ്ട്‌... അവന്‍ ദയനീയമായി വീണ്ടും മൊഴിഞ്ഞു.

അതിന്നു ഞങള്‍ എന്തുവേണം? ഒന്നിനൊന്നു ഫ്രീ കൊടുക്കുന്ന പരിപാടി ഇതുവരെ തീയേറ്ററുകളില്‍ തുടങ്ങിയിട്ടില്ല മോനേ.... വെള്ളമടിച്ചാല്‍ വയറ്റില്‍ കിടക്കണം.... പോയി ടിക്കെറ്റ്‌ എടുത്തോണ്ട്‌ വാ പയലേ.... അയാള്‍ ടോര്‍ച്ച് തിരിച്ചു പിടിച്ചു കഴിഞ്ഞു.


വെറുതേ പല്ലിലെ കമ്പി പാഴാക്കണ്ട, ഇനിയിവിടെ നിന്നാല്‍ കമ്പിയിടാന്‍ ഒരു പല്ലുപോലും ബാക്കിയുണ്ടാവില്ല... അവന്‍ പതിയെ പുറത്തേക്കു നടന്നു, പിന്നെ ഓടി...


പുറത്തെത്തിയ ഉടനേ ആ തിയേറ്ററില്‍ കയറാന്‍ കാരണമായ പോസ്റ്റെറിനെയവന്‍ രൂക്ഷമായി നോക്കി. അപ്പോഴും നടന്‍ ദിലീപും, ‘ന്യൂവില്‍ ദിവസേന നാലു കളി എന്നെഴുതിയ തുണ്ട് പേപ്പറും അവനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. കയറിയ തിയേറ്ററിന്റെ പേര് അവനൊന്നു ശ്രദ്ധിച്ചു വായിച്ചു.


ശ്രീകുമാര്‍


ഹലോ... നായരേ, നിങ്ങളേതു തീയേറ്ററിലാ? “

ന്യൂവില്‍...., പടം തുടങ്ങിയിട്ടു കുറേ നേരമായി. നീയെവിടാ...?“നായരുടെ മറുപടിയും മറു ചോദ്യവും


ദാ.. ഞാനെത്തി..., ചേട്ടാ ന്യൂ എവിടാ? “- വഴിപോക്കരോടു ന്യൂവിലേക്കുള്ള വഴി അവന്‍ തിരക്കുന്നത്‌ നായര്‍ ഫോണില്‍കൂടി വ്യക്തമായി കേട്ടു.

ദോ... ആ കാണുന്ന ഓവര്‍ബ്രിഡ്ജിന്റെ താഴെ - മുമ്പു കണ്ട ഓവര്‍ബ്രിഡ്ജിന്റെ എതിര്‍ ദിശയില്‍ കൈ ചൂണ്ടിക്കൊണ്ട് ഒരു വഴിപോക്കന്റെ സഹായം.


ഇവിടെമുഴുവന്‍ ഓവര്‍ബ്രിഡ്ജാണല്ലെ? ഇതിത്തിരി ഓവറായിപ്പോയി.

ഓട്ടോക്കാരന്റെയടുക്കല്‍ ന്യൂവിലെത്തിക്കാന്‍ പറഞ്ഞാല്‍ മതിയായിരുന്നു. മാനം രക്ഷിക്കാമായിരുന്നു. ഈയെല്‍ ആത്മഗതം ചെയ്തുകൊണ്ട്‌ ന്യൂ തിയേറ്റര്‍ ലക്ഷ്യമാക്കിയോടി.


അവിടെ പേരു പറഞ്ഞപ്പോള്‍ കതക് തുറന്നു കൊടുത്തു. ഈയെല്‍ അകത്തു കയറി. ആകെ ഇരുട്ട്. വീണ്ടും നായരെ വിളിച്ചു. എന്നിട്ടു തന്റെ ഫോണ്‍ ഇടതു കയ്യില്‍ പിടിച്ചു ഇടതു ചെവിയില്‍ വെച്ചു.


നായര്‍ : ഞങ്ങള്‍ നിന്റെ വലതു ഭാഗത്ത് ഉണ്ട്.

ഈയെല്‍ ഇടത്തേക്കു തലവെട്ടിച്ചു നോക്കി. കാണുന്നില്ലല്ലോ?....


നായര്‍ : എടാ ഞങ്ങള്‍ നിന്റെ വലതു വശത്താണ്.

ഈയല്‍ വീണ്ടും ഇടതു വശത്തേക്കു നീങ്ങി.


നായര്‍ : എടാ ഞങ്ങള്‍ നിന്റെ ചോറുണ്ണുന്ന കയ്യുടെ വശത്താണ്.

“ആ കയ്യിലല്ലെ ഞാന്‍ മൊബൈല്‍ പിടിച്ചിരിക്കുന്നതു?“ - ഈയെലിന്റെ മറുചോദ്യം.


ഇത്രയുമായപ്പോഴേക്കും ശ്രീജിത്തിനു വിവരം വെച്ചു. അവന്‍ നായരുടെ കയ്യില്‍നിന്നും ഫോണ്‍ വാങ്ങി ഈയെലിനോട് പറഞ്ഞു....

ഡാ.... നിന്റെ ഇടത്തേക്കു നോക്കെടാ......


ഈയെല്‍ തിരിഞ്ഞു നോക്കി.

അളിയാ‍....... “,


ഈയലിന്റെ, ‘യുറേക്കാ..യ്ക്കു സമമായ വിളി കേട്ട് തിയേറ്ററിലെ സകലജനങ്ങളും തിരിഞ്ഞു നോക്കി.


---ശുഭം‌‌‌---

പഴയ ചില വികൃതികള്‍