ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Thursday, October 31, 2013

അങ്ങനെയാണ് കേരളമുണ്ടായതു....

കേരളം... കേരളം...
കേളികൊട്ടുയരുന്ന കേരളം...
കേളീ കദംബം പൂക്കും കേരളം
കേര കേളീ സദനമാമെന്‍ കേരളം..

 എടിയേ, ആ ചാനലൊന്നു മാറ്റിയേര്. ഇവിടെ മനുഷ്യന്‍ ജീവിക്കാന്‍ പാടു പെടുമ്പോഴാ രാവിലേ തന്നെ ഒരു സുന്ദരകേരളം പാട്ട്... വന്നു വന്നു പഴയ പാട്ടുകള്‍ കേട്ടാല്‍, അതില്‍ മൊത്തം കള്ളം മാത്രമേയുള്ളൂ എന്നായിരിക്കുന്നു.

മുക്കാല്‍ പാന്റുമിട്ട് വീടിന്റെ പൂമുഖത്തിരുന്നു കയ്യിലെ ടാബിൽ തലോടിക്കൊണ്ടിരുന്ന ഗൃഹനാഥന്‍ അകത്തേക്കു നോക്കി ദേഷ്യത്തോടെ വിളിച്ചു കൂവി.

ചാനല്‍ മാറ്റുമ്പോള്‍ വാര്‍ത്താ ചാനലുകളും പാട്ടു ചാനലുകളും സീരിയലുകളും വേണ്ട കേട്ടോ? ചെക്കൻ ഇതുവരെ സ്കൂളില്‍ പോയിട്ടില്ല. എന്തിനാ വെറുതെ അതൊക്കെ കാട്ടി കുട്ടികളെ വഴിതെറ്റിക്കുന്നതു.

പിന്നേ, എനിക്കിന്നു അവധിയാ, നീ വീടിന്റെ ടെറസൊന്നു വൃത്തിയാക്കിയിടണേടാ...  ഫ്രണ്ട്സൊക്കെ ഇപ്പോള്‍ ഇങ്ങെത്തും...

ഇത്തിരി വെള്ളം കൂടി ഫ്രിഡ്ജില്‍ വെച്ചേക്കാം അല്ലേ മുതലാളീ.  തണുക്കുമ്പോള്‍ വെറുതെ കുടിക്കാമല്ലോ... വേലക്കാരൻ ചേട്ടൻ തമാശിച്ചു.

ഉം..
ചെറു ചിരികലര്‍ന്ന ഒരു മൂളലില്‍ മുതലാളി എല്ലാം ഒതുക്കി.

ഡാഡി... ഡാഡി....
ഉം... എന്താ മോനേ?

എനിക്കൊരു മുണ്ട് തരുമോ ഡാഡി...?
ഇന്നു സ്കൂളില്‍ മുണ്ടുടുത്തോണ്ട് ചെല്ലണമെന്നു ടീച്ചര്‍ പറഞ്ഞു.

മുണ്ടൊക്കെ ഉടുത്തു സ്കൂളില്‍ പോകുന്ന കള്‍ച്ചര്‍ ലെസ് കൂട്ടത്തില്‍ പെടാതിരിക്കാനല്ലേ നിന്നെ ഈ പണമൊക്കെ  ചെലവാക്കി ആ മുന്തിയ സ്കൂളില്‍ വിടുന്നതു? പിന്നെയും മുണ്ടോ? ഒരു ചെയിഞ്ച് വേണമെന്നാണെങ്കില്‍ മോനിന്നു ഡാഡീടെ ബര്‍മുഡ ഒരെണ്ണം ഇട്ടോണ്ടു പോയ്ക്കോ?

അല്ല, ഇന്നു ഹോളീഡേ അല്ലേ?പിന്നെന്തിനാ സ്കൂളില്‍ പോകുന്നതു? പോയിരുന്നു വല്ലതും പഠിക്ക്.

അതേ ഡാഡീ.. , ഇന്നു കേരളാസ് ബെര്‍ത്ത്ഡേ ആണെന്നു... സ്കൂളിലെ പരിപാടിക്ക് മുണ്ടുടുത്ത് ചെന്നില്ലെങ്കില്‍ ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കുമെന്നാ പറഞ്ഞതു..

എല്ലാര്‍ക്കും ബെര്‍ത്ത്ഡേയ്ക്കുവരെ ഹോളീഡേയാ? നമ്മക്കാണെങ്കില്‍ ഹോളി ഡേയ്ക്കുപോലും കിട്ടില്ല ഒരു ഹോളീഡേ... വേലക്കാരന്‍ പിറുപിറുത്തു.

ഒരു മുണ്ട് താ ഡാഡീ...
ഡാഡിടെ കയ്യില്‍ എവിടുന്നാണ് മോനേ മുണ്ട്? ഡാഡി പാന്റല്ലേ ഇടുന്നതു?
ഡാഡി ഓഫീസില്‍ ലുങ്കി ഡാന്‍സ് കളിക്കാന്‍ വാങ്ങിയ ലുങ്കിയുണ്ട്. അന്നതു ഉടുപ്പിച്ചതു കൂട്ടുകാരാ. നിനക്കു അതു മതിയോ... സെര്‍വെന്റ് അങ്കിളിനോട് പറഞ്ഞാല്‍ അങ്കിള്‍ ഉടുപ്പിച്ചു തരും.


മുണ്ട് തന്നെ വേണം ഡാഡീ, ഇന്നവിടെ ഗാനമേളയുമൊക്കെയുണ്ട്...

ഓഹോ സ്കൂളിലിപ്പോള്‍ ഗാനമേളയൊക്കെ തുടങ്ങിയോ?... ആരുടെ ഗാനമേളയാ? എങ്കിലിന്നു മോനെ ഈ മാമന്‍ സ്കൂളില്‍ കൊണ്ടു പോകും.. വേലക്കാരന്‍ ആവേശഭരിതനായി

എന്തോ ഭക്തിഗാനമേളയാ അങ്കിളേ?
എങ്കില്‍ പിന്നെ മോന്‍ സ്കൂള്‍ ബസ്സില്‍ പൊയ്ക്കോ? എനിക്കിവിടെ ഒരുപാട് പണിയുണ്ട്. വേലക്കാരൻ സ്കൂട്ടായി.

ഓഹോ, ഭക്തിഗാനങ്ങളൊക്കെ കേട്ടിട്ടു ഇശ്ശിക്കാലമായി.  ഞാനും വരുന്നു നിന്റെ സ്കൂളിലേക്ക്...
അകത്തളങ്ങളില്‍ എവിടെനിന്നോ ചുമയുടെ അകമ്പടിയും ഊന്നുവടിയുടെ താളവുമായി ഒരു മുത്തശ്ശി പുറത്തേക്കെത്തി.

ഭക്തിഗാനങ്ങള്‍ എന്നൊക്കെ ടീച്ചര്‍ പറഞ്ഞെങ്കിലും, പ്രാക്റ്റീസ് ചെയ്യുന്നത് കേട്ടപ്പോള്‍ ചില സോംഗ്സൊക്കെ പാടുന്നതു സാഡ്സോങ്ങ്സ് പാടുന്ന ട്യൂണിലാ.  ചില പാട്ടിലൊക്കെ, ‘കേരളമെന്നു കേട്ടാല്‍ ബ്ലഡ് ബോയില്‍ ചെയ്യണ‘മെന്നൊക്കെ പാ‍ടിക്കേട്ടു. ഏതു ടൈപ്പാണോയെന്തോ?

മുത്തശ്ശി: എന്നതാടാ മോനേ ഇവന്‍ പറയുന്നതു?
അമ്മേ, ചോര തിളക്കണമെന്നൊക്കെ അവിടെപ്പാടിയ പാട്ടിലുണ്ടെന്നു...

മുത്തശ്ശി: ആണോടാ, അതെന്തു ഗാനമേളയാ?
മകന്‍: ഇത്തരം ഗാനമേളകള്‍ പണ്ട് ഗാന്ധിജിയൊക്കെ നടത്തിയിട്ടുണ്ടെന്നു ടീച്ചര്‍ പറയുന്നതും കേട്ടു.

മുത്തശ്ശി: ഹഹഹ.... അതു വെറും ഭക്തി ഗാനമല്ല, ദേശഭക്തിഗാനമാണ് മക്കളേ.... ഒരുകാലത്തു നമ്മുടെ നാടിനെ കോരിത്തരിപ്പിച്ച ഗാനങ്ങള്‍...

ഭാരതമെന്ന പേരുകേട്ടാല്‍
അഭിമാന പൂരിതമാകണം അന്തരംഗം...
കേരളമെന്നു കേട്ടാലോ
തിളക്കണം ചോര നമുക്കു ഞരമ്പുകളില്‍...

ഹോ.. എന്തായിരുന്നു ആ കാലം. മുത്തശ്ശി പാട്ടുപാടിക്കൊണ്ട് ദീര്‍ഘനിശ്വാസം വിട്ടു.

രാവിലെ കേരളമെന്നു ടിവിയില്‍ കേട്ടപ്പോഴേ മുതലാളിയുടെ രക്തം തിളയ്ക്കുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞു തണുപ്പിക്കാനായി ഫ്രിഡ്ജില്‍ വെള്ളവും എടുത്തു വെച്ചിട്ടുണ്ട്. വേലക്കാരൻ തമാശ പറഞ്ഞു.

ഗ്രാന്മാ... ഗ്രാന്മാ...
എന്താ മോനേ.... നീ ഓരോരുത്തരുടെ പിന്നാലെ നടന്നു വിളിക്കാന്‍ തുടങ്ങിയിട്ടു കുറെ നേരമായല്ലോ?
അതേ, എനിക്കൊരു മുണ്ടു തരുമോ?

ഉം.... എന്താ? എന്തിനാ?
അതേ, ഇന്നു കേരളാസ് ബെര്‍ത്ത്ഡേ ആണെന്നു, സ്കൂളില്‍ ഉടുത്തോണ്ട് പോകാനാ...

കേരള ബെര്‍ത്ത്ഡേയോ, അതെന്താടാ?
അമ്മേ ഇന്നു കേരളപ്പിറവി ദിനമാണ്. അച്ഛന്‍ തിരുത്തി

ഓഹോ, എങ്കില്‍ എന്റെ മോനിന്നു മുണ്ടൊക്കെയുടുത്തു നല്ല മലയാളിയായി വേണം പോകാന്‍.  മുണ്ട് അമ്മൂമ്മ തരില്ലേ.

ങേ, കേരളത്തിനും സ്വന്തമായി പിറന്നാളൊക്കെ ഉണ്ടായിരുന്നോ?
ഹോ.. ഈ കേരളത്തിലാണല്ലേ സ്വന്തമായി ഒരു പിറന്നാളു പോലുമില്ലാതെ ഞാന്‍ ജീവിക്കുന്നതു.....
വേലക്കാരന്‍ വീണ്ടും പിറുപിറുത്തു.

ഗ്രാന്മാ, എനിക്കീ മുണ്ടൊന്നു ഉടുപ്പിച്ചു തരുമോ?

ഉം… മോനിങ്ങ് വാ....
ഇന്നാ ബെല്‍റ്റ്. ഇതൊന്നുമില്ലാതെ ആള്‍ക്കാരെങ്ങനെയാണോ ഇതുടുക്കുന്നതു?
ചെറുമകന്‍ അത്ഭുതം കൂറി.

പിന്നേ ഗ്രാന്മാ....
എന്താ എന്റെ പൊന്നുമോനു അറിയേണ്ടതു? മുണ്ടു ഉടുപ്പിച്ചു കൊണ്ട് മുത്തശ്ശി വാത്സല്യത്തോടെ തിരക്കി.

കേരളം എങ്ങനെയാ ഉണ്ടായതു?

അതോ.... അതൊരു കഥയാണ്....
മോനു പരശുരാമനെ അറിയാമോ? ആ പരശു രാമന്‍ മഴുവെറിഞ്ഞപ്പോള്‍ ഉണ്ടായതാണ് നമ്മുടെ കേരളം.

അപ്പോള്‍ കേരളത്തിന്റെ രാഷ്ട്രപിതാവ് പരശു രാമനാണല്ലേ? ആരു, അമ്മയായി വരും?
നിലം തുടയ്ക്കുന്നതിനിടയില്‍ ഉയര്‍ന്നു വന്ന സംശയം പതിയെ തലഉയര്‍ത്തി വേലക്കാരന്‍ ഉന്നയിച്ചു.

ആണോ ഗ്രാന്മാ, പറയൂ ആരാ പരശുരാമന്‍?
അതേ, പണ്ട് പണ്ട്.... ജമദഗ്നി മഹര്‍ഷിഎന്നൊരു മഹര്‍ഷി ഉണ്ടായിരുന്നു. മഹര്‍ഷിയുടെ പുത്രനാണ് പരശു രാമന്‍. ശിവ ഭക്തനും വീരശൂരപരാക്രമിയുമായ രാമന്‍ മഹാവിഷ്ണുവിന്റെ അവതാരമാണ്.

അപ്പോള്‍ രാമന്റെ സ്ഥലപ്പേരാണല്ലേ ഈ പരശു? അതിവിടെവിടായിട്ടു വരും??
വേലക്കാരനില്‍ നിന്നും വീണ്ടും സംശയങ്ങള്‍ ചിറകടിച്ചുയര്‍ന്നു...

ഹഹഹ... ഒരു കുസൃതിക്കാരന്‍.... നീ നിന്റെ പണിനോക്ക്. മുത്തശ്ശി വേലക്കാരനെ തമാശകലര്‍ത്തി ശാസിച്ചു.
കുസൃതിക്കാരനല്ലമ്മൂമ്മേ ഞാന്‍… വെറും കുശിനിക്കാരന്‍….. വേലക്കാരന്‍ മുത്തശ്ശിയേ തിരുത്തി.

വേഗം കഥ പറ? ചെറുമകന്‍ ധൃതി കൂട്ടി.
രാമന്റെ ആയുധമായ മഴുവിന്‍െറ വേറൊരു പേരാണ് പരശു. ആ പേരും ചേര്ത്താണ് രാമന്‍ പരശുരാമനായതു.
ങ്ങേ... മഴുവോ? അതെന്താ?
അച്ഛന്‍: അത് ആക്സ് പോലിരിക്കുന്ന ഒരു സാധനമാ മോനേ.
പരശു രാമന്‍.... കൊള്ളാം നല്ല പേര്.

പിച്ചാത്തി രവി, വടിവാള്‍ വാസു എന്നൊക്കെ പറയുമ്പോലെ..... ഈശ്വരാ, പുള്ളിയും കൊട്ടേഷന്‍ ടീമായിരുന്നോ? വേലക്കാരന്‍ തമാശ പറഞ്ഞു.

എന്നിട്ടോ ?
അധികാര ദുര്‍മോഹികളും, അഹങ്കാരികളും സ്വാര്‍ത്ഥരുമായ ക്ഷത്രിയരുമായി 21 പ്രാവശ്യം ഘോര യുദ്ധം നടത്തി അവരെ വധിച്ചു, അങ്ങനെ പരശുരാമന്‍ നാട്ടില്‍ സമാധാനവും, സന്തോഷവും നിലനിര്‍ത്തി.

ചുമ്മാതല്ലല്ലേ ക്വട്ടേഷന്‍ ടീമൊക്കെ പെട്ടെന്നു തഴച്ചു വളര്‍ന്നു കേരളത്തെ സ്വന്തമാക്കുന്നതു?
പുതിയ പുതിയ ചിന്തകളാല്‍ വേലക്കാരന്‍ അത്ഭുതം കൂറി.

ഗ്രാന്റ്മ, കേരളമുണ്ടായതെങ്ങനാണെന്നു പറ….
അതിനുശേഷം പരശുരാമന്‍ തപസ്സിരിക്കാന്‍ ഒരു സ്ഥലം തേടി പശ്ചിമഘട്ടത്തിലെ കരിനീല വനപ്രദേശത്തെത്തി. അവിടെ വരുണ ദേവന്‍ പരശുരാമന് പ്രത്യക്ഷനായി.

വരുണ ദേവനോ? അതാരാ?
വരുണ ദേവനാണ് സമുദ്രങ്ങളുടെ അധിപന്‍….

എന്നിട്ടു…
എന്നിട്ടു വരുണദേവന്‍, കടലില്‍ "പരശു' എറിഞ്ഞു ഭൂമി എടുത്തു കൊളളാന്‍ പരശുരാമനോട് പറഞ്ഞു.

വേലക്കാരന്‍ : അങ്ങനെ മഴു എറിഞ്ഞു കളഞ്ഞിട്ടും പരശു രാമൻ എന്താ വെറും രാമനാകാഞ്ഞേ അമ്മൂമ്മേ?

“നീ എന്റെ കയ്യില്‍ നിന്നും വാങ്ങിക്കും....“ മുത്തശ്ശി വേലക്കാരനെ ശകാരിച്ചു.

അങ്ങനെ അറബികടലില്‍ പരശുരാമന്‍ പരശു എറിഞ്ഞപ്പോള്‍ കടലില്‍ നിന്നും പൊങ്ങി വന്നുണ്ടായതാണ് കേരളം. അങ്ങു തെക്കു കന്യാകുമാരി മുതല്‍ വടക്കു ഗോകര്‍ണ്ണം വരെ....

ഹഹഹ!!! അതാണല്ലേ മലയാളികള്‍ കടലു കാണുമ്പോള്‍ ‘കടലമ്മേ.. കടലമ്മേ...” എന്നു വിളിക്കണതു ? ‘ഇപ്പോള്‍ കേരളത്തിന്റെ അമ്മയെയും പിടികിട്ടി‘. വേലക്കാരന്‍ മുത്തശ്ശിയെ കളിയാക്കി.

ഗ്രാന്മ കള്ളം പറയുകയാ...,
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയാണ് കേരളമെന്നാണല്ലോ സോഷ്യല്‍ സയന്‍സില്‍ പഠിപ്പിച്ചതു? സോഷ്യന്‍ നെറ്റ്‌വര്‍ക്കുകളിലും അങ്ങനെ തന്നെ...

വേലക്കാരന്‍ : കന്യാകുമാരീന്നും പറഞ്ഞങ്ങോട്ടു ചെന്നാല്‍, എല്ലാവരും കൂടി നമ്മളെ തെക്കോട്ടെടുക്കും..

അച്ഛന്‍: എന്താ ഇവിടൊരു പ്രശ്നം?
മുത്തശ്ശി പറയുകയാ, കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെയാ കേരളമെന്നു? ഇന്നാളു നമ്മള്‍ കന്യാകുമാരിയില്‍ പോയില്ലേ ഡാഡീ? അതു തമിഴ്നാട്ടിലായിരുന്നല്ലോ? പിന്നെ, ഗോകര്‍ണ്ണം കര്‍ണ്ണാടകയിലാണെന്നൊരിക്കല്‍ ഹിസ്റ്റൊറി ചാനലില്‍ ഉണ്ടായിരുന്നു.

ഹഹഹ... മുത്തശ്ശി ഒരു ഐതിഹ്യ കഥ പറഞ്ഞതല്ലേ മോനേ?

എന്നാല്‍ അച്ഛന്‍ പറ, എങ്ങനാ നമ്മുടെ കേരളമുണ്ടായതു?
അതോ, അതൊരു ചരിത്രമാണ്. 1947ല്‍ നമുക്കു ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യമൊക്കെ കിട്ടിക്കഴിഞ്ഞ്....

എന്നിട്ടു…
ഭാഷാടിസ്ഥാനത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളെ പുനര്‍നിര്‍ണ്ണയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പിന്നീട് തീരുമാനമെടുത്തു. ആ തീരുമാനമാണ് 'കേരളം' എന്ന മലയാളികളുടെ സംസ്ഥാനം രൂപീകരിക്കുന്നതിനു പശ്ചാത്തലമൊരുക്കിയത്. കേരളം എന്ന സംസ്ഥാനം രൂപം കൊള്ളുന്നതിനു മുന്‍പ്, മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നീ പ്രദേശങ്ങളായി നില്‍ക്കുകയായിരുന്നു നമ്മുടെ നാട്.

മകന്‍: ഓഹോ?
ഡാഡി : അങ്ങനെ വ്യത്യസ്ത സംസ്ക്കാരങ്ങളായി വിഘടിച്ചു നിന്നിരുന്ന മലയാളികളെ ഒരൊറ്റ സംസ്ക്കാരവും ഓരേയൊരു വികാരവുമുള്ള ജനതയാക്കി മാറ്റിയ ചരിത്രപരമായ രാഷ്ടീയ മാറ്റമാണ് 1956 നവംബര്‍ 1 ന് സംഭവിച്ചത്.

മകന്‍: അതാണല്ലേ നവംബര്‍ ഫസ്റ്റിനു നമ്മള്‍ കേരളാസ് ബര്‍ത്ത്ഡേ ആഘോഷിക്കുന്നതു?

ഡാഡി : അതെ, ഭാഷാടിസ്ഥാനത്തില്‍ മലയാളം പറയുന്നവരുടെ ദേശമായിട്ടാണ്  കേരളം ഉണ്ടായതു? ഇപ്പോള്‍ മലയാളഭാഷാദിനവും നമ്മള്‍ ആചരിക്കുന്നതു നവംബര്‍ ഒന്നിനു തന്നെ....

വേലക്കാരന്‍ : ഓഹ്!! ഈ കഥ ഇങ്ങനാരുന്നോ? ഞാന്‍ കരുതി....
ഡാഡി:  ഉം… നീ എന്തു കരുതി?

“പരശുരാമന്‍ മഴുവെറിഞ്ഞത് നവംബര്‍ ഒന്നിനാണെന്നു.... :) “


Tuesday, October 15, 2013

അടുക്കള ചരിതം - മൂന്നാം ഖണ്ഡം


(വൈകി വായനക്കാര്‍ക്കു വേണ്ടി, കഥ ഇതുവരെ : എന്റെ മാതാപിതാക്കള്‍ ഹജ്ജിനു പോയൊരു കാലഘട്ടം. ബലിപ്പെരുന്നാളിന്റെ അവധി ദിനങ്ങള്‍... ആദ്യമായാണ് വീട്ടില്‍ ഞങ്ങള്‍ രണ്ടു പേരും മാത്രമാകുന്നതു. പുതിയാപ്ല-പുതിയപെണ്ണ്‌ തുടങ്ങിയ സ്ഥാനങ്ങള്‍ ഉപേക്ഷിയ്ക്കാനുള്ള സമയമായിട്ടുണ്ടായിരുന്നില്ല ഞങ്ങള്‍ക്ക്. ജോലിയുമൊക്കെയായി നടക്കുന്നതിന്നിടയില്‍, വീട്ടില്‍ ഏറെനാള്‍ തങ്ങാനിടവരാത്തതിനാല്‍,വീട്ടിലെ സാധനങ്ങളുടെ ഇരിപ്പിടങ്ങളെക്കുറിച്ചും, അയല്‍‌വാസികളെക്കുറിച്ചും, ഞങ്ങളുടെ ബന്ധുക്കളെക്കുറിച്ചും നല്ലപാതിക്കൊട്ടും പരിചയമായിത്തുടങ്ങിയിരുന്നുമില്ല... അങ്ങനെയുണ്ടാക്കിയ ബ്രേക്ഫാസ്റ്റും ലഞ്ചും,
അടുക്കള ചരിതം - ഒന്നാം ഖണ്ഡ മായും അടുക്കള ചരിതം - രണ്ടാം ഖണ്ഡം ആയും കിടപ്പുണ്ട്. ഇതു അതിന്റെ ബാക്കി (അവസാന ഭാഗം) )



ഇക്കാ,
ഈ ഫ്രിഡ്ജില്‍ ഇനി സ്ഥലം ഒട്ടുമില്ലല്ലോ? ഈ ഇറച്ചികള്‍ ഇനി എന്തു ചെയ്യും?

എന്തു ചെയ്യാനാ? വാങ്ങിയപ്പോള്‍ ഒരു വലിയ ഫ്രിഡ്ജ് വാങ്ങേണ്ടതായിരുന്നു.

ഓ, പിന്നേ...
ഒരു കൊല്ലത്തില്‍, ആകെ ഈ ബലിപ്പെരുന്നാളിന്റെ ദിവസങ്ങളിലാ ഈ ചെറിയ ഫ്രിഡ്ജ് തന്നെ ഇവിടൊന്നു നിറയുന്നതു.

അവിടെന്താ പണി, വന്നു ഇതൊന്നു തള്ളിക്കയറ്റാമോന്നു നോക്കിയെ?
ഇറച്ചി ഫ്രിഡ്ജിനു മുകളില്‍  വെച്ചിട്ട് അവള്‍ സ്കൂട്ടായി.


ഒന്നുകില്‍ നമ്മള്‍ രണ്ടും നാളെ ലീവെടുത്തു ഇറച്ചിക്കിറ്റുകളുമായി എവിടെങ്കിലുമൊക്കെ വിരുന്നിനു പോകണം.
ഇറച്ചി ഫ്രിഡ്ജിലേക്കു തള്ളിയിറക്കുന്നതിനിടയില്‍ ഞാന്‍ പുതിയ ഐഡിയകള്‍ ഇറക്കിക്കൊണ്ടിരുന്നു.

അല്ലെങ്കില്‍ ഇറച്ചി കട്‌ലൈറ്റ്, ഇറച്ചി സമൂസ, ഇറച്ചി മോദകം, പിന്നേം ബാക്കിയുണ്ടേല്‍ ഇറച്ചിപ്പായസം പോലെയുള്ള പുതിയ പേരുകളിട്ട് ഐറ്റംസ് ഉണ്ടാക്കി ഞങ്ങടെ ഫാത്തിമ ചേച്ചി ചെയ്യുമ്പോലെ അടുത്ത ദിവസം ഓഫീസില്‍ വിതരണം ചെയ്യണം.


അതുകൊള്ളാം...
അവള്‍ക്കു പൂര്‍ണ്ണസമ്മതം...

പക്ഷേ...,
ഉം.. എന്താ നിര്‍ത്തിക്കളഞ്ഞതു?
അതേ, പുതിയ ഐറ്റംസൊക്കെ ഉണ്ടാക്കുന്നതിനല്ലല്ലോ പാട്. അല്ലെങ്കില്‍ തന്നെ നമ്മള്‍ ഉണ്ടാക്കുന്നതെല്ലാം പുതിയ ഐറ്റംസ് ആണല്ലോ?... ചിരിച്ചു കൊണ്ടവള്‍ പറഞ്ഞു.


പിന്നെ?
ഒരു ദിവസം കൂടി ഇവിടെ നിന്നാല്‍, രാവിലെയും ഉച്ചയ്ക്കും കഴിക്കാനുള്ള പഴയ ഐറ്റംസ് വേറെ ഉണ്ടാക്കണ്ടേ...? അതൊന്നും പുതിയ ഐറ്റംസ് ആയിപ്പോയാല്‍ പറ്റില്ലല്ലോ? അവള്‍ നെടുവീര്‍പ്പിട്ടു കൊണ്ട് കൂട്ടിച്ചേര്‍ത്തു...

അതു ശരിയാ... ഞാന്‍ ഓര്‍മകള്‍ അയവിറക്കി...

ഹോ,  ഇനി ആരെങ്കിലും ഇറച്ചിയുമായി വന്നാല്‍, ഇവിടെ വെയ്ക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ വേണ്ടാ എന്നു പറയേണ്ടി വരും... അല്ലെങ്കില്‍ ഇനിയും താമസിക്കാതെ നമ്മള്‍ ഇവിടുന്നു യാത്ര തുടങ്ങണം... 
ഫ്രിഡ്ജ് അടച്ചുകൊണ്ടുള്ള എന്റെ ആത്മഗതം ഇത്തിരി ഉച്ചത്തിലായി എന്നു തോന്നുന്നു.


അങ്ങനൊക്കെ പറയേണ്ടി വരുന്നതിനു മുമ്പ് നമുക്കു ഇവിടം വിടാം. വേഗം റെഡിയാകു...
ഉടനെ അവളുടെ പ്രോത്സാഹനം.

ബാങ്കു വിളിക്കുന്നു.... നമസ്കാരം കഴിഞ്ഞിട്ടു ഒരുങ്ങിയിറങ്ങാം.
പെട്ടെന്നു ശുദ്ധിയായി വന്നു കൈകള്‍ കെട്ടി ഞാന്‍ നമസ്കാരം തുടങ്ങി. അവള്‍ സാധനങ്ങള്‍ ഒതുക്കിയും തുടങ്ങി.

പുറത്തു ആരോ ബെല്ലടിച്ചു... അവള്‍ ചെന്നു വാതില്‍ തുറന്നു.... ഞാന്‍ നമസ്കാരത്തില്‍ നിന്നുകൊണ്ട് തന്നെ ചെവി കൂര്‍പ്പിച്ചു....

ഉളുഹിയ പങ്കാണ്. ഇക്കയില്ലേ?
ഉണ്ട്. നിസ്കരിക്കുന്നു...

പിന്നേ ഇവിടെ ഉമ്മയും വാപ്പയും ഹജ്ജിനു പോയേക്കുവാ.
അറിയാം, ഹജ്ജിനു പോയവര്‍ വിളിക്കുന്നൊക്കെയില്ലേ? അതിഥിയുടെ മറുപടി.
നല്ല പരിചയമുള്ള ശബ്ദം. ആരാണോയെന്തോ?

ഉവ്വു. പക്ഷേ... അതുകൊണ്ട് ഇവിടാരുമില്ല... അവളുടെ മറുപടി.

നിങ്ങളൊക്കെയില്ലേ?
ഫ്രിഡ്ജ് നിറഞ്ഞിരിക്കുന്നു. ഞങ്ങളിപ്പോള്‍ പോകും.... ഇറച്ചി വേണ്ടായിരുന്നു...
പതിഞ്ഞ ശബ്ദത്തില്‍ നിഷ്കളങ്കമായ അവളുടെ മറുപടി.

ആ മറുപടികേട്ട് നിസ്കാരത്തില്‍ നിന്ന എന്റെ തല കറങ്ങി.... ഇറച്ചിയുമായി വന്ന ആളിന്റെയും തല എന്തായാലും കറങ്ങിയിട്ടുണ്ടാവും. അദ്ദേഹത്തിനും ഇതാദ്യത്തെ അനുഭവമായിരിക്കുമെന്നു ഉറപ്പ്...

തിരിച്ചു മറുപടി ഒന്നും കേട്ടില്ല. അല്‍പ്പം കഴിഞ്ഞു വാതിലടയുന്ന ശബ്ദം...

ഞാന്‍ നമസ്കാരം പെട്ടെന്നു പൂര്‍ത്തിയാക്കി അവളോട് ചോദിച്ചു...
ആരായിരുന്നു?
അറിയില്ലിക്കാ... അവളുടെ നിഷ്കളങ്കമായ മറുപടി.

വാങ്ങി വെയ്ക്കെണ്ടായിരുന്നോ? എന്താ നീ അങ്ങനെ പറഞ്ഞതു?
അതു ഇക്കയല്ലേ പറഞ്ഞതു, ‘ഇനി കൊണ്ടുവരുന്നവരുടെയടുക്കല്‍ വേണ്ടായെന്നു പറയേണ്ടി വരുമെന്നു‘.

ഞാന്‍ അങ്ങനെ പറഞ്ഞെങ്കിലും നീ അങ്ങനെ പറയാന്‍ പാടുണ്ടോ?
ഞാന്‍ നടുവിനു കൈകൊടുത്തു നിന്നു...

അതെന്താ ഇക്ക പറയുന്നതും ഞാന്‍ പറയുന്നതും തമ്മിലെ വ്യത്യാസം?
ഞാനെന്റെ താടിയിലേക്കു ഒരു കൈ താങ്ങി നിന്നു.

അതേ, ഇറച്ചിയുമായി വരുന്നവരുടെയടുക്കല്‍ പറയാന്‍ വേണ്ടി പറഞ്ഞതല്ലായിരുന്നതു അതു?
പറയുന്ന കാര്യത്തില്‍ ഞാന്‍ ചെയ്യേണ്ടാത്തതും ഉണ്ടോ? അതെങ്ങനാ ഞാന്‍ അറിയുക?
അതു കേട്ട് എന്റെ രണ്ടുകൈയ്യും എന്റെ തലയ്ക്കു മുകളില്‍ കയറി ഇരുപ്പായി.

ഏടീ, അതു ഞാന്‍ ഒരു ആത്മഗതം പറഞ്ഞതല്ലായിരുന്നോ?
ങ്ങേ.... ആത്മഗതമൊക്കെ ഇത്ര ഉറക്കെയാണോ പറയുന്നതു?
തലയില്‍ ഇരുന്ന കൈകള്‍ക്കു ഭാരം കൂടി വന്നു. ഞാന്‍ നിലത്തു കുത്തിയിരുന്നു...

ശ്ശോ, എന്നാലും അതു ശരിയായില്ല.
അതു ശരിയാ..

അല്ല അതു ശരിയായില്ല...
അതെ, അതുശരിയായില്ല എന്നു ഇക്ക പറയുന്നതു ശരിയാ...


പിന്നെ?
പക്ഷെ... ഇക്ക പറഞ്ഞിട്ടും അതു വാങ്ങി വെച്ചാല്‍ അതു ശരിയാവില്ലല്ലോ എന്നു കരുതിയാ അങ്ങനെ പറഞ്ഞതു. ഞാന്‍ പറഞ്ഞതു കേട്ട് ഒരുപാട് വിഷമിച്ചാ അദ്ദേഹം പോയതു. എന്നാലും അതു കഷ്ടമായിപ്പോയി... ഇക്ക അങ്ങനെ പറഞ്ഞതുകൊണ്ടല്ലേ? അങ്ങനെ പറയണ്ടായിരുന്നു....

കറങ്ങിത്തിരിഞ്ഞു കുറ്റമെല്ലാം എന്റേതു മാത്രമായി....

ഞാന്‍ വാതില്‍ തുറന്നു പുറത്തേക്കോടി, അടുത്തവീട്ടില്‍ ചെന്നു ആരാണ് ഇറച്ചിയുമായി വന്നതെന്നു ചോദിച്ചു.
കിഴക്കെ വീട്ടിലെ ഇക്കയായിരുന്നു. എന്താ അവിടെ വാങ്ങാതിരുന്നതു? അദ്ദേഹത്തിനു വിഷമമായി.... അവര്‍ പറഞ്ഞു.

ഞാന്‍ കിഴക്കെ വീട്ടിലേക്കോടി....
എന്നിട്ടു അവിടെച്ചെന്നു കാര്യങ്ങള്‍ തമാശയായി പറഞ്ഞു ഒരു പൊതി ഇറച്ചിയും വാങ്ങി വീട്ടിലെത്തി.

ഇക്കാ, ആ ഇക്ക എന്തു വിചാരിച്ചു കാണും? ഒരു പുതിയപെണ്ണിനിത്ര ധൈര്യമോ എന്നു തോന്നിക്കാണുമല്ലേ? ആ ഇക്ക ഇതാരോടും പറയില്ലായിരിക്കും. ഇക്ക ഇതാരോടും പറയല്ലേ?
(എന്നെക്കാള്‍ വിശ്വാസം അവള്‍ക്ക് ആ ഇക്കയെക്കുറിച്ചുണ്ടായിരുന്നു :))

എന്റെ ഉമ്മയറിഞ്ഞാല്‍ എന്നെക്കൊല്ലും... ആരോടും പറയല്ലേ....
ഞാനൊന്നും മിണ്ടിയില്ല. ഇപ്പോള്‍ നാലഞ്ചു വര്‍ഷം കഴിഞ്ഞു, ഇതുവരെ ആരോടും ഒന്നും പറഞ്ഞില്ല....

നിങ്ങളും ഇതാരോടും പറയല്ലേ? :)

എല്ലാവര്‍ക്കും ഞങ്ങളുടെ ഈദ് ആശംസകള്‍...
 -ശുഭം-

പഴയ ചില വികൃതികള്‍