ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Monday, July 9, 2007

മഴത്തുള്ളികള്‍

കാമ്പസ്സുകളിലെ അനുഭവങ്ങളുടെ ഓര്‍മ്മകളിലെന്നുമുണ്ടാകും ക്ലാസ്സുകള്‍ കട്ടുചെയ്തു കാട്ടിക്കൂട്ടുന്ന ഒരു പിടി വികൃതികള്‍. ക്ലാസ്സുകള്‍ കട്ടു ചെയ്യാന്‍ കിട്ടുന്ന അപൂര്‍വ്വ അവസരങ്ങളിലൊന്നാണ്‌ കലോത്സവവുമായി ബന്ധപ്പെട്ടുവരുന്ന രചനാ മത്സരങ്ങള്‍. ഈ മത്സരങ്ങള്‍, അദ്ധ്യാപകന്‍ ക്ലസ്സിലുള്ള സമയങ്ങളിലാണെങ്കില്‍, ആ ക്ലാസ്സിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും കലാകാരന്മാരായി തീരും. കൂട്ടത്തോടെ പോയി, തിരിച്ചാദ്യമിറങ്ങാന്‍ പരസ്പരം മത്സരിക്കുന്ന സമയങ്ങള്‍. അങ്ങനെ ഞാന്‍ കലാകാരനായ്‌ ചമഞ്ഞ ഒരു ദിവസം അടുത്തിരുന്നെഴുതിയ ഒരു കൂട്ടുകാരി (ദീപാ എബ്രഹാം) ഉപേക്ഷിച്ചുപോയ റഫ്‌ കോപ്പിയാണിത്‌. എഡിറ്റു ചെയ്യാനറിയുന്നവര്‍ എഡിറ്റ്‌ ചെയ്താല്‍ ഇത്തിരി കൂടി നന്നാവും. എന്തായാലും ഞാനായിട്ടിതു നശിപ്പിക്കുന്നില്ല.ചിലപ്പോള്‍ നവോഡയയുടെ കണ്ണുനീര്‍ പോലെ
മറ്റുചിലപ്പോള്‍ നിലക്കാത്ത പ്രചണ്ഡമാം നടനം പോലെ
മഴ പെയ്യുകയാണ്‌,
അങ്ങകലെ ആകാശത്തെവിടെയോ
തണ്ണീര്‍ക്കുടങ്ങള്‍ തുളുമ്പുന്നു

മഴ,
പാറയാതെവന്നെത്തിയീ പുല്‍നാമ്പുകളെ-
യറിയാതെ, കോള്‍മയിര്‍ കൊള്ളിക്കുന്നു.
ഉഗ്രമാം താപത്താലെരിയുമീ
ഭൂമിതന്നടങ്ങാത്ത ദാഹമണക്കുന്നു

മഴ,
ചിലപ്പോള്‍ ഗൃഹാതുരത്വമുണര്‍ത്തും-
ഹൃദ്യമാം ഓര്‍മ്മപ്പെടുത്തലുകളാണ്‌
ഓര്‍മ്മകളുടെ ആഴങ്ങളില്‍ ഞാനൊ-
രായിരം കളിവഞ്ചികള്‍ തുഴയുന്നു
മുറ്റത്ത്‌, വെള്ളക്കെട്ടുകളില്‍ മഴ നനഞ്ഞു
തുള്ളിക്കളിക്കയാണെന്‍ നഷ്ടബാല്യം

എന്‍ ചായപ്പെട്ടിയിലെ മഷിക്കൂട്ടുകള്‍
തട്ടിയെടുത്താകാശത്തു ചിതറിയ കുസൃതിയാണീ മഴ
പൊഴിയുന്നയാലിപ്പഴങ്ങള്‍ പെറുക്കുവാനോടുമ്പോള്‍,
മാനത്താരാണൊരു മരം നട്ടുവളര്‍ത്തിയത്
എന്നതായിരുന്നെന്റെ കൗതുകം

ചേമ്പിന്‍ തണ്ടില്‍, ഇലത്താറുകളില്‍
തുള്ളികളൊരു ചെറിയ മഴവില്ലു തീര്‍ക്കുന്നു.
ഈ മഴക്കുഞ്ഞുങ്ങളെ കളയാതെയെന്‍
കളിച്ചിരട്ടകളില്‍ സൂക്ഷിക്കാറുണ്ടായിരുന്നു ഞാന്‍.

പെയ്തൊഴിഞ്ഞെങ്കിലുമിനിയും മഴ വരും,
പുലരികളിലെനിക്കായ്‌
പുല്ലിന്‍ നാമ്പുകളില്‍ തുഷാരം സൂക്ഷിക്കും

പഴയ ചില വികൃതികള്‍