ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Thursday, July 30, 2009

ചെറായി മീറ്റ്‌ ദിനത്തിലെ നഷ്ടം

ഹലോ, മിസ്റ്റര്‍. ടിന്റു മോന്‍ ധനേഷെ, എന്തൊക്കെയുണ്ട്‌? എപ്പോള്‍,ആരുടെ കൂടെയാ ചെറായിക്കു?
നാളെ രാവിലെ തിരിക്കണം, ആരെ കുറ്റിവെക്കണമെന്നു തീരുമാനിച്ചില്ല. ഹരീഷേട്ടനെ ഒന്നു വിളിച്ചു നോക്കട്ടെ.

ഡാ, നീ ഏതു ഉത്സവപ്പറമ്പിലാ? നല്ല ചെണ്ട മേളം കേള്‍ക്കാമല്ലോ?. പഞ്ചാരിയാണോ? എന്റെ ചോദ്യം.
ഞാന്‍ ഉത്സവപ്പറമ്പിലൊന്നുമല്ല. റേഞ്ചു കിട്ടാന്‍ വീടിന്റെ മുകളില്‍ കയറിയതാ. അപ്പുറത്തെ വീട്ടിന്റെമുകളില്‍ അവിടുത്തെ പയ്യന്റെ കൊട്ടിപ്പഠിയാ. ഇനി അവന്‍ വരുന്ന ദിവസം നോക്കിയിട്ടു വേണം ഇങ്ങോട്ടു വരാന്‍.

ഓഹോ, ചെണ്ടമേളം നിനക്കത്രക്കു ഇഷ്ടമാണോ?
അതല്ല, അവന്‍ വരുന്ന ദിവസം ഈ വഴിക്കു വരാതിരിക്കാനാ...

നിനക്കു ചെറായിക്കുള്ള വഴിയറിയുമോ? എനിക്കൊരു പിടിയുമില്ല. ആരെ വിളിക്കണം? എന്റെ അന്വേഷണം.
ഈയെലിന്നെ വിളിച്ചു നോക്കു. വൈപ്പിന്‍കാരനായ അവന്‍ പറഞ്ഞു തരും.

പിറ്റേന്ന് മീറ്റ്‌ ദിനമെത്തി, രാവിലെ കുളിച്ചൊരുങ്ങി എത്തേണ്ട സമയം കണക്കാക്കി. ഈ രാവിലെ എറണാകുളത്തെത്താന്‍ രണ്ടര മണിക്കൂര്‍ ധാരാളം. അവിടുന്നു അരമണിക്കൂര്‍ കൊണ്ട്‌ സ്ഥലത്തെത്തുമായിരിക്കും. പക്ഷെ, ഭൂമിശാസ്ത്രം കൃത്യമായി അറിയാവുന്നതു കൊണ്ടും കെ.എസ്‌.ആര്‍.റ്റി.സിയുടെ കഴിവു കൊണ്ടും എന്റെ പദ്ധതികള്‍ എങ്ങും തൊടാതെ പാളി.

സഹായത്തിനായി ബസ്സിലിരുന്ന് ധനേഷിനെ വിളിച്ചു.
ഡാ, നീ ഈയെല്‍ പറഞ്ഞിടത്തു ഇറങ്ങിയിട്ടു വിളി. അപ്പോള്‍ സ്ഥലം പറഞ്ഞു തരാം. ധനേഷിന്റെ മറുപടി.

ഞാനിവിടെ ബസ്സില്‍ വെറുതെയിരിക്കുവല്ലെ? നിനക്കിപ്പോള്‍ പറഞ്ഞാലെന്താ?
എടാ, ഒരു സത്യം പറയട്ടെ, എനിക്കും വഴിയറിയില്ല. ഞാനൊരു കാറിലെങ്ങനെയോ ഇങ്ങെത്തിയെന്നു മാത്രം. വഴിയറിയാവുന്ന ആരെയെങ്കിലുമൊന്നു കണ്ടെത്തി വഴി പഠിച്ചിട്ടു പറയാമെന്നു കരുതിയതാ.

ഒടുവില്‍ ഈയെലിനെ വിളിച്ചു. ഈയെല്‍ ഹൈക്കോടതി ജങ്ക്ഷനിലെത്തി. വണ്ടിപിടിച്ചും ഓട്ടൊ പിടിച്ചും ഞങ്ങള്‍ ചെറായിലെത്തി. തകര്‍ന്നു കിടന്ന ഒരു പാലത്തിന്നരികില്‍ ഞങ്ങളെയിറക്കി ബീച്ചിനു നേരെ കൈ ചൂണ്ടിയിട്ടു ഓട്ടോക്കാരന്‍ പോയി. പിന്നെയുമുണ്ടായിരുന്നു ഒരുകിലോമീറ്ററെങ്കിലും നടക്കാന്‍. എങ്കിലും അവസാനത്തെയാളിന്റെ പരിചയപ്പെടുത്തലായപ്പോള്‍ അവിടെത്തി.

ഇനി എന്റെ ഊഴം.

"മൈക്കുവാങ്ങി പറഞ്ഞു തുടങ്ങി.
ഒരു വഴിപോക്കനാ. ഒരു പാവം പഥികന്‍.

പോങ്ങൂസ്‌ കണ്ണുരുട്ടുന്ന കണ്ട്‌ പേടിച്ചു സത്യം പറഞ്ഞു.
ഞാന്‍ പഥികന്‍.

തൊണ്ടയിലെ വെള്ളം പറ്റിപ്പോയപ്പോള്‍ ശബ്ദത്തിനൊരു പതര്‍ച്ച. സാധകം ചെയ്യാത്തതിന്റെയാ. ഒന്നു കൂവി നോക്കി.....

ഇവനാരഡാ എന്നു നോക്കിയിരിക്കുന്ന അവരെ നോക്കി പറഞ്ഞു.
ഇതു വെറുതെ, ഒരു വികൃതി.

ഹും എന്തു വികൃതി?
അല്ല ചേട്ടാ, അതാ എന്റെ ബ്ലോഗിന്റെ പേര്‌.

പിന്നെ വേറെ എന്തെങ്കിലുമുണ്ടോ?
നീരുറവ.

വെള്ളമോ? ദേണ്ടെ അവിടെ കുപ്പിയിലാക്കി വെച്ചിട്ടുണ്ട്‌. പോയി കുടി.
അല്ല ചേട്ടാ, അതു എന്റെ വേറൊരു ബ്ലോഗാ...."

ഇങ്ങനെയൊക്കെ നാലു വാക്കു പറയണമെന്ന ഉദ്ദേശത്തിലാ അങ്ങോട്ടു പോയതു. പക്ഷെ ഓടി വിയര്‍ത്തൊലിച്ച്‌ ചെന്നപ്പോഴേ എന്റെ ഊഴമായി. എന്തൊക്കെയോ പറഞ്ഞു ഞാന്‍ വഴി മാറി.

പിന്നെ പരിചയപ്പെടല്‍.
പരിചയമുള്ള കുറേപ്പേരുണ്ടായിരുന്നു. പരിചയമില്ലാത ഒരാളെ പരിചയപ്പെട്ടു തുടങ്ങുന്നതല്ലേ ശരി. എല്ലാവരുടെ പടവും പിടിച്ച്‌ ഒരു എസ്‌.എല്‍. ആര്‍ ക്യാമറയുമായി ഒരാള്‍ മുന്നില്‍ വന്നു ചിരിച്ചു കാണിച്ചു.

എന്താ പേര്‌? ഞാന്‍ ചോദിച്ചു.
പുള്ളിയുടെ മുഖത്തെ ചിരി മാഞ്ഞു.

ഞാന്‍ ഹരീഷ്‌ തൊടുപുഴ. മുഖത്തു നിഴല്‍ വീണെങ്കിലും നല്ല സൌമ്യമായ മറുപടി.

ഇപ്പോള്‍ എന്റെ മുഖത്തെ ചിരി മാഞ്ഞു. എല്ലാത്തിനും കിടന്നോടിയവനോട്‌ നീയാരാ എന്നു ചോദിച്ചവന്റെ അവസ്ഥയായി. പേരും, ബ്ലോഗും നല്ല പരിചയമുണ്ടായിരുന്നതിനാല്‍ കൂടുതലൊന്നും ചോദിച്ചില്ല. അങ്ങനെ പരിചയപ്പെടല്‍ ഐശ്വര്യമായി തുടങ്ങി.

ഓരോരുത്തരുടേയും മുന്നില്‍ ചെന്നു എന്നെ പരിചയപ്പെടുത്തി. നമുക്കറിയാവുന്നവര്‍ക്കൊന്നും നമ്മെ അറിയില്ലെന്നപ്പോള്‍ മനസ്സിലായി. അപ്പോഴാ നമ്മുടെ ശിഷ്യന്‍ ധനേഷ്‌ അവിടെ കാണുന്നവരോടെല്ലാം ഹായ്ഹൂയ്‌ പറഞ്ഞു പാറി നടക്കുന്നു. എനിക്കു അസൂയയായി. നല്ല ഗുരു ദക്ഷിണ. നിനക്കു ഞാന്‍ വെച്ചിട്ടുണ്ടെടാ റ്റിന്റുമോനെ... ഞാന്‍ മനസ്സില്‍ പറഞ്ഞു.

“എനിക്കുവേണ്ടി കഥയുണ്ടാക്കുന്നയാളാ ഇതു” എന്നു പറഞ്ഞു അഭിലാഷ്‌ .ഈ. എല്‍. എന്ന കൂട്ടുകാരനെ പരിചയപ്പെടുത്താനായി നോക്കി.

ഈയെലിനെ കാണാനില്ല. ഭക്ഷണ സമയമായപ്പോള്‍ തിരഞ്ഞു നടന്നു. ഒടുവില്‍ ഫോണില്‍ വിളിച്ചു.

ഡാ നീ എവിടെ?
നിങ്ങളു കഴിച്ചോളൂ. ഞാന്‍ ഇത്തിരി തിരക്കിലാ.

അവന്റെ സ്വന്തം നാടായതിനാലായിരിക്കുമിത്ര തിരക്കു. എന്താ പരിപാടി?
അളിയാ ഞാനീ ബീച്ചൊക്കെ ഒന്നു ചുറ്റി നടന്നു കാണട്ടെ? എല്ലാത്തിനും നല്ല ഭംഗി.

ഞങ്ങള്‍ വീട്ടിലേക്കു പോകാനിറങ്ങുംവരെ യാതൊരു ശല്യവുമില്ലാതെ ഈയെല്‍ പുറത്തു ചെറായി ബീച്ചിനു കാവല്‍ കിടന്നു. ഇതിലൊന്നും താല്‍പ്പര്യമില്ലാത്ത ഒരുവനെ ബ്ലോഗ്‌ മീറ്റിനു വിളിച്ചു കൊണ്ടുവന്നു പോസ്റ്റാക്കിയതിനു ധനേഷ്‌ ഇടക്കിടക്കു എന്നെ വഴക്കു പറയുന്നുണ്ടായിരുന്നു.

നമ്മളെ ഇടക്കിടക്കു അവനും പോസ്റ്റാക്കുന്നതല്ലെ? സാരമില്ല. ഞാന്‍ പറഞ്ഞു.

ഇനി അവന്റെ വീട്ടിലും കയറാനുള്ളതാ. നമുക്കു ഇറങ്ങാന്‍ നോക്കാം. ഞാന്‍ എല്ലാവരെയും ഒന്നു കണ്ട്‌ തീര്‍ന്നിട്ടുണ്ടായിരുന്നില്ല. പറ്റുന്നതുപോലെയൊന്നു കറങ്ങി. വാഴക്കോടന്‍ പരിപാടി തകര്‍ത്തു കഴിഞ്ഞപ്പോള്‍ പോകാനിറങ്ങി. പിന്നില്‍ നാടന്‍ പാട്ടിന്റെ താളം....

ധനേഷെ വേണാടിലല്ലെ? അതു സൗത്തിലല്ലേ വരുന്നതു? പിന്നില്‍ നിന്നും പോങൂസിന്റെ ചോദ്യം.
അതെ. ഏതു സ്റ്റേഷനിലാണെന്നു എനിക്കറിയില്ല -ധനേഷിന്റെ മറുപടി.
അതെ സൗത്തില്‍ തന്നെ. അപ്പോള്‍ സൗത്തില്‍ കാണാം. പോങ്ങൂസ്‌ വിളിച്ചു പറഞ്ഞു.

ഒരു വിധത്തില്‍ ഈയെലിന്നെ ബീച്ചില്‍ നിന്നും പൊക്കിയെടുത്തു വണ്ടി കയറി അവന്റെ വീട്ടിലെത്തി. ട്രെയിന്റെ സമയമായതിനാല്‍ വീട്ടില്‍ കയറാതെ പോയാലോ എന്ന ചിന്തയുണ്ടായിരുന്നു. അവന്റെ സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തിന്നു ഒടുവില്‍ വഴങ്ങി.

വീട്ടില്‍ ചെന്നപ്പോള്‍ തന്നെ ഈയെല്‍ അവന്റെ വീട്ടുകാര്‍ക്കെന്നെ പരിചയപ്പെടുത്തി.
ഇതു ഇര്‍ഷാദ്‌. എന്റെകൂടെ പഠിച്ചതാ. ഇപ്പോള്‍ കൂടെ വര്‍ക്കു ചെയ്യുന്നു.

ഒടുവില്‍, “ഡാ നിന്റെ കൊച്ചിനു ഇപ്പോള്‍ എന്തു പ്രായമായി“. ഈയെലിന്റെ നിഷ്കളങ്കമായ ചോദ്യവും, പിന്നെ അമ്മയെ ഏറു കണ്ണിട്ടുള്ള ഒരു നോട്ടവും.....

നാലു മാസമാകുന്നു....ഞാന്‍ പറഞു

മോന്റെ കല്യാണമൊക്കെ കഴിഞ്ഞതാണല്ലെ? അമ്മയുടെ ചോദ്യം.
അന്തരീക്ഷത്തില്‍ ഈയെലിന്റെ നിശ്വാസത്തിന്റെ അലയൊലി...

അങ്ങനെ ഞങ്ങളെ വീട്ടില്‍ കൊണ്ടുപോയ അവന്റെ ഉദ്ദേശം നടന്നു.


ഒടുവില്‍ റെയില്‍വേ സ്റ്റേഷനിലെത്തി. വേണാട്‌ നോര്‍ത്തുവഴിയാണെന്ന പാഠം പഠിച്ചു, സൌത്ത് വഴിയാണെന്നു ഉറപ്പിച്ചു പറഞ്ഞ പോങൂസിനെ മനസ്സില്‍ ധ്യാനിച്ച് ബസ്റ്റാന്റിലേക്കു.

“ധനേഷിന്റെ ഫോണ്‍ ചത്തു“.
ബ്ലോഗ്‌ ലോകത്തെ പുലികളിലൊന്നിന്റെ ഫോന്‍ വൈകുന്നേരമായപ്പോള്‍ സ്വിഛ്‌ ഓഫ്‌ ആയിപ്പോയതില്‍ അതിശയിക്കാനെന്തിരിക്കുന്നു. അതൊരു പ്രശ്നമേ ആയിരുന്നില്ല. പ്രശ്നം തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ.

ഡാ, എന്റെ ഫോണ്‍ ഓഫായിപ്പോയി. ഈ പാതിരാത്രി ശ്രീകാര്യത്തു പോയി ഇറങ്ങിയാല്‍ ബിമിയെ ഒന്നു വിളിക്കാന്‍ പോലുമാകാതെ ഞാന്‍ പെട്ടു പോകും.

സാരമില്ല ഇത്തിരി നടന്നാല്‍ മതിയല്ലോ? ഞാന്‍ പറഞ്ഞു.
അതു ഭയങ്കര ബുദ്ധിമുട്ടാ, നല്ല ഇരുട്ടാ- അവന്റെ മറുപടി.

പാതിരാത്രിയില്‍ കുത്തനെ കിടക്കുന്ന കൊക്കക്കു സമീപത്തുകൂടി, സ്ഥിരമായി, കൂരിരുട്ടത്തു, റബ്ബര്‍ തോട്ടത്തിനു നടുവിലത്തെ എന്റെ പഠന കാലത്തെ ഒറ്റപ്പെട്ട വീട്ടില്‍ വന്നെത്തി, റൂമിലെ പൊട്ടിയ ജനാല ചില്ലിനിടയിലൂടെ കയ്യിട്ടെന്നെ വിളിക്കുന്ന ധൈര്യവാനാണോ ഈ പറയുന്നതു?
അതും എന്‍.എച്‌ 47ഇല്‍, ശ്രീകാര്യത്തു നിന്നും അരകിലോമീറ്റര്‍ മാത്രം മാറിയുള്ള റോഡ്‌ സൈഡിലെ വീട്ടില്‍ പോകാന്‍ ഇവനു പേടിയോ?

പിന്നെ നീ എന്തു ചെയ്യാന്‍ പോകുന്നു?
ഞാനിന്നു നിന്റെ വീട്ടില്‍ കിടക്കാം. രാവിലെ നമുക്കൊന്നിച്ചു പോകാം.

അപ്പോള്‍ അതായിരുന്നല്ലെ മനസ്സിലിരുപ്പു.
അളിയാ വീട്ടില്‍ ഭയങ്കര കൊതുകാ... നീ കിടക്കുന്നിടത്തു പൂടപോലും രാവിലെ ഉണ്ടാകില്ല. കേരളത്തിലെ ഏതൊരുത്തനും പറയാവുന്ന ഒഴിവു കഴിവു ഞാനും പറഞ്ഞു.

അതു സാരമില്ല. എടുത്തടിച്ച പോലൊരു മറുപടി.
ഫോണില്ലാതെ അവിടെ എത്താന്‍ ഭയങ്കര പാടാ ഡാ...

ഈശ്വരാ, ഇവനെ എന്തു പറഞ്ഞു ഒഴിവാക്കും?

ഒടുവിലൊരു ഐഡിയ കിട്ടി. എന്റെ മൊബെയിലിന്റെ ബാറ്ററി അവനിട്ടു കൊടുത്തു പറഞ്ഞു വിടുക. അങ്ങനെ ബാറ്ററി കൊടുത്തു ഒരു വിധം യാത്രയാക്കി.

പക്ഷേ, ഇപ്പോള്‍ വിളിച്ചിട്ടു അവന്‍ ഫോണ്‍ എടുക്കുന്നില്ല.

ഡാ... അളിയാ...നീയെന്റെ ബാറ്ററി എപ്പോള്‍ തരും??

അതറിയാനാ ഈ പോസ്റ്റ്‌.

പഴയ ചില വികൃതികള്‍