ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Friday, October 8, 2010

നുറുങ്ങുകള്‍

പൊന്മുടിക്കുള്ള വഴി

തിരുവനന്തപുരം വെള്ളയമ്പലത്തെ വീട്ടില്‍ കൂട്ടുകാരൊത്തു സൊറപറഞ്ഞിരിക്കുന്നതിനിടയില്‍ ആരോചോദിച്ചു.
ഏതുവഴിയാടാ പൊന്മുടിക്കു പോകുന്നതു?
രാജീവ്: അതു കാട്ടാക്കട വഴിയാ

കാട്ടാക്കട എതിര്‍ദിശയിലുള്ള സ്ഥലമാണെന്നറിയാവുന്ന കൂട്ടുകാര്‍ കളിയാക്കി. സ്ഥലവും വഴിയുമൊന്നും അറിയാന്‍ വയ്യെങ്കില്‍ മിണ്ടാതിരുന്നു കൂടേ?

രാജീവ് : എന്താ കാട്ടാക്കട വഴി പൊന്മുടിക്കു പോയിക്കൂടെ?
കൂട്ടുകാര്‍: പറ്റില്ല, അതു എതിര്‍ദിശയിലുള്ള സ്ഥലമല്ലേ? അതുവഴിയെങ്ങനാ പൊന്മുടിക്കു പോകുക?
രാജീവ്: ഹും, എന്നാല്‍ പറയൂ, പിന്നെങ്ങനയാ കാട്ടാക്കടയിലുള്ളവര്‍ പൊന്മുടിക്കു പോകുക?

താമസിച്ചേ വരൂ...

ഒരു പാര്‍ട്ടിക്കിടയില്‍ നല്ല ഫോമില്‍ നില്‍ക്കുന്ന ശ്രീജിത്തിന്റെ മൊബൈലില്‍ ഒരു കോളെത്തി. വീട്ടില്‍ നിന്നുമാണ്, ആരും ബഹളമുണ്ടാക്കരുത് എന്ന ഓര്‍മപ്പെടുത്തലോടെ അവന്‍ സംസാരിച്ചു തുടങ്ങി.

അപ്പാ, ഞാനിന്നു താമസിച്ചേ വരൂ, കഴിച്ചിട്ടേ വരൂ എന്നൊക്കെ പറയുന്നതു കേട്ടു.

പാര്‍ട്ടി വീണ്ടും മുന്നോട്ടു പോയി. സമയം ഒരുപാടായി. ഒടുവില്‍ കിടക്കാന്‍ പായ വിരിക്കുന്ന ശ്രീജിത്തിനോട് കൂട്ടുകാര്‍ ചോദിച്ചു.

ഡാ, നീ വീട്ടില്‍ പോകുന്നില്ലേ?
ശ്രീജിത്ത്: ഞാനിന്നു അവിടേക്കു ചെല്ലില്ലെന്നു വീട്ടില്‍ വിളിച്ചു പറഞ്ഞതു നിങ്ങള്‍ കേട്ടില്ലേ?

കൂട്ടുകാര്‍: നീയിന്നു താമസിച്ചേ ചെല്ലു എന്നല്ലേ പറഞ്ഞതു? കള്ളം പറയുന്നോ?
ശ്രീജിത്ത്: അങ്ങനെ പറയരുതു. എനിക്കു കള്ളം പറയുന്നതു ഇഷ്ടമല്ല, പ്രത്യേകിച്ചും വീട്ടുകാരോട്.

കൂട്ടുകാര്‍: അപ്പോള്‍ പിന്നെ നീ പറഞ്ഞതെന്താ?
ശ്രീജിത്ത്: താമസിച്ചേ ചെല്ലൂ എന്നു പറഞ്ഞാല്‍ “ഇന്നിവിടെ താമസിച്ചിട്ടു നാളയേ ചെല്ലൂ എന്നാണ്”. കഴിച്ചിട്ടേ ചെല്ലൂ എന്നാല്‍ “അല്പം മദ്യം കഴിച്ചിട്ടേ ചെല്ലൂ എന്നും”. മനസ്സിലായോ?


പഠനം

പാതിരാത്രിയില്‍ ഉണ്ണാതെയും ഉറങ്ങാതെയുമിരുന്ന് അടുത്ത ദിവസത്തെ പരീക്ഷക്കായി പഠിക്കുന്ന നൌഷാദിനെ നോക്കി, ഒരു ഉറക്കം കഴിഞ്ഞു എണീറ്റ ഫൈസി ചോദിച്ചു
എന്തുവാഡേയിതു, എന്തു പഠിത്തമാ? ഭക്ഷണം കഴിച്ചിട്ടു പോയിക്കിടന്നുറങ്ങഡാ...
നൌഷാദ് : ഉം.... എന്താ?
ഫൈസി : ഗുണദോഷിക്കുകയാണെന്നു വിചാരിക്കരുതു, നമ്മളൊക്കെ പഠിക്കുന്നതു വരും കാലത്തു നന്നായി തിന്നാനും ഉറങ്ങാനും വേണ്ടിയിട്ടല്ലേ? അതിനാല്‍ ഭക്ഷണവും ഉറക്കവും കഴിഞ്ഞുള്ള പഠനമേ പാടുള്ളൂ.

Monday, September 20, 2010

കെട്ടുകാഴ്ചാ ചിത്രങ്ങള്‍

ഉത്സവങ്ങളുടെ നാട്ടില്‍ നിന്നാണ് വരവെന്നു പറഞ്ഞിട്ടെന്താ, ഒരുത്സവത്തിന്റെ പടമെങ്കിലും ബ്ലോഗില്‍ ചാമ്പിക്കൂടെ? സുഹൃത്തുക്കളുടെ സ്ഥിരം ചോദ്യം.

ചോദിച്ചവര്‍ക്കും ഇന്നേവരെ കണ്ടിട്ടില്ലാത്തവര്‍ക്കുമായി “ഓച്ചിറയിലെ ഇരുപത്തെട്ടാം ഓണദിനത്തിലെ കെട്ടുകാഴ്ചാ ചിത്രങ്ങള്‍“


പച്ചപ്പരവതാനി വിരിച്ച എന്റെ ഗ്രാമത്തിന്റെ എന്റെ കരയുടെ (മേമന) കെട്ടുകാളകള്‍.

സ്വീകരിച്ചാനയിക്കാനെത്തിയവര്‍...........

വലിയെടാ വലി.......

ഹാ !!! എന്താ ഒരു തലയെടുപ്പു.......?

പാപ്പാന്‍മാര്‍ കുട്ടനും അശോകനും.......

ഒന്നാം പാപ്പാന്‍.................

നഗരം സാക്ഷി........

ജനസാഗരം സാക്ഷി.....

നിരനിരയായി..............


ഇവിടെവരെ........

Friday, August 20, 2010

ഓണം 2010 - വീണ്ടുമൊരു ഓണക്കാലം

വീണ്ടുമൊരു ഓണക്കാലം. വരകളും നിറങ്ങളും മണ്ണും പൂക്കളും കൊണ്ട് വികൃതികള്‍ കാട്ടിക്കൂട്ടാനുള്ള സുവര്‍ണ്ണാവസരങ്ങളിലൊന്നു.

ഇതാ ഇപ്രാവശ്യത്തെ ഓഫീസിലെ ഞങ്ങളുടെ പൂക്കളം ചിത്രങ്ങള്‍

ഏവര്‍ക്കും എന്റെ ഓണാശംസകള്‍.

Thursday, July 1, 2010

മൈമൂ, നീയെന്നെ ഫുട്ബോള്‍ ഫാനാക്കി

സ്കൂളിനു സമീപത്തെ ട്യൂഷന്‍ സെന്ററില്‍ നിന്നും വിദ്യാര്‍ത്ഥിനികള്‍ പഠനം കഴിഞ്ഞു ഇറങ്ങുന്ന വൈകുന്നേരങ്ങളില്‍, ഞങ്ങളുടെ മൈതാനത്തു പന്ത് ഉരുണ്ടു തുടങ്ങും. സ്കൂളിലെ കുട്ടികളും, നാട്ടിലെ മറ്റു വായ്നോക്കികളും കളികാണാന്‍ മൈതാനത്തിനു ചുറ്റും ചുറ്റിക്കറങ്ങും.

കൂട്ടുകാരികളുടെ നടുവില്‍ തലയെടുപ്പോടെ, വലം കയ്യില്‍ ലേഡിബേര്‍ഡ് സൈക്കിളും ഇടംകയ്യാല്‍ മാറത്തടുക്കി പിടിച്ച പുസ്തകവുമായി മൈമൂനയും കൂട്ടരും കാഴ്ചയിലെത്തുന്ന സമയം മുതല്‍ പൊടിപാറുന്ന - ചോരപൊടിയുന്ന - എല്ലുകളൊടിയുന്ന പോരാട്ടമായിരിക്കും മൈതാനത്ത്. അന്നനടയോടെ മൈതാനം മറികടന്നു സമീപത്തെ അവളുടെ വീടിന്റെ പൂമുഖത്തെത്തി തിരിഞ്ഞു നിന്നു തന്റെ കൂട്ടുകാരികള്‍ക്കു പുഞ്ചിരി സമ്മാനിക്കും വരെ ആവേശോജ്ജ്വലമായ കളി തുടരും. പിന്നെ, പതിയെ കളിക്കാര്‍ ഓരോരുത്തരായി കളിമതിയാക്കി കാണികളാകും. അപ്പോഴേക്കും കാണികളായിരുന്നവര്‍ അവരുടെ വീടുകളിലെത്തിയിട്ടുണ്ടാവും.

മൈമൂന....
നാട്ടിലെ കുട്ടികളുടെയെല്ലാം കണ്ണിലുണ്ണിയായിരുന്നവള്‍. ചുറ്റുവട്ടത്തെ സ്കൂളുകളിലെ ആണ്‍കുട്ടികളെല്ലാം അവളുടെ പാതയും പാദങ്ങളെയും പിന്തുടര്‍ന്നു പോന്നു. അവളെ സുരക്ഷിതമായി വീട്ടിലെത്തിക്കാതെ ഉറങ്ങിയില്ലവരാരും. അവളുടെ പുഞ്ചിരി കിട്ടിയവനും കിട്ടാത്തവനും ഒരുപോലെ ഉറക്കം നഷ്ടപ്പെട്ടു.

അന്നൊരു മത്സര ദിനമായിരുന്നു. സമീപത്തെ സ്വകാര്യ സ്കൂളിലെ, നല്ല പരിശീലനമൊക്കെ കിട്ടിയ - നല്ല ജേഴ്സിയൊക്കെ അണിഞ്ഞ - നല്ല പൂവന്‍പഴമ്പോലിരിക്കുന്ന കുട്ടികളുമായൊരു സൌഹൃദ മത്സരം. അവരുടെ കെട്ടും മട്ടുമൊക്കെ കണ്ടപ്പോള്‍ നമ്മുടെ നാടന്‍ കുട്ടികള്‍ക്കൊരു ഭയം. അങ്ങനെ ആളു തികയാതെ വന്നപ്പോള്‍ ‘സ്ഥിരമായി പന്തു പെറുക്കുന്നവന്‍‘ എന്ന യോഗ്യതയിലാണെനിക്കൊരു നറുക്കു വീണതു.

സൈഡ്, വിങ്ങ്, ഫോര്‍വേഡ്, ബാക്ക് എന്നൊന്നും വേര്‍തിരിക്കപ്പെട്ടിട്ടില്ലാത്ത നമ്മടെ നാടന്‍ കാല്‍പ്പന്തു കളിയോട്, ചിട്ടയൊത്ത ഫിഫയുടെ കളി. മൈതാനമായി മാറിയ പഴയ വയലിന്റെ വരമ്പു മാത്രം അതിര്‍വരമ്പായി കണ്ട ഞങ്ങളോടു, കളിക്കുമുമ്പ് റഫറിയായി നില്‍ക്കാന്‍ വന്ന ചേട്ടന്‍ കളിയുടെ അതിര്‍വരമ്പുകള്‍ വിവരിച്ചു. അപ്പോള്‍ അവരെല്ലാവരും തലയാട്ടിയും, ഞങ്ങളെല്ലാം വാപൊളിച്ചും നിന്നു.

എണ്ണമില്ലാത്ത കളിക്കാര്‍ ഒരു പന്തിനുവേണ്ടി കടിപിടികൂടുന്ന തരം കളിമാത്രം കളിച്ചു പരിചയമുള്ള, ഞങ്ങടെ സ്കൂളിലെ കുട്ടികളും, കളിയൊക്കെ പഠിച്ചുവന്ന നല്ല അച്ചടക്കമുള്ള കുട്ടികളും തമ്മിലൊരു പന്തു കളി.

കളി തുടങ്ങി....
മുണ്ട് മടക്കിക്കുത്തി ഞങ്ങളുടെ കൂട്ടം റെഡിയായി....
ഒറ്റക്കു പന്തുമായി ഞങ്ങളുടെ കൂട്ടത്തിനു നടുവില്‍ അകപ്പെട്ടവരെല്ലാം ചവിട്ടും കുത്തുമേറ്റ് നടുവും തടകി കളത്തിനു പുറത്തേക്കു പോയി. എന്നാല്‍ ആ പത്മവ്യൂഹത്തിനകത്തുനിന്നും പന്തു പുറത്തു കടത്താന്‍ കഴിഞ്ഞപ്പോഴൊക്കെ അവര്‍ ഞങ്ങളുടെ ഒഴിഞ്ഞ പോസ്റ്റില്‍ ഗോളടിച്ചു കൊണ്ടുമിരുന്നു.

അടിയുടെ കാര്യത്തില്‍ ഒരിക്കലും പിറകിലാകാത്ത ഞങ്ങളും ഇടക്കിടക്കു ഗോളടിക്കുന്നുണ്ടായിരുന്നു. പലപ്പോഴും ഗോളിയെ സഹിതം അടിച്ചിട്ടും, റഫറിയെ ഭീഷണിപ്പെടുത്തിയും, തിണ്ണമിടുക്കു കാട്ടിയും ഞങ്ങളും ഗോളുകള്‍ നേടിക്കൊണ്ടിരുന്നു.

പകുതി സമയം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കു ചിലതു മനസ്സിലായി.
സ്ഥിരമായി ഗോള്‍ പോസ്റ്റില്‍ ‘ഗോളി‘യായി ഒരാള്‍ വേണം എന്നതാണവയിലാദ്യത്തേത്..

ഒടുവില്‍.....
കളി തീരാന്‍ സമയമാകുന്നു....
ട്യൂഷന്‍ ക്ലാസ്സ് കഴിഞ്ഞു കുട്ടികള്‍ വരുന്നു....
വഴിയേ പോകുന്ന യാത്രക്കാര്‍ പോലും അപ്പോള്‍ കാഴ്ചക്കാരായി....
എല്ലാ കഥയുടെയും ക്ലൈമാക്സുപോലെ ഇവിടെയും ഗോള്‍ നില സമനിലയിലെത്തി...

മൈമൂന കൂട്ടുകാരൊത്തു മൈതാനത്തില്‍ പ്രവേശിച്ചു...

പതിവുപോലെ ഞങ്ങളുടെ ചേട്ടന്മാര്‍ ലോകമഹായുദ്ധം തുടങ്ങി...
എതിരാളികളില്‍ ചിലര്‍ കളിമറന്നു വെള്ളമിറക്കാതെ - വെള്ളമിറക്കി നിന്നു.

ചേട്ടന്മാരുടെ കടിപിടിക്കിടയില്‍ കിടന്നു പിടക്കണ്ട എന്നു കരുതി ഞാന്‍ ഒരൊഴിഞ്ഞ കോണിലേക്കു മാറി നിന്നു. നിക്കറൊക്കെയിട്ട എതിര്‍ ഗോളി പെണ്‍കുട്ടികളെ കണ്ട് നാണം കുണുങ്ങി എനിക്കു പിന്നില്‍ മറഞ്ഞു നിന്നു. ഗോളിച്ചേട്ടന്റെ ജേഴ്സിയെ പുകഴ്ത്തി തമാശ പറഞ്ഞു ചിരിച്ചു വരുന്ന പെണ്‍കൂട്ടം തൊട്ടു മുന്നില്‍...

‘അടിയെടാ ഹിമാറെ....’
മൈതാനത്തിനു പുറത്തു ശുഷ്കാന്തിയോടെ കളികണ്ട് നിന്ന ഏതോ ഒരുവന്റെ അലര്‍ച്ച വായിനോക്കി നിന്ന എന്റെ ചെവിയില്‍ വന്നടിച്ചു. ഞെട്ടിത്തിരിഞ്ഞപ്പോഴേക്കും പന്ത് എന്റെ മൂക്കിനടുത്തെത്തിയിരുന്നു.

അറിയാതെ പിടഞ്ഞുമാറി, കാലു പൊക്കി പന്തിനിട്ടു ഒരു തൊഴിവെച്ചു ഞാന്‍ മൂക്കുംകുത്തി മറിഞ്ഞു വീണു.

ആകെ നാണെക്കേടായി......,
താഴെ വീണ സ്ഥിതിക്കു ഇനി പെണ്‍കുട്ടികള്‍ മൈതാനം വിട്ടിട്ടു എണീക്കാം എന്നു കരുതി ഞാന്‍ ഭൂമിയെ ചുംബിച്ചു കിടന്നു.

ചുറ്റിനും ആകെ ബഹളം. ആള്‍ക്കാര്‍ ഓടിക്കൂടുന്ന ശബ്ദം. വായില്‍ നോക്കി നിന്ന് കളി കളഞ്ഞതിനു ചേട്ടന്മാരുടെ തല്ലിപ്പോള്‍ കിട്ടും..... മനസ്സു പറഞ്ഞു.  തല്ലു വാങ്ങാനായി ഇല്ലാത്ത മസില്‍ പെരുപ്പിച്ചു ഞാന്‍ കിടന്നു.

തല കറങ്ങുന്നതു പോലെ.....,

പതിയെ ഒരു കണ്ണു തുറന്നു. ആകെ കറങ്ങുന്നു....
കറങ്ങുന്നതിനിടയില്‍ കണ്ടു, മൈതാനത്തിന്റെ ഓരത്തു മുത്തു പൊഴിച്ചു ചിരിച്ചു നില്‍ക്കുന്ന മൈമൂന.

ഞാന്‍ രണ്ടു കണ്ണും തുറന്നു...
ആഹ്ലാദത്താല്‍ എന്നെയെടുത്തു വട്ടം കറക്കുന്ന പോത്ത് ബിജു. ചുറ്റിലും കൂട്ടുകാരുടെ വിജയാഘോഷം. തല താഴ്ത്തി നില്‍ക്കുന്ന എതിരാളികള്‍. അത്ഭുതത്തോടെ നോക്കുന്ന റഫറി.

എന്റെ മുഖത്തും വിരിഞ്ഞു അത്ഭുതത്തിന്റെ പൂക്കള്‍.

‘ആ സിസര്‍കട്ടു ഗോള്‍ സൂപ്പറായിരുന്നു‘വെന്നു ഒടുവില്‍ റഫറിയുടെ സര്‍ട്ടിഫിക്കറ്റ്.

അടുത്ത ദിവസം മുതല്‍ മൈമൂനയുടെ സ്പെഷ്യല്‍ ചിരി കിട്ടിത്തുടങ്ങി. ചുറ്റിലും നിന്നു എനിക്കുള്ള ചിരിയുടെ പങ്കു ചേട്ടന്മാര്‍കൂടി പങ്കിട്ടുപോന്നു. അങ്ങനെ, അന്നു മുതല്‍ ഞാന്‍ ഞങ്ങളുടെ ടീമിന്റെ ഫോര്‍വേഡായി.

കാലം പോകുന്നതനുസരിച്ചു കളിയില്‍ എന്റെ സ്ഥാനം മാറിക്കൊണ്ടിരുന്നു. ഫോര്‍വേഡില്‍ നിന്നു പിന്നെ ഞാന്‍ വിങ്ങിലെത്തി, കുറച്ചുകാലം ബാക്കായി, ഇടക്കു ഗോളിയുമായി, പിന്നെ ബെഞ്ചിലായി, ഒടുവില്‍ പുറത്തായി സൈഡായി. എങ്കിലും അന്നു കിട്ടിയ മൈമൂ‍ന്റെ ആ പുഞ്ചിരികളാല്‍ ഞാനൊരു ഫുട്ബോള്‍ ഫാനായി.


ചിത്രം കടപ്പാട്: ഗൂഗിള്‍

Wednesday, March 31, 2010

ഏപ്രില്‍ ഫൂള്‍


ഡാ, അപ്പുക്കുട്ടന്‍ ജംഗ്ഷനിലെ മരത്തിന്നടിയില്‍ തൂങ്ങി നില്‍ക്കുന്നു !!!!!!!
ലോഡ്ജിന്റെ വരാന്തയിലൂടെ സുഭാഷ് വിളിച്ചു കൂവിയ ഞെട്ടിക്കുന്ന ഈ വാര്‍ത്ത കേട്ടുകൊണ്ടാണ് ഞാന്‍ ഉറക്കത്തില്‍ നിന്നും പിടഞ്ഞു ചാടിയെണീറ്റതു.

ഉടനെ തന്നെ ഞാന്‍ അപ്പുവിന്റെ റൂമില്‍ ചെന്നു എത്തിനോക്കി.
മുറി ശ്യൂന്യം........
തുറന്നിട്ട വാതില്‍. അലസമായി കട്ടിലില്‍ വലിച്ചെറിഞ്ഞ പുതപ്പു........ അതിന്റെ ഒരു ഭാഗം റൂമിനു മുകളില്‍ വെറുതെ കറങ്ങുന്ന ഫാനിന്റെ സഹായത്താല്‍ നിലം തുടക്കുന്നു. രാത്രിയെപ്പൊഴോ കത്തിച്ചു വെച്ചതാവണം, ലോഡ്ജിലെ രസീതു കുറ്റിക്കു മുകളിലേക്കു നോക്കിയിരിക്കുന്ന ലോഡ്ജിനോളം പഴക്കമുള്ള ടേബിള്‍ ലാമ്പ്. തുറന്നു വെച്ച രസീതു കുറ്റിക്കു മുകളില്‍ അടപ്പിടാതെ വെച്ചിരിക്കുന്ന ഒരു പഴയ ഹീറോ പേന........

ശ്ശേ, ഇയാള്‍ക്കിതെന്തു പറ്റി? ഞാനാകെ അസ്വസ്ഥനായി.

പതിനൊന്നു മുറികള്‍, അതില്‍ പലതിലും ആളില്ല താനും. കൂടാതെ സ്വന്തമായിട്ടൊരു മുറി -ഓഫീസ് കം ബെഡ് റൂം- ആയിട്ടുമുണ്ട്. എന്നിട്ടും ഞങ്ങളുടെ ലോഡ്ജിന്റെ മാനേജര്‍ തൂങ്ങാന്‍ തിരഞ്ഞെടുത്തതു ജംഗ്ഷനിലെ മരമോ? താമസ സ്ഥലം ഊളമ്പാറയാണെങ്കിലും, ഇവിടേക്കാരും കൊണ്ടുവന്നതല്ലല്ലോ? എന്നിട്ടുമെന്തായിങ്ങനെ? ഞാനാകെ പരിഭ്രാന്തനായി.

രാത്രി ഉറക്കത്തിനിടയിലെപ്പൊഴോ സ്വയംഭൂ-വായി എന്റെ കവിളത്തു ഉയര്‍ന്നു വന്ന മീശ തുടക്കാന്‍ പോലും മിനക്കെടാതെ ഞാന്‍ പുറത്തേക്കോടി. പലരും മുന്നിലും പിന്നിലുമായി നീങ്ങുന്നു. ചിലരൊക്കെ കുനിഞ്ഞ തലയുമായി തിരിച്ചു വരുന്നുണ്ട്. മുഖത്തെ വിഷമം കണ്ടാലറിയാലോ? അതിനാലൊന്നും ചോദിക്കാനും പറയാനും തോന്നിയില്ല. ഞാന്‍ ധൃതിയില്‍ നടന്നു.

കഷ്ടം, വളരെ കഷ്ടമായിപ്പോയി........
ഇന്നലെയാ ഞാന്‍ വാടക കൊടുത്തതു. അതു വെറുതെ പാഴായി. കഷ്ടായിപ്പോയി. ഞാന്‍ എന്നെത്തന്നെ ശപിച്ചു.

മാസത്തിലെ അവസാന ദിവസത്തിലാണെനിക്കുക ശമ്പളം കിട്ടുക. അന്നു തന്നെ വാടക കൊടുത്തില്ലേല്‍ പിന്നെക്കൊടുക്കാന്‍ കാശില്ലാതെ വരും. ഒടുവില്‍ താമസിക്കാന്‍ സ്ഥലമില്ലാതെ വഴിയാധാരവുമാകും. അതിനാല്‍ ഇന്നലെത്തന്നെ വാടക നല്‍കി. അതു രണ്ടു കയ്യും നീട്ടി വാങ്ങുമ്പോള്‍ എന്തു സന്തോഷമായിരുന്നു ആ മുഖത്തു!!!

എന്നാലും കഷ്ടമായിപ്പോയി, കുറച്ചു കൂടി കാക്കാമായിരുന്നു.
വാടക ഇന്നലെത്തന്നെ കൊടുക്കരുതായിരുന്നു.....

റോഡിലെത്തിയപ്പോള്‍ മുന്നിലൊരു കാര്‍ വന്നു നിന്നു. അതില്‍ നിന്നു ചാടിയിറങ്ങിയ മെലിഞ്ഞൊരു മനുഷ്യന്‍ എന്നോടു ചോദിച്ചു.

സുഭാഷുണ്ടോ മോനേയവിടെ?
ഉവ്വു, അകത്തുണ്ട്. എന്തുപറ്റി?
ഞങ്ങളവന്റെ അച്ഛനുമമ്മയുമാ. ഇന്നലെ രാത്രി ആരോ ഫോണ്‍ വിളിച്ചു അവന്‍ മെഡിക്കല്‍കോളേജാശുപത്രീലാണെന്നു പറഞ്ഞതു കേട്ടപ്പോള്‍ കാറും പിടിച്ചു പോന്നതാ. മെഡിക്കല്‍ കോളേജിലൊക്കെ മുഴുവന്‍ നോക്കി.

അവനകത്തുണ്ടല്ലോ. ഫോണ്‍ വിളിച്ചവര്‍ക്കു ആളു മാറിയതാവും. ഞാന്‍ പറഞ്ഞു.
ഹോ, എന്തായാലും സമാധാനമായി....... നീ വീഴാതെ എന്നെ പിടിച്ചു സൂക്ഷിച്ചിറങ്ങ് പെണ്ണേ.
അവശയായ അമ്മയുടെ കയ്യില്‍ താങ്ങി കാറില്‍ നിന്നിറക്കിയിട്ടു അദ്ദേഹം പറഞ്ഞു
ആര്‍ക്കെങ്കിലും അബദ്ധം പിണഞ്ഞതാവും, നീ കരയാതെടിയേ.......
പിന്നില്‍ അദ്ദേഹത്തിന്റെ ദീര്‍ഘനിശ്വാസം. സമയമില്ലാത്തതിനാല്‍ ഞാന്‍ ജംങ്ഷന്‍ ലക്ഷ്യമാക്കി വേഗത്തില്‍ നടന്നു.

സുഭാഷ് ഇടുക്കിയിലെ ഒരു ഗ്രാമത്തിലെ പാവപ്പെട്ട കര്‍ഷകകുടുംബത്തിലെ അംഗമാണെന്നറിയാം. ഒരു പാവം പയ്യന്‍. അപ്രന്റിസായതിനാല്‍ ചെലവിനുള്ള തുകപോലും വാടകയൊക്കെ കഴിഞ്ഞാല്‍ അവന്റെ കയ്യില്‍ കാണില്ല. കാശില്ലാത്തതിനാലവനു നല്ലദൂരത്തുള്ള അവന്റെ വീട്ടിലേക്കുള്ള പോക്കും അധികമില്ല. എന്നാലും ആരാവും അവന്റെ വീട്ടില്‍ വിളിച്ചതു?
ആലോചിച്ചു തല പുണ്ണാക്കാന്‍ സമയമില്ലാത്തതിനാല്‍ ഞാന്‍ നടന്നുനീങ്ങി.

ദൂരെ നിന്നേ ജംഗ്ഷനില്‍ ആള്‍ക്കൂട്ടം കണ്ടു. ലോഡ്ജിലെ സഹവാസികള്‍ അവിടവിടെ ചെറിയ കൂട്ടങ്ങളായി നില്‍ക്കുന്നു. ആരൊക്കെയോ എന്നോട് എന്തൊക്കെയോ പറഞ്ഞു. ഒന്നും വ്യക്തമായില്ല. നെഞ്ചിടുപ്പിന്റെ വേഗത കൂടി. അതിനാലാവണം ചുറ്റുമുള്ള ശബ്ദങ്ങള്‍ തിരിച്ചറിയാനാവാതെ പോയത്.

ആദ്യമായിട്ടാ ഞാന്‍ ഇങ്ങനൊരു കാഴ്ച കാണാന്‍ പോകുന്നതു!!!!!!!!!
നാട്ടിലെ വീട്ടിനു മുന്നിലെ പണി തീരാത്ത ഒരു കെട്ടിടത്തിന്റെ മുകളില്‍ പണ്ടൊരാളെ ആരോ കെട്ടിത്തൂക്കിയിരുന്നു. കാണാന്‍ ശ്രമിച്ചിട്ടു അന്നു നന്നായി കാണാന്‍ കഴിഞ്ഞിരുന്നില്ല. കൊച്ചു കുട്ടിയായിരുന്നതിനാല്‍ അന്നാരും അടുത്തേക്കു കടത്തിവിട്ടില്ല.

പക്ഷേ, ഇന്നു........ അതും കൂട്ടത്തിലൊരുവന്‍.........

അടുത്തു ചെന്നപ്പോള്‍ ശാന്തനായി തൂങ്ങി നില്‍ക്കുന്ന അപ്പുക്കുട്ടനെ കണ്ടു. ആ മെലിഞ്ഞ ശരീരം, നിത്യവും കാണാറുള്ള ആ കറുത്ത വരയന്‍ കൈലിയുമുടുത്ത്, വെള്ള കയ്യുള്ള ബനിയനുമിട്ട്...... ആരോ ചാരിവെച്ചതുപോലെ ആ വടവൃക്ഷച്ചുവട്ടില്, എന്നാല്‍ കണ്ണുകളടച്ചു, തലയല്‍പ്പം മുന്നിലേക്കു തൂക്കിയിട്ടു എന്നെ മാടിവിളിക്കുമ്പോലെ........

അല്പനേരം വിഷാദത്തോടെ ഞാന്‍ ശ്വാസമടക്കി നോക്കി നിന്നു. ഓര്‍മകളിലൊരായിരം നല്ല സമയങ്ങള്‍ മിന്നിമറഞ്ഞു കൊണ്ടിരുന്നു.
ഇന്നലെ വൈകുന്നേരം വാടകകൊടുക്കുമ്പോള്‍ സന്തോഷത്തോടെ തമാശകള്‍ പറഞ്ഞ മനുഷ്യന്‍..........
നാളെ നമുക്കു പടം കാണാന്‍ പോകണേയെന്നു അപ്പോഴുമെന്നെ ഉണര്‍ത്തിയ മനുഷ്യന്‍ .......
രാത്രിവൈകുംവരെ ഒന്നിച്ചിരുന്നു ചീട്ടുകളിച്ച മനുഷ്യന് ......
എന്നിട്ടിപ്പോള്‍........
എന്തായിരിക്കും? എന്തിനായിരിക്കും ഇങ്ങനെ ചെയ്തതു?
എന്തായിന്നു രാവിലെ തന്നെ ഇവിടെ? ചായയൊന്നെടുക്കട്ടെ?- ജംഗ്ഷനിലെ ചായക്കടയിലെ ചേട്ടന്‍ വിളിച്ചു ചോദിച്ചു.

വേണ്ട.
ഞാന്‍ അയാളോട് അല്‍പ്പം കടുപ്പിച്ചു തന്നെ മറുപടി പറഞ്ഞു.

രാവിലെ എന്റെ സ്വഭാവം ശരിയല്ലെന്നു തോന്നിയതു കൊണ്ടാവും, കീറിക്കൊണ്ടു നിന്ന ചുവരിലെ ഡാല്‍മിയാ സിമന്റിന്റെ ഒറ്റയക്ക കലണ്ടറിന്റെ തലേന്നത്തെ തീയതിയുള്ള പേജു തമാശയായെന്റെ മുന്നിലേക്കെറിഞ്ഞിട്ടു ചിരിച്ചു കാണിച്ച് ചായച്ചേട്ടന്‍ പെട്ടെന്നു തന്നെ തിരിഞ്ഞു നടന്നു.
ഹും... ചിലരിങ്ങനെയാണ്. എല്ലാമൊരു തമാശ. രംഗബോധമില്ലാത്ത മറ്റൊരു കോമാളി.......”,
മനസ്സു തേങ്ങി.

മുന്നില്‍ വന്നു വീണ കലണ്ടര്‍ പേപ്പറില്‍ അറിയാതെ ഞാനൊന്നു നോക്കി. പിന്നെ അപ്പുവിനെയും...
അപ്പുവിന്റെ തല എന്നെ മാടി വിളിക്കുന്നതുപോലെ തോന്നി.
ഹൊ, സമാധാനമായി......,
ഞാനൊരു ആശ്വാസനിശ്വാസം പുറത്തുവിട്ടു.
പതിയെ ഞാന്‍ അപ്പുവിന്റെ അടുത്തേക്കു നീങ്ങി. അപ്പോള്‍ എന്റെ ചുണ്ടിലൊരു പുഞ്ചിരി വിടര്‍ന്നിട്ടുണ്ടാവണം.
അടുത്തു ചെന്നു പതിയെ ചെവിയില്‍ ചോദിച്ചു.
എന്തേ
, കാലത്തേയിവിടെത്തി ഉറക്കം തൂങ്ങി നിക്കണതു?

ഡാ
, നാട്ടില്‍ നിന്നൊരുത്തന്‍ ഫോണ്‍ വിളിച്ചുണര്‍ത്തിയിട്ടു ഇപ്പോള്‍ ഇവിടെയെത്തുമെന്നു പറഞ്ഞു. ഞാന്‍ കാത്തു നില്ക്കാന്‍ തുടങ്ങിയിട്ടു അരമുക്കാല്‍ മണിക്കൂറായി. പക്ഷെ കാണുന്നില്ല. പാതി മയങ്ങിയ കണ്ണുകള്‍ ഒരു വിധത്തില്‍ തുറന്നുപിടിച്ചു അപ്പുവിന്റെ മറുപടി.
പിന്നെ, ഇന്നെന്താ നിങ്ങളെല്ലാവരും കാലത്തെയെണീറ്റു ജംഗ്ഷനിലേക്കു പോന്നതു? പിന്നാലെവന്നു അപ്പുക്കുട്ടന്റെ മറു ചോദ്യം.

, ഒന്നുമില്ല. ചുമ്മാ ഒരു മോണിംഗ്‌വാക്ക് നടത്തിക്കളയാമെന്നു കരുതി.
എന്റെ അബദ്ധം മനസ്സിലൊതുക്കി അപ്പുവിനോട് മറുപടി പറഞ്ഞു. അപ്പുക്കുട്ടന്‍ ഇനിയുമേറെനേരം കാത്തിരിക്കേണ്ടി വരുമെന്ന കാര്യമോര്‍ത്തു ചിരിച്ചുകൊണ്ട് ഞാന്‍ പതിയെ തിരിച്ചു നടന്നു.

അപ്പോള്‍ ചായക്കടയിലെ ചുവരില്‍ പുതിയ തീയതി
‘ഏപ്രില്‍ 1’ നടുനിവര്‍ത്തിനിന്നു ഇളിച്ചുകാണിക്കുന്നുണ്ടായിരുന്നു.Thursday, January 21, 2010

ബാലന്‍ മാഷിന്റെ ശുഷ്കാന്തി.

വൈകുന്നേരം ഓഫീസില്‍ നിന്നിറങ്ങിയാല്‍ നേരെ മ്യൂസിയത്തിലേക്ക് പോകുന്ന ശീലം തിരുവനന്തപുരത്തു വന്നന്നു തുടങ്ങിയതാണ് ‍. മ്യൂസിയത്തിലുണ്ടാവുമെന്നു പറഞ്ഞു സഹമുറിയന്മാരായ ബാലനും ഷിബുവും ഓഫീസില്‍ നിന്നും ഇറങ്ങിയിട്ടു ഏറെനേരവുമായി. മ്യൂസിയത്തിലെത്തിയപ്പോള്‍, പണ്ടു അശോകമരച്ചോട്ടില്‍ രാമന്‍ സീതയെ കാത്തിരുന്നതു പോലെ അവിടത്തെ അശോകമരത്തണലില്‍ അവരിരിക്കുന്നതു ഞാന്‍ ദൂരെ നിന്നേ കണ്ടു.

മ്യൂസിയത്തിലുണ്ടെന്നു കൂട്ടുകാര്‍ അറിയിച്ചാലതു ഈ അശോകമരത്തണലിലാണെന്നു അന്നു പ്രത്യേകിച്ചു പറയേണ്ടതില്ലായിരുന്നു. സീതയും രാധയുമൊന്നും വരില്ലെങ്കിലും കൂട്ടുകാരായ എല്ലാ രാമന്മാരും കൃഷ്ണന്മാരും അന്നൊക്കെ വൈകുന്നേരങ്ങളില്‍ അവിടത്തെ നിത്യ സന്ദര്‍ശകരായിരുന്നു.

അടുത്തെത്തിയപ്പോള്‍ അവരുടെ മുഖത്തു കണ്ടതു രാമന്റെ ദു:ഖമല്ല, പകരം രാധയെ കാണുമ്പോഴുള്ള കൃഷ്ണന്റെ ആഹ്ലാദം.

രാമലക്ഷ്മണന്മാര്‍ ഇന്നു വളരെ സന്തോഷത്തിലാണല്ലോ? അല്ലാ, ഏതെങ്കിലും സീതമാരെ തടഞ്ഞോ? ചിരിച്ചു മറിയുന്ന ഷിബുവിനെ നോക്കി ഞാന്‍ ചോദിച്ചു.

ഇല്ലളിയാ, ഇന്നിവിടെ ശൂര്‍പ്പണഹമാരേയുള്ളൂ.... പിന്നെ ചിരിപ്പിക്കാന്‍ ഈ വടിവേലുവും. അവന്‍ ചിരി നിര്‍ത്താതെ മറുപടി പറഞ്ഞു.

പിന്നെ, എന്തായിരുന്നൊരു അട്ടഹാസം? അങ്ങു, റോഡില്‍ നിന്നേ കേട്ടല്ലോ ? -എന്റെ ചോദ്യം.
അതോ, അതു ഈ ബാലന്മാഷിനെ പാട്ടുപടിപ്പിച്ചതാ?

ഓഹോ, ഒന്നു പാടിയേ ബാലാ, ഞാനൊന്നു ചിരിക്കട്ടെ.

ബാലന്‍ പാടിത്തുടങ്ങി.

“കരിമിളിക്കുരുവിയെ കണ്ടില്ലാ....
ചിരിമൊളിച്ചിലമ്പൊളി കേട്ടില്ലാ....“

‘ഴ‘ യിക്കു പകരം കൂളായിട്ടു ‘ള’യിട്ട പാട്ടു കേട്ടപ്പൊഴേ എനിക്കു ചിരി പൊട്ടി.

പിന്നെ ബാലനെന്ന തമിഴനായ കൂട്ടുകാരനെ ഷിബു, ‘ഴ’ എന്ന അക്ഷരം പഠിപ്പിക്കാന്‍ തുടങ്ങി.

ഞാനൊന്നു കറങ്ങി വരുംബോഴും ഷിബു ‘ഴ’യും ബാലന്‍ ‘ള’യും പറഞ്ഞിരിക്കുന്നു.

ഡേ, ഇതിന്നൊന്നും തീരുമെന്നു തോന്നുന്നില്ലല്ലോ ഷിബുവേ?
“ഏയ്, പ്രതീക്ഷക്കു വകയുണ്ട്. ഇവനെന്നെങ്കിലും ശരിയാവും, എന്തായാലും ബാലനു നല്ല ശുഷ്കാന്തിയുണ്ട്.“ ഷിബുവിന്റെ സര്‍ട്ടിഫിക്കറ്റ്.

ശുഷ്കാന്തിയുടെ അര്‍ത്ഥം തിരഞ്ഞു മിനക്കെടാനൊന്നും ബാലന്‍ പോയില്ല. സാഹചര്യമനുസരിച്ചു അതിനൊരു നല്ല അര്‍ത്ഥമാണെന്നും, അതൊരു അഭിനന്ദനമാണെന്നും അവനു മനസ്സിലായി. അഭിമാനത്തോടെ അവന്‍ ഞങ്ങളോടൊത്തു നടന്നു.

പിന്നീട്, അലഞ്ഞുതിരിഞ്ഞു കനകക്കുന്നിലെ നിശാഗന്ധി ആഡിറ്റോറിയത്തില്‍ എത്തി. അവിടെയൊരു മിമിക്സ് പരിപാടി നടക്കുന്നു. അതിലെ കലാകാരന്മാര്‍ നാട്ടിന്‍ പുറത്തെ എല്‍.പി.സ്കൂള്‍ അദ്ധ്യാപകനായ “ബാലന്മാഷിന്റെ ശുഷ്കാന്തി“ വിവരിക്കുകയാണു. നല്ല മനോഹരമായ അവതരണം.

ബാലന്മാഷിന്റെ കഥ എന്നു കേട്ടതും ബാലനു ഉത്സാഹം കൂടി. അതും ഷിബു കുറച്ചു മുന്‍പ് തനിക്കുണ്ടെന്നു പറഞ്ഞ ‘ശുഷ്കാന്തിയെ‘ കുറിച്ചുള്ള കഥ. ബാലന്‍ ശുഷ്കാന്തിയോടെ ചെവികൂര്‍പ്പിച്ചു നിന്നു.

സ്റ്റേജില്‍ ഒരു റ്റീച്ചര്‍, പിരിഞ്ഞുപോകുന്ന ബാലന്മാഷിനെ പുകഴ്ത്തി സംസാരിച്ചു തുടങ്ങി.

“അന്നൊരു ദിവസം, അതിഭയങ്കരമായി തകര്‍ത്തുപെയ്യുന്ന മഴ. സ്കൂള്‍ കെട്ടിടം ചോര്‍ന്നൊലിക്കുന്നു. കുട്ടികളും അദ്ധ്യാപകരും എന്തു ചെയ്യണമെന്നറിയാതെ മുകളിലേക്കു നോക്കി നിന്നു. അപ്പോള്‍, ഒന്നും ആലോചിച്ചു സമയം കളയാതെ ബാലന്മാഷ് മുണ്ടു മടക്കിക്കുത്തി കെട്ടിടത്തിന്റെ ഉത്തരത്തിലേക്കു വലിഞ്ഞു കയറി പൊട്ടിയ ഓടൊക്കെ മാറ്റിയിട്ടു. അപ്പോള്‍ മുകളിലേക്കു നോക്കി നിന്ന അദ്ധ്യാപകരും കുട്ടികളും വായ പൊളിച്ചു നിന്നു കണ്ടു.“

എന്തു?

രണ്ടാമന്‍ കൈമലര്‍ത്തി.

അതേ, നമ്മളെല്ലാവരും വാ പൊളിച്ചു നിന്നു കണ്ടില്ലേ...., ബാലന്മാഷിന്റെ ശുഷ്കാന്തി.

പറച്ചിലിന്റെ സ്റ്റൈലും പറയുന്നയാളിന്റെ ഭാവവുമെല്ലാം കൂടിച്ചേര്‍ന്നപ്പോള്‍, പതിയെ ശ്രോതാക്കളില്‍ ചിരിപൊട്ടി. അവര്‍ ആര്‍ത്തു ചിരിക്കുമ്പോള്‍ അവര്‍ക്കിടയില്‍ ഞങ്ങളുടെ ബാലന്മാഷ് മാത്രം വായയും പൊളിച്ചു നിന്നു. പിന്നെ സംശയത്തോടെ ഷിബുവിനെ നോക്കി.

എന്നിട്ടു പതിയെ ഷിബുവിന്റെ അടുത്തെത്തി ചോദിച്ചു.
ആക്ച്യുലി, എന്താ ഈ ശുഷ്കാന്തി?

കുറച്ചു മുന്‍പു നീ ’ഴ‘ എന്ന അക്ഷരം പഠിക്കാന്‍ കാണിച്ച താല്പര്യമില്ലേ, ആ താല്‍പ്പര്യത്തെയാണ് ശുഷ്കാന്തി എന്നു പറയുന്നതു. ഷിബു പറഞ്ഞു കൊടുത്തു.

എന്നിട്ടും ബാലന്‍ സംശയിച്ചു നിന്നു. പിന്നെ ചോദിച്ചു
പിന്നെന്തിനാ നീയും, ഇവരൊക്കെയും ഇത്രയും തലകുത്തി ചിരിക്കുന്നതു?

ഷിബുവിനു ഉത്തരം മുട്ടി.

അപ്പോഴേക്കും സ്റ്റേജില്‍ പുതിയ സന്ദര്‍ഭം വിവരിച്ചു തുടങ്ങി. അടുത്ത ചോദ്യത്തിനു മുന്‍പ് അവന്‍ ബാലന്റെ അടുക്കല്‍ നിന്നും അല്‍പ്പം മാറിനിന്നു.

ആ കഥയുടെയും ഒടുവില്‍ ബാലന്‍‌മാഷ്, മുണ്ടു മടക്കിക്കുത്തി എവിടെയൊക്കെയോ വലിഞ്ഞു കയറി കാര്യങ്ങള്‍ സാധിച്ചു തിരിച്ചിറങ്ങി. വായും പൊളിച്ചു നോക്കി നിന്ന കുട്ടികളും നാട്ടുകാരുമൊക്കെ അപ്പോഴും കണ്ടു.

ബാലന്മാഷിന്റെ ശുഷ്കാന്തി.

സദസ്സില്‍ ചിരിയുടെ മാലപ്പടക്കം. സദസ്സിലെ തമിഴനായ ബാലന്‍ മാഷിനു ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ. ബാലന്‍ കൂടെ നിന്ന എന്നോട് ആരാഞ്ഞു.

ആക്ച്വല്ലി, എന്താ ഈ ശുഷ്കാന്തി?
എന്റെ ഉത്തരവും ഷിബു പറഞ്ഞതു തന്നെ.

പിന്നെന്തിനാ നിങ്ങള്‍ പൊട്ടിച്ചിരിക്കണേ?
ന്യായമായ ചോദ്യം. പക്ഷെ ഉത്തരമില്ല.

സ്റ്റേജില്‍ പുതിയപുതിയ സന്ദര്‍ഭങ്ങളുടെ വിവരണവും, എല്ലാത്തിന്റെയും ഒടുവില്‍ മുണ്ടു മടക്കിക്കുത്തി ബാലന്മാഷ് എവിടെയൊക്കെയോ വലിഞ്ഞു കയറി കാര്യങ്ങള്‍ സാധിക്കുന്നതും, വായും പൊളിച്ചു നോക്കി നിന്ന കുട്ടികളും നാട്ടുകാരും അദ്ധ്യാപകരുമൊക്കെ ബാലന്മാഷിന്റെ ശുഷ്കാന്തി കാണുന്നതും, കാണികള്‍ അപ്പോഴൊക്കെ ആര്‍ത്തു ചിരിക്കുന്നതും കണ്ട് ബാലന്‍ സംശയത്തോടെ ഷിബുവിനെ നോക്കി നിന്നു.

പരിപാടികള്‍ കഴിഞ്ഞു. ‘ബാലന്മാഷിന്റെ ശുഷ്കാന്തിക്കഥ’ ബാലനൊഴിച്ചു എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു.
ഞങ്ങള്‍ റൂമിലെത്തി. ഇനി ഭക്ഷണം കഴിക്കണം.

ബാലന്‍ എല്ലാവരോടുമായി പറഞ്ഞു.
ഡേ, നമുക്കു രാജീ കളിക്കാന്‍ പോകാം?

വീണ്ടും ‘ഴ‘ യ്ക്കു പകരം ‘ള’.

‘രാജി‘ റൂമിനടുത്തുള്ള ഹോട്ടലാണ്. നല്ല പൂരിയും ചപ്പാത്തിയുമൊക്കെ കിട്ടുന്ന ഹോട്ടല്‍‌ . ഇവന്‍ ‘ഴ’ പഠിക്കാതെ ഇനിയും അധികം സംസാരിച്ചാല്‍ ആകെ പ്രശ്നമാകും. ഒടുവില്‍ ഇന്നു തന്നെ ബാലന്മാഷിനെ ‘ഴ‘ പഠിപ്പിക്കണമെന്നു ഞങ്ങള്‍ തീരുമാനമെടുത്തു.

രാത്രി എല്ലാവരും കൂടി വളരെ കഷ്ടപ്പെട്ടു ബാലന്റെ ‘കളി’ എന്നതിനെ ‘കഴി‘ എന്നതാക്കിയെടുത്തു. പഠിക്കുന്ന കാര്യത്തില്‍ ബാലന്മാഷിന്റെ ശുഷ്കാന്തി സമ്മതിക്കേണ്ടതു തന്നെ. ഒടുവില്‍ എല്ലാവരും സമാധാനത്തോടെയുറങ്ങി.

അടുത്ത ദിവസം രാവിലെ....

ഉറങ്ങാന്‍ വളരെ താമസിച്ചതിനാല്‍, ഉണരാന്‍ മടിച്ചു കിടക്കുന്ന ഞങ്ങള്‍ക്കിടയില്‍ നിന്നും ബാലന്‍ ചാടിയെണീറ്റ് എന്തൊക്കെയോ എടുത്തു പുറത്തേക്കിറങ്ങി. ഡോറിന്റെ ബോള്‍ട്ട് നീക്കുന്ന ശബ്ദം കേട്ട് ഷിബു ചോദിച്ചു.

എന്താ ബാലാ? എങ്ങോട്ടാ ഈ രാവിലെ?

“ഒന്നു കുഴിച്ചിട്ടു ഇപ്പോ വരാം“ - നല്ല ശുഷ്കാന്തിയോടെ അക്ഷരസ്ഫുടതയോടെ മറുപടി പറഞ്ഞു ബാലന്‍ നടന്നു നീങ്ങി.

രാവിലെ ഇവനിതെന്തു പറ്റിയെന്നു കരുതി ചാടിയെണീച്ച ഞങ്ങള്‍ കണ്ടതു തോര്‍ത്തും സോപ്പുമൊക്കെയായി കുളിമുറി ലക്ഷ്യമാക്കി നീങ്ങുന്ന ബാലനെയാണ്.

‘ഇനി ഇവനെ ‘ള‘ പഠിപ്പിക്കാനായിന്നത്തെ രാത്രിയും പാഴാകുമല്ലോ ഈശ്വാരാ...’- തലയില്‍ കൈവെച്ചു ഷിബുവിന്റെ ആത്മഗതം.

കൊള്ളാം, ഇനി ‘ള’ യുടെ പ്രയോഗം പഠിച്ചു കഴിയുമ്പോളവന്‍ ചോദിക്കുക “കളിച്ചിട്ടു കുഴിക്കണോ അതോ കുഴിച്ചിട്ടു കളിക്കണോ” എന്നായിരിക്കും.

ചിരിച്ചുകൊണ്ടു ഞാന്‍ വീണ്ടും പുതപ്പിനടിയിലേക്കു നീങ്ങി.

പഴയ ചില വികൃതികള്‍