ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Wednesday, March 18, 2015

അതിഥി

ഒടുവില്‍, യാത്രയ്ക്കുള്ള അനുമതി വന്നു.
അതും പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരമായ സ്ഥലത്തേക്കു. ഒരു മൃഗമോ, പറവയോ, വൃക്ഷമോ ഒന്നുമല്ലെങ്കില്‍ ഒരു ഉറുമ്പായെങ്കിലും ആ ഭൂമിയില്‍ എത്തിപ്പെടാന്‍ ആഗ്രഹിക്കാത്തവര്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഇല്ലായിരുന്നു. അതെ ഏറെ വഴിദൂരമുള്ള ആ വാഗ്ദത്തഭൂമിയിലേക്കു ഞാനും യാത്രയാകുന്നു.

പണ്ടേ ഒരുങ്ങിയിരിക്കുന്നതിനാല്‍ വളരെ വേഗം തന്നെ ഇറങ്ങി. യാത്രയില്‍ ചെന്നു ചേരുന്ന ഓരോ ഇടത്താവളത്തിലും, ഒരുകൂട്ടര്‍ യാത്രയാകുമ്പോള്‍ അതിനേക്കാള്‍ വലിയ കൂട്ടങ്ങള്‍ തിരികെ വന്നിറങ്ങുന്നുമുണ്ട്. പോകുന്നവരിലെല്ലാം സന്തോഷത്തിന്റെ തിരയിളക്കം കാണാം. ആ സന്തോഷം അവരുടെ സൌന്ദര്യം വര്‍ദ്ധിപ്പിക്കുകയും ചുറ്റും പ്രകാശം ചൊരിയുകയും ചെയുന്നുണ്ടായിരുന്നു.

വഴികാണിക്കാന്‍ എന്നോടൊപ്പം ഒരുവന്‍ വന്നു. വഴിയറിയാവുന്ന തോഴര്‍ എന്നും നമുക്കു മാലാഖമാര്‍ തന്നെയാണല്ലോ? അവര്‍ കൂടെയുള്ളിടത്തോളം ഭയപ്പെടാനൊന്നുമില്ല. ഞാനവന്റെ കൈകളില്‍ മുറുക്കെപ്പിടിച്ചുകൊണ്ട് യാത്ര തുടങ്ങി....

ഒറ്റയ്ക്കും  കൂട്ടമായും തിരികെവരുന്നവര്‍ ഞങ്ങളെ കടന്നു പോയി.  ‘ആള്‍ക്കൂട്ടത്തില്‍ തനിയേ’ എന്നു വിശേഷിപ്പിക്കാവുന്ന അവസ്ഥയില്‍ പലരുടെയും മുഖങ്ങളില്‍ ദു:ഖം തളം കെട്ടിനിന്നു. യാത്ര പെട്ടെന്നു അവസാനിച്ചുപോയതിന്റെയോ, മതിയാവാതെ തിരിച്ചുവരേണ്ടി വന്നതിന്റെയോ വിഷമമാകാം എന്നു കരുതി ഞാന്‍ സമാധാനിച്ചു.

എങ്കിലും, ഞാനെന്റെ യാത്രയെക്കുറിച്ചു അല്‍പ്പം ആശങ്കയിലായത് അപ്പോഴാണ്. പോകുന്ന സ്ഥലം സുന്ദരമെന്നും സര്‍വ്വ സൌകര്യവും ഒരുക്കിയിട്ടുണ്ടെന്നും ഉറപ്പുണ്ടെങ്കിലും,  ആളുകള്‍ എങ്ങനെ സ്വീകരിക്കും എന്നറിയില്ലല്ലോ? ശേഷമുള്ള ജീവിതത്തെക്കുറിച്ചോ തിരിച്ചു വരവിനെക്കുറിച്ചോ ഇതുവരെ ഒട്ടും ചിന്തിച്ചിരുന്നുമില്ല....

കൂട്ടുകാരന്‍ അപ്പോഴൊക്കെ എന്നില്‍ പ്രത്യാശയുയര്‍ത്തിക്കൊണ്ട് തിരികെവരുന്നവര്‍ക്കിടയിലെ പ്രകാശം പരത്തുന്ന മുഖങ്ങളെ കാണിച്ചു കൊണ്ടിരുന്നു...


അടുത്ത ഇടത്താവളത്തില്‍ വെച്ചു, ഒരു വാഹനത്തില്‍ കയറ്റിയിട്ടു തോഴന്‍ ഒരു പുഞ്ചിരിയോടെ യാത്ര പറഞ്ഞു.
എപ്പോഴും നിന്റെ വിളിപ്പുറത്തുണ്ട് ഞാന്‍.  വിളിക്കുക.... മറക്കാതിരിക്കുക.... തല്‍ക്കാലം വിട.....


ഒരു തുറന്ന വാഹത്തിലെ യാത്ര, അതും ദുര്‍ഘടമായ പാതയിലൂടെ...
ചിലപ്പോള്‍ വാഹനം ഇരുട്ടിലൂടെ, അപ്പോള്‍ ഞാനും ഇരുട്ടിലായി...
പ്രകാശവലയത്തില്‍ പെട്ടപ്പോള്‍ ഞാനും അതിനൊപ്പം തിളങ്ങി...
പൊടിക്കാറ്റിനൊപ്പം  പൊടിയിലും,
അഴുക്കു ചാലിലൂടെയുള്ള യാത്രയില്‍ അഴുക്കിലും മുങ്ങി ഞാനും വൃത്തികേടായി.
ചിലപ്പോഴൊക്കെ വിരുന്നു വരുന്ന കോരിച്ചൊരിയുന്ന മഴകളില്‍, ഞാനും വൃത്തിയായി...
ചില സുന്ദര ദിനങ്ങളില്‍ ആരൊക്കെയോചേര്‍ന്നു സ്നേഹത്തിന്റെ സുഗന്ധം നിറച്ചു...
അപ്പോള്‍ എന്നിലും സുഗന്ധം നിറഞ്ഞു....

ഇതിന്നിടയില്‍ എന്തിന്റെയൊക്കെയോ പിന്നാലെ വാഹനം പായുന്നുണ്ടായിരുന്നു.
ചിലപ്പോള്‍ ഇരകളെ കീഴടക്കാനുള്ള ആവേശമാവാഹിച്ച മൃഗങ്ങളെപ്പോലെ, ഒരു വേട്ടക്കാരനായി....
അതേസമയം തന്നെ മറ്റുവേട്ടക്കാരില്‍ നിന്നും രക്ഷതേടി ഭയന്നോടിയൊളിക്കുന്നുമുണ്ടായിരുന്നു....

ഓരേ സമയം വേട്ടക്കാരനും ഇരയുമായി.....
ഇടയ്ക്കു, ഭാരം ചുമന്നു തളര്‍ന്ന് ഒരു കഴുതയെപ്പോലെ കിതച്ചു....

ചിലപ്പോള്‍ ലക്ഷ്യബോധമില്ലാതെ അലസനായും,
മറ്റു ചിലപ്പോള്‍ പ്രണയാര്‍ദ്രതയോടെയും അലഞ്ഞു.

ഇതിനൊക്കെയൊപ്പം, ചിലപ്പോള്‍ വേട്ടയാടലിന്റെ ആവേശത്തില്‍ മതിമറന്നും, മറ്റു ചിലപ്പോള്‍ ഇരയുടെ ദൈന്യതയോടെ അന്ധാളിച്ചു നിന്നും ഞാന്‍ ലക്ഷ്യം പോലും മറന്നതുപോലെയായി.
പതിയെപ്പതിയെ ഞാന്‍ ആ വാഹനമായിത്തന്നെ പരിണമിക്കുകയായിരുന്നു....

കാലമങ്ങനെ ഉരുളവേ, ഏതോ ഒരു രാത്രിയില്‍ കിതച്ചു കിതച്ചു നീന്ന വാഹനത്തില്‍ നിന്നും അപ്രതീക്ഷിതമായി ഞാന്‍ പുറത്തേക്കെറിയപ്പെട്ടു. അതും ഒരു അഗാധ ഗര്‍ത്തത്തിലേക്കു.....
പിന്നെ ഏന്തിവലിഞ്ഞും നീന്തിയും അവശനായി ഞാനൊരു പുതിയ ഇടത്താവളത്തിലെത്തി.

പക്ഷേ, ഇതുവരെയുള്ള യാത്രയ്ക്കിടയില്‍ തങ്ങിയ ഏറ്റവും മനോഹരമായ സങ്കേതമായിരുന്നു അതു. എല്ലാം ഒരുക്കിവെച്ച് ആരോ എന്റെ വരവും കാത്തിരിക്കുകയായിരുന്നു എന്നു തോന്നി അവിടം കണ്ടപ്പോള്‍. സമയത്തിനു ഭക്ഷണവും ഒപ്പം സ്നേഹത്തിന്റെ സുഗന്ധവും ഏറ്റുവാങ്ങി സുഖിച്ചു കഴിയാന്‍ ഇടം ലഭിച്ചാല്‍ ആരാണു ഒരു ദിവസമെങ്കിലും യാത്ര നീട്ടി വെയ്ക്കാതിരിക്കുക?അല്‍പ്പം വിശ്രമിക്കാന്‍ തന്നെ തീരുമാനിച്ചു.

ആ സമയം കൊണ്ട്, ഒരു ചെറിയ വണ്ടിയുടെ മോടിയുമൊന്നു കൂട്ടി ഞാന്‍ അടുത്ത യാത്രയ്ക്കു തയ്യാറായി. ഇനിവേണം കാത്തു നില്‍ക്കുന്നവരുടെ മുന്നിലേക്കു രാജകീയമായി ചെന്നിറങ്ങാന്‍....

യാത്ര തുടങ്ങി...
അകലെ നിന്നും വരവേല്‍പ്പിന്റെ ആരവങ്ങളും കേട്ടു തുടങ്ങി.....
ഞാന്‍ കണ്ണുകള്‍ തുറന്നു... ചെവി വട്ടം പിടിച്ചു..... പിന്നെ ഒന്നു വട്ടംതിരിഞ്ഞു ചുറ്റും നോക്കി....
ഇല്ല, പ്രകാശം ഇനിയും എത്തിയിട്ടില്ല. ശബ്ദങ്ങളാണ് അടുത്തടുത്തു വരുന്നതു.....
ഞാന്‍ കണ്ണുകളിറുക്കിയടച്ചുകൊണ്ട് ഓരോ ശബ്ദത്തേയും വേര്‍തിരിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു.

ശ്ശേ.... അതിനിടയിലാരോ എന്നെ കുലുക്കി വിളിച്ചിരിക്കുന്നു.
ഞാന്‍ കണ്ണു തുറന്നു. ചുറ്റിനും വെളുത്ത വസ്ത്രം ധരിച്ച മാലാഖമാര്‍....
അവര്‍ക്കു മുകളില്‍ വെളുത്ത ചിറകുകള്‍ വീശി ചിരിച്ചുകൊണ്ട് പഴയ തോഴന്‍ മാലാഖയും എന്നെ നോക്കി നിന്നു.

തിരിച്ചൊന്നു ചിരിച്ചേക്കാം....
എന്നു തോന്നിയപ്പോഴാണ് ഭൂമിയിലെ മാലാഖമാരിലൊരാള്‍ അല്‍പ്പം ശക്തിയായിത്തന്നെ എന്നെയൊന്നു തട്ടി വിളിച്ചതു.

ഹോ!! വേദനയാല്‍ കരഞ്ഞു കൊണ്ട് ഞാന്‍ ചുറ്റും നോക്കി.
അപ്പോള്‍, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, അവിടെയുണ്ടായിരുന്നവരുടെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു....

ഇങ്ങനെയൊരു വരവേല്‍പ്പല്ലല്ലോ പ്രതീക്ഷിച്ചിരുന്നതു....
പ്രതീക്ഷകള്‍ തെറ്റുന്നതു സഹിക്കാന്‍ വയ്യാതെ ഞാന്‍ മുഷ്ട്ടികള്‍ ചുരുട്ടി പ്രതിഷേധസ്വരമുയര്‍ത്തി വീണ്ടും ഉറക്കെയുറക്കെ കരഞ്ഞു.

അപ്പോഴും അവര്‍ ചിരിക്കുകയായിരുന്നു....
പിന്നെയെപ്പോഴോ, എന്റെ ശല്യം സഹിക്കാതായപ്പോള്‍ അവരെന്നെ ഒരു ശരീരത്തോട് ചേര്‍ത്തു കിടത്തി.
ആ ഉടലില്‍ നിന്നും എന്റെ ശരീരത്തിലേക്കു ചൂടു പകര്‍ന്ന നിമിഷം... എന്റെ വിടര്‍ന്ന നാസാദ്വാരങ്ങള്‍ പുതിയ വീട്ടിലെ ഗന്ധത്തെ ആദ്യമായി അറിഞ്ഞു....

അത്ഭുതത്താലെന്റെ കണ്ണുകള്‍ വിടര്‍ന്നു !!!!
അവസാന ഇടത്താവളത്തിന്റെ അതേ ഗന്ധം... അതേ ചൂട്....
ആ മുഖമൊന്നു കാണാന്‍ ഞാന്‍ പതിയെ കണ്ണു തുറന്നു...
അപ്പോള്‍ നെറുകയില്‍ അമര്‍ന്ന ആദ്യ ചുംബനത്തില്‍, എന്നിലെ യാത്രാ ക്ഷീണമെല്ലാം പറന്നകന്നു.

നാവിലൂടെ പുറത്തേക്കു വന്നില്ലെങ്കിലും, മനസ്സപ്പോള്‍ ആ മധുരമുള്ള വാക്ക് ഉരുവിട്ടു...
“അമ്മ....”.

പഴയ ചില വികൃതികള്‍