ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.
Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Tuesday, December 24, 2013

കോട്ടയും കാവല്‍ഭൂതവും


വല്ലപ്പോഴും ഈ റൂട്ടില്‍ വരുമ്പോഴാ നന്നായൊന്നു വണ്ടിയോടിക്കുന്നതു....
ആക്സിലറേറ്ററില്‍ കാലൊന്നുകൂടി അമര്‍ത്തിച്ചവിട്ടി കുമാറേട്ടന്റെ കമന്റ്.

തമിഴ് നാട്ടിലെ, തരിശു ഭൂമികള്‍ക്കിടയിലൂടെയുള്ള എക്സ്പ്രെസ്സ് ഹൈവേയിലൂടെ, വണ്ടി പറക്കുമ്പോള്‍, സ്പീഡോമീറ്ററിന്റെ നീഡില്‍ അതിന്റെ അതിരുകള്‍ തേടി പാഞ്ഞു... ഓരോ വലിയ പാലങ്ങളിലൂടെ വണ്ടി കയറുമ്പോഴും ഞാന്‍ താഴേക്കെത്തിനോക്കും, വെള്ളമില്ലാത്ത പുഴകള്‍... അടിയിലൂടെയൊരു നദി പോയിരുന്നു എന്ന ഓര്‍മ്മപ്പെടുത്തലാകുന്നു ഓരോ പാലങ്ങളും. നാട്ടിലപ്പോള്‍, അടുത്ത ദിവസങ്ങളിലൊന്നില്‍ പൊട്ടാന്‍ മുട്ടിനില്‍ക്കുന്ന മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള കോലാഹലങ്ങളായിരുന്നു..

കേരളത്തിനു കിഴക്കുള്ള സ്ഥലമായതിനാലാകും, തമിഴ്നാട്ടില്‍ നേരുത്തേ നേരം പുലരും. ഞങ്ങള്‍ തൂത്തുക്കുടിയിലെത്തുന്നതിനു മുന്‍പേ സൂര്യന്‍ അവിടെത്തിയിരുന്നു. അതിനാല്‍ രാവിലേ തന്നെ മുടിഞ്ഞ ചൂട് തുടങ്ങി....

മഴ പെയ്യാന്‍ സാദ്ധ്യതയുണ്ട്....
ഒരു മേഘക്കീറു പോലുമില്ലാത്ത ആകാശം നോക്കി പ്രതീഷ്  പ്രെഡിക്ഷന്‍ തുടങ്ങി.

ഓ... പിന്നേ
എല്ലാവരുടെയും മറുപടി ഒന്നിച്ചായിരുന്നു.

പ്രതീഷിന്റെ നേതൃത്വത്തില്‍ ഡവലപ്പ് ചെയ്ത, ഒരു പ്രെഡിക്ഷന്‍ അല്‍ഗോരിതമൊക്കെയുള്ള സിസ്റ്റത്തിന്റെ ഇമ്പ്ലിമെന്റേഷനാണ് തൂത്തുക്കുടി തെര്‍മല്‍ പവര്‍ പ്ലാന്റില്‍ ചെയ്യാന്‍ പോകുന്നതു.

അളിയാ നമ്മളവിടെ ആരെയാ കാണേണ്ടതു? ഞാന്‍ തിരക്കി.
ജോനത്താന്‍’.... ജോസഫിന്റെ മറുപടി.
അല്ല, ജൊനാതന്‍.... പ്രതീഷ് തിരുത്തി.

ജൊനാതന്‍ എന്ന പേരു കേട്ടപ്പോള്‍ മനസ്സില്‍ വന്ന ആദ്യ രൂപം ഡ്രാക്കുളയെ കീഴടക്കിയ ജൊനാതന്റേതായിരുന്നു. എന്നാല്‍ ‘ജോനത്താന്‍‘ എന്നു ജോസഫ് പറയുന്നതു കേട്ടാല്‍ തോന്നും, പുള്ളി ഒരു ‘ഭൂതത്താന്‍‘ ആണെന്ന്. അപ്പോള്‍ മനസ്സില്‍ വരിക ഡ്രാക്കുളയുടെ രൂപമാണ്‌.

ഇതുവരെക്കണ്ട പ്ലാന്റുകളെല്ലാം ഓരോരോ ഭൂതത്താന്‍ കോട്ടകളായിരുന്നു... നാലഞ്ചു നിലപ്പൊക്കമുള്ള, ഉരുക്കിലും കരിങ്കല്‍ ഭിത്തികളാലും തീര്‍ക്കുന്ന ഇരുണ്ട കോട്ടകള്‍, ഒപ്പം യന്ത്രങ്ങള്‍ ഞരങ്ങുന്നതും അലറുന്നതുമായ ശബ്ദങ്ങളുടെ ഭയപ്പെടുത്തുന്ന പശ്ചാത്തലം. പാമ്പിന്റെ ശീല്‍ക്കാരം പോലെ ചീറ്റുന്ന സ്റ്റീമോ, മൂക്കു തുളച്ചുകയറുന്ന രാസവസ്തുക്കളുടെ മണമോ ഒക്കെയും കൂട്ടിനുണ്ടാവും....  ഇതും അങ്ങനെ തന്നെയാകും എന്നുറപ്പ്. ഈ കോട്ട കാക്കുന്ന ഭൂതമായിരിക്കും ഈ ജോനത്താന്‍....എന്റെ മനസ്സില്‍ ചില ഭാവനകള്‍  വിടര്‍ന്നു...

ദൂരെ, ആകാശം മുട്ടി നിന്നു പുക തുപ്പുന്ന ചിമ്മിനികള്‍ കണ്ടു തുടങ്ങി....
ഹൊ!!! ആകാശം എത്രപെട്ടെന്നാണ് ഉരുണ്ടു കൂടുന്നതു. മഴയും പെയ്തു തുടങ്ങി....
ചോരകുടിക്കുന്ന ഡ്രാക്കുളയ്ക്കു മുന്നിലേക്കു സാധുക്കളെ ആകര്‍ഷിച്ചു കൊണ്ടു പോകുന്ന ഒരു കുട്ടിഭൂതത്തെപ്പോലെ പ്രതീഷ് മന്ദഹസിച്ചു. വലിയ ഇരുമ്പു ഗേറ്റുകളും, കമാനങ്ങളുമുള്ള പ്ലാന്റിനു മുന്നില്‍ വണ്ടി ഞെരങ്ങി നിന്നു.

‘അന്ത കേരളാ വണ്ടി നല്ലാ പാത്തുങ്കോ...‘
ഏതോ കേരളാ വിരുദ്ധന്‍ സെക്യൂരിറ്റി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.... കോരിച്ചൊരിയുന്ന മഴയത്തും പോലീസ് ചുറ്റും നിരന്നു.

ചുവന്ന ബോര്‍ഡും, ഇന്ത്യാ ഗവണ്മെന്റെന്ന എഴുത്തും കണ്ടാല്‍ സാധാരണ ഒരു പ്രശ്നവുമില്ലാത്ത ആള്‍ക്കാരാണല്ലോ? ഇതു മുല്ലപ്പെരിയാര്‍ എഫക്റ്റായിരിക്കണം.  പ്രതീഷിന്റെ പരിഭവം...


ഒടുവില്‍ സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞു അകത്തേക്കു...
എവിടുന്നൊക്കെയോ അലറി വിളിക്കുന്ന ശബ്ദങ്ങള്‍.... നമ്മളൊന്നു അലറി വിളിച്ചാല്‍ കേള്‍ക്കാന്‍ ഒരാളും ഇല്ലാത്ത യന്ത്രങ്ങളുടെ ശവപ്പറമ്പുകള്‍ പോലെ.... ഭീമാകാരമായ ഇരുമ്പു കൂനകള്‍ക്കിടയില്‍ നിന്നും, കല്‍ക്കരിക്കുന്നുകള്‍ക്കിടയില്‍ നിന്നും പുറത്തെത്തുന്ന പേടിപ്പിക്കുന്ന രൂപങ്ങള്‍....

ഡേയ്.... ആദ്യം എടുത്തു വെച്ച കാലേതാ?
പ്രതീഷിന്റെ ചോദ്യം. ഭാവി ഗണിക്കാനാവണം...


ഓര്‍ത്തില്ല മച്ചൂ....., എന്തായാലും അടുത്ത ഒന്നു രണ്ട് വര്‍ഷം ഇവിടെയായിരിക്കും. അല്ലെങ്കില്‍ തന്നെ കാലന്റെ കോട്ടയിലേക്കു കാലെടുത്തു വെയ്ക്കുമ്പോള്‍ കാലുകള്‍ക്കെന്തു പ്രസക്തി? വെറുതേ ആശ്വസിച്ചു.

ഏറെ നടന്നു മടുത്താണ് മുകളിലത്തെ കണ്ട്രോള്‍ റൂമില്‍ എത്തിയതു.
ഡേയ്, ഇവിടെങ്ങും മരുന്നിനു പോലും ഒരു കിളിയെ കാണുന്നില്ലല്ലോ?
ഒന്നു വട്ടം കറങ്ങി വന്ന ജോസഫിന്റെ പരിഭവം.

സെക്യൂരിറ്റി പോസ്റ്റില്‍, പോലീസ് യൂണീഫോമില്‍ ഒരു കിളിയിരിക്കുന്നുണ്ടായിരുന്നു....
അതുവരെ മിണ്ടാതിരുന്ന അരുണ്‍ വാ തുറന്നു.

‘ടൂള്‍സും സാധനങ്ങളും ആ റൂമിലുണ്ട്...‘
മീറ്റിംഗിനു ശേഷം, താഴത്തെ നിലയില്‍ ഒരു മൂലയിലുള്ള പൂട്ടിയിട്ട ഒരു റൂമിനെ ചൂണ്ടിക്കാട്ടി ജൊനാതന്‍ താക്കോല്‍ ഞങ്ങള്‍ക്കു കൈമാറിക്കൊണ്ട് പറഞ്ഞു.

ലിഫ്റ്റില്‍ കയറിയിട്ടിറങ്ങുമ്പോള്‍ താക്കോല്‍ കറക്കിക്കൊണ്ട് ജോസഫ് എന്തോ മൂളിപ്പാട്ടു പാടുന്നുണ്ടായിരുന്നു. പൂട്ടു തുറക്കാന്‍ ശ്രമിച്ച ജോസഫ് എന്തോ കണ്ട് പേടിച്ചു പെട്ടെന്നു പിന്നോട്ട് മാറി. അകത്തെന്തോ ഒരു രൂപം മിന്നിമായുന്നതു ഡോറിന്റെ ഗ്ലാസ്സില്‍ കൂടി ഞാനും കണ്ടു...

താഴിട്ടു പൂട്ടിയ മുറിയില്‍ ഒരു സ്ത്രീരൂപം....
അഴിച്ചിട്ട കേശങ്ങള്‍... ഇടിവെട്ടു കളര്‍ സാരി.... മുല്ലപ്പൂ കമഴ്ത്തിയ തല....

തമിഴ് പ്രേതങ്ങളല്ലേ, ഇങ്ങനൊക്കെയായിരിക്കും.... ഞാന്‍ എന്നോട് തന്നെ പറഞ്ഞു.

അതു അടുത്തേക്കു നടന്നടുത്തപ്പോള്‍ പിന്നിലേക്ക് മാറിയ ജോസഫ് എന്റെ നെഞ്ചില്‍ തട്ടി നിന്നു. അഥവാ, ഞാന്‍ ജോസഫിന്റെ പിന്നില്‍ മറഞ്ഞു നിന്നു.:)

‘തമിഴിലെങ്ങനായിരിക്കും വെറ്റിലയും ചുണ്ണാമ്പും ചോദിക്കുക?‘ എന്നു ആലോചിച്ചു ഞാന്‍ തല കുനിച്ചു നിന്നു....
പിന്നെ, കലപില ശബ്ദം കേട്ടു മുഖമുയര്‍ത്തിയപ്പോള്‍, മുന്നില്‍ ഒന്നല്ല, രണ്ടല്ല, മൂന്നു സ്ത്രീ രൂപങ്ങള്‍.....
പ്രതീഷിനോട് അവര്‍ ചിരിച്ചു കൊണ്ട് എന്തൊക്കെയോ സംസാരിക്കുന്നു.

എനിക്കൊട്ടും അത്ഭുതം തോന്നിയില്ല. അവന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലും ചില അലൌകിക ശക്തികളുടെ സാന്നിദ്ധ്യമുണ്ടോയെന്ന സംശയം എനിക്കു ഏറെ നാളായുണ്ട്. അവരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞു കൊണ്ട് തന്നെ അവന്‍ സാധനങ്ങള്‍ റൂമിനു പുറത്തിറക്കി വെച്ചു.

ഞങ്ങള്‍ ഭയത്തോടെ, നിശ്ശബ്ദരായി നാലും പാടും വീക്ഷിച്ചു കൊണ്ട് പണി സാധനങ്ങളെടുത്തു പുറത്തിറങ്ങി.

പിന്നെ ലിഫ്റ്റിനുള്ളില്‍ കയറിയപ്പോഴാണ് ആശ്വാസമായതു. ആശ്വാസ നിശ്വാസത്തോടൊപ്പം തന്റെ ആ പഴയ മൂളിപ്പാട്ടില്‍ പുതിയ വാക്കുകള്‍ കോര്‍ത്ത് ജോസഫ് പുറത്തേക്കൊഴുക്കി....
സുന്ദരിമാരെക്കെട്ടിപ്പൂട്ടിയ ജോനത്താനെ....
നിന്റെ കോട്ടകളൊക്കെ ഇടിച്ചു തകര്‍ക്കും സൂക്ഷിച്ചോളൂ....

-തുടരും-

Tuesday, October 15, 2013

അടുക്കള ചരിതം - മൂന്നാം ഖണ്ഡം


(വൈകി വായനക്കാര്‍ക്കു വേണ്ടി, കഥ ഇതുവരെ : എന്റെ മാതാപിതാക്കള്‍ ഹജ്ജിനു പോയൊരു കാലഘട്ടം. ബലിപ്പെരുന്നാളിന്റെ അവധി ദിനങ്ങള്‍... ആദ്യമായാണ് വീട്ടില്‍ ഞങ്ങള്‍ രണ്ടു പേരും മാത്രമാകുന്നതു. പുതിയാപ്ല-പുതിയപെണ്ണ്‌ തുടങ്ങിയ സ്ഥാനങ്ങള്‍ ഉപേക്ഷിയ്ക്കാനുള്ള സമയമായിട്ടുണ്ടായിരുന്നില്ല ഞങ്ങള്‍ക്ക്. ജോലിയുമൊക്കെയായി നടക്കുന്നതിന്നിടയില്‍, വീട്ടില്‍ ഏറെനാള്‍ തങ്ങാനിടവരാത്തതിനാല്‍,വീട്ടിലെ സാധനങ്ങളുടെ ഇരിപ്പിടങ്ങളെക്കുറിച്ചും, അയല്‍‌വാസികളെക്കുറിച്ചും, ഞങ്ങളുടെ ബന്ധുക്കളെക്കുറിച്ചും നല്ലപാതിക്കൊട്ടും പരിചയമായിത്തുടങ്ങിയിരുന്നുമില്ല... അങ്ങനെയുണ്ടാക്കിയ ബ്രേക്ഫാസ്റ്റും ലഞ്ചും,
അടുക്കള ചരിതം - ഒന്നാം ഖണ്ഡ മായും അടുക്കള ചരിതം - രണ്ടാം ഖണ്ഡം ആയും കിടപ്പുണ്ട്. ഇതു അതിന്റെ ബാക്കി (അവസാന ഭാഗം) )



ഇക്കാ,
ഈ ഫ്രിഡ്ജില്‍ ഇനി സ്ഥലം ഒട്ടുമില്ലല്ലോ? ഈ ഇറച്ചികള്‍ ഇനി എന്തു ചെയ്യും?

എന്തു ചെയ്യാനാ? വാങ്ങിയപ്പോള്‍ ഒരു വലിയ ഫ്രിഡ്ജ് വാങ്ങേണ്ടതായിരുന്നു.

ഓ, പിന്നേ...
ഒരു കൊല്ലത്തില്‍, ആകെ ഈ ബലിപ്പെരുന്നാളിന്റെ ദിവസങ്ങളിലാ ഈ ചെറിയ ഫ്രിഡ്ജ് തന്നെ ഇവിടൊന്നു നിറയുന്നതു.

അവിടെന്താ പണി, വന്നു ഇതൊന്നു തള്ളിക്കയറ്റാമോന്നു നോക്കിയെ?
ഇറച്ചി ഫ്രിഡ്ജിനു മുകളില്‍  വെച്ചിട്ട് അവള്‍ സ്കൂട്ടായി.


ഒന്നുകില്‍ നമ്മള്‍ രണ്ടും നാളെ ലീവെടുത്തു ഇറച്ചിക്കിറ്റുകളുമായി എവിടെങ്കിലുമൊക്കെ വിരുന്നിനു പോകണം.
ഇറച്ചി ഫ്രിഡ്ജിലേക്കു തള്ളിയിറക്കുന്നതിനിടയില്‍ ഞാന്‍ പുതിയ ഐഡിയകള്‍ ഇറക്കിക്കൊണ്ടിരുന്നു.

അല്ലെങ്കില്‍ ഇറച്ചി കട്‌ലൈറ്റ്, ഇറച്ചി സമൂസ, ഇറച്ചി മോദകം, പിന്നേം ബാക്കിയുണ്ടേല്‍ ഇറച്ചിപ്പായസം പോലെയുള്ള പുതിയ പേരുകളിട്ട് ഐറ്റംസ് ഉണ്ടാക്കി ഞങ്ങടെ ഫാത്തിമ ചേച്ചി ചെയ്യുമ്പോലെ അടുത്ത ദിവസം ഓഫീസില്‍ വിതരണം ചെയ്യണം.


അതുകൊള്ളാം...
അവള്‍ക്കു പൂര്‍ണ്ണസമ്മതം...

പക്ഷേ...,
ഉം.. എന്താ നിര്‍ത്തിക്കളഞ്ഞതു?
അതേ, പുതിയ ഐറ്റംസൊക്കെ ഉണ്ടാക്കുന്നതിനല്ലല്ലോ പാട്. അല്ലെങ്കില്‍ തന്നെ നമ്മള്‍ ഉണ്ടാക്കുന്നതെല്ലാം പുതിയ ഐറ്റംസ് ആണല്ലോ?... ചിരിച്ചു കൊണ്ടവള്‍ പറഞ്ഞു.


പിന്നെ?
ഒരു ദിവസം കൂടി ഇവിടെ നിന്നാല്‍, രാവിലെയും ഉച്ചയ്ക്കും കഴിക്കാനുള്ള പഴയ ഐറ്റംസ് വേറെ ഉണ്ടാക്കണ്ടേ...? അതൊന്നും പുതിയ ഐറ്റംസ് ആയിപ്പോയാല്‍ പറ്റില്ലല്ലോ? അവള്‍ നെടുവീര്‍പ്പിട്ടു കൊണ്ട് കൂട്ടിച്ചേര്‍ത്തു...

അതു ശരിയാ... ഞാന്‍ ഓര്‍മകള്‍ അയവിറക്കി...

ഹോ,  ഇനി ആരെങ്കിലും ഇറച്ചിയുമായി വന്നാല്‍, ഇവിടെ വെയ്ക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ വേണ്ടാ എന്നു പറയേണ്ടി വരും... അല്ലെങ്കില്‍ ഇനിയും താമസിക്കാതെ നമ്മള്‍ ഇവിടുന്നു യാത്ര തുടങ്ങണം... 
ഫ്രിഡ്ജ് അടച്ചുകൊണ്ടുള്ള എന്റെ ആത്മഗതം ഇത്തിരി ഉച്ചത്തിലായി എന്നു തോന്നുന്നു.


അങ്ങനൊക്കെ പറയേണ്ടി വരുന്നതിനു മുമ്പ് നമുക്കു ഇവിടം വിടാം. വേഗം റെഡിയാകു...
ഉടനെ അവളുടെ പ്രോത്സാഹനം.

ബാങ്കു വിളിക്കുന്നു.... നമസ്കാരം കഴിഞ്ഞിട്ടു ഒരുങ്ങിയിറങ്ങാം.
പെട്ടെന്നു ശുദ്ധിയായി വന്നു കൈകള്‍ കെട്ടി ഞാന്‍ നമസ്കാരം തുടങ്ങി. അവള്‍ സാധനങ്ങള്‍ ഒതുക്കിയും തുടങ്ങി.

പുറത്തു ആരോ ബെല്ലടിച്ചു... അവള്‍ ചെന്നു വാതില്‍ തുറന്നു.... ഞാന്‍ നമസ്കാരത്തില്‍ നിന്നുകൊണ്ട് തന്നെ ചെവി കൂര്‍പ്പിച്ചു....

ഉളുഹിയ പങ്കാണ്. ഇക്കയില്ലേ?
ഉണ്ട്. നിസ്കരിക്കുന്നു...

പിന്നേ ഇവിടെ ഉമ്മയും വാപ്പയും ഹജ്ജിനു പോയേക്കുവാ.
അറിയാം, ഹജ്ജിനു പോയവര്‍ വിളിക്കുന്നൊക്കെയില്ലേ? അതിഥിയുടെ മറുപടി.
നല്ല പരിചയമുള്ള ശബ്ദം. ആരാണോയെന്തോ?

ഉവ്വു. പക്ഷേ... അതുകൊണ്ട് ഇവിടാരുമില്ല... അവളുടെ മറുപടി.

നിങ്ങളൊക്കെയില്ലേ?
ഫ്രിഡ്ജ് നിറഞ്ഞിരിക്കുന്നു. ഞങ്ങളിപ്പോള്‍ പോകും.... ഇറച്ചി വേണ്ടായിരുന്നു...
പതിഞ്ഞ ശബ്ദത്തില്‍ നിഷ്കളങ്കമായ അവളുടെ മറുപടി.

ആ മറുപടികേട്ട് നിസ്കാരത്തില്‍ നിന്ന എന്റെ തല കറങ്ങി.... ഇറച്ചിയുമായി വന്ന ആളിന്റെയും തല എന്തായാലും കറങ്ങിയിട്ടുണ്ടാവും. അദ്ദേഹത്തിനും ഇതാദ്യത്തെ അനുഭവമായിരിക്കുമെന്നു ഉറപ്പ്...

തിരിച്ചു മറുപടി ഒന്നും കേട്ടില്ല. അല്‍പ്പം കഴിഞ്ഞു വാതിലടയുന്ന ശബ്ദം...

ഞാന്‍ നമസ്കാരം പെട്ടെന്നു പൂര്‍ത്തിയാക്കി അവളോട് ചോദിച്ചു...
ആരായിരുന്നു?
അറിയില്ലിക്കാ... അവളുടെ നിഷ്കളങ്കമായ മറുപടി.

വാങ്ങി വെയ്ക്കെണ്ടായിരുന്നോ? എന്താ നീ അങ്ങനെ പറഞ്ഞതു?
അതു ഇക്കയല്ലേ പറഞ്ഞതു, ‘ഇനി കൊണ്ടുവരുന്നവരുടെയടുക്കല്‍ വേണ്ടായെന്നു പറയേണ്ടി വരുമെന്നു‘.

ഞാന്‍ അങ്ങനെ പറഞ്ഞെങ്കിലും നീ അങ്ങനെ പറയാന്‍ പാടുണ്ടോ?
ഞാന്‍ നടുവിനു കൈകൊടുത്തു നിന്നു...

അതെന്താ ഇക്ക പറയുന്നതും ഞാന്‍ പറയുന്നതും തമ്മിലെ വ്യത്യാസം?
ഞാനെന്റെ താടിയിലേക്കു ഒരു കൈ താങ്ങി നിന്നു.

അതേ, ഇറച്ചിയുമായി വരുന്നവരുടെയടുക്കല്‍ പറയാന്‍ വേണ്ടി പറഞ്ഞതല്ലായിരുന്നതു അതു?
പറയുന്ന കാര്യത്തില്‍ ഞാന്‍ ചെയ്യേണ്ടാത്തതും ഉണ്ടോ? അതെങ്ങനാ ഞാന്‍ അറിയുക?
അതു കേട്ട് എന്റെ രണ്ടുകൈയ്യും എന്റെ തലയ്ക്കു മുകളില്‍ കയറി ഇരുപ്പായി.

ഏടീ, അതു ഞാന്‍ ഒരു ആത്മഗതം പറഞ്ഞതല്ലായിരുന്നോ?
ങ്ങേ.... ആത്മഗതമൊക്കെ ഇത്ര ഉറക്കെയാണോ പറയുന്നതു?
തലയില്‍ ഇരുന്ന കൈകള്‍ക്കു ഭാരം കൂടി വന്നു. ഞാന്‍ നിലത്തു കുത്തിയിരുന്നു...

ശ്ശോ, എന്നാലും അതു ശരിയായില്ല.
അതു ശരിയാ..

അല്ല അതു ശരിയായില്ല...
അതെ, അതുശരിയായില്ല എന്നു ഇക്ക പറയുന്നതു ശരിയാ...


പിന്നെ?
പക്ഷെ... ഇക്ക പറഞ്ഞിട്ടും അതു വാങ്ങി വെച്ചാല്‍ അതു ശരിയാവില്ലല്ലോ എന്നു കരുതിയാ അങ്ങനെ പറഞ്ഞതു. ഞാന്‍ പറഞ്ഞതു കേട്ട് ഒരുപാട് വിഷമിച്ചാ അദ്ദേഹം പോയതു. എന്നാലും അതു കഷ്ടമായിപ്പോയി... ഇക്ക അങ്ങനെ പറഞ്ഞതുകൊണ്ടല്ലേ? അങ്ങനെ പറയണ്ടായിരുന്നു....

കറങ്ങിത്തിരിഞ്ഞു കുറ്റമെല്ലാം എന്റേതു മാത്രമായി....

ഞാന്‍ വാതില്‍ തുറന്നു പുറത്തേക്കോടി, അടുത്തവീട്ടില്‍ ചെന്നു ആരാണ് ഇറച്ചിയുമായി വന്നതെന്നു ചോദിച്ചു.
കിഴക്കെ വീട്ടിലെ ഇക്കയായിരുന്നു. എന്താ അവിടെ വാങ്ങാതിരുന്നതു? അദ്ദേഹത്തിനു വിഷമമായി.... അവര്‍ പറഞ്ഞു.

ഞാന്‍ കിഴക്കെ വീട്ടിലേക്കോടി....
എന്നിട്ടു അവിടെച്ചെന്നു കാര്യങ്ങള്‍ തമാശയായി പറഞ്ഞു ഒരു പൊതി ഇറച്ചിയും വാങ്ങി വീട്ടിലെത്തി.

ഇക്കാ, ആ ഇക്ക എന്തു വിചാരിച്ചു കാണും? ഒരു പുതിയപെണ്ണിനിത്ര ധൈര്യമോ എന്നു തോന്നിക്കാണുമല്ലേ? ആ ഇക്ക ഇതാരോടും പറയില്ലായിരിക്കും. ഇക്ക ഇതാരോടും പറയല്ലേ?
(എന്നെക്കാള്‍ വിശ്വാസം അവള്‍ക്ക് ആ ഇക്കയെക്കുറിച്ചുണ്ടായിരുന്നു :))

എന്റെ ഉമ്മയറിഞ്ഞാല്‍ എന്നെക്കൊല്ലും... ആരോടും പറയല്ലേ....
ഞാനൊന്നും മിണ്ടിയില്ല. ഇപ്പോള്‍ നാലഞ്ചു വര്‍ഷം കഴിഞ്ഞു, ഇതുവരെ ആരോടും ഒന്നും പറഞ്ഞില്ല....

നിങ്ങളും ഇതാരോടും പറയല്ലേ? :)

എല്ലാവര്‍ക്കും ഞങ്ങളുടെ ഈദ് ആശംസകള്‍...
 -ശുഭം-

Saturday, March 24, 2012

അടുക്കള ചരിതം : രണ്ടാം ഖണ്ഢം

അടുക്കള ചരിതം - ഒന്നാം ഖണ്ഡം  ഇവിടെ വായിക്കാം.

വലിയ പെരുന്നാളിന്റെ തക്‌ബീര്‍ ധ്വനി ‌‌‌‌‌‌‌‌‌‌‌‌‌‌പള്ളിയില്‍ നിന്നും ഉയര്‍ന്നു തുടങ്ങി....



ഡേയ്.... പുതിയ പെണ്ണേ..., കതക് അടച്ചേക്കു. പരിചയമില്ലാത്തവരാരെങ്കിലും വന്നാല്‍ വാതില്‍ തുറക്കണ്ട കേട്ടോ?
പള്ളിയിലേക്കു പോകാനിറങ്ങുമ്പോള്‍ ഞാന്‍ അവളെ പ്രത്യേകം ഉപദേശിച്ചു.


എന്നാല്‍ തിരികെയെത്തുമ്പോള്‍ വീടിന്റെ വാതില്‍പ്പടിയില്‍ “നില്‍ക്കണോ, പോണോ?“ എന്ന രീതിയിലൊരു ചോദ്യചിഹ്നമായി ഭാര്യ  നില്‍ക്കുന്നു.

പരിഭവ മുഖവുമായിട്ടാണെങ്കിലും ‘പൂമുഖപ്പടിയില്‍ എന്നെക്കാത്തൊരുവള്‍ ആദ്യമായിട്ട് നില്‍ക്കാനുണ്ടായിരിക്കുന്നു’:) എന്റെയുള്ളില്‍ സന്തോഷം തിരതല്ലി.

എന്തു പറ്റിയോ എന്തോ? പാവം. ഒറ്റക്കിരുന്നു പേടിച്ചിട്ടുണ്ടാവും...... എന്നാല്‍ ഓടിയണഞ്ഞപ്പോള്‍, വീടിനകത്ത് കസേരയില്‍ ചാരിക്കിടന്നു ഒരു ഉമ്മുമ്മ അവളോട് കുശലം പറയുന്നതാണ് കണ്ടതു.

ങേ, ആരാണാവോ ഈ രാവിലെ?!
നോക്കിയിട്ടു ഒരുപിടിയും കിട്ടിയില്ല. ബന്ധുക്കളേയും, പരിസരവാസികളെയുമൊന്നും നല്ല പരിചയമായിട്ടില്ലാത്ത പുതുപ്പെണ്ണായ ഇവള്‍ക്ക്, ഇവിടെ എനിക്കറിയാത്ത പരിചയക്കാരോ? എനിക്കു അത്ഭുതം തോന്നി.!!!


എന്നാല്‍ ആ ഉമ്മുമ്മായ്ക്കു എന്നെ കണ്ടിട്ടൊരു ഭാവമാറ്റവുമില്ല.
പതിയെ അടുക്കളയിലേക്കവളെ വിളിച്ചു ഞാന്‍ കാര്യം തിരക്കി.


ഇക്കായ്ക്കറിയില്ലേ അവരെ?
അവളുടെ മറുചോദ്യം.

ഇല്ല, അവര്‍ ആരാ?
എനിക്കുമറിയില്ല....
ഉമ്മയുടെ ബന്ധുക്കളാരെങ്കിലുമാകും. ബെല്ലടികേട്ട് കതകു തുറന്നപ്പോള്‍ “ഉമ്മയില്ലെ മോളേ“ എന്നു ചോദിച്ചു.

ഉടനെ വിളിച്ചു അകത്തു കയറ്റിയോ? ആ‍രാ, എന്തായെന്നറിയാതെ?... എനിക്കു ദേഷ്യം വന്നു തുടങ്ങി.

മോളെ, ചായയുണ്ടോ?
അതിഥിയുടെ ചോദ്യം.

ദാ... എടുക്കുന്നുമ്മാ.....
ഇക്ക അങ്ങോട്ടു ചെല്ലൂ..., അവളെന്നോട് പറഞ്ഞു.

എന്തൊക്കെയുണ്ട് ഉമ്മുമ്മാ?
ആരാണിവര്‍? എന്ന മനസ്സിലുയര്‍ന്ന ചോദ്യത്തെ മധുരം പൊതിഞ്ഞു ഇങ്ങനെ ചോദിച്ചു.

എന്തോ പറയാനാ മോനെ, അങ്ങനങ്ങ് പോകുന്നു.
ഒരു നെടുവീര്‍പ്പോടെ അവര്‍ പറഞ്ഞു നിറുത്തി.

പിന്നെയെന്തു ചോദിക്കണമെന്നറിയാതെ ഞാന്‍ നിന്നു...

പകുതി പണിതീര്‍ന്ന വീട് ആകെയൊന്നു നോക്കി, വിടര്‍ന്ന മുഖത്തോടെ അവര്‍ വിക്കിവിക്കി പറഞ്ഞു തുടങ്ങി.

എനിക്കു മൂന്നു പെണ്മക്കളായിരുന്നു.
രണ്ടു പേരെ കെട്ടിച്ചു... ഇനിയൊരാളുണ്ട്....

ഞാന്‍ ഒന്നു കെട്ടിയതാ. അപ്പോള്‍ തന്നെ പ്രഭാത ഭക്ഷണം മുടങ്ങി. ഇനി വേണ്ടാ....
ഉള്ളില്‍ തോന്നിയത് പക്ഷേ  പുറത്തു പറഞ്ഞില്ല. ചിരിച്ചു നിന്നു.

ഇപ്പോള്‍ ഇളയവള്‍ക്കൊന്നു ഒത്തുവന്നിട്ടുണ്ട്...., പക്ഷേ.....

പെണ്‍കുട്ടിയെ കെട്ടിക്കാനുള്ള സഹായം തേടി വന്നതാണ്. എനിക്കു കാര്യം മനസ്സിലായി.

ഞാന്‍ പാന്റിന്റെ പോക്കറ്റില്‍ പെഴ്സ് തപ്പി...
അവള്‍ കൈകളില്‍ കൊഴക്കട്ടയും ചായയും പിടിച്ചു വാ പൊളിച്ചു നിന്നു.

ഉമ്മൂമ്മ പതിയെ എണീറ്റു...
പിന്നെ കൊഴക്കട്ടയും ചായയും വാങ്ങി വെച്ചു കഴിച്ചു തുടങ്ങി.


ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി നിന്നു.
ഒടുവില്‍ ഉമ്മൂമ്മ ഒരു ഏമ്പക്കവും വിട്ടു, കാശും വാങ്ങി, സലാം പറഞ്ഞു പോയി.

ഇക്കാ, ഇതൊന്നും ആരോടും പറയല്ലേ?
അവളെന്നോട് കെഞ്ചി.

ഉം...
ഞാന്‍ എന്നെത്തന്നെ വിശ്വാസമില്ലാത്തതിനാല്‍ ഒരു അര്‍ദ്ധ സമ്മതം മൂളി. കാരണം, ഇനിവേണം ഞങ്ങള്‍ക്കു ഉച്ചഭക്ഷണത്തിന്റെ പണി തുടങ്ങാന്‍. (അവള്‍ക്കു നല്‍കിയ വാക്ക് ഞാനിപ്പോഴും തെറ്റിക്കുന്നില്ല. ഇതുവരെ വീട്ടില്‍ ആരോടും പറഞ്ഞില്ല. ഒന്നു എഴുതി വെക്കുന്നു. അത്രമാത്രം)


ഇനി കളയാന്‍ സമയമൊട്ടുമില്ല.... ഇപ്പോഴെങ്കിലും തുടങ്ങിയില്ലെങ്കില്‍ ലഞ്ചു മിസ്സാവും.

ഞാന്‍ തേങ്ങ തിരുങ്ങുമ്പോള്‍ അവള്‍ അരി കഴുകി അടുപ്പത്തിട്ടു. അവള്‍ മിക്സിയില്‍ തേങ്ങയരക്കാന്‍ വട്ടം കൂട്ടിയപ്പോള്‍ ഞാന്‍ ഇറച്ചി അറുത്തു കഴുകാനാരംഭിച്ചു.

ഉടനേ കഴുത്തെന്റേതറുക്കൂ ബാപ്പാ....
ഉടയോന്‍ തുണയില്ലേ നമുക്കൂ ബാപ്പാ....

മൊബൈലിലെ എഫ്.എം റേഡിയോയിലപ്പോള്‍ ബലിപ്പെരുന്നാളിന്റെ ഓര്‍മയുണര്‍ത്തുന്ന പാട്ടുകള്‍....


സാധാരണ ദിവസങ്ങളില്‍, അതിരാവിലെ ഉമ്മ മിക്സിയിലരക്കുന്ന ശബ്ദമാണ്  ഞങ്ങള്‍ക്കു ഉറക്കമെണീക്കാനുള്ള അലാറം. ‘കറണ്ടിലുള്ള പണികള്‍ സൂര്യനുദിക്കുന്നതിനു മുമ്പ് തീര്‍ക്കണം. ഇല്ലെങ്കില്‍ പിന്നെ പണിയാവും’ എന്നതാണ് ഉമ്മയുടെ ന്യായം. ഉമ്മയുടെ ആപ്തവാക്യം അന്വര്‍ത്ഥമാക്കിക്കൊണ്ട്, മിക്സി ഓണാ‍ക്കി അല്‍പ്പം കഴിഞ്ഞപ്പോഴേക്കും കറണ്ട് പോയി.

അയ്യോ, ഇക്കാ ഇനിയെന്തു ചെയ്യും?
ഇതൊക്കെ കണ്ട് അടുക്കളക്കു മൂലയില്‍ ചിരിച്ചു കൊണ്ട് കിടക്കുന്ന അമ്മിക്കല്ലിനെയും എന്നെയും മാറി മാറി നോക്കി തലചൊറിഞ്ഞുകൊണ്ട് അവള്‍ ചോദിച്ചു.

പടച്ചോനേ, പെട്ടെന്നു കറണ്ട് വരണേ...
ഞാന്‍ അവളുടെ മുഖത്തു നോക്കാതെ തല കുനിച്ചു പ്രാര്‍ത്ഥിച്ചു.

അവളുടെ ഞ്ചെഞ്ചിടുപ്പിന്റെ താളത്തിനൊത്തു, റേഡിയോ പാടുന്നു...


ഖല്‍ബില് തീ...
ഖല്‍ബില് തീ....


മിക്സിയൊന്നു തുറന്നു ഇത്തിരിയെങ്കിലും അരഞ്ഞു പരുവമായോന്നു നോക്കെടോ.
എന്റെ ഖല്‍ബിലെ തീ കെടുത്താനായി ഞാനവളോട് പറഞ്ഞു.

അല്‍ഹംദുലില്ലാഹ്.
പറഞ്ഞു തീരും മുന്‍പെ കറണ്ടു വന്നു. മിക്സി വീണ്ടും മൂളിത്തുടങ്ങി.

അയ്യോ....
നിലവിളി കേട്ടു നോക്കുമ്പോള്‍ ഭിത്തിയില്‍ അരപ്പു കൊണ്ട് വരച്ച തെങ്ങോലയുടെ ചിത്രം. പ്രിയതമ ഒരു കയ്യില്‍ മിക്സിയുടെ അടപ്പു പിടിച്ചുകൊണ്ട് മറുകയ്യാല്‍ മുഖത്തു നിന്നും, മുരിക്കിന്‍പൂവിന്റെ നിറമുള്ള അരപ്പു വടിച്ചെടുക്കുകയാണ്. മിക്സി അപ്പോഴും പണി ചെയ്തു കൊണ്ടിരുന്നു. റേഡിയോ പാടിക്കൊണ്ടുമിരുന്നു

കിഴക്കു പൂക്കും മുരിക്കിനെന്തൊരു ചൊകചൊകപ്പാണേ  
പുതുക്കപ്പെണ്ണിന് കവിളിനെന്തൊരു തുടുതുടുപ്പാണേ 
ഇനിക്കും നെഞ്ചിന് കരിക്കുമായി പറന്നുവന്നൊരു മാരന് 
തുടിയ്ക്കും കണ്ണില് കനവുമായി തിരഞ്ഞു വന്നൊരു തോഴന് ...

ഖല്‍ബില് തീ...
ഖല്‍ബില് തീ....


ഒരു കണ്ണു തുറക്കാവുന്ന അവസ്ഥയായപ്പോള്‍, ദൈന്യതയോടെ ഒരു കണ്ണു തുറന്നവള്‍ എന്നെ നോക്കി. പകരമായി, ഒരു ചെറു ചിരിയോടെ ഞാനെന്റെ ഒരു കണ്ണ് അടച്ചു കാണിച്ചു.



പഴയ ചില വികൃതികള്‍