ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Monday, July 25, 2016

ഒഴിവു ദിവസത്തെ കളി

രണ്ടാഴ്ച മുമ്പാണു 'ഒഴിവു ദിവസത്തെ കളി' എന്ന ചിത്രം കണ്ടത്. സമയം കിട്ടുന്ന സമയത്ത് ഉള്ളിലെ നീറ്റൽ അവസാനിച്ചിട്ടില്ലെങ്കിൽ ചിത്രത്തെ കുറിച്ച് ചിലതു എഴുതാമെന്ന് അന്നൊരു കൂട്ടുകാരനു വാക്ക് കൊടുത്തതാണു.



ഒഴിവു ദിവസങ്ങളിൽ നന്ദാവനം ലോഡ്ജിന്റെ എഴുപതാം നമ്പർ മുറിയിൽ ഒത്തു ചേർന്ന് മദ്യപിക്കുന്ന നാലു സുഹൃത്തുക്കളുടെ  ഒരു ദിവസമാണു ഉണ്ണിയുടെ 'ഒഴിവു ദിവസത്തെ കളി' എന്ന കഥ. സിനിമയിൽ, ഒഴിവു ദിവസം എന്നത് ഒരു ഇലക്ഷൻ ദിനമാകുകയും കൂട്ടുകാരുടെ എണ്ണം അഞ്ചാകുകയും ലൊക്കേഷൻ കാടിനു നടുവിലുള്ള ഒരു ഗസ്റ്റ് ഹൗസ് ആകുകയും ചെയ്തു.

കഥകൾ സിനിമയാക്കുമ്പോൾ സാധാരണ, ഏച്ചുകെട്ടലുകൾ മുഴച്ചിരിക്കുകയും, കഥകൾ നമ്മളിൽ ഉണർത്തിയ ഭാവനകളേക്കാൾ നിറം കുറയുകയുമായിരുന്നു പതിവ്. എന്നാൽ,  അതിനു വിപരീതമായി ഒഴിവു ദിവസത്തെ കളിയെന്ന ഉണ്ണി ആറിന്റെ കഥയേക്കാൾ മനോഹരമായി സിനിമ എന്നതാണു എന്റെ അഭിപ്രായം.

വിസ്മയമുണർത്തിയ മറ്റൊരു കാര്യം അഭിനയമാണു. മദ്യപിക്കുമ്പോൾ മനസ്സിന്റെ  നിയന്ത്രണം നഷ്ടപ്പെടുമെങ്കിൽ, തീർച്ചയായും മദ്യപിച്ചുകൊണ്ട് മദ്യപാനിയുടെ സ്വഭാവവിശേഷണങ്ങൾ പ്രകടിപ്പിക്കുക ബുദ്ധിമുട്ടായിരിക്കുമല്ലോ? വിവിധ മാനസികനിലയിലുള്ള ആളുകളിൽ മദ്യം അകത്തു ചെല്ലുന്നതനുസരിച്ച് വെളിവാക്കപ്പെടുന്ന സ്വഭാവ വിശേഷങ്ങൾ സ്വാഭാവികമായി പ്രകടിപ്പിക്കാൻ അഭിനേതാക്കൾക്കു കഴിഞ്ഞിരിക്കുന്നു.

നമുക്കിടയിൽ പല തരത്തിലുള്ള ആളുകളുണ്ട്. ഏറെപ്പേരും പൊതു ഇടങ്ങളിൽ തങ്ങളെ മാന്യതയിൽ പൊതിഞ്ഞു കാഴ്ചയ്ക്കു വെക്കുമ്പോഴും ഉള്ളിൽ വേറെ ചില ചിന്താഗതികളും സ്വഭാവങ്ങളും കൊണ്ട് നടക്കുന്നവരാണു. പരമ്പരാഗതമായി കിട്ടുന്ന ചില സ്വഭാവ സവിശേഷതകൾ പുതിയ കാലത്തിനു യോജിക്കാത്തവയെന്നു തിരിച്ചറിഞ്ഞ് നമ്മുടെയുള്ളിൽ നാം തന്നെ ചങ്ങലയ്ക്കിടുന്ന പതിവുമുണ്ട്.  സാഹചര്യമോ സമാനമനസ്കരെയോ ഒത്തു കിട്ടുമ്പോൾ പുറത്തുവരാറുള്ള ആ സ്വഭാവങ്ങളെ, ഇവിടെ മദ്യം ആ ചങ്ങലകളിൽ നിന്നും തുറന്നു പുറത്തു വിടുന്നത് ഭീതിയോടയേ നമുക്ക് വീക്ഷിക്കാനാകൂ...

അകത്തേക്ക് പോകുന്ന ഓരോ ഗ്ലാസ്സ് മദ്യവും പുറത്തേക്ക് കൊണ്ടുവന്ന് പ്രദർശിപ്പിക്കുന്നത് ഒന്നോ രണ്ടോ പതിറ്റാണ്ടിനപ്പുറത്തെ സാമൂഹിക വ്യവസ്ഥ കൂടിയായാണു എനിക്ക് അനുഭവപ്പെട്ടതു. പിന്നിലേക്ക് പോയിപ്പോയി അവസാനം രാജഭരണവും ഉച്ഛനീചത്വങ്ങളും ജാതീയതയുമൊക്കെ ഒന്നിച്ച് പകർന്നാടുകയാണു നമുക്കു മുന്നിൽ. (എന്നാൽ എല്ലാം കഴിഞ്ഞപ്പോൾ, ഈ നടന്നതൊക്കെ സമകാലീന സംഭവങ്ങളുടെ നേർക്കാഴ്ച കൂടിയാണല്ലോ, നമ്മളിപ്പോഴും നൂറ്റാണ്ടുകൾക്കു പിന്നിൽ തന്നെയാണല്ലോ എന്നുകൂടി തോന്നി :) )

വിവിധ സാമൂഹിക പശ്ചാത്തലത്തിൽ ജനിച്ചു ജീവിക്കുന്നവരിൽ, വിവിധ ജീവികളോടും ജാതികളോടും സ്ത്രീകളോടുമൊക്കെ ഉള്ള സമീപനങ്ങളുടെ കാര്യത്തിലുണ്ടാകുന്ന വ്യത്യാസങ്ങൾ വീക്ഷിക്കാൻ കഴിയും.

മേൽജാതിക്കാരന്റെയുള്ളിലെ അധീശത്വ ഭാവം, താഴ്ന്ന ജാതിക്കാരന്റെയുള്ളിൽ ഉറച്ചുപോയ വിധേയത്വം, പൊതുസമൂഹം മൊത്തത്തിൽ വെച്ചു പുലർത്തുന്ന വെളുപ്പിനോടുള്ള ആരാധനയും കറുപ്പിനോടുള്ള പുശ്ചവും, സമൂഹത്തിന്റെ വിവിധ തലത്തിലുള്ളവരുടെയും വിവിധ സാമൂഹിക പശ്ചാത്തലത്തിൽ നിന്നുള്ളവരുടേയും സ്ത്രീകളോടുള്ള സമീപനങ്ങൾ,  വ്യക്തികളേയും അവരുടെ സ്വാധീനങ്ങളേയും പരിഗണിച്ചു കൊണ്ട് കുറ്റവും ശിക്ഷയും കടുകുമണിയോളം ചെറുതാവുകയും രാക്ഷസനോളം വലുതാവുകയും ചെയ്യുന്ന മറിമായങ്ങൾ എന്നിവയൊക്കെ ഒരൊറ്റ ക്യാൻവാസിൽ വരച്ചിട്ടിരിക്കുന്നു.

സ്ത്രീയെ പലരീതിയിലാണു പുരുഷൻ സമീപിക്കുക. അതൊരു അടുക്കള ജോലിക്കാരി ആണെങ്കിൽ സമീപനത്തിൽ പിന്നെയും മാറ്റമുണ്ടാകാം. പെണ്ണിന്റെ താല്പര്യങ്ങൾ കണ്ടാൽ തന്നെ അറിയുന്നവരും, സമീപനത്തിലൂടെ മനസ്സിലാക്കുന്നവരും, തൊട്ടാൽ മാത്രം മനസ്സിലാകുന്നവരും സമൂഹത്തിലുണ്ട്. ചൂളമടിയിലൂടെയുള്ള ശ്രദ്ധ ക്ഷണിക്കൽ മുതൽ പഞ്ചാര വർത്തമാനത്തിലൂടെ കയറിപ്പിടുത്തം വരെ അത് ചെന്നെത്താം. വിവിധ വ്യക്തികളുടെ സ്വഭാവ വിശേഷത്തോടും ധൈര്യത്തോടും മദ്യത്തിന്റെ അളവിനോടും ചേർത്താണതു ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. ആദ്യത്തെ ബിയറടിയിൽ സ്ത്രീയെ നോക്കിയുള്ള ചൂളം വിളി ആരംഭിക്കുന്നു. മദ്യക്കുപ്പികൾ ഒഴിയുന്നതനുസരിച്ച് ശൃംഗാരം വഴി ബലാൽക്കാരത്തിലേക്ക്.... ചൂളമടിച്ച് താൽപ്പര്യമളക്കുന്നവൻ, ശൃംഗരിച്ച് താൽപ്പര്യമളക്കുന്നവൻ, ആഗ്രഹിച്ചതു നേടാൻ ഏതറ്റം വരെയും പോകുന്നവൻ... ഇവർക്കൊക്കെ വ്യക്തമായ പശ്ചാത്തലങ്ങൾ മനോഹരമായി ചേർത്ത് വെച്ചിരിക്കുന്നു.

നമുക്കു ചുറ്റും പല സ്വഭാവക്കാരുണ്ട്. പടത്തിലും അത്തരം ചിലരാണു കൂട്ടുകാർ. കൂട്ടുകാർക്കു വേണ്ടി സാഹസം കാട്ടുന്ന, ഇഷ്ടമില്ലാത്ത കാര്യങ്ങൾ പോലും കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ചെയ്യുന്ന, എല്ലാവരോടും സ്നേഹമുള്ള ചിലർ (ദാസൻ). എന്തൊക്കെ ചെയ്താലും നിന്ദിക്കുന്ന, മറ്റുള്ളവർ തനിക്കു വേണ്ടി ജീവിക്കേണ്ടവരും തന്റെ ആജ്ഞ അനുസരിക്കേണ്ടവരുമാണെന്നു കരുതുന്ന മറ്റുചിലർ... (ധർമ്മപാലൻ) ഓരോ വിഷയത്തിലും വ്യക്തമായ കാഴ്ചപ്പാടുള്ള വേറേ ചിലർ...

വ്യക്തമായ കാഴ്ചപ്പാടുള്ള ചിലർ തന്നെ ആദ്യമൊക്കെ കലഹിക്കുമെങ്കിലും മദ്യത്തിൽ വെള്ളമൊഴിക്കുന്നതിനൊപ്പം നിലപാടുകളിലും വെള്ളമൊഴിച്ച് നേർത്തു നേർത്തു മുതലാളിത്തത്തിനോട് സമരസപ്പെടുന്നതും ഒടുവിൽ മുതലാളിത്തത്തിന്റേയും അധികാരത്തിന്റേയും കാവലാളാകുന്ന കാഴ്ച സമകാലീന രാഷ്ട്രീയത്തിന്റെ നേർകാഴ്ചകൂടിയാകുന്നു.

 മദ്യത്തിന്റെ ശക്തിയാൽ, ഉള്ളിൽ ചങ്ങലയിൽ കെട്ടിയിട്ടിരുന്ന സകല ചിന്താഗതികളും സ്വഭാവങ്ങളും പുറത്തു ചാടിയ സമയത്താണു, കറുത്ത നിറത്തിന്റെ പേരിൽ കൂടെക്കൂടെ അവഹേളിക്കപ്പെട്ടുകൊണ്ടിരുന്ന ദാസൻ എന്ന ട്യൂഷൻ മാസ്റ്റർ, എണീറ്റു നിന്ന് ഒരു ചോദ്യം ചോദിച്ചത് (കവിത ചൊല്ലിയത്). അതിന്റെ തീക്ഷ്ണതയിൽ ഉദയം ചെയ്ത മൂകതയിൽ നിന്നും മോചനമായാണു ആ കളി പിറന്നത്.  ഒരു കള്ളനും പോലീസും കളി. നറുക്കിട്ട് രാജാവും മന്ത്രിയും പോലീസും കള്ളനുമായി നാലുപേർ മാറി. അഞ്ചാമൻ ന്യായാധിപൻ. പോലീസ് കള്ളനെ കണ്ടു പിടിക്കണം. പക്ഷെ തെറ്റി രാജാവിനെയോ മന്ത്രിയേയോ കള്ളനെന്നു വിളിച്ചാൽ ശിക്ഷ അഞ്ച് അടിവീതമാണു.

എന്നാൽ പോലീസിനു തെറ്റു സംഭവിക്കുമ്പോൾ, കൈക്കൂലിയുമൊക്കെ നൽകി രാജാവിനെയും മന്ത്രിയെയും ന്യായാധിപനെയുമൊക്കെ സ്വാധീനിച്ച് ശിക്ഷയിൽ നിന്നും ഒഴിവാകുകയാണു. പക്ഷേ ഒടുവിൽ എല്ലാവരും കൂടി വിചാരണ ചെയ്ത്, മോഷണമെന്നതിനെ ഒരു രാജ്യദ്രോഹ കുറ്റമാക്കുകയും, രാജ്യദ്രോഹിക്കു വധശിക്ഷ വിധിക്കുകയും യാതൊരുവിധ ദയയും കാണിക്കാതെ,  നെഞ്ചിൽ ചവിട്ടി താഴെയിടുകയും, കളിയാണെന്നതു പോലും പരിഗണിക്കാതെ എല്ലാവരും കൂടി തൂക്കിക്കൊല്ലുകയും ചെയ്യുന്നു.

 "മൂന്നു പെഗ്ഗിന്റെ  പൊയ്ക്കാലിലൂന്നി നിൽക്കുന്ന തലച്ചോറിലപ്പോൾ ധർമ്മപാലൻ ചവിട്ടു നാടകത്തിലെപ്പോലെ കാലുകളുയത്തി രാജാവിനെപ്പോലെ വേഷം കെട്ടി നിന്നു" എന്നാണു കഥയിൽ ഉണ്ണി. ആർ എഴുതിയിരിക്കുന്നത്. മദ്യത്തിന്റെ പൊയ്ക്കാലിലേറിയ മറ്റുള്ളവരുടെ തലച്ചോറുകളിൽ മന്ത്രിയും പോലീസും ന്യായാധിപനും ശിക്ഷിക്കാനുളള സർവ്വാധികാരത്തെ ആവാഹിച്ചു നിൽക്കുകയായിരുന്നു.

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത് ആരായിരിക്കും? ചരിത്രമറിയുന്നവനു അതു ആരായിരിക്കുമെന്നത് പ്രവചിക്കാൻ കഴിയും. ലോകത്തിലെ, നമ്മുടെ നാട്ടിലേയും സമകാലീന സംഭവങ്ങൾ വീക്ഷിക്കുന്നവനും ഉത്തരം തെറ്റില്ല...

ഒടുക്കം:
ചിത്രത്തിന്റെ തുടക്കത്തിൽ, പാകം ചെയ്യാനായി ഒരു കോഴിയെ കൊല്ലുന്ന രംഗമുണ്ട്. ചിത്രത്തിൽ കോഴിയെ കൊല്ലുന്നതു കാണിക്കുന്നതൊക്കെ കുറ്റമായതിനാലാകും കഴുത്തിൽ കയറിട്ടു കെട്ടിത്തൂക്കിയ ശേഷം ഒരു നിശ്ചലമായ ഫ്രെയിമിൽ കോഴിയുടെ ചിറകടി ശബ്ദം മാത്രം കേൾപിച്ചത് എന്നു കരുതി. എന്നാൽ ചിത്രത്തിന്റെ അന്ത്യത്തിൽ, തൂങ്ങിനിൽക്കുന്ന മനുഷ്യനെ കാണിച്ച ശേഷം ആ പഴയ ചിറകടി ശബ്ദം മാത്രമുള്ള നിശ്ചലമായ ഫ്രെയിം അവസാന ഫ്രെയ്മായി വന്നപ്പോൾ, അതൊരു മനുഷ്യന്റെ മരണപ്പിടപ്പിന്റെ ശബ്ദമായി മാറി. അതിന്റെ ഷോക്കിൽ,  ഒരു നല്ല ചിത്രം കണ്ടിട്ടും എഴുന്നേറ്റു നിന്നൊന്നു കയ്യടിക്കാൻ പോലുമാകാതെ ഞാൻ ഇരുന്നു പോയി.

പഴയ ചില വികൃതികള്‍