ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Thursday, February 19, 2009

ലൗ അറ്റ്‌ ഫസ്റ്റ്‌ സൈറ്റ്‌

ഇതെന്റെ അവസാന പ്രണയത്തിന്റെ ആദ്യവാര്‍ഷികം. എല്ലാവരും ആദ്യപ്രണയത്തെകുറിച്ചാണല്ലോ പറയാറ്‌. ഇതൊരു ചേയ്ഞ്ചായിക്കോട്ടെ. കൂടാതെ, ‘ ലവള്‍- എന്റെ നായിക‘ ഇതിടക്കിടക്കു എടുത്തു നോക്കുന്ന ഒരു ശീലം തുടങ്ങിയിട്ടുമുണ്ട്‌. അവള്‍ “ഇക്കാ, എന്റെ കഥയെപ്പ വരും? ഒന്നിടുമോ? ഇന്നിടുമോ? ” എന്നു ചോദിച്ചു സ്വൈര്യം കെടുത്താന്‍ തുടങ്ങിയിട്ടു കുറച്ചു കാലവുമായി. പ്രണയം പൂവണിഞ്ഞതിനു ശേഷം വന്ന ആദ്യ വാലെന്റൈന്‍സ്‌ ഡേ, ദേ... പോവുകയും ചെയ്തു. എല്ലാവര്‍ക്കും പ്രണയ കഥകള്‍ ഇഷ്ടമായിരിക്കുമല്ലോ? എന്നാല്‍ പിടിച്ചോ, ഇതെന്റെ ഒടുവിലത്തെ പ്രണയത്തിന്റെ കഥ.

വിവാഹപ്രായമായപ്പോഴാണു ഞാന്‍ എഞ്ചിനീയറിംഗ്‌ പഠിക്കാന്‍ പോയതു. രണ്ടായിരുന്നു ഉദ്ദേശം. ഒരുപാടെണ്ണം വരുന്നതല്ലേ? ഒത്താല്‍ ഒന്നിനെ അവിടെനിന്നും വളച്ചു ജീവിതത്തിലേക്കു കൂട്ടുക. പക്ഷേ, പുതിയ നൂറ്റാണ്ടിലെ കാമ്പസ്‌ ഏറെ മാറിയിരുന്നു. പിള്ളേര്‍ക്കൊക്കെ നല്ല ബോധമുണ്ടായിരുന്നതിനാല്‍ (സൗന്ദര്യ ബോധവും, പഠിക്കണമെന്നുള്ള ബോധവും) ആ ഉദ്ദേശം എങ്ങും തൊടാതെ പാളി. പഠിച്ചിറങ്ങിയാല്‍, നമ്മുടെ പ്രായത്തിലുള്ള അവിവാഹിതരായ എഞ്ചിനീയര്‍സ്‌ നാട്ടില്‍ കുറവായതിനാല്‍ മാര്‍ക്കറ്റിലിത്തിരി ഡിമാന്റ്‌ ഉണ്ടാകും എന്നതായിരുന്നു രണ്ടാമത്തെ വിചാരം.

പഠനം കഴിഞ്ഞു. രണ്ടാമത്തെയുദ്ദേശവുമായി നമ്മള്‍ മാമാമാരുടെയും, മാമാമാര്‍ നമ്മുടെയും, പിന്നെ കെട്ടുപ്രായമായ പെണ്‍കുട്ടികളുടെയും വീടുകള്‍ കയറിയിറങ്ങി. ബാക്കിയായതു തേഞ്ഞ ചെരുപ്പുകള്‍ മാത്രം. മാര്‍ക്കറ്റില്‍ ഡിമാന്റ്‌ ഉയര്‍ന്നുകൊണ്ടേയിരുന്നു... അതും ചെരുപ്പുകള്‍ക്കുമാത്രം....

ഒടുവില്‍ ഒരു ദിവസം,
തീയതിയും സമയവുമൊക്കെ അറിയണമെങ്കില്‍ അവളോട്‌ തന്നെ ചോദിക്കേണ്ടി വരും. അല്ലെങ്കില്‍ തന്നെ അതിലെന്തിരിക്കുന്നു. “എന്റെ ഒരു സമയം... അത്രതന്നെ....”

അതിരാവിലെ കുളിച്ചൊരുങ്ങി ഞാന്‍ വണ്ടിയില്‍ കയറി. ഇന്നു രണ്ടിലൊന്നു അറിഞ്ഞിട്ടു തന്നെ കാര്യം. ഒന്നുകില്‍ ‘അവള്‍ വീഴും’, ‘അല്ലെങ്കില്‍ അവള്‍ വീഴില്ല’. നമ്മളുടെ വീഴ്ചയെക്കുറിച്ചു പറയേണ്ടതില്ലല്ലോ?

'അവള്‍ വീഴല്ലേ' എന്നായിരുന്നു എന്റെ ആദ്യ പ്രാര്‍ത്ഥന. പത്തറുപതു കിലോമീറ്റര്‍ ദൂരം പോകണം. അവിടെ ചെല്ലുമ്പോഴേക്കും ആകെയൊരുപരുവമായിത്തീരുന്ന എന്നെക്കണ്ട്‌, അവളെങ്ങാന്‍ സകലപ്രതീക്ഷയും നശിച്ചു 'ബോധംകെട്ടുവീണാല്‍' അതിന്റെ പഴികൂടി കേള്‍ക്കേണ്ടി വരും. ഇപ്പോള്‍തന്നെ നമ്മുടെ കോലം ‘അസ്തികൂട’ത്തിനു സമാനമാണെന്ന പഴി തട്ടാതെ നടക്കാന്‍ പറ്റുന്നില്ല (ഹും... അതും എന്റെ കുഴപ്പം?).

"പടച്ചോനെ, ഇവളെങ്കിലും വീഴണെ" ഇടക്കിടക്കു ആരും കേള്‍ക്കാതെ ഇങ്ങനെയും പ്രാര്‍ത്ഥിക്കും. 'ഇവനെയെനിക്കെങ്ങും വേണ്ട ' എന്നിവളും പറഞ്ഞാല്‍ പിന്നെ ഈ സംസ്ഥാനം വിടുകയേ രക്ഷയുള്ളൂ...

എന്തു ചെയ്യാം, നാട്ടിലൊന്നും പെണ്ണില്ലാഞ്ഞിട്ടല്ല. ഒന്നും നമ്മുടെ സൈസിനു മാച്ച്‌ ആവുന്നില്ല. മാച്ചാവണമെങ്കില്‍ നമ്മളെപ്പോലെ പെര്‍ഫക്റ്റ്‌ ആയിരിക്കണ്ടെ? നീളവും വണ്ണവുമൊന്നും ഒട്ടും കൂടരുത്‌. അതായതു ഞങ്ങളുടെ ഫാമിലിയിലെ കല്യാണപ്രായമായ കുട്ടികളെ കണ്ടാല്‍, 'പത്തിലാന്നോ മോളു പഠിക്കുന്നേ?' എന്നു മറ്റുള്ളവര്‍ ചോദിക്കും. ചുരുക്കി പറഞ്ഞാല്‍ ഒരു ‘ലില്ലിപ്പുട്ടു‘ സ്റ്റൈല്‍. എന്റെ കൂട്ടുകാരന്‍ ശ്രീജയന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ‘ലില്ലി’ സ്റ്റൈല്‍. കാരണം ലില്ലിപ്പുട്ടെന്ന വാക്കിനിത്തിരി നീളമുണ്ട്‌. എന്റെ കാര്യത്തിലത്രയും ആവശ്യമില്ല, അതിന്റെ പകുതിയായ ലില്ലി മാത്രം മതിയാവുമത്രെ?

ഇതിപ്പോള്‍, നാട്ടിലെ പിള്ളേരൊക്കെ കൊന്നത്തെങ്ങിന്റ മുകളിലെ തേങ്ങ കയ്യെത്തി പറിക്കുന്ന ഇനമല്ലേ? ഇനി സൈസ്‌ മാച്ചാവുന്ന ഐറ്റംസിനെ പറ്റി വിവരമറിഞ്ഞാല്‍, ഒന്നു കാണും മുമ്പെ അവരുടെ കാരണവന്മാര്‍ നമ്മളെകണ്ട്‌ ബോധിച്ച്‌ പേരു വെട്ടിയിട്ടുണ്ടാവും. എന്നാല്‍ പിന്നെ ഡയറക്റ്റ്‌ മുട്ടി, മുട്ടി നില്‍ക്കുന്ന ഏതെങ്കിലുമൊന്നിനെ ചാടിക്കാമെന്നു വിചാരിച്ചാല്‍, ഹാ, കഷ്ടം!!! സ്ഥിരമായി നാട്ടിലില്ലാത്തതിനാല്‍ ഊടുവഴികളൊന്നും പരിചയവുമില്ല.

പത്താം ക്ലാസ്സു കഴിഞ്ഞപ്പോള്‍ പഠനവും ജോലിയുമായി നാടു കടത്തിയതാ. ഇപ്പോള്‍ എല്ലാം കൂടി രാമന്റെ വനവാസത്തിന്ന് സമാനമായ കാലവുമായി. പുള്ളിക്കാണേല്‍ കാട്ടിലും കൂട്ടിനാളുണ്ടായിരുന്നു. ഞമ്മളിവിടെ കൂട്ടുതേടി വനവാസം നടത്തേണ്ടി വരുമോയെന്തോ?

പൊത്തോ....
ഞാന്‍ ഞെട്ടിയെഴുന്നേറ്റു. വണ്ടി റോഡിലെയൊരു കുഴിയില്‍ വീണതാ. വണ്ടി എന്‍.എച്ച്‌ വിട്ടു ബൈറൂട്ടു പിടിച്ചതിന്റെ സിംബല്‍. ഇത്തിക്കരയാറ്റിലെ വെള്ളത്തില്‍ തുഴഞ്ഞുനീങ്ങുന്ന വള്ളങ്ങളും, സമീപത്തെ റോഡില്‍കൂടി ഞങ്ങളും ആടിയാടി നീങ്ങി.

എന്തിനേറെപ്പറയണം, ഒടുവില്‍ വീടെത്തി. വന്ന റോഡു എവിടെയോ തീര്‍ന്നിരുന്നു. മുന്നിലൊന്നും കാണുന്നുണ്ടായിരുന്നില്ല. പൊടിയൊന്നടങ്ങിയപ്പോള്‍ വണ്ടിയില്‍ നിന്നുമിറങ്ങി ഞാന്‍ കൈകാലുകള്‍ വലിച്ചു നിവര്‍ത്തി. ‘നടു‘ ഇനി വീട്ടില്‍ ചെന്നിട്ടു തൈലമിട്ടിട്ടുവേണം നിവര്‍ത്താന്‍. പിന്നെ പറമ്പൊക്കെയൊന്നു നോക്കി. അതാ, വീട്ടുമുറ്റത്തു ഒരു സൂയിസൈഡ്‌ പോയിന്റ്‌. എന്തായാലും രണ്ടിലൊന്നു ഇന്നിവിടെ തീരുമാനിക്കാം, എല്ലാ ഓപ്ഷനുകളും ദാ നീണ്ടു നിവര്‍ന്നു കുത്തനെ കിടക്കുവല്ലേ?

നന്നായി വിയര്‍ക്കുന്നുണ്ടായിരുന്നു. ടെന്‍ഷന്മൂലമായിരിക്കുമെന്നു ഞാനന്നു കരുതി. പിന്നീടൊരിക്കല്‍ അവിടുത്തെ കാലാവസ്ഥയെക്കുറിച്ചവള്‍ അഭിമാനത്തോടെ വിശേഷിപ്പിച്ചതു 'മിതശീതോഷ്ണമേഖല' എന്നായിരുന്നു. ഒടുവില്‍, സ്വസ്ഥമായി അവിടെയിരുന്നു വിയര്‍ത്ത നാളുകളില്‍, മിതശീത-"ഉഷ്ണമേഖല" എന്നാണവള്‍ പറഞ്ഞതെന്നെനിക്കു മനസ്സിലായി.

ഒരു ചെറിയ വീട്‌. ആള്‍ക്കാരും നമ്മളെപ്പോലെ ലില്ലിപ്പുട്ടുകാരാവും. ഞാന്‍ ചിന്തിച്ചു. പെണ്ണിന്റെ ആങ്ങളച്ചെക്കന്‍ ഞങ്ങളെ അകത്തേക്കു ക്ഷണിച്ചു. 'പത്തറുപതു കിലോമീറ്റര്‍ വെറുതെ ഓടിയോ' എന്നായി അപ്പോളെന്റെ സംശയം. ഞങ്ങളെ രണ്ടുപേരെയുംകൂടി കണ്ടാല്‍ ആനയും ആടും പോലെ.

അകത്തിരിക്കുമ്പോള്‍, വകയിലെ മൂന്നാലാങ്ങളമാരും കൂടി നമ്മളെ വാച്ച്‌ ചെയ്തു മുന്നിലൂടെ പോയി. ‘എണീറ്റ്‌ നിന്നിട്ടു അവരുടെ മുഖത്തേക്കു നോക്കിയാല്‍ കഴുത്തു ഉളുക്കും. ഇരുന്നുകൊണ്ട്‌ നോക്കുമ്പോള്‍, നമ്മള്‍ മലര്‍ന്നു കിടക്കുന്ന പ്രതീതി‘. ഒന്നുരണ്ട്‌ പേര്‍ പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ തല കുനിച്ചു. ഇനി പെണ്ണുവന്നു നില്‍ക്കുമ്പോള്‍ ഇങ്ങനെതന്നെ മിക്കവാറും നോക്കേണ്ടി വന്നേക്കും. എന്റെ പ്രതീക്ഷയുടെ വിളക്കില്‍ കരിന്തിരി എരിഞ്ഞു തുടങി.

‘പെണ്ണിനു നീളക്കുറവാ‘ എന്നാണ്‌ പറഞ്ഞിരുന്നതു. അതുമാത്രം നോക്കി എഴുന്നള്ളിയതാ. എന്തായാലും പണി പാളിയെന്നാ തോന്നുന്നേ? ഇതിപ്പോള്‍ 'ഗള്ളിവര്‍‘  വലിയമനുഷ്യരുടെ നാട്ടിലെത്തിയ അവസ്ഥ. ഇവിടുത്തെ അളവുകോലുകളും, ഗള്ളിവര്‍ കണ്ട വലിയമനുഷ്യരുടെ നാട്ടിലേതുപോലെയെങ്ങാനുമാണോ? 'ഒരു മീറ്റര്‍ എന്നു ഇവര്‍ പറയുന്നതിനു എത്ര നീളം ഉണ്ടാവുമോ എന്തോ?‘

എന്താ പരിപാടി? മുന്നിലൂടെ പോയ ഒരു തടിയനോട് വാപ്പയുടെ ചോദ്യം.
പഠിക്കുവാ... മറുപടി.

എന്തിനാ? വിശ്വാസമാകാതെ വാപ്പയുടെ അടുത്ത ചോദ്യം.
പത്തിലാ....

വാപ്പ കുറച്ചുനേരം മിണ്ടാതിരുന്നു. പിന്നെ സമനില തിരിച്ചു കിട്ടിയപ്പോഴാകണം, എന്നെയാകെയൊന്നു നോക്കി, 'എന്നാല്‍ പെണ്‍കുട്ടിയെക്കൂടി കണ്ടേക്കാം?' എന്നു പറഞ്ഞു.

അതിനിടയില്‍ വാതില്‍പാളികള്‍ക്കിടയിലൂടെ എന്നെത്തന്നെ പാളിനോക്കുന്ന ചില കണ്ണുകളുടെ സാന്നിദ്ധ്യം ഞാന്‍ മനസ്സിലാക്കി. നമ്മളുടെ സ്വതസിദ്ധമായ വായില്‍നോട്ടം, സകല പ്രതിബന്ധങ്ങളെയും തട്ടിത്തെറുപ്പിച്ചു എന്റെ തലയെ ഉയര്‍ത്തി അവര്‍ക്കഭിമുഖമായി തിരിച്ചു നിര്‍ത്തി.

കൂടി നില്‍ക്കുന്ന സ്ത്രീജനങ്ങള്‍ക്കിടയിലാരുടെയോ കക്ഷത്തില്‍ നിന്നുത്ഭവിക്കുന്ന ഒരു തല. എന്നെ കൊല്ലല്ലേയെന്നു യാചിക്കുന്ന മുഖഭാവം. ശ്വാസം കിട്ടാതെയാവണം, വിടര്‍ന്നു തള്ളിയ രണ്ട്‌ കണ്ണുകള്‍ (അതു ജന്മനാ അങ്ങനെതന്നാണെന്നു പിന്നെയാണ്‌ മനസ്സിലായതു). തല കക്ഷത്തില്‍ നിന്നും ഉത്ഭവിച്ചതല്ല, പൊക്കം മറ്റുള്ളവരുടെ ആ ഭാഗം വരയേയുള്ളൂ എന്ന് സൂക്ഷിച്ചു നോക്കിയപ്പോള്‍ മനസ്സിലായി. അതെ, എന്നെ കാണിച്ച അതേ മുഖം. എനിക്കു പാതി ആശ്വാസമായി.

കൂടിക്കാഴ്ചക്കു സമയം അനുവദിച്ചു കിട്ടി. സ്ത്രീജനങ്ങള്‍ക്കിടയില്‍ ആകെയൊരു പിടിവലി. എന്തൊക്കെയോ വലിച്ചുകീറുന്ന ശബ്ദം. ഞാന്‍ എന്തുചെയ്യണമെന്നറിയാതെ നിന്നു. തണ്ടും തടിയുമുള്ള അനിയത്തിമാരിലാരോ ഒരുവള്‍, അവളെ തള്ളി എന്റെ മുന്നിലേക്കിട്ടു. ഉമ്മയുടെ സാരിത്തലപ്പിലെ പിടി അപ്പോഴുമവള്‍ വിട്ടിരുന്നില്ല. കീറിപ്പോയ സാരിത്തലപ്പു, ബാക്കികൂടി കീറിയവളെയേല്‍പ്പിച്ചിട്ടു ഉമ്മ നടന്നുനീങ്ങി. ഞങ്ങളെ തനിച്ചാക്കി മറ്റുള്ളവരും പോയി. എങ്കിലും എല്ലാവരുടെയും കണ്ണുകള്‍ നമ്മുടെമേല്‍ തന്നെ കറങ്ങിനടക്കുന്നുണ്ടായിന്നു.

വിറക്കുന്ന ചുണ്ടുകള്‍, മുമ്പ്‌ കണ്ടതിനേക്കാള്‍ കുറച്ചുകൂടി തള്ളിയ കണ്ണുകള്‍. അവള്‍ പിടിച്ചു നിന്ന കസേര ആടിക്കൊണ്ടേയിരുന്നു....

ഇപ്പോള്‍ എനിക്കു പൂര്‍ണ്ണ ആശ്വാസമായി. ഈ ഭൂമിയില്‍, എന്നെ പേടിയുള്ള ഒരു വ്യക്തിയെ ഞാന്‍ കണ്ടുമുട്ടിയിരിക്കുന്നു......

അലസമായി ചുറ്റിത്തിരിഞ്ഞ എന്റെ കണ്ണുകള്‍ ഭിത്തിയിലെ ഘടികാരത്തില്‍ തടഞ്ഞു. അതു, ആട്ടമൊക്കെ നിര്‍ത്തി ഞങ്ങളെ നോക്കി നില്‍ക്കുന്നു. ഛെ, ആഭാസന്‍.....

വീണ്ടും എന്റെ നോട്ടം കുട്ടിയിലെത്തി. ഇനിയിതു ഞാന്‍ തന്നെ ചൊമക്കേണ്ടി വന്നാലോ? നേരേ ചൊവ്വേ നോക്കിയില്ലേല്‍ ഞാന്‍ തന്നെ അനുഭവിക്കും...
ഈ കൊച്ചു ഇപ്പോള്‍ വീഴും... ഞാനുറപ്പിച്ചു.
ഞാനവളെ ദയനീയമായി നോക്കി. പ്ലീസ്‌... ഇപ്പോള്‍ ബോധംകെട്ടുവീണ് എന്നെ നാറ്റിക്കരുത്‌....

അപ്പോഴും പേടിമാറാത്ത അവളുടെ കണ്ണിലെ കൃഷ്ണമണികള്‍ 360 ഡിഗ്രിയില്‍ ഒന്നു കറങ്ങി പഴയ നിലയില്‍ വന്നു നിന്നു. അപ്പോള്‍ അവളെന്റെ മുഖം കണ്ടു.

"പാവം, ഇതിനെ കെട്ടി ഒരു ജീവിതം കൊടുത്തേക്കാം". എന്റെ മുഖത്തെ ദൈന്യതയും, ഭയവും, അപേക്ഷാഭാവവുമൊക്കെകൂടി കണ്ടപ്പോള്‍ അവളുടെയും കരളലിഞ്ഞു.

എന്റെ മുഖത്തെ ദയനീയതയും അപേക്ഷാഭാവവും വിവാഹ അഭ്യര്‍ത്ഥനയാണെന്നും, ഇതു നടന്നില്ലെങ്കില്‍ ഞാന്‍ എന്തെങ്കിലും കടുംകൈ ചെയ്തേക്കുമെന്നും അവള്‍ ധരിച്ചുപോയിരിക്കണം....
‘ആദ്യമായിട്ടാണവളുടെ മുന്നിലൊരാള്‍ ഭയത്തോടെ നില്‍ക്കുന്നതത്രേ... ‘- അങ്ങനെ അവള്‍ക്കും കിട്ടി സമാധാനിക്കാനൊരു വക.

ഇനിയെന്തിനേറെ പറയണം, രണ്ടുപേര്‍ക്കും പൂര്‍ണ്ണസമ്മതം. അങ്ങനെ ഞങളങ്ങ് പ്രണയിച്ചു തുടങ്ങി.
ഇതാണു  'ലൗ അറ്റ്‌ ഫസ്റ്റ്‌ സൈറ്റ്‌'.


25 comments:

Irshad said...

ഒരുപാടെണ്ണം വരുന്നതല്ലേ? ഒത്താല്‍ ഒന്നിനെ അവിടെനിന്നും വളച്ചു ജീവിതത്തിലേക്കു കൂട്ടുക. പക്ഷേ, പുതിയ നൂറ്റാണ്ടിലെ കാമ്പസ്‌ ഏറെ മാറിയിരുന്നു. പിള്ളേര്‍ക്കൊക്കെ നല്ല ബോധമുണ്ടായിരുന്നതിനാല്‍ (സൗന്ദര്യ ബോധവും, പഠിക്കണമെന്നുള്ള ബോധവും) ആ ഉദ്ദേശം എങ്ങും തൊടാതെ പാളി.

പകല്‍കിനാവന്‍ | daYdreaMer said...

((ഠേ))
ദേ കെടക്കുന്നു ആദ്യത്തേത്..( അടി )
കൊള്ളാട്ടോ...

ധനേഷ് said...

"ഇപ്പോള്‍ എനിക്കു പൂര്‍ണ്ണ ആശ്വാസമായി. ഈ ഭൂമിയില്‍, എന്നെ പേടിയുള്ള ഒരു വ്യക്തിയെ ഞാന്‍ കണ്ടുമുട്ടിയിരിക്കുന്നു......"

സൂപ്പര്‍..

ഞാന്‍ അടിക്കണമെന്ന് വിചാരിച്ച് വന്ന അടി പകല്‍ക്കിനാവന്‍ അടിച്ചു.

ഇനി അടിയില്ല...

(അല്ലെങ്കിലും പണ്ട് ഇങ്ങനെ ഒരു പെണ്ണ് കാണല്‍ ഭാവനയില്‍ കണ്ട് ഒരടി നടത്തിയതിന്റെ തെളിവുകള്‍ മെയിലില്‍ ഉണ്ട് :) )

രമേഷ് said...

ലില്ലി ഫമിലീസ്.... :)

Unknown said...

neethavee kidilan... ivide irunnu chirikkunnathu kandu PM aduthuvannu chodichu ...
"entha mone friday aayathukondano ithra santhosham ennu...." thanks machuuuuu

ചെലക്കാണ്ട് പോടാ said...

മാര്‍ക്കറ്റില്‍ ഡിമാന്റ്‌ ഉയര്‍ന്നുകൊണ്ടേയിരുന്നു... അതും ചെരുപ്പുകള്‍ക്കുമാത്രം..

ചെലക്കാണ്ട് പോടാ said...

ഈ ചെയഞ്ച് കൊള്ളാം....

നിങ്ങളും ഷമീമിനെ പോലെ ശൈശവ വിവാഹത്തിന്റെ ആളാണല്ലേ.....

ദീപ said...

"""പാവം, ഇതിനെ കെട്ടി ഒരു ജീവിതം കൊടുത്തേക്കാം". എന്റെ മുഖത്തെ ദൈന്യതയും, ഭയവും, അപേക്ഷാഭാവവുമൊക്കെകൂടി കണ്ടപ്പോള്‍ അവളുടെയും കരളലിഞ്ഞു."""


അപ്പോള്‍ അങ്ങനെ ആണ് അല്ലേ സങ്ങതികളുടെ കിടപ്പ്.. അത് ശരി..
സ്വന്തം ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഏഡ്‌ ....
നന്നായിട്ടുണ്ട് കേട്ടോ... എന്നാലും പോകുന്ന വഴിക്ക് നമ്മുക്കിട്ട് ഒരു പണീം കൂടെ...പിന്നെ കാണാം കേട്ടോ...

Irshad said...

പകല്‍കിനാവന്‍, നിങളുടെ നടയടിക്കു നല്ല രാശിയാണു കെട്ടോ....നന്ദി.

ധനേഷ്, എല്ലാം മെയിലില്‍ ഉണ്ട്. അതവിടെ ഭദ്രമായി ഇരിക്കട്ടെ..

രമേഷ്, :)
അച്ചായാ‍, നിന്നെ പിരിച്ചു വിട്ടില്ലല്ലോ?

ചെലക്കാണ്ട് പോടാ, ജീവിച്ചു പൊയ്ക്കോട്ടിഷ്ടാ...

ദീപ, പോകുന്നവഴിക്കു നീ എഴുതുന്നുണ്ടെന്നു നാലുപേരെ അറിയിച്ചതല്ലെ? ചിലവു വേണം കെട്ടോ?

എല്ലാവര്‍ക്കും നന്ദി... വീണ്ടും വരിക

വിഷ്ണു | Vishnu said...

" ഈ ഭൂമിയില്‍, എന്നെ പേടിയുള്ള ഒരു വ്യക്തിയെ ഞാന്‍ കണ്ടുമുട്ടിയിരിക്കുന്നു......"

ഇപ്പോള്‍ ആ പേടിയൊക്കെ പോയി കാണും അല്ലെ??

എഴുത്ത് കസറി. അടുത്ത പോസ്റ്റായി കാത്തിരിക്കുന്നു

ജോബിന്‍ said...

അങ്ങനെ ബീവിയെക്കുറിച്ചും എഴുതി.. കിട്ടാനുള്ള അടിയൊക്കെ പുള്ളിക്കാരത്തി തന്നു കാണും എന്ന് വിശ്വസിക്കുന്നു...
പിന്നെ ഇക്കാ ഇതൊരു മുന്‍‌കൂര്‍ ജാമ്യം ആണല്ലോ... അവസാന പ്രണയം എന്നൊക്കെ..
ഇക്ക ഇപ്പോളും തിരോന്തോരം വഴി പ്രണയിച്ചു നടക്കുന്നതിനു തെളിവുണ്ടേ....
(ഇതെങ്ങാനും വായിച്ചു ബീവി കുടുംബ കലഹം ഉണ്ടാക്കിയാല്‍ ഞാന്‍ കൃതാര്‍ഥനായി...)

Irshad said...

വിഷ്ണു,
അവളുടെ പേടിയൊക്കെ എന്നേ പോയി. എനിക്കിത്തിരി പേടി കൂടിയോ എന്നാ ഇപ്പോള്‍ സംശയം.

നായരേ, ശ്..ശ്..പതുക്കെ, ചതിക്കല്ലേ...(ഐശ്വര്യാറായി മുതല്‍ നയന്‍‌താരവരെയുള്ളവരെ പ്രണയിച്ച കഥ അവള്‍ക്കു അറിയില്ല.)

അമതന്‍ said...

“ഇതിപ്പോള്‍, നാട്ടിലെ പിള്ളേരൊക്കെ കൊന്നത്തെങ്ങിന്റ മുകളിലെ തേങ്ങ കയ്യെത്തി പറിക്കുന്ന ഇനമല്ലേ? ഇനി സൈസ്‌ മാച്ചാവുന്ന ഐറ്റംസിനെ പറ്റി വിവരമറിഞ്ഞാല്‍, ഒന്നു കാണും മുമ്പെ അവരുടെ കാരണവന്മാര്‍ നമ്മളെകണ്ട്‌ ബോധിച്ച്‌ പേരു വെട്ടിയിട്ടുണ്ടാവും.“

നീ രക്ഷപ്പെട്ടു...
ഞാ‍നൊ...?

സുജിമോന്‍ said...

അളിയാ തകര്‍ത്തു കളഞ്ഞു. നീ ഒരു സാംകേതികനായ കലാകാരന്‍ തന്നെ.സ്വന്തം ജീവിതാനുഭവങ്ങളെ നര്‍മത്തില്‍ പൊതിഞ്ഞു പരസ്യപ്പെടുത്താന്‍ നീ കാണിച്ച ചങ്കൂറ്റം അപാരം തന്നെ.

ശ്രീ said...

കൊള്ളാം മാഷേ... ഇതു തന്നെ “ലൌ അറ്റ് ഫസ്റ്റ് സൈറ്റ്”.

എഴുത്തിന്റെ ശൈലി രസകരമായിരിയ്ക്കുന്നു, രസകരമായി, ഒഴുക്കോടെ വായിച്ചു തീര്‍ത്തു. അപ്പോള്‍ വിവാഹ വാര്‍ഷികാ‍ശംസകള്‍ കൂടെ നേരുന്നു. :)

Irshad said...

അമതന്‍, നിന്റെ നമ്പരും വരും. ക്ഷമിച്ചു ഇരിക്കിഷ്ടാ

സുജിമോനളിയാ, ഒന്നെത്തിനോക്കിയല്ലോ, വളരെ സന്തോഷം.പിന്നെ, നമ്മളെക്കുറിച്ചുതന്നെയെഴുതുമ്പോള്‍ മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്ന ചിന്ത വേണ്ടല്ലോ

ശ്രീ, വളരെ സന്തോഷം. ആശംസകള്‍ക്കും.

മാണിക്യം said...

"ലൗ അറ്റ്‌ ഫസ്റ്റ്‌ സൈറ്റ്‌"
നന്നായി......
കഥ പറച്ചിലിനു വായനക്കാരെ
പിടിച്ചിരുത്താന്‍ ഉള്ള ഒഴുക്കുണ്ട്..

ബ്ലോഗ് കാണാന്‍ നല്ല ഭംഗീ!

ആശംസകള്‍

Biju said...

മച്ചൂ...
തകര്‍ത്തു...
feeds ഒന്നും കിട്ടിയില്ല. അതോണ്ട് post വന്നതു അറിഞ്ഞില്ല..

തവമിത്രം said...

kidilam, machuuu nee oru sambhavam thanne, sambhavabahulamaayi sambhavangale varnikkaan sambramikkathe nee shramikkunnundallo, yente sambhavana.. irshaad kiiii jayyyy...

ഭ്രാന്തനച്ചൂസ് said...

കൊള്ളാം....വളരെ നന്നായിട്ടുണ്ട്.ഒപ്പം രസകരവും...!! ഇക്കഴിഞ്ഞ ജൂണ്‍ 4 ന് രാത്രി 7.30 നും 8.30 നും ഉള്ള ശുഭ മുഹൂര്‍ത്തത്തില്‍ ഞാനും ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്ന് പോയിരുന്നു. അന്ന് കണ്ടവളേ ഒപ്പം കൂട്ടാം എന്ന് തീരുമാനിക്കുകയും ചെയ്തു. എന്റെ കാര്യത്തില്‍ ഘടികാരത്തിനു പകരം നമ്മുടെ കെ.എസ്.ഇ.ബി ആയിരുന്നു കൂട്ട് നിന്നത്. കൂടിക്കാഴ്ചയുടെ മൂര്‍ദ്ധന്യാവസ്ഥയില്‍ കൃത്യമായി പവര്‍ കട്ട് ചെയ്ത് സഹായിച്ചു. എന്താ ഒരു ആത്മാര്‍ഥത...അല്ലേ

എന്തായാലും ഒരു സെയിം പിച്ച്...!!!

Irshad said...

മാണിക്യം, പജ,

അഭിപ്രായം ഇട്ടതിനും അഭിനന്ദനട്ട്തിനും നന്ദി

anil അളിയാ, നമ്മുടെ അനുഭവം നമ്മള്‍ തന്നെ പറയുംബോള്‍ എന്തിനു സംഭ്രമം?

അച്ചൂസ്,
എന്നാലും രാത്രിയില്‍ ഇരുട്ടത്തു പെണ്ണുകാണല്‍ കേമമാക്കിയല്ലെ? :)

@$L@m said...

കൊള്ളാട്ടോ... ആദ്യത്തെ കാണലിന് ഇത് വരെ പോയിട്ടില്ല :(. ആദ്യമേ പഠിച്ചിട്ടു പോകണം :-)

തുമ്പി said...

ആത്മ വിമര്‍ശനത്തിലൂടെ, രസകരമായ പെണ്ണ് കണ്ടെത്തല്‍ വിവരണം .((പിള്ളേര്‍ക്കൊക്കെ നല്ല ബോധമുണ്ടായിരുന്നതിനാല്‍ (സൗന്ദര്യ ബോധവും,))((എന്തൊക്കെയോ വലിച്ചുകീറുന്ന ശബ്ദം. ഉമ്മയുടെ സാരിത്തലപ്പിലെ പിടി അപ്പോഴുമവള്‍ വിട്ടിരുന്നില്ല. കീറിപ്പോയ സാരിത്തലപ്പു, ബാക്കികൂടി കീറിയവളെയേല്‍പ്പിച്ചിട്ടു ഉമ്മ നടന്നുനീങ്ങി.))(( ഈ ഭൂമിയില്‍, എന്നെ പേടിയുള്ള ഒരു വ്യക്തിയെ ഞാന്‍ കണ്ടുമുട്ടിയിരിക്കുന്നു......))

drshafeek said...

ഈ ബ്ലോഗ് എന്ന പരിപാടി ഇപ്പോളും ഉണ്ടോ? 2021

Irshad said...

ഇതു പഴയതാണു. ബ്ലോഗുകാലം ഓർമ്മവരുമ്പോൾ വല്ലപ്പോഴും എടുത്തു നോക്കി നെടുവീർപ്പിടും... :)

പഴയ ചില വികൃതികള്‍