'ഡാ, നെഗറ്റീവ് വരുന്നുണ്ട്' - ഏതോ ഒരുവന്‍ വിളിച്ചു പറഞ്ഞു.
വാതില്‍ പാളികള്‍ക്കു ഇടയിലൂടെ ഞാനൊന്നു പാളിനോക്കി. അങ്ങു, ദൂരെ ഒരു വെള്ളത്തലമുടി കണ്ട് ഞാന്‍ സീറ്റില്‍ വന്നിരുന്നു. അതുവരെ അവിടെ കലപില കൂട്ടിയിരുന്ന കുട്ടികളെല്ലാവരും നിശബ്ദരായി.
കൃഷ്ണപുരം ടെക്നിക്കല്‍ ഹൈസ്കൂളിലെ എന്റെ എട്ടാം ക്ലാസ്സ് പഠനത്തിന്റെ ആദ്യ ദിവസമായിരുന്നന്ന്. ഇത്രയും നേരം ബഹളം വെച്ചിരുന്നവരില്‍ കൂടുതലും അവിടെത്തന്നെ പി.വി.റ്റി.സി (ടെക്നിക്കല്‍ ഹൈസ്കൂളിലെ യു.പി വിഭാഗം) കഴിഞ്ഞവരായിരുന്നു. നമ്മളൊക്കെ വരുത്തര്‍. ആദ്യ ദിനം മിണ്ടാതെ കഴിച്ചുകൂട്ടാന്‍ വന്നവര്‍.
അദ്ധ്യാപകരിലും വിദ്യാര്‍ത്ഥികളിലും എന്നെയറിയാത്തവര്‍ കുറവായിരുന്നു. ഹൈസ്കൂളിലേക്കുള്ള എന്‍`ട്രന്‍സിനു ആദ്യറാങ്ക് കിട്ടിപ്പോയി എന്നതാണ് പ്രശ്നമായത്. ആ ഒരു തെറ്റിനു ഞാന്‍ വര്‍ഷം മുഴുവന്‍ ശിക്ഷ അനുഭവിച്ചു. ‘ചക്കവീണ് മുയല്‍ ചത്തതാണെന്നു‘ ബാക്കിയുള്ളവര്‍ക്കും മനസ്സിലായപ്പോള്‍ ആ ഭാരം താനേ ഒഴിഞ്ഞു.
അവിടെ അഡ്മിഷന്‍ കിട്ടിയാല്‍ സൈക്കിള്‍ വാങ്ങിത്തരാമെന്ന വീട്ടുകാരുടെ പ്രലോഭനത്തില്‍ ഞാന്‍ വീണുപോയി എന്നതാണു നേര്. ഒരു അഡ്മിഷന്‍ മാത്രം പ്രതീക്ഷിച്ചു പഠിച്ചതാണ്. ഞാനറിഞ്ഞോ ബാക്കിയെല്ലാവരും എന്നെ പറ്റിക്കുമെന്ന്?
എന്റെ കാര്യത്തില്‍ വീട്ടില്‍ എല്ലാവര്‍ക്കും നല്ല വിശ്വാസമായിരുന്നതിനാല്‍(?) രവിസാറിന്റെ 'ലൈസിയം' എന്ന പരിശീലനകളരിയില്‍ രണ്ട് മാസത്തെ കഠിനശിക്ഷണമായിരുന്നു. ശിക്ഷണം എന്നാല്‍ "ശിക്ഷ ക്ഷണത്തില്‍" എന്നതായിരുന്നു നടപ്പ്. ഇന്നു പഠിപ്പിച്ച ഭാഗത്തു നിന്നും നാളെ ടെസ്റ്റ് പേപ്പര്‍. മുഴുവന്‍ മാര്‍ക്കു കിട്ടാത്തവര്‍ക്കൊക്കെ അടി. ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്നവന്നു കൂടുതല്‍ അടി. മാര്‍ക്കു കുറയുന്നതനുസരിച്ചു കിട്ടുന്ന അടിയുടെ എണ്ണവും കുറയും. നന്നായി പഠിക്കുന്നവന്റെ അശ്രദ്ധയാണത്രെ മാര്‍ക്കില്‍ കുറവ് വരുത്തുന്നത്. മുഴുവന്‍ മാര്‍ക്കുവാങ്ങുന്നവര്‍ ഉണ്ടാകില്ലയെന്നതുകൊണ്ട്, അടി കിട്ടാത്ത ആരും തന്നെ കൂട്ടത്തില്‍ ഉണ്ടാകാറില്ല. പഠിച്ചതും മാര്‍ക്കു വാങ്ങിയതുമാണോ കുറ്റം എന്നു ചിലപ്പോള്‍ തോന്നിപ്പോകും. എല്ലാവരും തുല്യ ദു:ഖിതര്‍ ആയതിനാല്‍, ആരും മറ്റുള്ളവരുടെ വീട്ടില്‍ പോയി പഠിക്കാത്തതിനെക്കുറിച്ചോ അടികിട്ടിയതിനെക്കുറിച്ചോ ഒരക്ഷരവും പറയില്ല എന്നതായിരുന്നു ആകെയൊരു സമാധാനം.
സ്കൂളില്‍ അദ്ധ്യാപകര്‍ ക്ലാസ്സിലെത്തിയാലും ബഹളത്തിനു വലിയ കുറവൊന്നും ഉണ്ടാകാറില്ല. പക്ഷെ ജലീല്‍ സാറിന്റെ വെള്ള തലയും, വെളുത്ത ഷര്‍ട്ടും ദൂരെ എവിടെങ്കിലും കണ്ടാല്‍ തന്നെ എല്ലാ ക്ലാസ്സുകളും ശാന്തമാകും. സൂചി വീണാല്‍ കേള്‍ക്കാന്‍ കഴിയുന്ന നിശബ്ദത. സാര്‍ ഇടക്കിടക്കു വരാന്തയില്‍ കൂടി നടന്നു പോകും.
ആളിനു വെറും അഞ്ചരയടിയില്‍ താഴെ പൊക്കമേയുള്ളൂ. എപ്പോഴും വെളുത്ത ഷര്‍ട്ടും പാന്റും വേഷം. കണ്ടാല്‍ എന്നെപ്പോലെ സുമുഖന്‍, സുന്ദരന്‍, ശാന്തശീലന്‍. പക്ഷെ അടി കിട്ടിയാല്‍, അതാരും മറക്കില്ല. പഠിക്കാത്തതിനായിരുന്നില്ല മര്‍ദ്ദനങ്ങള്‍. പഠിക്കാന്‍ ശ്രമിക്കാത്തതിനും പറഞ്ഞാല്‍ കേള്‍ക്കാത്തതിനുമായിരുന്നു. ഈ രണ്ട് ശീലങ്ങളും നമുക്കു ജന്മനാ ഉള്ളതിനാല്‍ ഹാപ്പി.
ആദ്യദിനം, ക്ലാസ്സില്‍ വന്ന അദ്ധ്യാപകര്‍ക്കൊക്കെ എന്നോട് വലിയ സ്നേഹമായിരുന്നു. ഇടക്കെപ്പൊഴോ ജലീല്‍ സാറും വന്നുപോയി. ഒന്നു മൈന്റ് പോലും ചെയ്യാതെ(?). അദ്ധ്യാപകരുടെ സ്നേഹഭാരം ഇറക്കിവെക്കേണ്ടുന്ന ചുമതല എന്റേതുമാത്രമായി. അതുകൊണ്ട് പഠനത്തിലുള്ള എന്റെ പിന്നോട്ടുള്ളയാത്ര ആദ്യ ദിവസം തന്നെ തുടങ്ങി. ഓണപ്പരീക്ഷയോടെ തന്നെ അതിന്നുള്ള ഫലവും കിട്ടിത്തുടങ്ങി. ഇംഗ്ലീഷ് ആയിരുന്നു എന്റെ ഇഷ്ടവിഷയം(?). അതെന്നെ പിന്നോട്ടുള്ള യാത്രയില്‍ മുന്നില്‍ നിന്നുതന്നെ നയിച്ചു. 'രണ്ട് അക്ഷരങ്ങളെ ഒരുമിച്ചു കണ്ടാല്‍ ഉറക്കം വരുന്ന എന്റെ സ്വഭാവം' ആ വണ്ടി വളരെ വേഗം കരക്കടുപ്പിക്കുന്നതിന്ന് ഒരു ആക്സിലറേറ്റര്‍ എന്നപോലെ പ്രവര്‍ത്തിക്കുകയും ചെയ്തു.
ജലീല്‍ സാര്‍ എടുക്കുന്ന സബ്ജക്റ്റ് എഞ്ചിനീയറിംഗ് ഡ്രായിംഗ് ആയിരുന്നു. അദ്ധ്യാപകന് വിഷയത്തില്‍ പാണ്ഡിത്യം ഇല്ലെന്നോ ആത്മാര്‍ത്ഥതയില്ലെന്നോ ഒരാളും പറയില്ല.
എന്നാല്‍ അദ്ധ്യാപകനപ്പോലല്ലോ വിദ്യാര്‍ത്ഥി?
അവര്‍ക്കു പരിമിതികളല്ലേയുള്ളൂ... എല്ലാസബ്ജെക്റ്റും പഠിക്കണം, സ്വന്തം വിഷയം വിദ്യാര്‍ത്ഥികള്‍ നന്നായി പഠിക്കണമെന്ന എല്ലാ അദ്ധ്യാപകരുടെയും ആഗ്രഹത്തെ കണ്ടില്ലെന്നു നടിക്കാനുമാവില്ല. പിന്നെ കളി, പ്രേമം തുടങ്ങിയ വിഷയങ്ങളില്‍ സ്വയം തൃപ്തിപ്പെടുത്തുകയും വേണം. ഇതിന്നൊക്കെ സമയം കണ്ടെത്തണമെങ്കില്‍ ഏറ്റവും കൂടുതല്‍ സമയം അപഹരിക്കുന്ന 'വരക്കല്‍' പരിപാടികള്‍ മാറ്റിവക്കേണ്ടി വരും.
അങ്ങനെ മാറ്റിവെച്ചിട്ട് ക്ലാസ്സിലെത്തുന്നവരും, അവരുടെ സാധന സാമഗ്രികളും (നമ്മളുടേതല്ലെങ്കില്‍) അന്തരീക്ഷത്തിലൂടെ പറക്കുന്ന കാഴ്ച്ച വളരെ നയനാനന്തകരമായിരുന്നു. ചൂരല്‍ എന്ന സാധനം ജലീല്‍സാര്‍ ക്ലാസ്സില്‍ ഉപയോഗിച്ചു കണ്ടിട്ടേയില്ല. കൈ തന്നെയായിരുന്നു ആയുധം.
ഞമ്മന്റെ ബാപ്പ ഡ്രായിംഗ് മാഷായതുകൊണ്ടും, ജന്മനാ ചിത്രം വരയില്‍ എനിക്കിത്തിരി കമ്പമുണ്ടായിരുന്നതുകൊണ്ടും ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഡ്രായിങ്ങും വളരെ ഇഷ്ടമായി. ആ ഒരു വിഷയത്തിന്റെ മാര്‍ക്കില്‍ എന്റെ മുന്നില്‍ ആരെങ്കിലും ഉണ്ടാകുന്നതു വിരളമായിരുന്നു. എങ്കിലും ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ അവിടെനിന്നും വാങ്ങിക്കൂട്ടാനുള്ളതു വാങ്ങിക്കൊണ്ടെ ഞാന്‍ പോരാറുണ്ടായിരുന്നുള്ളൂ.
ഒരു ദിവസം അധ്യാപകന്‍ വരാതിരുന്ന ക്ലാസ്സില്‍, സംസാരിക്കുന്നവരുടെ പേരെഴുതാന്‍ ഏല്‍പ്പിച്ചിട്ടുപോയ സാര്‍ തിരിച്ചു വന്നപ്പോള്‍ ആദ്യ പേരുകാരന്‍ ഞാന്‍. എല്ലാവരും ബഹളം വെച്ചിടത്തു കുറച്ചുപേരെ ക്രൂശിച്ചല്ലേ മതിയാവൂ. എന്റെ പേരുകണ്ടാല്‍ എല്ലാവരെയും വെറുതെവിടുമെന്നു കരുതിയ അവര്‍ക്കു തെറ്റിയില്ല. എല്ലാവരും രക്ഷപെട്ടു...ഞാനൊഴികെ... കിട്ടിയ തടിക്കഷണം കൊണ്ടുള്ള ആ പെരുമാറ്റത്തിന്റെ രുചി... ഹാ... എന്റെ ചന്തി ഇപ്പോഴും തുടിക്കുന്നു.
ട്യൂഷനും കളിയുമൊക്കെ കഴിഞ്ഞു ഞാന്‍ വീട്ടിലെത്തുമ്പോള്‍ വീട്ടില്‍ വാപ്പയുണ്ടാകും. വളരെ ശാന്തനായി, ഭക്ഷണം കഴിക്കുമ്പോള്‍ എന്നെ അരികത്തു പിടിച്ചിരുത്തി, എന്റെ ഇഷ്ട വിഭവമായ പൊരിച്ചമീനൊന്നു അധികം തന്നു ഗുണദോഷിക്കല്‍ ആരംഭിക്കും.
ഞാന്‍ തലയാട്ടിയിരിക്കും. 'മകന്‍ നന്നായി' എന്ന സമാധാനത്തില്‍ വാപ്പ അന്നു സ്വസ്ഥമായി ഉറങ്ങും.
ഒന്നും തലയില്‍ കയറിയില്ലെന്നു ഞാന്‍ അടുത്ത ദിവസം തന്നെ തെളിയിക്കുകയും, രാത്രി വാപ്പ ഉപദേശ ഗുളിക കൃത്യമായി തരികയും (അ)സ്വസ്ഥമായി ഉറങ്ങുകയും ചെയ്തുപോന്നു.
സ്കൂളില്‍ എന്തു സംഭവിച്ചാലും അതിന്റെ അലയൊലികള്‍ വീട്ടിലായിരുന്നു വന്നവസാനിക്കുക. ക്ലാസ്സിലെന്തുകാട്ടിയാലും അതു വാപ്പ അറിയും. ക്ലാസ്സിലെ ഓരോ ചലനങ്ങളും അദ്ധ്യാപകര്‍ വാപ്പയെ അറിയിക്കുമായിരുന്നു. വൈകിട്ടു സ്നേഹത്തോടെ ഭക്ഷണത്തിന്നു മുന്നില്‍ ഒന്നിച്ചിരിക്കാന്‍ നിര്‍ബന്ധിച്ചാല്‍, അപ്പോള്‍ "ഞാനെന്തോ കുറ്റം ചെയ്തുവെന്നു" എനിക്കു മനസ്സിലാകും. പലപ്പോഴും വ്യക്തമായി വിഷയം പറയാതെ കുറെ കാര്യങ്ങള്‍ പറഞ്ഞു പോകും.
ഈ പറയുന്നതു അതിനെക്കുറിച്ചാണോ, ഇതിന്നെക്കുറിച്ചാണോ, വേറെ എന്തിനെയെങ്കിലും കുറിച്ചാണോ എന്നറിയാതെ ഞാന്‍ അന്നത്തെ സകലക്ലാസ്സുകളിലും ഒര്‍മ്മകളാല്‍ ഒരു പ്രദക്ഷിണം നടത്തി തലയാട്ടിയിരിക്കും. പിന്നെ അടുത്ത ദിവസം ഏതെങ്കിലും അദ്ധ്യാപകന്‍ ചോദിക്കുമ്പോഴാണ് ആ വിഷയം ഇഷ്ടന്‍ കൊളുത്തിയതാണെന്നു മനസ്സിലാവുക.
ഏതോ ഒരു പരീക്ഷാക്കാലം. ഇംഗ്ലീഷില്‍ ഇത്തവണയെങ്കിലും മാന്യമായ മാര്‍ക്ക് കണ്ടെത്തണമെന്നുള്ള ദൃഢനിശ്ചയത്തോടെ ഞാന്‍ ചില കോപ്പിയടി വിദഗ്ദ്ധന്മാരുടെ സഹായം തേടി. ഇത്ര സിമ്പിളായ ഒരു പരിപാടിയില്ല എന്ന മുഖവുരയോടെ ചില പൊടിക്കൈകള്‍ അവര്‍ പറഞ്ഞു തരികയും ചെയ്തു.
സാമാന്യം നന്നായി കാണാതെ പഠിച്ചാലും ഉത്തരങ്ങളുടെ ആദ്യഭാഗം മറന്നുപോകുകയും, അതിന്റെ തുടര്‍ച്ചയായി ബാക്കി മറന്നു പോകുകയും ചെയ്യുമായിരുന്നു. ചോദ്യങ്ങളെയും അതിന്റെ ഉത്തരങ്ങളെയും കൂട്ടിക്കെട്ടാനും പലപ്പോഴും ബുദ്ധിമുട്ടും. അതൊഴിവാക്കാന്‍ ഞാന്‍ എല്ലാ ചോദ്യോത്തരങ്ങളുടെയും ആദ്യ വരികള്‍ ചെറുതാക്കി പകര്‍ത്തി പരീക്ഷക്കു കയറി.
ഒരു വെള്ളത്തലമുടി അതുവഴി പോയി. ഞാന്‍ വിയര്‍ത്തു കുളിച്ചു. തുടക്കാന്‍ പോക്കറ്റില്‍ നിന്നും തുണിയെടുത്തപ്പോള്‍ എഴുതിയ പേപ്പര്‍ താഴെപ്പോയി. കുറച്ചുനേരം ചവിട്ടി വെച്ചു. ഒടുവില്‍ ഒരു ചോദ്യത്തിനു ഉത്തരം തേടി ഞാന്‍ പേപ്പറില്‍ നോക്കിയപ്പോള്‍, കൂടെ ക്ലാസ്സില്‍ നിന്ന ടീച്ചറും നോക്കി. പിന്നെ പറയണ്ടല്ലോ പൊടിപൂരം.
അത്രയും നാള്‍ അടി ഒരിടത്തും ഉപദേശം വീട്ടിലുമായിരുന്നു. ഇക്കാര്യത്തില്‍ സ്കൂളിലും വീട്ടിലും ആദ്യം അടി തന്നെയായിരുന്നു. പിന്നെ അത്താഴത്തോടൊപ്പവും അതുകഴിഞ്ഞും വാപ്പ ഉപദേശിച്ചു കൊണ്ടേയിരുന്നു. ഞാന്‍ തലയാട്ടിക്കൊണ്ടുമിരുന്നു.
അന്നത്തെ ഉപദേശത്തിനെന്തായാലും ഫലമുണ്ടായി. എനിക്കു ഒരു പ്രധാന കാര്യം മനസ്സിലായി. അതായതു,“പരിശീലനം നടത്താതെ ഒരു മാജിക്കും നടത്താന്‍ പുറപ്പെടരുത്“ എന്ന്.
ഡ്രായിംഗ് ഒരു കീറാമുട്ടിയായ കുട്ടികള്‍ എപ്പോഴും ഒരുപാട് ഉണ്ടാകും. അവരില്‍ ചിലരുടെ വരകള്‍ക്കു ഒറിജിനലിനോടു വിദൂരസാമ്യം പോലും ചിലപ്പോല്‍ ഉണ്ടാകില്ല. അങ്ങനെയൊരവസ്ഥയില്‍, വരക്കാന്‍ ആവശ്യപ്പെട്ട 'ബക്കിള്‍ ജോയിന്റ്' കണ്ട് 'ഇതെന്താടാ ബക്കിള്‍ ജോയിന്റോ അതോ പൊക്കിള്‍ ജോയിന്റോ?' എന്ന ചോദ്യം ഇപ്പോഴും ഞങ്ങളില്‍ ചിരിപടര്‍ത്തുമെങ്കിലും, ആ സമയത്ത് ക്ലാസ്സിലുള്ളവര്‍ തലയില്‍ കൈവെച്ചു കുനിഞ്ഞിരിക്കുകയായിരിക്കും. സാര്‍ എടുത്തെറിയുന്ന സാധനങ്ങളൊന്നും തലയില്‍ വീഴരുതല്ലോ? ചിരിക്കാനും കഴിയില്ല. കാരണം അടുത്ത ഊഴം നമ്മളുടേതാായിക്കൂടന്നില്ലല്ലോ?
കാലങ്ങളേറെ കഴിഞ്ഞു.
ഓര്‍ക്കാന്‍ ഇപ്പോഴൊരു സുഖം.
ഇനിയൊന്നു പറയട്ടെ?
സ്കൂളിലെ തെറ്റുകള്‍ക്കു എന്നെ അവിടെവെച്ചു അടിക്കുകയും, വീട്ടില്‍ വെച്ചു ഉപദേശിക്കുകയും ചെയ്തിരുന്നത് ഒരാള്‍ തന്നെയായിരുന്നു. എന്റെ വാപ്പയായ ജലീല്‍ സാര്‍, അഥവാ ഞാന്‍ അദ്ദേഹത്തിന്റെ മകനാണ്.
6 comments:
അദ്ധ്യാപകരുടെ സ്നേഹഭാരം ഇറക്കിവെക്കേണ്ടുന്ന ചുമതല എന്റേതുമാത്രമായി. അതുകൊണ്ട് പഠനത്തിലുള്ള എന്റെ പിന്നോട്ടുള്ളയാത്ര ആദ്യ ദിവസം തന്നെ തുടങ്ങി. ഓണപ്പരീക്ഷയോടെ തന്നെ അതിന്നുള്ള ഫലവും കിട്ടിത്തുടങ്ങി. ഇംഗ്ലീഷ് ആയിരുന്നു എന്റെ ഇഷ്ടവിഷയം(?). അതെന്നെ പിന്നോട്ടുള്ള യാത്രയില്‍ മുന്നില്‍ നിന്നുതന്നെ നയിച്ചു. 'രണ്ട് അക്ഷരങ്ങളെ ഒരുമിച്ചു കണ്ടാല്‍ ഉറക്കം വരുന്ന എന്റെ സ്വഭാവം' ആ വണ്ടി വളരെ വേഗം കരക്കടുപ്പിക്കുന്നതിന്ന് ഒരു ആക്സിലറേറ്റര്‍ എന്നപോലെ പ്രവര്‍ത്തിക്കുകയും ചെയ്തു.
Hi irshad/ Jaleel Sarinte Mone,
Adiyum Thadavum kidilamayi....Super suspense.....
Oachirayilaanu veedu ennarinjathukondu vannathaanu . Njan ningalude thottappurathaanu thaamasikkunnathu ( kappil)kettukaanumo aavo ?
Kappilaan enna kaappilkkaaran :)
Irshoo,
Thirakkukalude idayil oru nimisham ithu vayikkan manassu thonniyathu nannayi.. pazhaya kuttikkalathekku ninte oppam jnanum onnu poyi.
Nammude THS, Nagative, Gopi Sir, Rathiyamma teacher, Rasheeda teacher, Ramani teacher,.. ellarum manassiloode kadannu poyi. Nanniyundeda..ellam ormippichathinu..
Salih
ജോബിന്‍, കാപ്പിലാന്‍, സാലിഹ് എന്നിവരോട് ആദ്യമേ ഇതില്‍ കയറി അഭിപ്രായം എഴുതിയതിന്നു നന്ദി പറഞു കൊള്ളട്ടെ. കുറച്ചു കാലം തിരക്കിലായിപ്പോയതിനാല്‍ ക്രിത്യമായി മറുപടികള്‍ എഴുതാന്‍ കഴിഞില്ല. ക്ഷമിക്കുക
ഇനിയൊന്നു പറയട്ടെ?
സ്കൂളിലെ തെറ്റുകള്‍ക്കു എന്നെ അവിടെവെച്ചു അടിക്കുകയും, വീട്ടില്‍ വെച്ചു ഉപദേശിക്കുകയും ചെയ്തിരുന്നത് ഒരാള്‍ തന്നെയായിരുന്നു. എന്റെ വാപ്പയായ ജലീല്‍ സാര്‍, അഥവാ ഞാന്‍ അദ്ദേഹത്തിന്റെ മകനാണ്
woowowwoooww ithu enikku ishtappettu...
Post a Comment