ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Monday, April 11, 2016

കണ്ണീരിൽ നനയുന്ന ആഘോഷങ്ങൾ

ആഘോഷങ്ങൾ കണ്ണുനീരിൽ അവസാനിക്കരുതെന്നു തീരുമാനിക്കാൻ നമുക്കു സമയമായി. പകരം, ആഘോഷങ്ങൾ അശരണരുടെ കണ്ണുനീർ തുടയ്ക്കുന്ന വേളകളാവട്ടെ.
സന്തോഷവും ദു:ഖവും ജീവിതത്തിന്റെ ഭാഗമാണ്. ആ ജീവിതാവസ്ഥയോട് നമ്മളും നമ്മുടെ ചുറ്റുപാടുകളും എങ്ങനെ പ്രതികരിക്കുന്നു എന്നത് നമ്മളിലോരോരുത്തരുടേയും സ്വഭാവത്തെ തന്നെ നിർമ്മിക്കുന്നു. മാതാപിതാക്കളിൽ നിന്നും, ആരാധനാലയങ്ങളിൽ നിന്നും, അടുത്തിടപഴകുന്നവരിൽ നിന്നും കണ്ടു പഠിക്കുന്ന ശീലങ്ങളാണ് നമ്മുടെ സ്വഭാവമായി തീരുന്നതു. ആരാധനാലയങ്ങൾ നന്മയുടെ പാഠങ്ങൾ പറഞ്ഞു തരുമെന്ന വിശ്വാസമാണ് നമുക്ക്. അൽപ്പം കുറുമ്പുള്ള ഒരു കുട്ടി പള്ളിയിലോ അമ്പലത്തിലോ പ്രാർത്ഥിക്കാൻ പോകുന്നു എന്നു കേട്ടാൽ മാതാപിതാക്കൾക്കു എന്തു സന്തോഷമാണ്. ദൈവസന്നിധിയിൽ നിന്നും നല്ലതേ വരൂ എന്നാണ് ഓരോ സാധാരണക്കാരന്റെ വിശ്വാസം.

ജീവിതാവസ്ഥകളോട് വിവിധ രീതിയിൽ പ്രതികരിക്കുന്ന, വിവിധ സ്വഭാവങ്ങളുള്ള ആൾക്കാർ നമുക്കു ചുറ്റിലുമുണ്ട്. ചിലർ, പിറന്നാളാഘോഷം പോലെയുള്ള തങ്ങളുടെ സന്തോഷസമയം അനാഥരോടും അശരണരോടുമൊത്ത് അവർക്കു കൂടി സന്തോഷം പകർന്നു ആഘോഷിക്കുന്നു. മറ്റു ചിലർ ഓർമ്മദിവസങ്ങൾ പോലുള്ള ദു:ഖ ദിനങ്ങളിൽ അനാഥരോടും അശരണരോടുമൊപ്പം ചിലവഴിച്ചും അവരെ സഹായിച്ചും സ്വന്തം ദുഖങ്ങൾ മറികടക്കുന്നു. ചിലർ ദു:ഖങ്ങൾ മറക്കുന്നതു കവിതകളെഴുതിയും ചിത്രങ്ങൾ വരച്ചുമൊക്കെ തങ്ങളുടെ സർഗ്ഗക്രിയയെ പോഷിപ്പിച്ചാണ്. അതേ സമയം മറ്റുചിലരോ, സമ്പത്തു ധൂർത്തടിച്ചും, സിഗററ്റും മദ്യവും മയക്കുമരുന്നുമൊക്കെ രുചിച്ചും, സ്വന്തം സമ്പത്തും തന്റെയും കൂട്ടുകാരുടേയും ശരീരവും ആരോഗ്യവും അപകടത്തിലാക്കിയാണു സന്തോഷവും ദു:ഖവും പ്രകടിപ്പിക്കുന്നത്. എവിടുന്നാണു ഒരേ ജീവിതാവസ്ഥയ്ക്കു നേർ വിപരീതങ്ങളായ രണ്ട് പരിഹാരമാർഗ്ഗങ്ങൾ നമുക്കുണ്ടായതു. തീർച്ചയായും ചുറ്റുപാടുകളിലെ കാഴ്ചകളും, ശീലങ്ങളും, ആ സമയത്തു കൂടെയുള്ള കൂട്ടുകാരുമാണ് മനുഷ്യനു ഇത്തരം നല്ലതും ചീത്തയുമായ വിവിധ മാർഗ്ഗങ്ങൾ പറഞ്ഞു കൊടുക്കുന്നത്. സന്തോഷവും ദു:ഖവുമൊക്കെ കടന്നു പോകും. എന്നാൽ ശീലങ്ങൾ നമ്മെ വിട്ടുപോകാൻ അൽപ്പം ബുദ്ധിമുട്ടാണ്. ഏതു അവസ്ഥയിലും ഉപകരിക്കുന്ന നല്ല ശീലങ്ങൾ നമ്മളിൽ വളർത്തേണ്ടതുണ്ട്.
എന്നാൽ ചുറ്റുപാടുകളിലെ കാഴ്ചകളിൽ നിന്നും ശരിതെറ്റുകൾ സ്വയം വേർതിരിച്ചെടുത്തുവെച്ച് അതിലെ ശരി, സ്വന്തം ജീവിതത്തിൽ പെട്ടൊന്നൊരു ദിവസം കടന്നുവരുന്ന ദു:ഖസമയത്തോ സന്തോഷ സമയത്തോ പ്രയോഗിക്കാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല. അതിനു എപ്പോഴും നേരായ മാർഗ്ഗം തൊട്ടു മുന്നിലുണ്ടാവുക എന്നതാണ് ആവശ്യം. അവിടെയാണ് നേരിന്റെ പാഠശാലകളാകാൻ കഴിയുന്ന വിദ്യാലയങ്ങളുടേയും ആരാധനാലയങ്ങളുടേയുമൊക്കെ പ്രശസ്തി. നന്മയുടെ പാഠങ്ങൾ ചൊല്ലിക്കൊടുക്കാനും പ്രവർത്തിയിൽ കാണിച്ചു ശീലമാക്കാനും അവിടെ കഴിയണം. അതേസമയം അവിടെ എന്തെങ്കിലും മോശം ശീലം കടന്നു വന്നാൽ, അതൊരു നല്ല ശീലമായി തെറ്റിധരിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അതിയായ സൂക്ഷ്മത അവിടങ്ങളിലുണ്ടാവേണ്ടതുമുണ്ട്. വിവാഹം നടത്താൻ സ്ത്രീധനത്തിന്റെ ഒരു വിഹിതം വേണമെന്നു ഒരു ആരാധനാലയം തീരുമാനിച്ചാൽ, അതു നൽകുന്ന സന്ദേശം സ്ത്രീധനം വാങ്ങാമെന്നതാവും. കെട്ടുകാഴ്ചകളും വെടിക്കെട്ടുമൊക്കെ അതിന്റെ വലിപ്പത്തിൽ സമ്മാനമുറപ്പിക്കുമ്പോൾ പ്രകടനങ്ങളുടെ വലിപ്പത്തിൽ എന്തോ വലിയ കാര്യമുണ്ടെന്നു ചിലർക്കെങ്കിലും തോന്നാം. ആരാധനാലയങ്ങളിലെ കരുണയില്ലാത്ത കാഴ്ചകൾ, ഭക്തരുടെയുള്ളിലെ കരുണയെ തന്നെ ഇല്ലാതാക്കിയേക്കാം.
സഹജീവികളോട് കരുണകാട്ടേണ്ടതിനെക്കുറിച്ചും, ധൂർത്തുകൾ ഒഴിവാക്കേണ്ടതിനെക്കുറിച്ചും, മനുഷ്യനോട് പറയേണ്ടതും നേരായമാർഗ്ഗങ്ങൾ കാട്ടിക്കൊടുക്കേണ്ടതുമായ ഇടങ്ങളാണു ദൈവസന്നിധികൾ. അവിടെത്തന്നെ ഇവയൊക്കെ ആരാധനയായിത്തീർന്നാൽ നമുക്ക് പിന്നെ തെറ്റുകൾ എന്തെന്നു പോലും മനസ്സിലായെന്നു വരില്ല.
ഇനിയെങ്കിലും നമുക്കു യാതൊരു ആവശ്യമില്ലാത്ത മാർഗ്ഗങ്ങളെ ആഘോഷങ്ങൾക്കായും മത്സരങ്ങൾക്കായും അവലംബിക്കാതിരിക്കാൻ ശ്രമിക്കാം. രണ്ട് കൂട്ടർക്കു തമ്മിൽ മത്സരം വേണമെങ്കിൽ , തങ്ങളുടെ പ്രദേശത്തെ ദാരിദ്ര്യം നിർമാർജ്ജനം ചെയ്യുന്ന കാര്യത്തിൽ... തങ്ങളുടെ പരിസരവും ജലസ്രോതസ്സുകളുമൊക്കെ ശുചിയാക്കി വെയ്ക്കുന്ന കാര്യത്തിൽ... നാട്ടിലെ പട്ടിണി മാറ്റാൻ... ഉന്നത വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ.... ഉന്നതജോലിയിലെത്തിക്കുന്ന കാര്യത്തിൽ... ഒക്കെ മത്സരിക്കാം. ആരാധനാലയങ്ങൾ അതിനു മുൻ‌കൈയ്യെടുത്തു ഇനിയെങ്കിലും മാതൃകകൾ കാട്ടണം.
സർക്കാരുകൾക്കും അത്യാവശ്യമായി ചിലതു ചെയ്യാനുണ്ട്. അനാവശ്യമെന്നു തീർച്ചയുള്ള, മദ്യം, സിഗററ്റ്, വെടിക്കെട്ട്, വന്യജീവികളുടെ പ്രദർശനം, കേഡർ സംഘടനകളുടെ കായിക/ആയുധപരിശീലനങ്ങൾ തുടങ്ങിയ കുറേ കാര്യങ്ങളിലെങ്കിലും നിരോധനങ്ങളും നിയന്ത്രണങ്ങളും കർശനമായി പ്രാവർത്തികമാക്കണം.
നല്ല ആരോഗ്യമുള്ള, നല്ല ശീലങ്ങളുള്ള തലമുറകൾ വളരട്ടെ....



Image from : http://karlafluksi.deviantart.com/art/Shampain-435308890

No comments:

പഴയ ചില വികൃതികള്‍