ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Wednesday, October 17, 2007

ഓര്‍മ്മകളിലെ പോളി ജീവിതം

പതിമൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പു, കൃത്യമായി പറഞ്ഞാല്‍ 1994-ലാണ്‌ ഞാന്‍ മലപ്പുറത്തേക്കു ആദ്യമായി വണ്ടി കയറിയത്‌. ആദ്യമായി ട്രെയിനില്‍ കയറിയതും അന്നായിരുന്നു. ടെക്നിക്കല്‍ ഹൈസ്കൂളിന്റെ പടിയിറങ്ങുന്നവന്റെ അടുത്ത മോഹം പോളി പഠനമാണല്ലോ? പോളിടെക്‌നികില്‍ അഡ്‌മിഷന്‍ കിട്ടിയതു തിരൂരങ്ങാടിയായിരുന്നു. തിരൂരങ്ങാടി ഗവ: പോളി, തിരൂരങ്ങാടിയില്‍ നിന്നും 10 കി.മീ. അകലെയുള്ള ചേളാരിയിലാണെന്നു മനസ്സിലായതും അന്നാണ്‌. ഗവണ്മെന്റുകളുടെ പറച്ചിലും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരം പോലെ!

പുതിയ പോളിയായിരുന്നതിനാല്‍ സീനിയേഴ്‌സും റാഗിംഗും ഇല്ലാതെ ഒരു പോളി ജീവിതം തുടങ്ങാന്‍ ഭാഗ്യം (നിര്‍ഭാഗ്യം) ഉണ്ടായി. ഞങ്ങളില്‍ ഭൂരി പക്ഷവും തെക്കന്‍ ജില്ലക്കാരായിരുന്നു. അവിടെ സീനിയേഴ്‌സ്‌ എന്നു പറയാന്‍ ഉണ്ടായിരുന്നവര്‍ അവിടെ തന്നെ റ്റി.എച്ച്‌.എസ്‌ കഴിഞ്ഞവരായിരുന്നു. പാവങ്ങള്‍, 'തെക്കനെ നമ്പാന്‍ പാടില്ല'യെന്ന വിശ്വാസം മൂലം അടുക്കാന്‍ പോലും ഭയമായിരുന്നു അവര്‍ക്ക്‌. ഒരു തെക്കനെയും മൂര്‍ഖനെയും ഒന്നിച്ചു കണ്ടാല്‍, തെക്കനെ ആദ്യം തച്ചു കൊല്ലണം. മൂര്‍ഖനെക്കാള്‍ വിഷമാണവര്‍ക്കെന്നു ഒരു വിശ്വാസവും ഉണ്ടത്രെ? നമ്മുടെ മുന്‌ഗാമികളുടെ മിടുക്ക്‌. ഒടുവില്‍ ഞങ്ങളോടൊക്കെ അടുത്ത്‌ കഴിഞ്ഞപ്പോള്‍ ആ വിശ്വാസം മാറിയൊ അതൊ ഒന്നു കൂടി ഉറച്ചോ? ആര്‍ക്കറിയാം.

പുതിയ പോളിയിലെ ജീവിതം വലിയ കഷ്ടമാണ്‌. മറ്റുള്ള കാമ്പസ്സുകളിലേതു പോലെ പാരമ്പര്യമായി കിട്ടുന്ന ഡിപ്പാര്‍ട്ടുമെന്റെല്‍ വഴക്കുകളില്ല. കുടിപ്പകകളില്ല, രാഷ്ട്രീയ പാര്‍ട്ടികളില്ല. ഇരിക്കാന്‍ ബെഞ്ചില്ല, ലാബില്ല, ഹോസ്റ്റലില്ല, ഒന്നുമില്ല. എല്ലാം ആദ്യം മുതല്‍ തന്നെ തുടങ്ങണം.

ഉള്ളതുകൊണ്ടു അഡ്‌ജെസ്റ്റ്‌ ചെയ്‌തങ്ങു തുടങ്ങി. എന്ത്‌? സമരം... ആകെയുണ്ടായിരുന്നതു പയറ്റി തെളിഞ്ഞെത്തിയ ചില രാഷ്ട്രീയക്കാര്‍ ആയിരുന്നു. യാസര്‍, സന്തോഷ്‌ അക്കരത്തൊടി, വിമല്‍ദേവ്‌, മുജീബ്‌, ബോണി,കിരണ്‍ ബാബു തുടങ്ങിയവരൊക്കെയായിരുന്നു നേതാക്കന്മാര്‍. എല്ലാവരും പ്രീഡിഗ്രി കോഴ്സിനു പൊയി രാഷ്രീയം പഠിച്ചതാണെന്നു തോന്നുന്നു.(അന്നു രാഷ്ട്രീയക്കളരിക്കായി അതെങ്കിലും ഉണ്ടായിരുന്നു. ഇന്നോ?) 10 കഴിഞ്ഞെത്തിയ എനിക്കു ചെയ്യാന്‍ പറ്റുന്ന സഹായം ശബ്ദം കൊണ്ടായിരുന്നു. കാരണം പണ്ടേ എന്റെ കയ്യില്‍ ആവശ്യത്തില്‍ കൂടുതല്‍ ഉണ്ടായിരുന്നതും അതു മാത്രം ആയിരുന്നു. ബാക്കിയൊക്കെ ആവശ്യത്തിനെങ്കിലും ഉണ്ടായിരുന്നോ എന്നു സംശയം. എന്തായാലും എല്ലാവരും ഒന്നിച്ചു നിന്നു കാര്യങ്ങളങ്ങു വെടിപ്പാക്കി.

എന്റെ താമസം ചെനക്കലങ്ങാടിയില്‍. കൂടെ അല്‍പം ചൂടനും ബുദ്ദിമാനുമായ ഷാനും, സുമുഖനും (സു?)ശീലനുമായ ഫിറോസും, സരസനും എല്ലാം വളരെ ആത്മാര്‍ത്‌ഥതയോടെ ചെയ്യുന്ന അനലും. മറക്കാന്‍ കഴിയാത്ത കുറെ നല്ല നാട്ടുകാര്‍ ചുറ്റിലും. വൈകുന്നേരങ്ങളില്‍ ഹെലിപ്പ്പാഡില്‍ ക്രിക്കറ്റു കളി. കുളിക്കാന്‍ മാതാപ്പുഴ. സന്ധ്യയായിക്കഴിഞ്ഞാല്‍ ചെനക്കലങ്ങാടി സ്കൂളിന്റെ പാറപ്പുറത്തു വെടിപറഞ്ഞു ആകാശം നോക്കി മലര്‍ന്നുള്ള കിടപ്പ്‌. സെക്കന്റ്‌ ഷോ പാണമ്പ്ര ഷീബയില്‍. ഇതായിരുന്നു ജീവിതം.

പാണമ്പ്ര വരെ പോയാല്‍ ടെക്‌നൊ പാര്‍ക്കിലെ കഞ്ഞി കുടിക്കാതെ വരാന്‍ പറ്റുമൊ? വറ്റിത്തിരിക്കുറഞ്ഞാലും ധാരാളം വെള്ളമുള്ള കഞ്ഞി. തൊടിയില്‍ നിന്നൊരു കാന്താരി മുളകും പറിച്ചു ഇരുന്നാല്‍ മതി. സ്വാഹ. കയ്യില്‍ കാശില്ലാത്തപ്പോഴെന്തായാലും അവിടെയായിരിക്കും. ഫ്രീയായി ഭക്ഷണം കിട്ടുമല്ലോ?

ടെക്‌നൊ പാര്‍ക്കെന്നാല്‍ നിങ്ങള്‍ വിചാരിക്കുന്നതു പോലത്തെ സ്ഥലമൊന്നുമല്ല. തട്ടുകടയുമല്ല. അവിടെ കമ്പനികളുണ്ട്‌. മുറ്റു കമ്പനികള്‍. ഒരുപാടു വായിക്കുന്ന, തന്റെ വിജ്ഞാനവും, പ്രസംഗ പാടവവും മാര്‍ക്കാക്കി മാറ്റാന്‍ കഴിഞ്ഞ ബോണിയളിയന്‍ (ക്വിസ്സിലും പ്രസംഗത്തിലും ഓരോ പ്രാവശ്യം സംസ്ഥാന ജേതാവ്‌. കയ്യിലിത്തിരി വിവരം ഉണ്ടെന്നു വെച്ചു അതു മാര്‍ക്കാക്കുന്നതു ശരിയാണോ?), എന്റെ നാട്ടുകാരനും സദാ സഹായ സന്നദ്ധനുമായ ജോസ്‌, ശൂന്യപാത്രങ്ങള്‍ എന്ന വിഷയത്തില്‍ കവിതയെഴുതാന്‍ ആവശ്യപ്പെട്ടപ്പോല്‍, "പോളി കഴിഞ്ഞു ഞാന്‍ ശൂന്യ പാത്രങ്ങള്‍ വിറ്റ്‌ നടക്കും" എന്നു എഴുതുകയും കുറച്ചു കാലം അങ്ങനെതന്നെ ജീവിക്കേണ്ടി വരികയും ചെയ്ത തമാശക്കാരന്‍ ജിനീഷ്‌ ഇക്ബാല്‍, ബിനു, മഹേഷ്‌, സൈനു, സെനിന്‍, നവീന്‍, അജി തുടങ്ങിയവരും (ഇവരെക്കുറിച്ചു പറയാന്‍ തുടങ്ങിയാല്‍ എപ്പോള്‍ ഇതു അവസാനിപ്പിക്കും? ). അതൊരു പാര്‍ക്ക്‌ തന്നെ. ഒരു പാട്‌ സ്ഥലവും മരങ്ങളും പാമ്പും(തെറ്റിധരിക്കരുത്‌) പറവകളുമൊക്കെയായി ഒരു പ്രേതാലയം.

ഹോസ്റ്റല്‍ ഇല്ലാതിരുന്നതിനാല്‍ വീടുകള്‍ വാടകക്കെടുത്തായിരുന്നു ഏറെപ്പേരുടെയും താമസം. പലയിടങ്ങളില്‍ പല കൂട്ടങ്ങള്‍. (കൂട്ടങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ഇടക്കിടക്കു കൂട്ടങ്ങളുടെ വലിപ്പം മാറുന്നതിനാല്‍ അതിനു കഴിഞ്ഞില്ല)

എഞ്ചിനീയറിങ്ങും പോളിയും തമ്മിലുള്ള ഏറ്റവും പ്രധാനമായ വ്യത്യാസം പരീക്ഷയിലാണെന്നാണ്‌ തോന്നിയിട്ടുള്ളതു. എഞ്ചിനീയറിങ്ങിനു പരീക്ഷയൊഴിഞ്ഞയവസ്ഥ വരാന്‍ നോമ്പു നോല്‍ക്കണം. പോളിക്കു പരീക്ഷയെത്താന്‍ നോമ്പു നോല്‍ക്കണം. സപ്ലികളെഴുതാന്‍ മാത്രം ഇടക്കാലാശ്വാസവും ഉണ്ട്‌. ഇമ്പ്രൂവുമെന്റുകള്‍ക്കുള്ള പോക്കുകള്‍ എപ്പോഴും ടോസ്സ്‌ ഇട്ടിട്ടായിരിക്കും. കോഴിക്കോട്‌ പടത്തിനു പോണോ? പരീക്ഷക്കു പോണോ?


ആദ്യവര്‍ഷം കടന്നു പോയി. അതിനിടയില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ടു. പുതിയ കുട്ടികള്‍ (ജൂനിയേഴ്‌സ്‌)എത്തി തുടങ്ങി. കൂടെയുണ്ടായിരുന്ന കുറെപ്പേര്‍ ട്രാന്‍സ്‌ഫര്‍ വാങ്ങിപ്പോയി. പുതിയ കുട്ടികളുടെ കൂട്ടത്തില്‍ എന്റെ സ്കൂളിലെ കൂട്ടുകാരില്‍ ചിലര്‍- അംജിത്തും, സജുവും, നിഷാദും എത്തി. നാട്ടിലേക്കും തിരിച്ചുമുള്ള ട്രെയിന്‍ യാത്രകള്‍ ആഘോഷങ്ങളായിരുന്നു. എന്റെ പത്താം ക്ലാസ്സിലെ കൂടുതല്‍ പേരും തിരൂര്‍ പോളിയില്‍ ആയിരുന്നു. അവരും ട്രെയിന്‍ യാത്രകളില്‍ ഒപ്പമുണ്ടാകും. അങ്ങനെ കായംകുളം റയിലാപ്പീസിനെ കുളമാക്കിമാറ്റാനുമ്മാത്രമുള്ള വലിയൊരു കൂട്ടം.

മറക്കാനാവാത്ത ട്രയിന്‍ യാത്രകള്‍ ഒരുപാടാണ്‌. ജിനീഷ്‌ ഇക്ബാലിനു ട്രയിന്‍ എന്നു പറഞ്ഞാല്‍ 'അമ്മാവന്റെ വണ്ടി'യാണ്‌. ടിക്കറ്റ്‌ എടുത്തുപോകുന്നതിനേക്കാള്‍ വലിയ പാപം വേറെയില്ലെന്നാണവന്റെ പക്ഷം. അവനെ പിടിക്കാന്‍ ആള്‍ക്കാര്‍ വരുന്നതും കാത്ത്‌ ഞാന്‍ എന്റെ ടിക്കറ്റില്‍ മുറുകെ പിടിച്ചുകൊണ്ട്‌ ഉറങ്ങാതെ വാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍, അവന്‍ സുഖമായി കിടന്ന് ഉറങ്ങുകയായിരിക്കും. ഒടുവില്‍ ഒരു 'ഹായ്‌' പറഞ്ഞു അവന്‍ റയില്‍ വെ ട്രാക്കിലൂടെ നടന്നു നീങ്ങുമ്പോള്‍ എന്റെ കയ്യിലിരിക്കുന്ന കാശ്‌ കൊടുത്തു വാങ്ങിയ പേപ്പര്‍ കഷണത്തെ ഒരു ദൈന്യതയോടെ ഞാന്‍ നോക്കാറുണ്ടായിരുന്നു.

പിന്നെയൊരിക്കല്‍ ഒരു പരീക്ഷണാര്‍ത്ഥം ഞാനും ടിക്കറ്റില്ലാതെ കയറി. അടുത്ത്‌ സ്റ്റേഷനെത്തും മുന്‍പെ പരിശോധകരുമെത്തി. ചുറ്റും എന്തൊക്കെയോപറഞ്ഞു കൊണ്ട്‌ കുറേയാളുകളും. പുള്ളിയുടെ സെക്യൂരിറ്റിയായിരിക്കും, ഞാന്‍ കരുതി. ആകെയൊരു സമാധാനം കൂട്ടിനു ആളുണ്ടല്ലോയെന്നതായിരുന്നു. എന്നോട്‌ ടിക്കറ്റ്‌ ചോദിച്ചപ്പോള്‍ അടുത്തിരുന്ന ജിനീഷിനെ നോക്കി. അവന്‍ അവിടെയെങ്ങുമുണ്ടായിരുന്നില്ല. ഒറ്റക്കു പിടിക്കപ്പെട്ടുവെന്നു മനസ്സിലായപ്പോള്‍ ജിനീഷ്‌ പടിപ്പിച്ചു തന്നിരുന്ന കള്ളമങ്ങു കാച്ചി. "സാര്‍, ഞാന്‍ വന്നപ്പോഴേക്കും വണ്ടി വിട്ടുപോയി. ടിക്കറ്റ്‌ എടുക്കാന്‍ സമയം കിട്ടിയില്ല."

ഒരു ചെറു ചിരി അദ്ദേഹത്തിന്റെ മുഖത്ത്‌ വിടരുന്നതു കണ്ടപ്പോള്‍ എനിക്കിത്തിരി സമാധാനമായി. പുള്ളി ചിരിച്ചുകൊണ്ടു തന്നെ ഇങ്ങനെ പറഞ്ഞു.

"മോനേ, ഇതും കൂട്ടി ഇതേ കള്ളം പറയുന്ന പത്താമത്തെയാളാ നീ, അങ്ങോട്ടു മാറി നില്‍ക്ക്‌"

ഞാനാകെ തളര്‍ന്നു പോയി. പരിശോധകന്റെ സെക്യൂരിറ്റി പോലെ ചുറ്റും കൂടി നിന്നവരുടെ കൂട്ടത്തിലോരാളായി ഞാനും മാറി.

തൊട്ടുമുന്നിലത്തെ സ്റ്റേഷനില്‍ നിന്നാണു കയറിയതെന്നു ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതു കൊണ്ടും എന്റെ ദൈന്യത കണ്ടതു കൊണ്ടുമാവാം, അടുത്ത സ്ഥലത്തു നിന്നു ടിക്കറ്റ്‌ വാങ്ങി കയറിക്കൊള്ളാന്‍ അദ്ദേഹം സന്മനസ്സുകാട്ടി. അന്ന് ഒരു കാര്യം മനസ്സിലായി, "ഈ പണി നമുക്കു പറ്റിയതല്ല".

ടിക്കറ്റ്‌ വാങ്ങി തിരിച്ചു വരുമ്പോള്‍ എന്നെ പിടിച്ചു കയറ്റാന്‍ ജിനീഷും അവിടെയുണ്ടായിരുന്നു. എങ്ങനെ രക്ഷപെട്ടുവെന്നു അവന്റെയടുക്കല്‍ ചോദിക്കുന്നതില്‍ എന്തര്‍ത്ഥം. ഞാന്‍ മിണ്ടാതിരുന്നു.


തുടരും....

4 comments:

ശ്രീ said...

കൊള്ളാം എഴുത്ത്.
തുടരൂ...

:)

ഒറ്റയാന്‍ | Loner said...

ഹോ അളിയാ, എന്തൊരു ഓര്‍മ്മ!
സമ്മതിച്ചു!
കൊള്ളാം, നന്നായിട്ടുണ്ട്.

ധനേഷ് said...

എടോ മനുഷ്യാ ഇടക്കൊക്കെ എഴുതു...

ദീപക് said...

you reminded me about my poly life .. thanks
Deepak

പഴയ ചില വികൃതികള്‍