ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Monday, November 23, 2009

ബിമലിന്റെ കാലിബര്‍

കോളേജിലെത്തിയിട്ടു ഏറെ ദിവസങ്ങളായിട്ടില്ല. ആദ്യ സീരീസിന്റെ തലേന്നാണ് അഡ്മിഷന്‍ കിട്ടിയത്. എങ്കില്‍ അതു കഴിഞ്ഞിട്ടു ക്ലാസ്സില്‍ കയറാമെന്നങ്ങ് കരുതി. അങനെ ഐശ്വര്യമായി ആദ്യ പരീക്ഷ തന്നെ ഒഴിവാക്കികൊണ്ട് പുതിയ അദ്ധ്യയനം ആരംഭിച്ചു.

ഇനി ക്ലാസ്സില്‍ കയറിയേക്കാമെന്നു കരുതിയപ്പോഴാണ് കുട്ടികള്‍ ടൂറിനു പോയിക്കഴിഞ്ഞെന്ന വിവരം അറിയുന്നതു. ക്ലാസ്സിലൊന്നു കയറാന്‍ കൊതിയായങ്ങനെ അസ്വസ്ഥമായി തെണ്ടിത്തിരിഞ്ഞു നടക്കുമ്പോഴാണ് ‘കാലിബര്‍ ബൈക്കി‘ലൊരു തടിമാടന്‍ മുന്നില്‍ വന്നു നിന്നത്. അറിയാതെ ഞാനൊന്നു വണങ്ങി മാറി നിന്നു.

(എന്റെ വാപ്പ ഒരു അദ്ധ്യാപകനായിരുന്നതിനാല്‍ അദ്ധ്യാപകരെ കാണുമ്പോള്‍ അറിയാതെ നമിച്ചു പോകും.)

ബൈക്കില്‍ തന്നെയിരുന്നദ്ദേഹമെന്നെ അരികത്തു വിളിച്ചു.
ഭവ്യതയോടെ ഞാന്‍ അരികത്തു ചെന്നു.

“താന്‍ എസ്ത്രീ ഈസിയല്ലെ?” ഘന ഗംഭീരമായ ശബ്ദം.
ചോദിച്ചതെന്തെന്നു മനസ്സിലായില്ല. ഇവിടുത്തെ ഭാഷ എന്താണോയെന്തോ?

ഇനി വല്ല മറുഭാഷക്കാരനുമാണോ? കണ്ടിട്ടൊരു കാപ്പിരി ലുക്ക് ഇല്ലാതില്ല.

വാട്ട്? ഞാന്‍ ചോദിച്ചു.

ഇയ്യ് ഇലക്ട്രോണിക്സില്‍ മൂന്നാം സെമ്മില്‍ പഠിക്കാന്‍ വന്നതല്ലെ? അന്റെ പേരെന്താ? പറച്ചിലില്‍ ഒരു മലപ്പുറം ടച്ച്.

ഇര്‍ഷാദ്. ഞാന്‍ പേരു പറഞ്ഞു.

ഞാന്‍ ബിമല്‍. വീട് പാല. മുമ്പ് മലപ്പുറം മഞ്ചേരിയിലായിരുന്നു.
തന്റെ ക്ലാസ്സില്‍ തന്നെയാ, ലാറ്ററലെണ്‍‌ട്രി തന്നെ.....

ഞാന്‍ ആഹ്ലാദംകൊണ്ട് നിശ്ശബ്ദനായി.
ഞാനായിരിക്കും ഇവിടെ മൂത്താപ്പ എന്നു കരുതിയിരിക്കുകയായിരുന്നു.
ഇപ്പോള്‍ എനിക്കു സമാധാനമായി. ഒപ്പം ഭയവും.
ഇവന്റെയൊക്കെ കൂടെ വേണോ ഈശ്വരാ പഠിക്കാന്‍?

റൂമുണ്ടോ? ബാസ്സ് ഒട്ടും കുറക്കാതെ അടുത്ത ചോദ്യം.
ഇവനാള് പെശകാന്നാ തോന്നുന്നെ. മലപ്പുറത്തൊക്കെയായിരുന്നെന്നു പറയുന്നുമുണ്ട്.
പിന്നെ, ഒരു വിദ്യാര്‍ത്ഥിയുടെ ശബ്ദത്തിനു ഇത്രക്ക് ബാസ്സ് വേണോ? ഒരു സംശയം.

എന്തിനാ?
താമസിക്കാന്‍ തന്നെ. മറുപടി

ഓഹോ !! വണ്ടിയുമായി റൂം തെണ്ടിയിറങ്ങിയതാണല്ലേ?

ങാ, വണ്ടി പോട്ടെ........., ഞാന്‍ അവന്റെ വണ്ടിക്കു പിന്നില്‍ കയറി.

ഒന്നെര കിലോമീറ്റര്‍ മലകയറ്റം കഴിഞ്ഞാലാണ് ഇലക്ട്രോണിക്സ് ബ്ലോക്കിലെത്തുക. അങ്ങനെ വിയര്‍ത്തു കുളിച്ചു വന്നു വിശ്രമിക്കുമ്പോഴാണ് വണ്ടിയുമായൊരുത്തന്റെ വരവു. സമാധാനമായി. ഇവനെ ഞാന്‍ എന്റെ റൂമ്മേറ്റാക്കിയിരിക്കുന്നു.

അതുകൊണ്ട് രണ്ടുണ്ടു ഉപകാരം. യാത്രക്കൊരു വണ്ടിയും. നമുക്കു കയ്യിലിരിപ്പു കാരണം വഴിയില്‍ നിന്നും കിട്ടുന്നതു വാങ്ങാന്‍ വിശാലമായ ഒരു പുറവും.

അങ്ങനെ ബിമല്‍ റൂമില്‍ അന്തേവാസിയായി വന്നെത്തി.

ബിമലിന്റെ ബൈക്കിന്റെ പിന്നിലിരുന്നു ഞാന്‍ കോളേജില്‍ പോക്കും വരവും നടത്തിവരവെ, കോളേജിന്റെ സ്വന്തം ഉത്സവം ‘വെര്‍ച്യൂസോ’ വന്നെത്തി. കോട്ടയം മാമ്മന്‍ മാപ്പിള ഹാളിലാണ് അങ്കം.

അന്നേ ദിവസം വായില്‍നോട്ടമല്ലാതെ നമുക്ക് പ്രത്യേകിച്ചു പണിയൊന്നുമില്ല. നമുക്കു ആരെയും പരിചയമില്ലാത്തതിനാലും, നമ്മളെ ആര്‍ക്കും പരിചയമില്ലാത്തതിനാലും നാട്-ക്ലാസ്സ്-ടീച്ചര്‍-കുട്ടി-രക്ഷകര്‍ത്താവ് വ്യത്യാസമില്ലാതെ നോക്കി സംരക്ഷിച്ചു നിന്നു. പോളി കഴിഞ്ഞു വന്ന മുപ്പത്താറ് പൊളികള്‍ എന്ന കാഴ്ചപ്പാടില്‍ ചില ടീച്ചേഴ്സും കുട്ടികളും ബഹുമാനിച്ചു. മറ്റു ചിലര്‍ കുട്ടികളുടെ രക്ഷകര്‍ത്താക്കന്മാര്‍ എന്ന വിചാരത്തില്‍ സ്നേഹാദരങ്ങളര്‍പ്പിച്ചു കടന്നു പോയി.

പരിപാടികളൊക്കെ കെങ്കേമം. സിനിമാറ്റിക് ഡാന്‍സും ഫാഷന്‍ഷോയുമൊക്കെ മുറ്റു ഷോ തന്നെ. പരിപാടി കഴിഞ്ഞപ്പോള്‍ രാത്രി വളരെ വൈകി. മഴക്കു സാദ്ധ്യതയുണ്ട്. തുച്ഛമായ ബസ്സുകള്‍, മോശമല്ലാത്ത എണ്ണം കുട്ടികളോടൊപ്പം യാത്രക്കു തയ്യാറായി നില്‍ക്കുന്നു. ആദ്യം പെണ്‍കുട്ടികളെ ഹോസ്റ്റലിലാക്കി ബസ്സുകള്‍ ആണ്‍കുട്ടികള്‍ക്കായി തിരിച്ചെത്തും. ബിമലിന്റെ വണ്ടിയുള്ളതിനാല്‍ മഴ കൊണ്ടാലും തള്ളുകൊള്ളാതെ എനിക്കു പോകാം എന്നതിനാല്‍ ഞാന്‍ കാത്തു നിന്നു.

ഡ്രൈവര്‍മാര്‍ വണ്ടി സ്റ്റാര്‍ട്ടാക്കി. ബിമലും.....

പിന്നെ ബിമി ബസ്സുകളെ വലം വെച്ചു, വണ്ടിയൊന്നു ഇരപ്പിച്ചു, സര്‍വ്വരുടെയും ശ്രദ്ധയെ തന്നിലേക്കാകര്‍ഷിച്ചു, പുഷ്പം പോലെ വണ്ടി ഒറ്റവീലില്‍ നിര്‍ത്തി അഭ്യാസം. പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന വണ്ടിക്കുമുന്നില്‍ ഇവനിപ്പോള്‍ തേങ്ങയുടക്കും എന്നു കരുതി ഞാന്‍ ശ്വാസം പിടിച്ചു നിന്നു.

എന്തായാലും അന്നു ഭാഗ്യത്തിനു ഇറച്ചിയില്‍ മണ്ണു പറ്റിയില്ല.

ഇവനാളുകൊള്ളാമല്ലോ? ഇന്നു ഇവന്റെ കൂടെത്തന്നെ പോകണം. നല്ല എക്സ്പെര്‍ട്ട് ഡ്രൈവറായതിനാല്‍ ഒന്നും പേടിക്കാനില്ല. പാതിരാത്രിയാണെങ്കിലും കൂരിരുട്ടാണെങ്കിലും മഴയിത്തിരികൊണ്ടാലും സാരമില്ല. ബിമലിന്റെ കൂട്ടാളിയാണെന്നു നാലുപേരറിയുമല്ലോ?

അങ്ങനെ ഡ്രൈവര്‍മാര്‍ വണ്ടി വിട്ടു.

ലേഡീസ് പോയിക്കഴിഞ്ഞിട്ട് അഭ്യാസം കാട്ടിയിട്ടെന്തു കാര്യം? ബിമലും വണ്ടി വിട്ടു.
പിന്നില്‍ ഞാന്‍ പറന്നു പോകാതെ മുറുകെ പിടിച്ചിരുന്നു.

അകത്തു പെണ്‍കുട്ടികളായതിനാലാകണം ബസ്സ് അതിന്റെ ഫുള്‍ സ്പീഡില്‍ പാഞ്ഞു. സാധാരണ 10 കിലോമീറ്റര്‍ സ്പീഡില്‍ പോകുന്ന ബസ്സ് ഒഴിഞ്ഞ വീഥിയില്‍ കൂടി ഇപ്പോള്‍ 20-25 കി.മീ സ്പീഡില്‍ നീങ്ങുന്നു. ബിമലാണെങ്കില്‍ തന്റെ ജീവിതത്തിലെ ഏറ്റവും കുറഞ്ഞ സ്പീഡില്‍ (ബസ്സിന്റെ അതേ സ്പീഡില്‍) ആ ഫുള്‍ ലോഡ് ബസ്സുകളെ സംരക്ഷിച്ചു മുന്നിലും പിന്നിലുമൊക്കെയായി നീങ്ങി.

അതായിരുന്നു കെ. കെ റോഡിനെ അത്ഭുതപ്പെടുത്തിയ രാത്രി. അര്‍. ഐ. റ്റി. ബസ്സുകളുടെ കൂടിയ സ്പീഡും ബിമലിന്റെ കുറഞ്ഞ സ്പീഡും ഒരുമിച്ചു കണ്ട പുളകത്താല്‍ പ്രകൃതി അനുഗ്രഹം ചൊരിഞ്ഞു. കോരിച്ചൊരിയുന്ന മഴ....., വീശിയടിച്ച കാറ്റത്തു ഒടിഞ്ഞു വീഴാന്‍ തയ്യാറായി റോഡ്സൈഡിലെ റബ്ബര്‍ മരങ്ങള്‍ ഞങ്ങളെ നമിച്ചു.

ബിമള്‍ തന്റെ കൂടിയ സ്പീഡിലേക്കും, ബസ്സുകള്‍ കുറഞ്ഞ സ്പീഡിലേക്കും ഗിയറുകള്‍ മാറ്റി.
ബസ്സുകള്‍ വളരെ പിന്നിലായി. ഞാന്‍ മഴ നനയാതെ ബിമലിനു പിന്നില്‍ മറഞ്ഞിരുന്നു.

സ്ഥലം മണര്‍ക്കാട്. ഇനിയും നാലഞ്ചു കിലോമീറ്റര്‍ പോകണം. പെട്ടെന്നു വണ്ടി നിന്നു പോയി. ബസ്സുവരാന്‍ കാത്തു നില്‍ക്കാനുള്ള തന്ത്രമാണതെന്നു ഞാനാദ്യം കരുതി. മഴ കണ്ടാല്‍ വണ്ടിക്കുള്ള സ്ഥിരം അസുഖമാണതെന്നു കേട്ടപ്പോള്‍ ഞാനാകെ തകര്‍ന്നു പോയി.

അങ്ങനെ വണ്ടി തള്ളിത്തുടങ്ങി. നല്ല മഴയായതിനാല്‍ ഒട്ടും വിയര്‍ത്തില്ല. അപ്പോള്‍ ദൂരെ കോളേജ് ബസ്സുകള്‍ പ്രത്യക്ഷപ്പെട്ടു. ഞങ്ങള്‍ മൂന്നു ബസ്സും പോകുന്നതു വരെ റോഡ് സൈഡിലെ കുറ്റിക്കാട്ടില്‍ മൂത്രമൊഴിച്ചിരുന്നു.

പിന്നെ വണ്ടി തള്ളല്‍ തുടര്‍ന്നു.

“എഡാ, ഇവിടെവിടെങ്കിലും നിന്നു നമുക്കു കുറച്ചു മഴ കൊള്ളാം. അങ്ങനാണെങ്കില്‍ ഇവിടുത്തെ മഴ മാത്രം കൊണ്ടാല്‍ മതിയല്ലോ? വെറുതെയെന്തിനാ മണര്‍ക്കാട് മുതല്‍ ഏഴാമ്മൈല്‍ വരെയുള്ള മഴ കൊള്ളുന്നതു?” വണ്ടി തള്ളുന്നതിന്നിടയില്‍ ബിമലിന്റെ തമാശ.

ആ കരടി പോലുള്ള ദേഹത്തിനുള്ളിലുമൊരു ലോല ഹൃദയമുണ്ടെന്നു അന്നെനിക്കു മനസ്സിലായി.
അതുകൊണ്ട് അവനെ ഞാനൊന്നും ചെയ്തില്ല. ലോല ഹൃദയം കണ്ടിട്ടല്ല, ദേഹം കണ്ടിട്ടു.

ആണ്‍കുട്ടികളെ വിളിക്കാന്‍ ബസ്സുകള്‍ വീണ്ടും കോട്ടയത്തേക്കു പോകുന്നു. ഞങള്‍ വീണ്ടും മുള്ളാനായി വഴിവക്കിലിരുന്നു.

പകലല്ലാത്തതായിരുന്നു ആകെ സമാധാനം. പക്ഷെ ദൈവം ഫോട്ടോയെടുത്തുകൊണ്ടേയിരുന്നു. ആണ്‍ കുട്ടികളെ കയറ്റി ഇപ്പോള്‍ വണ്ടി ഇങ്ങെത്തും. അവന്മാര്‍ കണ്ടാല്‍ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല. എന്തൊക്കെ അഭ്യാസങ്ങള്‍ കാണിച്ചിട്ടാ വന്നതു?

ബസ്സില്‍ കയറിയിരുന്നെങ്കില്‍, ഇത്തിരി തള്ളുകൊണ്ടാലും, മഴ നനയാതെ, വണ്ടി തള്ളാതെ വീട്ടിലെത്താമായിരുന്നു. ബെന്‍സീര്‍ ബിമലിന്നു പിന്നില്‍ കയറാന്‍ പരമാവധി ശ്രമിച്ചതായിരുന്നു. പക്ഷെ എന്തു ചെയ്യാം. ഇതു എന്റെ യോഗം.

കയറ്റത്തിനു ശേഷം ഒരിറക്കമുണ്ടാകും എന്നതാണ് കെ. കെ റോഡില്‍ വണ്ടി തള്ളുമ്പോഴുള്ള ഏക ആശ്വാസം. ഇറക്കത്തില്‍ ഞങള്‍ വണ്ടിയില്‍ കയറിയിരിക്കും. പഴയ കഴുതക്കഥ പോലെ. കുറച്ചു സമയം ഞങള്‍ വണ്ടി വഹിക്കും. പിന്നെ അതു ഞങ്ങളെയും.

മഴ കുറഞ്ഞു. ദൂരെ വണ്ടിയുടെ വെളിച്ചം. വീണ്ടും മുള്ളാന്‍ സമയമായി. ഞങ്ങള്‍ കുറ്റിക്കാട് തേടി നീങ്ങി. പക്ഷെ അപ്പോഴേക്കും വണ്ടി അടുത്തെത്തി. ബസ്സില്‍ നിന്നും നിര്‍ത്താത്ത കൂവലുകള്‍........

പിന്നെ ബസ്സില്‍ നിന്നും ബെന്‍സീര്‍ ഇറങ്ങി അടുത്തു വന്നു ചോദിച്ചു.
തള്ളണോ അളിയാ.....

അന്നു ഞാനൊരു കാര്യം ഉറപ്പിച്ചു.

പഠിക്കാന്‍ പോകുവല്ലേ, വണ്ടി വീട്ടിലിരിക്കട്ടെ എന്നു കരുതി വീട്ടില്‍ കയറ്റി വെച്ച എന്റെ വണ്ടി കാമ്പസ്സിലേക്കു കൊണ്ടു വരിക തന്നെ.

അതിനു ശേഷം ഞാന്‍ മറ്റൊരാളുടെയും വണ്ടി തള്ളിയിട്ടില്ല.
കാരണം, തള്ളാനെനിക്കിപ്പോള്‍ സ്വന്തം വണ്ടിയുണ്ട്.

Tuesday, November 3, 2009

പാമ്പാടി ബ്ലോഗേഴ്സ് മീറ്റും നായരുടെ വിവാഹവും

അപരിചിത വായനക്കാര്‍ക്കു വേണ്ടി: ഞങളുടെ നായര്‍ തനി 916പ്യൂരിറ്റി നസ്രാണിയാണ്. ജോബിന്‍ എന്നതാണ് അവന്‍ സ്വയം വിളിക്കുന്ന പേര്. ഒരിക്കല്‍ അവന്‍ എയര്‍ടെല്‍ ഫോണ്‍ കണക്ഷന്‍ എടുത്തപ്പോള്‍, ബിമലിന്റെ ഫോണില്‍ പുതിയ നമ്പര്‍ വേര്‍തിരിച്ചറിയാനിട്ട പേരാണ് jobinAir. പിന്നീട് അതു Jobi Nair ആകുകയും, ഒടുവില്‍ ചുരുങ്ങി nair ആകുകയും ചെയ്തു.

ഈ ബ്ലോഗേഴ്സ് മീറ്റിന്റെ പ്രത്യേകത : ഇതിലെ ബ്ലോഗേഴ്സ് ആദ്യം കൂട്ടുകാരും പിന്നീട് ബ്ലോഗേഴ്സും ആയവരാണ്.

നായരുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പുത്രകളത്രാദികളുമായി ഞാന്‍ വീട്ടില്‍ നിന്നും യാത്ര തുടങ്ങി. വാ തുറന്നാല്‍ തമാശമാത്രം പറയുന്ന എന്റെ പ്രിയതമ (ഇപ്പോള്‍ ഇങ്ങനെ എഴുതിയാല്‍ എനിക്കു സ്വസ്ഥമായി ഉറങ്ങാന്‍ പറ്റിയേക്കും) ഒരാഴ്ചമുമ്പ് ആരോണിന്റെ വിവാഹത്തിന്ന് പോയപ്പോള്‍ ചോദിച്ചതാണ് ആദ്യം ഓര്‍മ്മ വന്നത്. വിവാഹം പ്രിയതമയുടെ വീടിന്നടുത്തായിരുന്നതിനാല്‍ ഉച്ചയായപ്പോള്‍ അവിടെനിന്നും ഒന്നിച്ചിറങ്ങി. വഴിക്കു വെച്ചു പൊടുന്നനെ ഒരു ചോദ്യം.

അവരു നിക്കാഹ് കഴിഞ്ഞു പയ്യക്കോട് പള്ളിയില്‍ നിന്നും ഇറങ്ങിയിട്ടുണ്ടാവുമോ?

ഓ....., എന്തൊരു ഓര്‍മശക്തി. എനിക്കത്ഭുതം തോന്നി. പള്ളിയുടെ പേരു ഇവള്‍ക്കിത്ര നിശ്ചയമോ?
ഒപ്പം ഒരു സംശയവും. നിക്കാഹോ?

വാ പൊളിച്ചിരിക്കുന്ന എന്നെ നോക്കി അടുത്ത ചോദ്യം,
എന്താ ആ പള്ളി അറിയില്ലെ?

എവിടെയോ കേട്ടിട്ടുണ്ട്. അതെവിടാ?
അതു നമ്മുടെ നിക്കാഹ് നടന്ന പള്ളിയാ.

ഞാന്‍ വീണ്ടും വാ പൊളിച്ചിരുന്നു.
ആരോണ്‍ പള്ളിയില്‍ നിന്നും കെട്ടും കഴിഞ്ഞു വരുമ്പോഴേക്കും ഒരു സമയമായേക്കുമെന്നു പറഞ്ഞതു ഞാന്‍ ഓര്‍ത്തു.....

എന്താ ഇക്കാ, ഹാറൂണ്‍ മുസ്ലിമല്ലെ? ഉമ്മാജിയുടെയടുക്കല്‍ ഒരു നിക്കാഹ് കൂടിയിട്ട് ബിരിയാണീം തട്ടി വരാമെന്നു പറഞ്ഞാ ഇറങ്ങിയതു......

ഇതുകൂടിപ്പറഞ്ഞപ്പോള്‍ എനിക്കു ചിരിയടക്കാന്‍ പറ്റാതായി. ആരോണ്‍ എന്ന സത്യക്രിസ്ത്യാനിയെ മതം മാറ്റി ഇവള്‍ ഹാറൂണ്‍ എന്ന മുസ്ലിമാക്കിയിരിക്കുന്നു.

ഓര്‍മകള്‍ അയവിറക്കി ചിരിച്ചുകൊണ്ട്, വണ്ടിയില്‍ കിലോമീറ്ററിനെ പൂജ്യത്തില്‍ സെറ്റ് ചെയ്യുന്ന എന്നോട് ആലുക്കാസിന്റെ പരസ്യത്തിലെ കുട്ടിയെപ്പോലെ വാ തുറന്നവളുടെ ഇന്നത്തെ ആദ്യത്തെ ചോദ്യം....
ഇതെന്തിനാ?
ഇതു..., ഇവിടുന്നു കോട്ടയത്തിനു എന്ത് ദൂരമുണ്ടെന്നു അറിയാനാ.................

ഓഹോ, അപ്പോള്‍ ഇവിടുന്നു കോട്ടയത്തിനെന്തു ദൂരമുണ്ട്? അല്ലെങ്കില്‍ വേണ്ട, എറണാകുളത്തിന്നു എന്തു ദൂരമുണ്ടെന്നു നോക്കിയേ? നിഷ്കളങ്കമായ ചോദ്യം.

കോട്ടയത്തെത്തിയിട്ടു അവിടെക്കുള്ള ദൂരം പറഞ്ഞു തരാം.
അപ്പോള്‍ എറണാകുളത്തേക്കുള്ളതോ?
ചിരിക്കണോ കരയണമോയെന്നറിയാതെ ഞാനവളെ നോക്കി. പിന്നെ പൊട്ടിച്ചിരിച്ചു.

ഒന്നും മനസ്സിലാവാതെ അവള്‍ അടുത്ത ചോദ്യമെറിഞ്ഞു.
അതെന്താ? ഇതില്‍ ദൂരം അറിയാമെന്നു പറഞ്ഞിട്ടു?
അതെ, ഇതില്‍ ഇപ്പോള്‍ പൂജ്യമാക്കി വെച്ചാല്‍ തിരിച്ചു വരുമ്പോള്‍ മൊത്തം ഈ ട്രിപ്പില്‍ എത്ര ഓടി എന്നറിയാം.

അപ്പോളവളുടെ പെണ്‍ബുദ്ധി ഉണര്‍ന്നു അടുത്ത ചോദ്യം ചോദിച്ചു.
എന്നാല്‍ പിന്നെ നമുക്കു തേക്കടിക്കുള്ള ദൂരമൊന്ന് ചെക്ക് ചെയ്താലോ?
ഹമ്പടി കള്ളീ........,

ഞെട്ടിയിരിക്കെ എനിക്കോര്‍മ്മ വന്നതു രജനികാന്തിന്റെ ഒരു പടത്തിലെ ഡയലോഗാണ്.
“ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേന്‍.....”

മകന്‍ -ഇര്‍ഫാന്‍- ഗിയര്‍ മാറിത്തുടങ്ങി. ഇടക്കിടക്കു ഫ്‌ര്‍‌ര്‍‌ര്‍‌ര്‍‌ര്‍‌ര്‍.......എന്നു വായ കൊണ്ടാക്കി അടുത്തിരിക്കുന്നവരെ ചവിട്ടലാണവന്റെ പരിപാടി. കഴിഞ്ഞ കല്യാണത്തിന്നു പെണ്ണും ചെക്കനുമൊപ്പം ഫോട്ടോയിക്കു പോസ് ചെയ്തപ്പോള്‍ ചെവിയിലെന്തോ ഇഴഞ്ഞതു അവന്റെ കയ്യായിരുന്നു എന്നറിഞ്ഞത് ഫോട്ടോ എടുത്തുകഴിഞ്ഞപ്പോഴാണ്, ‘ചെവിക്കു പിടിക്കുന്ന മകന്‍” എന്ന ആ പടം ഓഫീസില്‍ ഒരുപാടോടി.....
ഇത്തവണ അവന്റെ ‘വികൃതി‘യെന്താവുമോ എന്തോ?

ആരൊക്കെ കാണും? പ്രിയതമയുടെ അടുത്ത ചോദ്യം

എന്തായാലും ചില്ലുജാലകം ജോബിന്‍ കാണുമെന്നുറപ്പ്. അവനാണല്ലോ നായര്‍ എന്ന നായകന്‍. അവന്റെയാണല്ലോ കല്ല്യാണം.

പലപല വിചാരങ്ങളുമാ‍യി പലവിചാരം ദീപ ഇന്നലെ നാട്ടില്‍ എത്തിയിട്ടുണ്ടാവും. ഫ്ലൈറ്റിലാണ് അവള്‍ വരുന്നതെന്നും, നാലാളു കൂടി നില്‍ക്കെ നീയതൊന്നു പറഞ്ഞേക്കണമെന്നും ഇന്നലെ ഫ്ലൈറ്റ് കയറും മുന്‍പ് വിളിച്ചു പറഞ്ഞിരുന്നു.

ഹും... അവളുടെ ഒരു പത്രാസ്. ഒരു ട്രെയിന്‍ പിടിച്ചു പോലും എന്റെ വിവാഹത്തിനു വരാത്തവളാ.
ഉം........ നമ്മളാരാ മോന്‍, ഞാന്‍ പറഞ്ഞതു തന്നെ?.

വക്രദൃഷ്ടി ധനേഷ് സ്വതസിദ്ധമായ മെയ്‌വഴക്കത്തോടെ ഇപ്പോഴേ പൂഞ്ഞാറില്‍ നിന്നും ഏതെങ്കിലും വള്ളിയില്‍ (അതാ ശീലം) ലാന്റ് ചെയ്തിട്ടുണ്ടാവും.

പക്ഷെ വിഷ്ണുലോകം വിഷ്ണുവിന്റെ സാന്നിദ്ധ്യമുണ്ടാവില്ലയെന്നതാണ് ഏറ്റവും വലിയ നഷ്ടം. എങ്കിലും ബിമിക്കഥകളിലെ ബിമലെത്തി എന്തെങ്കിലുംമൊക്കെ ഒപ്പിക്കാതിരിക്കില്ല.

പള്ളിയില്‍ വന്നിറങ്ങിയപ്പോഴേ അകലെ ഒരു ആള്‍ക്കൂട്ടം കണ്ടു. ആള്‍ക്കൂട്ടത്തിനു നല്ല തിളക്കം. നടുവില്‍ ഒരു ഒട്ടകത്തിന്റെ തലയെടുപ്പോടെ ദീപ. ഒരാനയുടെ തലയെടുപ്പോടെ ബിമല്‍. ഒരു ജിറാഫിന്റെ തലയെടുപ്പോടെ രഞ്ചി. ഒരു സിംഹത്തിന്റെ നെഞ്ചെടുപ്പോടെ ശ്രീജിത്ത്. ഇവര്‍ക്കാര്‍ക്കും പിന്നിലല്ല എന്ന ഭാവത്തില്‍ നോയല്‍. ഞാനൊരു പാവം, എന്നെ വിട്ടേക്കു എന്ന ഭാവത്തില്‍ ഈയെല്‍. ബിമലൊരടി മാറിയപ്പോള്‍ കൂരോപ്പട ബിബിനെയും പ്രവീണിനെയും കൂട്ടത്തില്‍ കണ്ടു. കൂട്ടത്തിനടുത്തെത്തിയപ്പോള്‍ ദീപക്കു ചുറ്റും കണ്ട തിളക്കം, ഉച്ചസൂര്യന്റെ പ്രകാശത്തില്‍ നിന്നല്‍പ്പത്തെ ചില തലകള്‍ വഴി തിരിച്ചു വിടുന്നതാണെന്നും മനസ്സിലായി.

പൊള്ളുന്ന ചൂടാണെന്നു രാജസ്ഥാനില്‍ നിന്നും, വെള്ളപ്പൊക്ക ദുരിതത്തിലാണെന്നു ഹൈദ്രാബാദില്‍ നിന്നുമൊക്കെ ദീപ എഴുതിവിട്ടതും വിളിച്ചുപറഞ്ഞതുമൊക്കെ കളവായിരുന്നെന്നു അടുത്തെത്തിയപ്പോള്‍ മനസ്സിലായി. കറുത്തിട്ടുമില്ല. മെലിഞ്ഞിട്ടുമില്ല. കയ്യിലിരുപ്പു ഇത്തിരി കൂടീട്ടുമുണ്ട്. വെള്ളപ്പൊക്കത്തില്‍ പെട്ടിരിക്കാന്‍ സാദ്ധ്യത കാണുന്നുണ്ട്. വെള്ളം കുടിച്ചു വീര്‍ത്തപോലെ പത്തിരുപതു കിലോയെങ്കിലും കൂടി. അരികില്‍ അവളുടെ അച്ഛന്‍, ഇവളെ എനിക്കറിയുകയേയില്ല എന്ന ഭാവത്തില്‍ നില്‍ക്കുന്നു. അവള്‍മൂലം കുടുംബം ഇത്തിരി വെളുത്തിട്ടുണ്ടെന്നു പാവത്തിനെ കണ്ടാലറിയാം.

ദേ, ഒരരുകില്‍ മൂന്നു കൊച്ചുവിഷ്ണുക്കള്‍ നിന്നു ചിരിക്കുന്നു. വിഷ്ണുവിന്റെ ചിരിയുടെ മൂന്ന് ഫോട്ടോസ്റ്റാറ്റുകള്‍. വിഷ്ണുവിന്റെ അച്ഛനും അമ്മയും പെങ്ങളും. പണ്ട് ആശുപത്രിയില്‍ നിന്നും കൊച്ചുവിഷ്ണുവിനെ എടുത്തോണ്ട് പോയപ്പോഴും മായാത്ത ആ ചിരികള്‍ ഉച്ച സൂര്യന്റെ പ്രകാശത്തിനെ നാണിപ്പിച്ചു.
അവരോട് കുശലാന്വേഷണവുമായി നില്‍ക്കെ.......

ഇക്കാ, ദേ ഒരാള്‍ വിളിക്കുന്നു.
ഹായ്, തങ്കച്ചന്‍ സാര്‍. സൂസിയുടെ കാര്യം എടുത്തിടാതിരുന്നാല്‍ മതിയായിരുന്നു......
പറഞ്ഞതു അല്‍പ്പം ഉറക്കെയായിപ്പോയി. പ്രിയതമയുടെ ഏങ്ങലിന്റെ ശബ്ദവും അതിനേക്കാള്‍ ഉച്ചത്തില്‍ പൊങ്ങി.

പടച്ചോനേ, അവളതു കേട്ടു, ഇന്നത്തെ ദിവസം എടങ്ങേറായതു തന്നെ..........

സൂസി എന്നാല്‍ എസ്.യു.സി.ഐ എന്നതാണെന്നു ഇവളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും ഈശ്വരാ.....
അതിനും വേണ്ടിവരും രണ്ട് ദിവസം. ആ പേരിലൊരു രാഷ്ട്രീയപ്പാര്‍ട്ടിയെ അവള്‍ കേട്ടിട്ടുണ്ടാവുമോ എന്തോ?

പതിവുപോലെ സാമൂഹിക-കലാ-സാംസ്കാരിക-വൈജ്ഞാനിക രംഗങ്ങളില്‍ സ്പര്‍ശിച്ചു തങ്കച്ചന്‍സാറിന്റെ കുശലാന്വേഷണം. ഒപ്പം ദീപക് സാറും കൂടി.

ദേണ്ട വരുന്നു രണ്ട് കുഞ്ഞുമനുഷ്യര്‍(?), ആവോലിക്കാരന്‍ പട്ടാളവും മിസ്സിസ്സും മാര്‍ച്ചുചെയ്തു കടന്നുവന്നു. ക്രേസി ഈയല്‍ ഉടന്‍ ഒരു മരത്തിന്‍ ചില്ലയില്‍ ഇരിപ്പുറപ്പിച്ചു. എണീറ്റ് നിന്നാലും ഇരുന്നാലും പട്ടാളത്തിന്റെ മുഖം കാണാന്‍ മുകളിലേക്കു തന്നെ നോക്കണം. എന്നാല്‍ പിന്നെ ഇവിടെ ഇരിക്കുന്നതല്ലേ ബുദ്ധി.

“വിവാഹം സ്വര്‍ഗത്തില്‍ വെച്ചു നടക്കുന്നു, ജീവിതം .....“ എന്നാണല്ലോ ചൊല്ലു.
സാത്താന്‍മാര്‍ക്കു സ്വര്‍ഗത്തില്‍ പ്രവേശനമില്ലാത്തതിനാല്‍, വിവാഹം നടക്കുന്ന പള്ളിയിലേക്ക് കയറാതെ ബിമല്‍ പുറത്ത് തന്നെ നിന്നു. കൂടെ ഞങളും, അവനൊരു കൂട്ടിനായി മാത്രം....

എനിക്കൊരു കാര്യം പറയാനുണ്ട്, എല്ലാവരും ശ്രദ്ധിക്കുക..... ധനേഷിന്റെ അലര്‍ച്ച.
ആരു ശ്രദ്ധിക്കാന്‍? പണ്ട്, അവന്, ഞങ്ങലുടെ ക്ലാസ്സ് റപ്പായിരുന്നപ്പോള്‍ പോലും ഞങള്‍ അവനെ ശ്രദ്ധിച്ചിട്ടില്ല. പിന്നാ ഇപ്പോള്‍....

ഒരു പ്രധാനപ്പെട്ട വിവരമുണ്ട്..... ധനേഷിന്റെ ഓര്‍മ്മപ്പെടുത്തല്‍.
എന്നാല്‍ ഒന്നു ശ്രദ്ധിച്ചേക്കാം, ഇനി ഭക്ഷണം കഴിക്കുന്നതിനെപ്പറ്റി വല്ലതുമാണെങ്കില്‍ മിസ്സ് ചെയ്യണ്ട, ബിമലിന്റെ ഓര്‍മപ്പെടുത്തല്‍.

ഇവിടെ എത്തപ്പെട്ടിരിക്കുന്ന ഒരാള്‍ നമ്മളെ കാണാന്‍ (കാണിക്കാന്‍) മാത്രമായി ഫ്ലൈറ്റ് പിടിച്ച് ഇവിടെ വന്നിരിക്കുകയാണ്. ആരാണ് ഹൈദ്രാബാദില്‍ നിന്നും വന്നെത്തിയതെന്നു ഞാന്‍ പറയേണ്ടതില്ലല്ലോ?

എന്തിനു പറയണം? അവളിതു എല്ലാവരോടും എപ്പോഴേ പറഞ്ഞിട്ടുണ്ടാവും. ഞാന്‍ ഊഹിച്ചു.

എന്നെ വിളിച്ചു ഇതു വിളമ്പാന്‍ പറഞ്ഞതു പോലെ അവനോടും പറഞ്ഞത്രെ? എല്ലാവര്‍ക്കും ആളെ മനസ്സിലായി. എല്ലാവരോടും അവള്‍ തന്നെ പറഞ്ഞിരുന്നുവെന്നു സാരം.

പാവം വക്രദൃഷ്ടി ധനേഷ്. ബ്ലോഗില്‍ പുലിയാണെന്നു പറഞ്ഞിട്ടെന്താ? ഒട്ടും വക്രദൃഷ്ടിയില്ലാതെ പോയി.

സരിഗമപതനിസ...... പാടി നടന്നിരുന്ന കോര (വിപിന്‍ കോര എന്നു പൂര്‍ണ്ണ രൂപം, കോര എന്നതു അവന്റെ അപ്പൂപ്പന്റെ പേരായതു കൊണ്ട് അതാ നമുക്കു പ്രിയം. ഇടക്കിടക്കു ‘എഡാ കോരേ’ എന്നു വിളിച്ചാല്‍ അവന്‍ മാന്യനാവും), ഒടുവില്‍ നിസയുമൊത്തു പുതു-മാന്യന്റെ ഭാവത്തോടെ (വിവാഹം കഴിച്ചിട്ടു ആഴ്ച ഒന്നേ ആയുള്ളേ) സൂര്യനെക്കാള്‍ ഇരട്ടി തിളങ്ങി നില്‍ക്കുന്നു (ഒരു തിളക്കം ഷര്‍ട്ടില്‍ നിന്നും, മറ്റൊന്നു തലയില്‍ നിന്നും). ബിമലിന്റെ കണ്ടതും ഉള്ളിലടക്കിയിരുന്ന തനിസ്വഭാവം, മാന്യഭാവത്തെ കീഴ്‌പ്പെടുത്തി പുറത്തു ചാടി.

ഈയിടയായി ക്രിസ്ത്യന്‍ വിവാഹങ്ങളില്‍ ശുഷ്കാന്തിയോടെ പങ്കെടുക്കുന്ന ജേക്കബ് , അപൂര്‍വ്വ സാന്നിദ്ധ്യങളായ പ്രവീണും ബിബിനും‍, പരല്‍മീനും കരിമീനും കുട്ടയില്‍ നിന്നും ചാടിപ്പോയെങ്കിലും വലവീശിക്കൊണ്ടിരിക്കുന്ന നോയല്‍, പഠനകാലത്തെ സ്വഭാവത്തില്‍ ഒരു മാറ്റവും വരുത്താതെ ഇത്രനാളും സൂക്ഷിച്ച് കൃത്യമായി വൈകിയെത്തിയ രാഖി, എന്നിവരുടെ സാന്നിദ്ധ്യത്താല്‍ അപൂര്‍വ്വ ജീവികളുടെ സമ്മേളനവേദിയായിമാറിയ പള്ളിയങ്കണത്തില്‍ അവരോടൊപ്പം സ്ഥിരം കല്ല്യാണമുണ്ണികളായ, ഇന്നും പുഞ്ചിരിയില്‍ തോല്‍പ്പിക്കാന്‍ മറ്റാരുമില്ലെന്നു തെളിയിച്ചു ഷാനി, ജെ.കെ എന്ന ജയകൃഷ്ണന്‍, അഭിലാഷ് ഈയെല്‍, വസന്ത്, രഞ്ജി, ശ്രീജിത്ത്, എഡ്‌വിന്‍ എന്നിവരും കൂടിച്ചേര്‍ന്നപ്പോള്‍ ഈ കല്ല്യാണമൊന്നു കഴിഞ്ഞാല്‍ മതിയെന്നായി നാട്ടുകാര്‍ക്ക്.

എല്ലാവരും അര്‍മാദിച്ചു നില്‍ക്കെ, സ്വര്‍ഗത്തില്‍ നിന്നും മാലാഘമാര്‍ ഭൂമിയിലേക്കു ഇറങ്ങിവന്നു. എന്നു വെച്ചാ‍ല്‍ കെട്ടും പൂട്ടി നായര്‍ പള്ളീന്ന് ഇറങ്ങീന്ന്....

ഒന്നു കണ്ടിട്ടു കഴിക്കണം.
കണ്ടു, ആശംസിച്ചു, ഇനി ഭക്ഷണം കഴിച്ചിട്ട് ബാക്കി.........

ചുള്ളന്മാരൊക്കെ നമ്മ ഗഡികളാട്ടോ?
ത്രിശൂര്‍കാരിയെ കെട്ടിയിട്ടു അഞ്ചുമിനിറ്റ് തികയാത്ത കോട്ടയംകാരനായ ജോബിന്‍, കൂട്ടുകാരെ തന്റെ പെണ്ണിനു തനി ത്രിശൂര്‍ ഭാഷയില്‍ പരിചയപ്പെടുത്തി.

കഴിച്ചിട്ടേ പോകാവുള്ളൂട്ടോഷ്ടാ...... ജോബിന്റെ ഓര്‍മപ്പെടുത്തല്‍.
അതും നമ്മളോട്, ഇവനാരെടാ, മണവാളനായിപ്പോയി, അല്ലെങ്കില്‍.......

സ്വകാര്യമായി പട്ടാളത്തിന്റെ മറുചോദ്യം, കഴിക്കാനുള്ള കുപ്പി എവിടാ വെച്ചിരിക്കുന്നതു? ?
-പട്ടാളമല്ലെ? പുള്ളി മിലിട്രീടെയാളാന്നാ തോന്നുന്നെ-

ചിലരുടെ കാര്യത്തില്‍ ഇങ്ങനെയാ.....
അച്ഛാ... ഇന്നു ഞാന്‍ കഴിച്ചിട്ടേ വരൂ, അല്ലെങ്കില്‍ താമസിച്ചേ വരൂ എന്നൊക്കെ വീട്ടിലേക്ക് ഫോണില്‍ വിളിച്ചു പറയുന്നതു കേള്‍ക്കാം. ഇന്നു ഞാന്‍ കഴിച്ചിട്ടേ വരൂ എന്ന് പറഞ്ഞാല്‍ അല്‍പ്പം മദ്യം കഴിച്ചിട്ടേ വരൂ എന്നും, താമസിച്ചേ വരൂ എന്നാല്‍ ഇന്നിവിടെ താമസിച്ചു നാളയേ വരൂ എന്നുമാണെന്ന കാര്യം നമുക്കു മനസ്സിലാകുക പിന്നീടാണ്.

എന്തായാലും താമസിക്കാന്‍ നിന്നില്ല. കഴിച്ചു കഴിഞ്ഞു പോകാനിറങ്ങുമ്പോള്‍ വരുന്നു രണ്ട് പേര്‍. വന്നപാടെ ഉണ്ണാനിരുന്നു. ഇതാണവരുടെ (അവരുടെ കൂടെക്കൂടിയാല്‍ എന്റെയും) സ്ഥിരം പരിപാടി. ഞാനവരെ എന്റെ പെണ്ണിനു പരിചയപ്പെടുത്തി. ഇതു സഞ്ചു. നമ്മുടെ കല്ല്യാണത്തിനും അവസാനം ഉണ്ടവര്‍ ഇവരാ...... വന്നതും അപ്പോഴാ‍യിരുന്നു. ഇതു.....

ഞാന്‍ പരിചയപ്പെടുത്തിത്തരാം. ഇടക്കു കയറി സഞ്ചു കൂട്ടുകാരനെ പരിചയപ്പെടുത്താന്‍ തുടങ്ങി
ഇതു ഷാജി. എന്റെ കൂടെ അന്നും ഉണ്ടായിരുന്നു.......

ചിരികള്‍ക്കിടയില്‍ ഫോട്ടോയിക്കു പോസ് ചെയ്യാനുള്ള വിളി വന്നു. ചെവിക്കു പിടിക്കാതിരിക്കാന്‍ ഇര്‍ഫാന്റെ കൈകള്‍ താഴ്ത്തി പിടിച്ച് ഞാന്‍ പോസ് ചെയ്തു.

യാത്ര പറഞ്ഞ് ആര്‍.ഐ.റ്റി എന്ന ഞങളുടെ കാമ്പസ്സിലേക്കു. അവിടെ പഴയ അര്‍മാദങ്ങളുടെ ചെറിയൊരാവര്‍ത്തനം. പിന്നെ വിടപറച്ചില്‍.

ഡീ, നീ പലപല വിചാരങ്ങളുമായി വന്നിട്ടു എന്തെങ്കിലും നടന്നോ? ദീപയോട് ചോദിച്ചു.
ഉം..... കുറച്ചൊക്കെ, പക്ഷെ മറ്റെ കാര്യം എല്ലാവരോടും പറയാന്‍ ധൈര്യം വന്നില്ല. എങ്ങനാ പറയുക. ആരെങ്കിലും ഒന്നു സ്റ്റാര്‍ട്ട് ചെയ്തിരുന്നെങ്കില്‍......

ഒടുവിലിപ്പോള്‍ ഞാനതു സ്റ്റാര്‍ട്ട് ചെയ്യുന്നു. അല്ലെങ്കില്‍ വേണ്ട....

“ദീപക്കൊരു പ്രണയമുണ്ട്. എന്റെ ക്ലാസ്സിലെ ഒരു മാന്യനാണ് കാമുകന്‍ “ എന്നൊക്കെ ഞാനെന്തിനു നാലാളോട് വിളിച്ചു പറയണം‍..........,
“ഒരു ക്ലൂ കൂടി തരാം. കക്ഷി ഒരു ബ്ലോഗറുമാണ്......” എന്നു കൂടി പറഞ്ഞാല്‍ പിന്നെ എല്ലാമായി.

വെറുതെ നമ്മളെന്തിനാ രണ്ട് ബ്ലോഗേഴ്സ് തമ്മിലുള്ള പ്രണയം ഒരു ബ്ലോഗിലൂടെ ലോകരെ അറിയിച്ചു ചരിത്രം ശൃഷ്ടിക്കുന്നതു?

നമ്മളാലാവുന്ന ഒരു ഉപകാരം എന്നു കരുതി നാലാളെയറിയിക്കാമെന്നു വെച്ചാല്‍, മിക്കവാറും ഇതും ആ ഫ്ലൈറ്റ് യാത്രപോലെ എല്ലാരും അറിഞ്ഞിരിക്കും.

അതുകൊണ്ട്
ഞാനൊന്നും പറഞ്ഞിട്ടുമില്ല. നിങ്ങളൊന്നും കേട്ടിട്ടുമില്ല.

പഴയ ചില വികൃതികള്‍