ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......
ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.
ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.
Tuesday, October 15, 2013
അടുക്കള ചരിതം - മൂന്നാം ഖണ്ഡം
(വൈകി വായനക്കാര്‍ക്കു വേണ്ടി, കഥ ഇതുവരെ : എന്റെ മാതാപിതാക്കള്‍ ഹജ്ജിനു പോയൊരു കാലഘട്ടം. ബലിപ്പെരുന്നാളിന്റെ അവധി ദിനങ്ങള്‍... ആദ്യമായാണ് വീട്ടില്‍ ഞങ്ങള്‍ രണ്ടു പേരും മാത്രമാകുന്നതു. പുതിയാപ്ല-പുതിയപെണ്ണ് തുടങ്ങിയ സ്ഥാനങ്ങള്‍ ഉപേക്ഷിയ്ക്കാനുള്ള സമയമായിട്ടുണ്ടായിരുന്നില്ല ഞങ്ങള്‍ക്ക്. ജോലിയുമൊക്കെയായി നടക്കുന്നതിന്നിടയില്‍, വീട്ടില്‍ ഏറെനാള്‍ തങ്ങാനിടവരാത്തതിനാല്‍,വീട്ടിലെ സാധനങ്ങളുടെ ഇരിപ്പിടങ്ങളെക്കുറിച്ചും, അയല്‍വാസികളെക്കുറിച്ചും, ഞങ്ങളുടെ ബന്ധുക്കളെക്കുറിച്ചും നല്ലപാതിക്കൊട്ടും പരിചയമായിത്തുടങ്ങിയിരുന്നുമില്ല... അങ്ങനെയുണ്ടാക്കിയ ബ്രേക്ഫാസ്റ്റും ലഞ്ചും,
അടുക്കള ചരിതം - ഒന്നാം ഖണ്ഡ മായും അടുക്കള ചരിതം - രണ്ടാം ഖണ്ഡം ആയും കിടപ്പുണ്ട്. ഇതു അതിന്റെ ബാക്കി (അവസാന ഭാഗം) )
ഇക്കാ,
ഈ ഫ്രിഡ്ജില്‍ ഇനി സ്ഥലം ഒട്ടുമില്ലല്ലോ? ഈ ഇറച്ചികള്‍ ഇനി എന്തു ചെയ്യും?
എന്തു ചെയ്യാനാ? വാങ്ങിയപ്പോള്‍ ഒരു വലിയ ഫ്രിഡ്ജ് വാങ്ങേണ്ടതായിരുന്നു.
ഓ, പിന്നേ...
ഒരു കൊല്ലത്തില്‍, ആകെ ഈ ബലിപ്പെരുന്നാളിന്റെ ദിവസങ്ങളിലാ ഈ ചെറിയ ഫ്രിഡ്ജ് തന്നെ ഇവിടൊന്നു നിറയുന്നതു.
അവിടെന്താ പണി, വന്നു ഇതൊന്നു തള്ളിക്കയറ്റാമോന്നു നോക്കിയെ?
ഇറച്ചി ഫ്രിഡ്ജിനു മുകളില്‍ വെച്ചിട്ട് അവള് സ്കൂട്ടായി.
ഒന്നുകില്‍ നമ്മള് രണ്ടും നാളെ ലീവെടുത്തു ഇറച്ചിക്കിറ്റുകളുമായി എവിടെങ്കിലുമൊക്കെ വിരുന്നിനു പോകണം.
ഇറച്ചി ഫ്രിഡ്ജിലേക്കു തള്ളിയിറക്കുന്നതിനിടയില്‍ ഞാന്‍ പുതിയ ഐഡിയകള്‍ ഇറക്കിക്കൊണ്ടിരുന്നു.
അല്ലെങ്കില്‍ ഇറച്ചി കട്ലൈറ്റ്, ഇറച്ചി സമൂസ, ഇറച്ചി മോദകം, പിന്നേം ബാക്കിയുണ്ടേല്‍ ഇറച്ചിപ്പായസം പോലെയുള്ള പുതിയ പേരുകളിട്ട് ഐറ്റംസ് ഉണ്ടാക്കി ഞങ്ങടെ ഫാത്തിമ ചേച്ചി ചെയ്യുമ്പോലെ അടുത്ത ദിവസം ഓഫീസില്‍ വിതരണം ചെയ്യണം.
അതുകൊള്ളാം...
അവള്‍ക്കു പൂര്‍ണ്ണസമ്മതം...
പക്ഷേ...,
ഉം.. എന്താ നിര്‍ത്തിക്കളഞ്ഞതു?
അതേ, പുതിയ ഐറ്റംസൊക്കെ ഉണ്ടാക്കുന്നതിനല്ലല്ലോ പാട്. അല്ലെങ്കില്‍ തന്നെ നമ്മള് ഉണ്ടാക്കുന്നതെല്ലാം പുതിയ ഐറ്റംസ് ആണല്ലോ?... ചിരിച്ചു കൊണ്ടവള്‍ പറഞ്ഞു.
പിന്നെ?
ഒരു ദിവസം കൂടി ഇവിടെ നിന്നാല്‍, രാവിലെയും ഉച്ചയ്ക്കും കഴിക്കാനുള്ള പഴയ ഐറ്റംസ് വേറെ ഉണ്ടാക്കണ്ടേ...? അതൊന്നും പുതിയ ഐറ്റംസ് ആയിപ്പോയാല്‍ പറ്റില്ലല്ലോ? അവള് നെടുവീര്‍പ്പിട്ടു കൊണ്ട് കൂട്ടിച്ചേര്‍ത്തു...
അതു ശരിയാ... ഞാന്‍ ഓര്‍മകള്‍ അയവിറക്കി...
ഹോ, ഇനി ആരെങ്കിലും ഇറച്ചിയുമായി വന്നാല്‍, ഇവിടെ വെയ്ക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ വേണ്ടാ എന്നു പറയേണ്ടി വരും... അല്ലെങ്കില്‍ ഇനിയും താമസിക്കാതെ നമ്മള് ഇവിടുന്നു യാത്ര തുടങ്ങണം...
ഫ്രിഡ്ജ് അടച്ചുകൊണ്ടുള്ള എന്റെ ആത്മഗതം ഇത്തിരി ഉച്ചത്തിലായി എന്നു തോന്നുന്നു.
അങ്ങനൊക്കെ പറയേണ്ടി വരുന്നതിനു മുമ്പ് നമുക്കു ഇവിടം വിടാം. വേഗം റെഡിയാകു...
ഉടനെ അവളുടെ പ്രോത്സാഹനം.
ബാങ്കു വിളിക്കുന്നു.... നമസ്കാരം കഴിഞ്ഞിട്ടു ഒരുങ്ങിയിറങ്ങാം.
പെട്ടെന്നു ശുദ്ധിയായി വന്നു കൈകള്‍ കെട്ടി ഞാന്‍ നമസ്കാരം തുടങ്ങി. അവള് സാധനങ്ങള്‍ ഒതുക്കിയും തുടങ്ങി.
പുറത്തു ആരോ ബെല്ലടിച്ചു... അവള് ചെന്നു വാതില്‍ തുറന്നു.... ഞാന്‍ നമസ്കാരത്തില്‍ നിന്നുകൊണ്ട് തന്നെ ചെവി കൂര്‍പ്പിച്ചു....
ഉളുഹിയ പങ്കാണ്. ഇക്കയില്ലേ?
ഉണ്ട്. നിസ്കരിക്കുന്നു...
പിന്നേ ഇവിടെ ഉമ്മയും വാപ്പയും ഹജ്ജിനു പോയേക്കുവാ.
അറിയാം, ഹജ്ജിനു പോയവര്‍ വിളിക്കുന്നൊക്കെയില്ലേ? അതിഥിയുടെ മറുപടി.
നല്ല പരിചയമുള്ള ശബ്ദം. ആരാണോയെന്തോ?
ഉവ്വു. പക്ഷേ... അതുകൊണ്ട് ഇവിടാരുമില്ല... അവളുടെ മറുപടി.
നിങ്ങളൊക്കെയില്ലേ?
ഫ്രിഡ്ജ് നിറഞ്ഞിരിക്കുന്നു. ഞങ്ങളിപ്പോള്‍ പോകും.... ഇറച്ചി വേണ്ടായിരുന്നു...
പതിഞ്ഞ ശബ്ദത്തില്‍ നിഷ്കളങ്കമായ അവളുടെ മറുപടി.
ആ മറുപടികേട്ട് നിസ്കാരത്തില്‍ നിന്ന എന്റെ തല കറങ്ങി.... ഇറച്ചിയുമായി വന്ന ആളിന്റെയും തല എന്തായാലും കറങ്ങിയിട്ടുണ്ടാവും. അദ്ദേഹത്തിനും ഇതാദ്യത്തെ അനുഭവമായിരിക്കുമെന്നു ഉറപ്പ്...
തിരിച്ചു മറുപടി ഒന്നും കേട്ടില്ല. അല്‍പ്പം കഴിഞ്ഞു വാതിലടയുന്ന ശബ്ദം...
ഞാന്‍ നമസ്കാരം പെട്ടെന്നു പൂര്‍ത്തിയാക്കി അവളോട് ചോദിച്ചു...
ആരായിരുന്നു?
അറിയില്ലിക്കാ... അവളുടെ നിഷ്കളങ്കമായ മറുപടി.
വാങ്ങി വെയ്ക്കെണ്ടായിരുന്നോ? എന്താ നീ അങ്ങനെ പറഞ്ഞതു?
അതു ഇക്കയല്ലേ പറഞ്ഞതു, ‘ഇനി കൊണ്ടുവരുന്നവരുടെയടുക്കല്‍ വേണ്ടായെന്നു പറയേണ്ടി വരുമെന്നു‘.
ഞാന്‍ അങ്ങനെ പറഞ്ഞെങ്കിലും നീ അങ്ങനെ പറയാന്‍ പാടുണ്ടോ?
ഞാന്‍ നടുവിനു കൈകൊടുത്തു നിന്നു...
അതെന്താ ഇക്ക പറയുന്നതും ഞാന്‍ പറയുന്നതും തമ്മിലെ വ്യത്യാസം?
ഞാനെന്റെ താടിയിലേക്കു ഒരു കൈ താങ്ങി നിന്നു.
അതേ, ഇറച്ചിയുമായി വരുന്നവരുടെയടുക്കല്‍ പറയാന്‍ വേണ്ടി പറഞ്ഞതല്ലായിരുന്നതു അതു?
പറയുന്ന കാര്യത്തില്‍ ഞാന്‍ ചെയ്യേണ്ടാത്തതും ഉണ്ടോ? അതെങ്ങനാ ഞാന്‍ അറിയുക?
അതു കേട്ട് എന്റെ രണ്ടുകൈയ്യും എന്റെ തലയ്ക്കു മുകളില്‍ കയറി ഇരുപ്പായി.
ഏടീ, അതു ഞാന്‍ ഒരു ആത്മഗതം പറഞ്ഞതല്ലായിരുന്നോ?
ങ്ങേ.... ആത്മഗതമൊക്കെ ഇത്ര ഉറക്കെയാണോ പറയുന്നതു?
തലയില്‍ ഇരുന്ന കൈകള്‍ക്കു ഭാരം കൂടി വന്നു. ഞാന്‍ നിലത്തു കുത്തിയിരുന്നു...
ശ്ശോ, എന്നാലും അതു ശരിയായില്ല.
അതു ശരിയാ..
അല്ല അതു ശരിയായില്ല...
അതെ, അതുശരിയായില്ല എന്നു ഇക്ക പറയുന്നതു ശരിയാ...
പിന്നെ?
പക്ഷെ... ഇക്ക പറഞ്ഞിട്ടും അതു വാങ്ങി വെച്ചാല്‍ അതു ശരിയാവില്ലല്ലോ എന്നു കരുതിയാ അങ്ങനെ പറഞ്ഞതു. ഞാന്‍ പറഞ്ഞതു കേട്ട് ഒരുപാട് വിഷമിച്ചാ അദ്ദേഹം പോയതു. എന്നാലും അതു കഷ്ടമായിപ്പോയി... ഇക്ക അങ്ങനെ പറഞ്ഞതുകൊണ്ടല്ലേ? അങ്ങനെ പറയണ്ടായിരുന്നു....
കറങ്ങിത്തിരിഞ്ഞു കുറ്റമെല്ലാം എന്റേതു മാത്രമായി....
ഞാന്‍ വാതില്‍ തുറന്നു പുറത്തേക്കോടി, അടുത്തവീട്ടില്‍ ചെന്നു ആരാണ് ഇറച്ചിയുമായി വന്നതെന്നു ചോദിച്ചു.
കിഴക്കെ വീട്ടിലെ ഇക്കയായിരുന്നു. എന്താ അവിടെ വാങ്ങാതിരുന്നതു? അദ്ദേഹത്തിനു വിഷമമായി.... അവര്‍ പറഞ്ഞു.
ഞാന്‍ കിഴക്കെ വീട്ടിലേക്കോടി....
എന്നിട്ടു അവിടെച്ചെന്നു കാര്യങ്ങള്‍ തമാശയായി പറഞ്ഞു ഒരു പൊതി ഇറച്ചിയും വാങ്ങി വീട്ടിലെത്തി.
ഇക്കാ, ആ ഇക്ക എന്തു വിചാരിച്ചു കാണും? ഒരു പുതിയപെണ്ണിനിത്ര ധൈര്യമോ എന്നു തോന്നിക്കാണുമല്ലേ? ആ ഇക്ക ഇതാരോടും പറയില്ലായിരിക്കും. ഇക്ക ഇതാരോടും പറയല്ലേ?
(എന്നെക്കാള്‍ വിശ്വാസം അവള്‍ക്ക് ആ ഇക്കയെക്കുറിച്ചുണ്ടായിരുന്നു :))
എന്റെ ഉമ്മയറിഞ്ഞാല്‍ എന്നെക്കൊല്ലും... ആരോടും പറയല്ലേ....
ഞാനൊന്നും മിണ്ടിയില്ല. ഇപ്പോള്‍ നാലഞ്ചു വര്‍ഷം കഴിഞ്ഞു, ഇതുവരെ ആരോടും ഒന്നും പറഞ്ഞില്ല....
നിങ്ങളും ഇതാരോടും പറയല്ലേ? :)
എല്ലാവര്ക്കും ഞങ്ങളുടെ ഈദ് ആശംസകള്‍...
-ശുഭം-
Subscribe to:
Post Comments (Atom)
പഴയ ചില വികൃതികള്‍
-
രണ്ടാഴ്ച മുമ്പാണു 'ഒഴിവു ദിവസത്തെ കളി' എന്ന ചിത്രം കണ്ടത്. സമയം കിട്ടുന്ന സമയത്ത് ഉള്ളിലെ നീറ്റൽ അവസാനിച്ചിട്ടില്ലെങ്കിൽ ചിത്രത്തെ ക...
-
കഷ്ടപ്പെട്ടു പഠിച്ചും, ടെന്‍ഷനടിച്ചു കോപ്പിയടിച്ചു പരീക്ഷകളെഴുതിയും, അതൊക്കെത്തന്നെ പലവട്ടമെഴുതിയും പോളിപഠനം കഴിഞ്ഞു കൂമ്പുവാടി വീട്ട...
-
ഓര്‍മകളെ തട്ടിയുണര്‍ത്തിക്കൊണ്ട് സൈജുവിന്റെ ഫോണെത്തിയിട്ടു കുറച്ചു ദിവസമായി. യാന്ത്രികമായതും ആവര്‍ത്തന വിരസവുമെങ്കിലും, വളരെ സ്വസ്ഥമായി ജീവി...
-
അതിരാവിലെ, അടുക്കളയില്‍ ആരുടെയോ പതിഞ്ഞ സംസാരം. ചെവിയോര്‍ത്തു കിടന്നു..... സംസാരം ഭാര്യയുടേതാണ്..... ഇവള്‍ക്കെന്തു പറ്റി? രാത്രിയില്‍,...
-
പൊന്മുടിക്കുള്ള വഴി തിരുവനന്തപുരം വെള്ളയമ്പലത്തെ വീട്ടില്‍ കൂട്ടുകാരൊത്തു സൊറപറഞ്ഞിരിക്കുന്നതിനിടയില്‍ ആരോചോദിച്ചു. ഏതുവഴിയാടാ പൊന്മുടിക്...
No comments:
Post a Comment