ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Wednesday, October 3, 2018

പ്രകാശം പരത്തുന്ന പെൺകുട്ടികൾ

പ്രകാശം പരത്തുന്ന പെൺകുട്ടികൾ


കളക്ടർമാരായ വാസുകിയും അനുപമയുമൊക്കെ അടങ്ങുന്ന കേരളത്തിലെ ഐ.ഏ.എസ് യുവത്വങ്ങൾക്ക് കേരളജനത എണീറ്റു നിന്നു സല്യൂട്ട് ചെയ്യുന്ന സമയമാണല്ലോ ഇത്. ആത്മാർത്ഥതയും സ്നേഹവും കരുതലും ഉറച്ച നിലപാടുകളുമായി നമ്മുടെ സ്ത്രീജനങ്ങൾ ഒരുപടി മുന്നിലേക്കെത്തി നിൽക്കുന്നു എന്നാണു  പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചെറിയ ഇടപെടലുകളിൽ നിന്നും എനിക്കു അനുഭവവേദ്യമായത്. അവർ പ്രസരിപ്പിക്കുന്ന ഊർജ്ജവും നിർമ്മിക്കുന്ന ആത്മസമർപ്പണത്തിന്റെ പുതുമാതൃകകളും ഇത്രകാലം അനുഭവിച്ചറിഞ്ഞതിൽ നിന്നും ഏറെ വ്യത്യസ്തമായതായിരുന്നു...

കഴിഞ്ഞയാഴ്ചകളിൽ എന്നെ അത്ഭുതപ്പെടുത്തിയ ചില പേരുകൾ മറക്കാതിരിക്കാൻ  കുറിക്കുന്നു...

1. ആദിത്യ

കൃപയുടെ ആഗസ്റ്റ് മാസത്തിലെ അരിവിതരണത്തിനിടയിലാണു, വരുന്നയാഴ്ച കുട്ടനാട്ടിലെ വെള്ളപ്പൊക്കമേഖലയിൽ കുറച്ചു സാധനങ്ങളുമായി ദുരിതാശ്വാസമെത്തിക്കാൻ  കൂടെ ചെല്ലണമെന്ന് ഷാനവാസ് ആവശ്യപ്പെട്ടത്. എന്നാൽ, ഒരാഴ്ചകൊണ്ട് കാലാവസ്ഥ രൂക്ഷമാകുകയും, സ്വരുക്കൂട്ടിയ സാധനങ്ങളുമായി ഉദ്ദേശിച്ച ദിവസത്തിനും മുന്നെ ചെങ്ങന്നൂർക്ക് വണ്ടികയറേണ്ട അവസ്ഥ സംജാതമാകുകയും ചെയ്തു. ചെറിയ വണ്ടികളിലെ യാത്ര സാധ്യമല്ലെന്നു കണ്ടപ്പോൾ ഒരു ടിപ്പർലോറി കൂടി സംഘടിപ്പിക്കുകയും അതു നിറക്കാൻ കുറച്ചേറെ സാധനങ്ങൾ കൂടി വാങ്ങിക്കൊണ്ടു പോകാൻ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ സാധനങ്ങൾ വാങ്ങാൻ നിൽക്കുമ്പോഴും ഷാനവാസും അവന്റെ മൊബൈലും പ്രവർത്തന നിരതമാണ്.  എന്തോ സാധനവുമായി ആരോ വരുന്നുണ്ടെന്നും അതു വാങ്ങി മറ്റൊരു കടയുടെ മുന്നിലിറക്കിവെയ്ക്കാൻ സന്തോഷിനെ ഏർപ്പാടു ചെയ്യുന്നതുമൊക്കെയാണ് സംഗതിയെന്നു മനസ്സിലായി.



എന്താ സാധനം?
കുറച്ചു മരുന്നാ.

ആരാ കൊണ്ടുവരുന്നേ?
ആദിത്യയെന്നൊരു പെൺകുട്ടിയാണ്.

എവിടുന്നാ?
എവിടുന്നാണെന്നു അറിയില്ല. നമ്മൾ ദുരിതാശ്വാസ ക്യാമ്പിലേക്കു പോകുന്നുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റ് കണ്ട് ഇങ്ങോട്ട് വിളിച്ച് പറഞ്ഞതാണ്.

ആഹാ!!! അതു കൊള്ളാമല്ലോ? ഒന്നു കാണണമല്ലോ?
എനിക്ക് അത്ഭുതമായി.

ആദിത്യവന്നു. രണ്ടാൾക്കു എടുത്താൽ പൊങ്ങാത്തത്ര മരുന്നുകളുമായി.  ജനറിക് മരുന്നുകളാ‍ണു. ഏതു മരുന്നു എന്തിനുള്ളതെന്നൊക്കെ എഴുതിയ വലിയൊരു ചീട്ടും കൊണ്ടുത്തന്നു.  എന്നാൽ,  ഞങ്ങളെത്തും മുന്നേ സന്തോഷിന്റെ കൈവശം സാധനങ്ങൾ ഏൽപ്പിച്ചിട്ടു  ആ കുട്ടി അടുത്ത സ്ഥലത്തേക്ക് മരുന്നുകളുമായി പോകുകയും ചെയ്തു.

എന്നിലെ അത്ഭുതം കൂടി.
ഷാനവാസേ, നീ അവരെ കണ്ടിട്ടുണ്ടോ?
ഇല്ല.

ഇത്രേം മരുന്നിനു എത്ര ചെലവായി?
നമ്മൾ കാശൊന്നും നൽകണ്ട. ഇതു സഹായമാണ്. ആവശ്യമുള്ള ക്യാമ്പുകളിൽ മരുന്ന് എത്തിച്ചാൽ മതി.  എന്നാൽ ഈ കൊണ്ടുവന്ന പതിനായിരങ്ങൾ വിലവരുന്ന ജനറിക് മരുന്നിനു തുല്യമായ ബ്രാന്റഡ് മരുന്നുകൾ വാങ്ങിയാൽ ചിലപ്പോൾ ലക്ഷങ്ങളായേക്കും.

ഒരു സംഘടനയുടെയും പിൻബലമില്ലാതെ നാലഞ്ചുപേർ ചേർന്നൊരുക്കുന്ന ഒരു പരിപാടിയുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് വിളിച്ച്, ഇതുവരെ പരിചയമില്ലാത്തയാൾ - ഇത്രയേറെ സാധനങ്ങൾ - ഇവിടെ വരെ കൊണ്ടുവന്നെത്തിച്ചിട്ട് ഒരു നന്ദിവാക്ക് കേൾക്കാൻ പോലും നിൽക്കാതെ പോകുകയോ? എന്തു വിശ്വാസത്തിലാണു അവരിതു ചെയ്യുന്നത്? എന്നിലെ സംശയക്കാരനു വീണ്ടും കൌതുകം.

ഫേസ്ബുക്കിൽ നമ്മളുടെ വാക്കുകളും പ്രവർത്തികളും പരതിയപ്പോൾ വിശ്വസിക്കാൻ കൊള്ളാവുന്നവർ എന്നവർക്കു തോന്നിക്കാണണം. അവൻ മറുപടി പറഞ്ഞു.

                                       ********************************
അതെ, ചില മനുഷ്യർക്കു മറ്റു മനുഷ്യരിൽ ഇപ്പോഴും വിശ്വാസവും പ്രതീക്ഷയുമുണ്ട്. അവരാണു മനുഷ്യർക്കിടയിൽ പരസ്പര വിശ്വാസവും ഭൂമിയിൽ പ്രകാശവും പരത്തുന്നത്.
                                       ********************************

( മെഡിക്കൽ ഫീൽഡുമായി ബന്ധമുള്ള മാതാവിന്റെ കോണ്ടാക്റ്റ്സ് ഉപയോഗപ്പെടുത്തി ജനറിക് മെഡിസിൻ സംഘടിപ്പിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുകയായിരുന്നു അവർ.  ഇതേ ആവശ്യത്തിനുള്ള ബ്രാന്റഡ് മെഡിസിൻ വാങ്ങുന്ന കാശിനു കുറഞ്ഞത് അതിന്റെ പത്തിരട്ടിയാളുകളിൽ മരുന്നെത്തിക്കാൻ കഴിയും എന്നു   മനസ്സിലാക്കി, കയ്യിലുള്ള സമ്പാദ്യവും സഹൃദയരുടെ സഹായവും ചേർത്ത് തുനിഞ്ഞിറങ്ങുകയായിരുന്നെന്നു പിന്നീട് ഫോണിൽ വിവരിക്കുകയുണ്ടായി സിവിൽ സർവ്വീസിനു ശ്രമിക്കുന്ന നേരിട്ടു കണ്ടിട്ടില്ലാത്ത  ആ മിടുക്കി.)

--------------------------------------------------------------------------------------------------------------------------

പ്രകാശം പരത്തുന്ന പെൺകുട്ടികൾ - 2
              ************************

സുറുമിയും മീനുവും

ദുരിതബാധിതമേഖലകളിലേക്കുള്ള സാധനങ്ങൾ വാങ്ങി ഷാനവാസിന്റെ വീട്ടിൽ ചെന്നപ്പോഴേക്കും ടിപ്പർ ലോറിയിൽ സാധനങ്ങൾ കയറ്റിത്തുടങ്ങിയിരുന്നു. സാധനങ്ങൾ തരം തിരിക്കാനും എടുത്തു കൊടുക്കാനും ഓടി നടക്കുന്നവർക്കിടയിൽ ചുറുചുറുക്കുള്ള രണ്ടു പെൺകുട്ടികൾ. സുറുമിയും മീനുവും... സാധനങ്ങൾ കയറ്റിക്കഴിഞ്ഞു ലോറിയും  ജീപ്പും യാത്രയ്ക്കു തയ്യാറായി.  സന്തോഷ് ടിപ്പറിൽ വഴികാട്ടിയായി. അജയന്റെ ജീപ്പിൽ അജയനൊപ്പം ഷാനവാസും അമീനും ഞാനും...

ദേ..., രണ്ടെണ്ണവും വണ്ടിയിൽ.
ഇനിയും വെള്ളം ഇറങ്ങാത്ത കുണ്ടും കുഴികളും നിറഞ്ഞ വഴികളിലൂടെയാണു യാത്ര.  പന്തളത്തു നിന്നും ചെങ്ങന്നൂരിനു ടിപ്പർ ലോറികൾ മാത്രമേ വിടുന്നുള്ളൂ എന്ന വിവരവുമുണ്ട്. യാത്ര എപ്പോൾ വേണമെങ്കിലും ടിപ്പറിന്റെ പിന്നിലേക്ക് മാറാം. ഇടയ്ക്കിടയ്ക്കു മഴ തകർത്തു പെയ്യുന്നുമുണ്ട്.  പക്ഷേ, അവർക്കൊരു കൂസലുമില്ല. രണ്ടുപേരിലും,  ‘ഇതൊക്കെയെന്ത്?‘  എന്ന മുഖഭാവം !!!

എങ്ങനെങ്കിലും അവിടെയെത്തിയാൽ തന്നെ, ക്യാമ്പുകളിലൊക്കെ കറങ്ങി സാധനങ്ങളൊക്കെ ഇറക്കി തിരിച്ചെത്തുമ്പോഴേക്കും പാതിരാത്രിയാവും.  എന്നാലും അവരിൽ യാതൊരു ഭാവഭേദമൊന്നുമില്ല.  അടുത്ത പരിപാടിയുടെ കടുത്ത പ്ലാനിംഗിലാണു രണ്ടും...

പല വഴികളിലും വെള്ളം കയറിക്കിടക്കുകയാണു. ലോറിക്കു പോലും കടന്നു പോകാനാവില്ല.  പോലീസ് ഞങ്ങളുടെ വാഹനങ്ങൾ പലവട്ടം വഴി തിരിച്ചു വിട്ടു.  വഴികൾ പലതു പരതിയലഞ്ഞ് ഒടുവിൽ പന്തളമെത്തുമ്പോഴേക്കും വൈകുന്നേരവും കഴിഞ്ഞു.  ഇനി ജീപ്പിൽ പോകാൻ പറ്റില്ല, വേണമെങ്കിൽ ലോറിയിൽ പൊയ്ക്കോളൂ..  എന്നു പോലീസ് നിർദ്ദേശം. ജീപ്പ് ഒതുക്കി നമ്മൾ ഒരുവിധം വലിഞ്ഞു പിടിച്ച് ടിപ്പറിന്നു പിന്നിൽ  കയറിച്ചെല്ലുമ്പോൾ അതിനുള്ളിലുണ്ട് അവർ രണ്ടും... :)

പിന്നെ, ക്യാമ്പുകളിൽ സാധനങ്ങൾ ഇറക്കിയും  വഴിയരികിലെ ആവശ്യക്കാർക്ക് ആവശ്യാനുസരണം സാധനങ്ങൾ വിതരണം ചെയ്തും  കോരിച്ചൊഴിയുന്ന മഴയേയും കൂരിരുട്ടിനേയും ഭേദിച്ച് യാത്ര. അതിന്നിടയിൽ, മത്സ്യത്തൊഴിലാളികൾ രക്ഷപെടുത്തി ദുരിതാശ്വാസ കേന്ദ്രത്തിലെത്തിച്ച ഭാര്യയും ഭർത്താവും മകളുമടങ്ങിയ ഒരു കുടുംബത്തിനു, ഞങ്ങളുടെ നാട്ടിലെ അമ്മ വീട്ടിലേക്ക് പോകാൻ ഒരു കൈത്താങ്ങ്.  അങ്ങനെ ടിപ്പറിൽ ഒരു കുടുംബം കൂടി.  പ്രളയ ദുരിത പർവ്വത്തിലെ അവരുടെ നേർക്കഥകൾ ഭീതിയോടെ നെഞ്ചേറ്റി നെടുവീർപ്പോടെ മടക്കയാത്ര.

‘സുറുമിയും മീനുവും ലോറിയിൽ ആത്മവിശ്വാസത്തോടെ നിലകൊള്ളുന്നതു കണ്ടിട്ടാണു, സ്ത്രീകളടങ്ങിയ ആ ദുരിതബാധിത കുടുംബം അവരെക്കൂടി കൊണ്ടുപോകുമോയെന്ന അഭ്യർത്ഥനയുമായി ഞങ്ങളിലേക്കെത്തിയത്‘. ഈ കാര്യം അവർ പലയാവർത്തി എടുത്തു പറയുന്നുണ്ടായിരുന്നു. തീർച്ചയായും അറച്ചു നിന്ന പലരിലും അതൊരു മാതൃകയായിട്ടുണ്ടാവും. പിന്നാലെ വന്ന വണ്ടികളിൽ കയറി തങ്ങളുടെ ബന്ധുവീടുകളിലേക്ക് ചില കുടുംബങ്ങളെങ്കിലും യാത്രയായിട്ടുണ്ടാവും...

എന്തായാലും,
കോരിച്ചൊഴിയുന്ന മഴയേയും കൂരിരുട്ടിനേയും വകവെയ്ക്കാതെ, അവശ്യസാധനങ്ങളും സഹായഹസ്തവുമായി ചെങ്ങന്നൂരിലേക്ക് ഒരു ടിപ്പർ ലോറിയിൽ, സുറുമിയും മീനുവുമല്ലാതെ വേറെ ഏതെങ്കിലും പെൺകുട്ടികൾ പോയിട്ടുണ്ടാകുവാനുള്ള സാദ്ധ്യത വളരെ വളരെ വിരളമാണു.


                                          ********************************
അതെ, ചില മനുഷ്യർക്കു മനുഷ്യനിൽ ഇപ്പോഴും വിശ്വാസവും പ്രതീക്ഷയുമുണ്ട്. അവരാണു മനുഷ്യർക്കിടയിൽ പരസ്പര വിശ്വാസവും ഭൂമിയിൽ പ്രകാശവും പരത്തുന്നത്.
                                         ********************************

(രണ്ടുപേരും ഒരു പ്രമുഖ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരാണെന്ന കാര്യം പിന്നീടാണു മനസ്സിലായതു. ഈ പരോപകാര പ്രയത്നങ്ങളൊക്കെ അവരുടെ ജീവിതചര്യയായി മാറിയിരിക്കുന്നു. അമ്പലപ്പുഴക്കാരിയായ മീനു പുതിയ ചുമതലകളുമായി അടുത്ത ദിവസം നാട്ടിലേക്ക് പോയെങ്കിലും, സുറുമിയും സുറുമിയുടെ കുട്ടിപ്പട്ടാളവും ആവശ്യക്കാരെയും അവരുടെ ആവശ്യങ്ങളും കണ്ടെത്തി സദാ യുദ്ധസന്നദ്ധരായി ഞങ്ങൾക്കൊപ്പം നിലകൊണ്ടു.   ഇരുവർക്കും ശോഭനമായ ഭാവിയുണ്ടാകട്ടെ എന്നാശംസിക്കുന്നു. )

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌--------------------------------------------------------------------------------------------------------------------------
പ്രകാശം പരത്തുന്ന പെൺകുട്ടികൾ - 3

ഹർഷ

വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന കുട്ടനാടിലേക്ക് ഞായറാഴ്ച സാധനങ്ങളുമായി പോകാനിരുന്ന ഞങ്ങളെ, ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ശനിയാഴ്ചതന്നെ എത്തിക്കുന്നതിനു കാരണക്കാരിലൊരാൾ ഹർഷയാണു. പല നാടുകളിൽ വിവിധ ജോലികളുമായി കഴിയുന്ന ഞങ്ങൾക്ക് ക്യാമ്പിലേക്കുള്ള സാധനങ്ങൾ സംഘടിപ്പിക്കുന്നതിന്നും മറ്റു ഒരുക്കങ്ങൾക്കുമായി ലഭിക്കുന്നത് വളരെക്കുറച്ചു സമയം മാത്രമായിരുന്നു. വെള്ളിയാഴ്ച രാത്രി ഏറെ വൈകിയോ ശനിയാഴ്ച അതിരാവിലെയോ മാത്രം നാട്ടിലെത്തുന്നവരാണു പലരും. ശനിയാഴ്ച തന്നെ ക്യാമ്പിൽ സാധനങ്ങൾ എത്തിക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യവും. എന്നാൽ ആവശ്യങ്ങൾ കൃത്യമായി അറിയിച്ചും അത്യാവശ്യ സാധനങ്ങളുടെ ലിസ്റ്റുകൾ കൈമാറിയുമൊക്കെ വിലപ്പെട്ട സമയം ലാഭിച്ചത് ഹർഷയാണ്.


യാത്രയിലുടനീളം അവർ ഞങ്ങൾക്കു ഫോണിലൂടെ വേണ്ട  മാർഗ്ഗനിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു.  വളരെ ഊർജ്ജസ്വലതയോടെ വിവിധ സംഘങ്ങളെ നയിച്ചും പ്രോത്സാഹിപ്പിച്ചും,  ഐ.എച്ച്.ആർ.ഡി.ഇയിലെയും ക്രിസ്ത്യൻ കോളേജിലെയും  ക്യാമ്പുകളിൽ അവർ ഓടി നടന്നു കാര്യങ്ങൾ ചെയ്യുന്ന കാഴ്ചയാണു ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത്.

ദുരിതാശ്വസപ്രവർത്തകർ എത്തിക്കുന്ന എല്ലാ നല്ല വസ്തുക്കളും തങ്ങൾക്കു തന്നെ ലഭിച്ചാൽ കൊള്ളാമെന്നു ആഗ്രഹിക്കുന്ന, ഏറെ നഷ്ടങ്ങൾ വന്ന ഒരു ജനതയ്ക്കു മുന്നിൽ നിൽക്കുമ്പോഴും മനസ്സാന്നിദ്ധ്യം കൈവിടാതെ, താൻ നിയന്ത്രിക്കുന്ന ക്യാമ്പിനു ആവശ്യമുള്ളവ മാത്രമെടുത്തിട്ട് സമീപത്തെ മറ്റു ക്യാമ്പുകളിലെ ആവശ്യങ്ങൾ കൂടി അറിഞ്ഞ് സഹായിക്കുന്ന  വിശാല മനസ്സുള്ള വ്യക്തികളെ ആ സാഹചര്യത്തിൽ കാണുക എന്നത് വളരെ  അപൂർവ്വമായ  സംഗതിയാണു. അങ്ങനെയുള്ള പുതുതായി ആരംഭിച്ചതും സാധനങ്ങൾക്കു അത്യാവശ്യക്കാരുമായ സമീപത്തെ ക്യാമ്പുകളിലേക്ക്, ഞങ്ങളോടൊപ്പം ടിപ്പർ ലോറിയിൽ കയറിവന്ന് വഴികാട്ടിയാകാൻ ആ രാത്രി സമയമൊന്നും അവർക്ക് പ്രതിബന്ധമായില്ല എന്നതും കാണാതിരുന്നുകൂടാ...

ഏറ്റവും അത്ഭുതപ്പെടുത്തിയത്,
ചെങ്ങന്നൂരിലെത്തിയ ഞങ്ങളെപ്പോലുള്ള സമീപ ജില്ലകളിലെ സന്നദ്ധ പ്രവർത്തകർക്ക് വഴികാട്ടിയും, നാട്ടുകാരായ ദുരിതബാധിതർക്ക് സ്വാന്തനവുമൊക്കെയായി ഇത്രയേറെ ഉത്തരവാദിത്വങ്ങളൊക്കെയെടുത്തു ഒരു മാലാഖയെപ്പോലെ പാറിപ്പറന്നു നടന്ന അവർ,  പഠനാർത്ഥം ചെങ്ങന്നൂരെത്തിയ ഒരു വടക്കൻ കേരളക്കാരിയായ വിദ്യാർത്ഥിനിയാണു എന്നതാണു!!

പ്രവർത്തിക്കാൻ മനസ്സുള്ളവർക്കുമുന്നിൽ പ്രതിബന്ധങ്ങളില്ല എന്നു നമുക്ക് കാട്ടിത്തരുകയാണു ഹർഷയും...


ഗായത്രി
ഞങ്ങളുടെ ടീം ലീഡർ ഷാനവാസിനു ഇടയ്ക്കിടെ ആവശ്യങ്ങൾ അറിയിച്ചു കൊണ്ട് കുട്ടനാട് ഭാഗത്തു നിന്നും വരുന്ന ഫോൺകോളുകളിൽ നിന്നാണു ഗായത്രിയെന്ന പേരു പരിചിതമാകുന്നത്. അമ്പലപ്പുഴ നിന്നും തകഴിക്കുപോകുന്ന റോഡിനു സൈഡിൽ രണ്ടുമുറിക്കടകളിൽ കളക്ഷൻ സെന്ററും വിതരണകേന്ദ്രവും കൂടി സ്ഥാപിച്ചുകൊണ്ടായിരുന്നു അവരുടെ പ്രവർത്തനം. ആലപ്പുഴ അമ്പലപ്പുഴ ഭാഗങ്ങളിലെ ഇരുപതോളം ക്യാമ്പുകളിലേക്ക് മരുന്നും സാധനങ്ങളും എത്തിക്കുന്ന ചുമതലയാണു ഒന്നാം വർഷ ബിരുദവിദ്യാർത്ഥിയായ ആ കുട്ടിയും കൂട്ടുകാരും കൂടി ഏറ്റെടുത്തത്.  ആലപ്പുഴ അമ്പലപ്പുഴ ഭാഗങ്ങളിൽ ലഭ്യമല്ലാതായ ചില അവശ്യമരുന്നുകൾ തേടിയാണവരുടെ വിളി ഞങ്ങൾക്കെത്തിയത്. ശ്വാസം മുട്ടലിനാൽ അത്യാസന്ന നിലയിലെത്തിയ ഒരു രോഗിക്കുള്ള ഇൻഹൈലറായിരുന്നു മുഖ്യ ആവശ്യം. അതു നാട്ടിൽ നിന്നും വാങ്ങി ഒരു കെ.എസ്.ആർ.ടി.സി ബസ്സിന്റെ ഡ്രൈവർ  കൈവശം നൽകിയാണു ഗായത്രിയുടെ അടുത്തെത്തിച്ചത്. ഗായത്രിയെ നേരിൽ കാണാൻ കഴിഞ്ഞതു, വണ്ടാനത്തെ ലാലിന്റെ വീട്ടിൽ ദുരിതബാധിതരായ മൂന്നു ബന്ധു കുടുംബങ്ങൾ കൂടി കഴിയുന്നുണ്ടെന്ന വിവരമറിഞ്ഞ് സന്ദർശിക്കാൻ പോയ സമയത്താണു. വളരെ ചുറുചുറുക്കോടെ കാര്യങ്ങൾ ഓടി നടന്നു ചെയ്യുന്ന ഗായത്രിയെ ഞങ്ങൾക്കവിടെ കാണാൻ സാധിച്ചു.



ഗായത്രിക്കൊപ്പം

( ലാലിനെക്കുറിച്ച് ഒരു വരി കുറിക്കാതെ ഈ കുറിപ്പ് പൂർത്തിയാക്കുന്നതു ശരിയല്ല.  രണ്ടു മൂന്നു ദുരിതബാധിത കുടുംബങ്ങൾക്കു സംരക്ഷണമൊരുക്കുന്ന ലാലിന്റെ വീട് എന്നു പറഞ്ഞപ്പോൾ ഒരു വലിയ വീടാണു ഞാൻ പ്രതീക്ഷിച്ചത്.  എന്നാൽ എത്തിപ്പെട്ടതു, കടൽ തീരത്തു എല്ലാവർക്കുമൊന്നു നിന്നു തിരിയാൻ സ്ഥലമില്ലാത്തത്ര ചെറിയ, പലകയടിച്ച ഒരു കുടിലാണു കാണാൻ കഴിഞ്ഞത്. പക്ഷേ അവിടെ, വിശാലമായ മനസ്സും ചിന്തയും കൊണ്ട് ചെറുകുടിലുകളെ സ്വർഗ്ഗമാക്കി മാ‍റ്റുന്ന വലിയ മനുഷ്യരെ  കണ്ടു കണ്ണു നിറഞ്ഞു. ഇനിയും വികസിക്കാത്ത നമ്മളുടെ മനസ്സിന്റെ ഇടുക്കം സ്വയം ബോധ്യപ്പെടുന്നത് ഇത്തരം സന്ദർഭങ്ങളിലാണു...  )
ലാലിനും, സമീപത്തെ ചില പ്രമുഖ സന്നദ്ധ പ്രവർത്തകർക്കുമൊപ്പം



                                        ********************************
അതെ, ചില മനുഷ്യർക്കു മനുഷ്യനിൽ ഇപ്പോഴും വിശ്വാസവും പ്രതീക്ഷയുമുണ്ട്. അവരാണു മനുഷ്യർക്കിടയിൽ പരസ്പര വിശ്വാസവും ഭൂമിയിൽ പ്രകാശവും പരത്തുന്നത്.
                                       ********************************





പഴയ ചില വികൃതികള്‍