വലിയ പെരുന്നാളിന്റെ തക്‌ബീര്‍ ധ്വനി പള്ളിയില്‍ നിന്നും ഉയര്‍ന്നു തുടങ്ങി....
ഡേയ്.... പുതിയ പെണ്ണേ..., കതക് അടച്ചേക്കു. പരിചയമില്ലാത്തവരാരെങ്കിലും വന്നാല്‍ വാതില്‍ തുറക്കണ്ട കേട്ടോ?
പള്ളിയിലേക്കു പോകാനിറങ്ങുമ്പോള്‍ ഞാന്‍ അവളെ പ്രത്യേകം ഉപദേശിച്ചു.
എന്നാല്‍ തിരികെയെത്തുമ്പോള്‍ വീടിന്റെ വാതില്‍പ്പടിയില്‍ “നില്‍ക്കണോ, പോണോ?“ എന്ന രീതിയിലൊരു ചോദ്യചിഹ്നമായി ഭാര്യ നില്‍ക്കുന്നു.
പരിഭവ മുഖവുമായിട്ടാണെങ്കിലും ‘പൂമുഖപ്പടിയില്‍ എന്നെക്കാത്തൊരുവള്‍ ആദ്യമായിട്ട് നില്‍ക്കാനുണ്ടായിരിക്കുന്നു’:) എന്റെയുള്ളില്‍ സന്തോഷം തിരതല്ലി.
എന്തു പറ്റിയോ എന്തോ? പാവം. ഒറ്റക്കിരുന്നു പേടിച്ചിട്ടുണ്ടാവും...... എന്നാല്‍ ഓടിയണഞ്ഞപ്പോള്‍, വീടിനകത്ത് കസേരയില്‍ ചാരിക്കിടന്നു ഒരു ഉമ്മുമ്മ അവളോട് കുശലം പറയുന്നതാണ് കണ്ടതു.
ങേ, ആരാണാവോ ഈ രാവിലെ?!
നോക്കിയിട്ടു ഒരുപിടിയും കിട്ടിയില്ല. ബന്ധുക്കളേയും, പരിസരവാസികളെയുമൊന്നും നല്ല പരിചയമായിട്ടില്ലാത്ത പുതുപ്പെണ്ണായ ഇവള്‍ക്ക്, ഇവിടെ എനിക്കറിയാത്ത പരിചയക്കാരോ? എനിക്കു അത്ഭുതം തോന്നി.!!!
എന്നാല്‍ ആ ഉമ്മുമ്മായ്ക്കു എന്നെ കണ്ടിട്ടൊരു ഭാവമാറ്റവുമില്ല.
പതിയെ അടുക്കളയിലേക്കവളെ വിളിച്ചു ഞാന്‍ കാര്യം തിരക്കി.
ഇക്കായ്ക്കറിയില്ലേ അവരെ?
അവളുടെ മറുചോദ്യം.
ഇല്ല, അവര്‍ ആരാ?
എനിക്കുമറിയില്ല....
ഉമ്മയുടെ ബന്ധുക്കളാരെങ്കിലുമാകും. ബെല്ലടികേട്ട് കതകു തുറന്നപ്പോള്‍ “ഉമ്മയില്ലെ മോളേ“ എന്നു ചോദിച്ചു.
ഉടനെ വിളിച്ചു അകത്തു കയറ്റിയോ? ആരാ, എന്തായെന്നറിയാതെ?... എനിക്കു ദേഷ്യം വന്നു തുടങ്ങി.
മോളെ, ചായയുണ്ടോ?
അതിഥിയുടെ ചോദ്യം.
ദാ... എടുക്കുന്നുമ്മാ.....
ഇക്ക അങ്ങോട്ടു ചെല്ലൂ..., അവളെന്നോട് പറഞ്ഞു.
എന്തൊക്കെയുണ്ട് ഉമ്മുമ്മാ?
ആരാണിവര്‍? എന്ന മനസ്സിലുയര്‍ന്ന ചോദ്യത്തെ മധുരം പൊതിഞ്ഞു ഇങ്ങനെ ചോദിച്ചു.
എന്തോ പറയാനാ മോനെ, അങ്ങനങ്ങ് പോകുന്നു.
ഒരു നെടുവീര്‍പ്പോടെ അവര്‍ പറഞ്ഞു നിറുത്തി.
പിന്നെയെന്തു ചോദിക്കണമെന്നറിയാതെ ഞാന്‍ നിന്നു...
പകുതി പണിതീര്‍ന്ന വീട് ആകെയൊന്നു നോക്കി, വിടര്‍ന്ന മുഖത്തോടെ അവര്‍ വിക്കിവിക്കി പറഞ്ഞു തുടങ്ങി.
എനിക്കു മൂന്നു പെണ്മക്കളായിരുന്നു.
രണ്ടു പേരെ കെട്ടിച്ചു... ഇനിയൊരാളുണ്ട്....
ഞാന്‍ ഒന്നു കെട്ടിയതാ. അപ്പോള്‍ തന്നെ പ്രഭാത ഭക്ഷണം മുടങ്ങി. ഇനി വേണ്ടാ....
ഉള്ളില്‍ തോന്നിയത് പക്ഷേ പുറത്തു പറഞ്ഞില്ല. ചിരിച്ചു നിന്നു.
ഇപ്പോള്‍ ഇളയവള്‍ക്കൊന്നു ഒത്തുവന്നിട്ടുണ്ട്...., പക്ഷേ.....
പെണ്‍കുട്ടിയെ കെട്ടിക്കാനുള്ള സഹായം തേടി വന്നതാണ്. എനിക്കു കാര്യം മനസ്സിലായി.
ഞാന്‍ പാന്റിന്റെ പോക്കറ്റില്‍ പെഴ്സ് തപ്പി...
അവള്‍ കൈകളില്‍ കൊഴക്കട്ടയും ചായയും പിടിച്ചു വാ പൊളിച്ചു നിന്നു.
ഉമ്മൂമ്മ പതിയെ എണീറ്റു...
പിന്നെ കൊഴക്കട്ടയും ചായയും വാങ്ങി വെച്ചു കഴിച്ചു തുടങ്ങി.
ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി നിന്നു.
ഒടുവില്‍ ഉമ്മൂമ്മ ഒരു ഏമ്പക്കവും വിട്ടു, കാശും വാങ്ങി, സലാം പറഞ്ഞു പോയി.
ഇക്കാ, ഇതൊന്നും ആരോടും പറയല്ലേ?
അവളെന്നോട് കെഞ്ചി.
ഉം...
ഞാന്‍ എന്നെത്തന്നെ വിശ്വാസമില്ലാത്തതിനാല്‍ ഒരു അര്‍ദ്ധ സമ്മതം മൂളി. കാരണം, ഇനിവേണം ഞങ്ങള്‍ക്കു ഉച്ചഭക്ഷണത്തിന്റെ പണി തുടങ്ങാന്‍. (അവള്‍ക്കു നല്‍കിയ വാക്ക് ഞാനിപ്പോഴും തെറ്റിക്കുന്നില്ല. ഇതുവരെ വീട്ടില്‍ ആരോടും പറഞ്ഞില്ല. ഒന്നു എഴുതി വെക്കുന്നു. അത്രമാത്രം)
ഇനി കളയാന്‍ സമയമൊട്ടുമില്ല.... ഇപ്പോഴെങ്കിലും തുടങ്ങിയില്ലെങ്കില്‍ ലഞ്ചു മിസ്സാവും.
ഞാന്‍ തേങ്ങ തിരുങ്ങുമ്പോള്‍ അവള്‍ അരി കഴുകി അടുപ്പത്തിട്ടു. അവള്‍ മിക്സിയില്‍ തേങ്ങയരക്കാന്‍ വട്ടം കൂട്ടിയപ്പോള്‍ ഞാന്‍ ഇറച്ചി അറുത്തു കഴുകാനാരംഭിച്ചു.
ഉടനേ കഴുത്തെന്റേതറുക്കൂ ബാപ്പാ....
ഉടയോന്‍ തുണയില്ലേ നമുക്കൂ ബാപ്പാ....
മൊബൈലിലെ എഫ്.എം റേഡിയോയിലപ്പോള്‍ ബലിപ്പെരുന്നാളിന്റെ ഓര്‍മയുണര്‍ത്തുന്ന പാട്ടുകള്‍....
സാധാരണ ദിവസങ്ങളില്‍, അതിരാവിലെ ഉമ്മ മിക്സിയിലരക്കുന്ന ശബ്ദമാണ് ഞങ്ങള്‍ക്കു ഉറക്കമെണീക്കാനുള്ള അലാറം. ‘കറണ്ടിലുള്ള പണികള്‍ സൂര്യനുദിക്കുന്നതിനു മുമ്പ് തീര്‍ക്കണം. ഇല്ലെങ്കില്‍ പിന്നെ പണിയാവും’ എന്നതാണ് ഉമ്മയുടെ ന്യായം. ഉമ്മയുടെ ആപ്തവാക്യം അന്വര്‍ത്ഥമാക്കിക്കൊണ്ട്, മിക്സി ഓണാക്കി അല്‍പ്പം കഴിഞ്ഞപ്പോഴേക്കും കറണ്ട് പോയി.
അയ്യോ, ഇക്കാ ഇനിയെന്തു ചെയ്യും?
ഇതൊക്കെ കണ്ട് അടുക്കളക്കു മൂലയില്‍ ചിരിച്ചു കൊണ്ട് കിടക്കുന്ന അമ്മിക്കല്ലിനെയും എന്നെയും മാറി മാറി നോക്കി തലചൊറിഞ്ഞുകൊണ്ട് അവള്‍ ചോദിച്ചു.
പടച്ചോനേ, പെട്ടെന്നു കറണ്ട് വരണേ...
ഞാന്‍ അവളുടെ മുഖത്തു നോക്കാതെ തല കുനിച്ചു പ്രാര്‍ത്ഥിച്ചു.
അവളുടെ ഞ്ചെഞ്ചിടുപ്പിന്റെ താളത്തിനൊത്തു, റേഡിയോ പാടുന്നു...
ഖല്‍ബില് തീ...
ഖല്‍ബില് തീ....
മിക്സിയൊന്നു തുറന്നു ഇത്തിരിയെങ്കിലും അരഞ്ഞു പരുവമായോന്നു നോക്കെടോ.
എന്റെ ഖല്‍ബിലെ തീ കെടുത്താനായി ഞാനവളോട് പറഞ്ഞു.
അല്‍ഹംദുലില്ലാഹ്.
പറഞ്ഞു തീരും മുന്‍പെ കറണ്ടു വന്നു. മിക്സി വീണ്ടും മൂളിത്തുടങ്ങി.
അയ്യോ....
നിലവിളി കേട്ടു നോക്കുമ്പോള്‍ ഭിത്തിയില്‍ അരപ്പു കൊണ്ട് വരച്ച തെങ്ങോലയുടെ ചിത്രം. പ്രിയതമ ഒരു കയ്യില്‍ മിക്സിയുടെ അടപ്പു പിടിച്ചുകൊണ്ട് മറുകയ്യാല്‍ മുഖത്തു നിന്നും, മുരിക്കിന്‍പൂവിന്റെ നിറമുള്ള അരപ്പു വടിച്ചെടുക്കുകയാണ്. മിക്സി അപ്പോഴും പണി ചെയ്തു കൊണ്ടിരുന്നു. റേഡിയോ പാടിക്കൊണ്ടുമിരുന്നു
കിഴക്കു പൂക്കും മുരിക്കിനെന്തൊരു ചൊകചൊകപ്പാണേ
പുതുക്കപ്പെണ്ണിന് കവിളിനെന്തൊരു തുടുതുടുപ്പാണേ
ഇനിക്കും നെഞ്ചിന് കരിക്കുമായി പറന്നുവന്നൊരു മാരന്
തുടിയ്ക്കും കണ്ണില് കനവുമായി തിരഞ്ഞു വന്നൊരു തോഴന് ...
ഖല്‍ബില് തീ...
ഖല്‍ബില് തീ....
13 comments:
>>ഒരു കണ്ണു തുറക്കാവുന്ന അവസ്ഥയായപ്പോള്‍, ദൈന്യതയോടെ ഒരു കണ്ണു തുറന്നവള്‍ എന്നെ നോക്കി. പകരമായി, ഞാന്‍ ചെറു ചിരിയോടെ എന്റെ ഒരു കണ്ണ് അടച്ചു കാണിച്ചു.<<
ഇതാണ് മ്മള് ആണുങ്ങള്‍ടെ കൊഴപ്പം. രണ്ട് കണ്ണും തുറക്കേണ്ടിടത്ത് കണ്ണടയ്ക്കും; കണ്ണ് അടയ്ക്കേണ്ടിടത്ത് ഒരു കണ്ണ് തുറന്നു നോക്കും !!
വായിയ്ക്കാന്‍ നല്ല രസം...
ഖല്ബില് തീ...
ഖല്‍ബില് തീ...
മുളകരച്ചത് കണ്ണിലും മുഖത്തും പുരണ്ടാലുള്ള രസം കണ്ണടച്ച് കാണിച്ചാലൊന്നും പോവില്ല.... പാവം, എത്രമാത്രം നീറീട്ടുണ്ടാവും?
ഒരു ഐക്യദാർഢ്യക്കാരൻ വന്നിരിയ്ക്കുന്നു!
മുഖം കഴുകാൻ വെള്ളമെങ്കിലും എടുത്ത് കൊടുക്കായിരുന്നില്ലേ?
ഞാന്‍ ഒന്നു കെട്ടിയതാ. അപ്പോള്‍ തന്നെ പ്രഭാത ഭക്ഷണം മുടങ്ങി. ഇനി വേണ്ടാ....
ഉള്ളില്‍ തോന്നിയത് പക്ഷേ ഞാന്‍ പുറത്തു പറഞ്ഞില്ല. ചിരിച്ചു നിന്നു.
ഖല്‍ബില് തീയാനല്ലേ. ഹി ഹീ
കൊള്ളാം നന്നായിരിക്കുന്നു ആശംസകള്‍
ദിവാരേട്ടാ :)
എച്ചുമുക്കുട്ടി,ചിരിക്കാനുള്ള സമയത്തു നാം ചിരിക്കണ്ടേ?
മിന്നുക്കുട്ടി, തീ കോരിയിടുവല്ലേ?
ജിക്കു,രമേഷാ, നന്ദി..... നന്ദി....
അടുക്കള ചരിതം കഴിയുമ്പോളേക്കും ഇര്‍ഷാദ് ഭായിയോട് ഉണ്ടാക്കിക്കൊണ്ടോരാനുള്ള സാധനങ്ങളുടെ ഒരു ലിസ്റ്റ് തന്നെ തയ്യാറാക്കാം....
കൊഴുക്കട്ട
നെയ്ചോറ്
ഇനീം ഇനീം പോരട്ടെ....
അത് പറഞ്ഞപ്പളാ ബീവിക്ക് പൊറോട്ട ഉണ്ടാക്കാനറിയോ?
:)
ഇത്രയൊക്കെ എഴുതിയിട്ടും ബീവിയുടെ കയ്യ് കൊണ്ട് ഭക്ഷണം കിട്ടുന്നുണ്ടല്ലോ അല്ലെ.. മുജ്ജന്മ സുകൃതം :)
ഖല്‍ബില്‍ തീയും പുകയും പിന്നെ മിക്സിയിലരച്ച തേങ്ങയും!
കുശാലാക്കിയല്ലോ പഥികാ.
ചെലേ, പല കൂട്ടുകാരും എറണാകുളം-തിരുവനന്തപുരം യാത്രയിലെ ഇടത്താവളമായെന്റെ വീട് മാറ്റാറുണ്ട്. നിനക്കും സ്വാഗതം. പൊറോട്ട നിരോധിച്ചിരിക്കുന്നു. മുന്‍കൂട്ടി പറഞ്ഞാല്‍ ബിരിയാണി റെഡിയാക്കാം:)
പജ, കണ്ണൂരാന്‍
നന്ദി :)
നല്ല വിവരണം. അഭിനന്ദനങ്ങള്‍..
മിഴിവുള്ള ഗ്ര്‌ഹസ്ഥാശ്രമചിത്രങ്ങൾ.. രസകരം. നന്നായി.
കൊളളാം നല്ല രസമുണ്ട്.
Post a Comment