ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Tuesday, December 29, 2009

നൊസ്റ്റാള്‍ജിയ

ഓര്‍മകളെ തട്ടിയുണര്‍ത്തിക്കൊണ്ട് സൈജുവിന്റെ ഫോണെത്തിയിട്ടു കുറച്ചു ദിവസമായി. യാന്ത്രികമായതും ആവര്‍ത്തന വിരസവുമെങ്കിലും, വളരെ സ്വസ്ഥമായി ജീവിതം മുന്നോട്ടുപോകുമ്പോഴാണവന്റെയൊരു കോള്‍. ഏതുനേരത്താണാവോ അവനെന്നെ വിളിക്കാന്‍ തോന്നിയതു? ജീവിതത്തെ സ്നേഹത്തോടെയും ചുമതലാബോധത്തോടെയും പലര്‍ക്കായി പകുത്തു നല്‍കിയിരിക്കുമ്പോളാണവന്റെ വിളി.

ഇതൊന്നുമില്ലാത്ത ഒരു കാലത്തിലേക്കു പോയ്‌വരാമത്രെ?


എത്ര വലിയ പ്രലോഭനം? ആ പ്രലോഭനം മനസ്സില്‍ ആഗ്രഹമായി വളര്‍ന്നൊരു പടുവൃക്ഷമായിരിക്കുന്നു. നാളെയാണാ ദിനം. ഡിസംബര്‍ 26.

ഇന്നു ക്രിസ്തുമസ് ദിനം.

എനിക്കു നാളെ കോഴിക്കോട് പോണമെന്നു പ്രിയതമയോട് ഒറ്റയടിക്കു പറഞ്ഞാലതു ശരിയാവില്ല. കൊണ്ടുപോകാമെന്നു ഞാന്‍ പറഞ്ഞു പറ്റിച്ച സ്ഥലങ്ങളില്‍ അതും ഉള്‍പെടും. അങ്ങനെയുള്ള മുഴുവന്‍ ലിസ്റ്റും അവളെടുത്തു പുറത്തിട്ടു ചിണുങ്ങിത്തുടങ്ങിയാല്‍ അതു തീരുമ്പോഴേക്കും നാളത്തെ ദിവസവും കഴിഞ്ഞുപോകും. പിന്നെന്തു ചെയ്യും?

എടിയേ, നിനെക്കെന്നാ ക്ലാസ്സു തുടങ്ങുന്നതു? പഠിപ്പിക്കാനുള്ളതൊക്കെ നോക്കിയോ?
സൈജുവെന്റെ നെഞ്ചില്‍ കോരിയിട്ടതിന്റെ വേറൊരു പതിപ്പു ഞാനവള്‍ക്കിട്ടു കൊടുത്തു.

ഓ, പിന്നെ പാച്ച്. ഇവനെയും കൊണ്ട് ഇവിടിരുന്നെങ്ങനെയാ പഠിക്കുന്നത്?
കയ്യിലിരുന്ന മകനെ വീര്‍ത്തമുഖമൊന്നുകൂടി വീര്‍പ്പിച്ചും കൊണ്ട് അവളെന്റെ നേരേ നീട്ടി.

ഇനി സമയം കിട്ടിയാ തന്നെ പഠിക്കാനുള്ള പുസ്തകമൊക്കെ വീട്ടിലാ. വെറുതെ വെക്കേഷന്റെ ഒരാഴ്ചയും പോയി. വീട്ടില്‍ പോയിരുന്നേല്‍ കുറെ വസ്ത്രങ്ങള്‍ കഴുകുകയും, പഠിപ്പിക്കാനെന്തെങ്കിലും നോക്കുകേം ചെയ്യാരുന്നു.

അങ്ങനെ രോഗി ഇശ്ചിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതുമൊന്ന്...

ഓ... എങ്കില്‍ പിന്നെ ഇന്നു വൈകിട്ടു നിന്നെ വീട്ടിലെത്തിച്ചേക്കാം. ക്ലാസ്സില്‍ പോയി നിന്നു ബെബ്ബബ്ബെ അടിച്ചിട്ടു, ഇക്ക പഠിക്കാന്‍ സമ്മതിച്ചില്ലെന്നു പരാതിപറഞ്ഞ് എന്നെ വെറുതെ നാറ്റിക്കണ്ടാ.

അവളുടെ മുഖത്തൊരു സന്തോഷം. എക്സ്ട്രാ വീര്‍ക്കല്‍ കുറഞ്ഞു മുഖം തിളങ്ങി. എന്റെയുള്ളില്‍ അതിനേക്കാള്‍ വലിയ സന്തോഷത്തിരയിളക്കം.

പെട്ടിയും കുട്ടിയുമായവള്‍ വണ്ടിയില്‍ കയറി.

സൈജുവിന്റെ ഒരു മിസ്സ്ഡ്കോള്‍ കണ്ടതുപോലെ ഒരോര്‍മ. ഒന്നു വിളിക്കട്ടെ. ഞാന്‍ പറഞ്ഞു.
അതിനി നമുക്കെന്റെ വീട്ടിലെത്തീട്ടാവാം. വണ്ടിയോടിച്ചോണ്ട് വേണ്ടിക്കാ‍. സ്നേഹത്തോടവളുടെ ഉപദേശം.

വണ്ടിയൊതുക്കി, ഫോണ്‍വിളിച്ചു.
ഹലോ പറയും മുന്‍പേ മറു തലക്കല്‍ സൈജുവിന്റെ ചോദ്യം.

അളിയാ വരൂലെ? ഞങ്ങള്‍ തിരിച്ചു. പത്തറുപതു പേരുണ്ടാവും.
ശരി, ഞാനെത്തും...

ഇക്കാ എവിടെ പോന്ന കാര്യമാ?
ഡീ, നാളെ പോളീലൊന്നു കൂടാമെന്നു പറയുന്നു. അവരൊക്കെ അങ്ങോട്ട് തിരിച്ചു. ഇനി ഞാനെന്തായാലും നാളെയേ പോന്നുള്ളൂ.

ഇന്നേ പോകണ്ടപരിപാടിക്കു നാളെ മാത്രമേ പോകുന്നുള്ളന്നൊരു ധ്വനി വാക്കില്‍ വരുത്തി നിര്‍ത്തി....

ഞാനില്ലായിരുന്നെങ്കില്‍ ഇന്നേ പോയേനല്ലെ? വിഷമമുണ്ടോ?
സാരമില്ല. കുടുംബമാവുമ്പോള്‍ ഇങ്ങനൊക്കെയല്ലെ? നിനക്കു പഠിക്കാനും കഴുകാനുമൊന്നും ഇല്ലായിരുന്നെങ്കില്‍ നമുക്കൊന്നിച്ച് പോകാരുന്നു.

സാരമില്ലിക്കാ. ഒന്നിച്ചു നമുക്ക് അടുത്ത പ്രാവശ്യം പോകാം.
ഹും. അങ്ങനെയാവട്ടെ. വിഷാദമുഖഭാവത്തോടെ ഞാന്‍ മൂളി.

അതിരാവിലേ ബസ്സില്‍ കയറി. പണ്ടേ ഒറ്റക്കുള്ള യാത്രയ്ക്കെനിക്കിഷ്ടം ബസ്സാണ്. എപ്പോഴും പറയുന്ന സമയത്തിനു മുന്‍പെത്താനായി നേരുത്തേയിറങ്ങും. എന്നാല്‍ സീറ്റുള്ള ബസ്സിലേ കയറൂവെന്ന് വാശി പിടിച്ചു നിന്നു ഒടുവില്‍ എക്സ്ട്രാടൈം നഷ്ടപ്പെട്ട്, സധാരണ ഏറ്റവും തിരക്കുള്ള ബസ്സില്‍ പോകേണ്ടിയും വരും. പക്ഷെ ഇന്നു തിരക്കൊഴിഞ്ഞ വണ്ടി കിട്ടി.

വീണ്ടും പോളിയിലേക്കൊരു യാത്ര. ഓര്‍മകളില്‍ ആദ്യയാത്രയുടെ ട്രെയിന്‍ പുറപ്പെട്ടു. ഞാനും അനലുമൊന്നിച്ചു അച്ഛന്മാരോടൊപ്പം ട്രെയിനില്‍. ആദ്യമായുള്ള നാടുവിടല്‍.

തിരൂരങ്ങാടി പോളി, തിരൂരങ്ങാടിയില്‍ നിന്നും പത്തുകിലോമീറ്റര്‍ മാറിയുള്ള ചേളാരിയെന്ന സ്ഥലത്താണെന്ന കണ്ടുപിടുത്തവുമായി ഞങള്‍ കറങ്ങിത്തിരിഞ്ഞു കണ്ടുപിടിക്കലുകളുടെ ലോകത്തേക്കു ഐശ്വര്യമായി കടന്നു ചെന്നു.

പുതിയ പോളിയായതിനാല്‍, താമസസ്ഥലം മുതല്‍ തിയേറ്ററുകള്‍, കൂട്ടുകാര്‍, എതിരാളികള്‍, കാമുകിമാര്‍, വലി-കുടി-ചവ അഥവാ പുക-കള്ള്-പാക്ക്, സമരം, ആഘോഷം എല്ലാം ഞങ്ങളുടെ കൂട്ടം തന്നെ പോളിക്കുവേണ്ടി കണ്ടുപിടിക്കേണ്ടിയും പുതു തലമുറക്കു കൈമാറേണ്ടിയും വന്നു.

ത്രിശ്ശൂര്‍ പ്രൈവറ്റ് സ്റ്റാന്റ്... കണ്ടക്ടറുടെ വിളി കേട്ട് ഞെട്ടിയുണര്‍ന്ന് ചാടിയിറങ്ങി.

ത്രിശ്ശൂര്‍ എത്തിയാല്‍ പിന്നെ പ്രവറ്റ് ബസ്സിലേ പോകാറുള്ളൂ. പാട്ടൊക്കെ കേട്ട് നല്ല സീറ്റിലിരുന്നു പോകാം. അതാണ് പഴയ ശീലം. ഭക്ഷണം കഴിക്കണം. അതിന്നു മുന്‍പൊന്നു ടോയ്ലറ്റില്‍ പോണം. രാവിലെയായതിനാലാവും നല്ല തിരക്കു. ഓരോ കക്കൂസിനുമുന്നിലും ഓരോ ക്യൂവുണ്ട്. നിന്നു മൂത്രമൊഴിക്കാനുള്ള സ്ഥലത്തൊക്കെ ക്യൂ. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നു കാര്യം സാധിക്കാന്‍ ഇനിയും പഠിച്ചിട്ടില്ലാത്തതിനാല്‍, 12 വര്‍ഷം മുന്‍പത്തേതിനേക്കാള്‍ പ്രാഥമിക സൌകര്യങ്ങള്‍ വികസിച്ചിട്ടില്ലെന്ന സത്യം മനസ്സിലാക്കി വെറുതെ കാശുകൊടുത്തിറങ്ങി.

മുജീബിന്റെ വിളി. നീയെവിടാഡാ?
ഞാന്‍ സ്ഥലം പറഞ്ഞു.

നീ കഴിച്ചിട്ടു നില്‍ക്കു. ഒരു മണിക്കൂറിനുള്ളില്‍ ഞങ്ങളവിടെയെത്താം. സൈനുവും ജോണ്‍സും അനൂപുമുണ്ടെന്റെ കൂടെ.

ഭക്ഷണം കഴിച്ചിട്ടു കാത്തിരിക്കേ പോളിയില്‍ തുടങ്ങിയ പഴയ ശീലങ്ങള്‍ കൂട്ടിനു വന്നു. ഒപ്പം ഓര്‍മകളും. പുകച്ചുരുളുകള്‍ കയറിപ്പോയ ആകാശത്തുനിന്നും ഓര്‍മകള്‍ പടിയിറങ്ങി വന്നു. അകലെക്കണ്ട നാഷണല്‍ ബുക്ക്സ്റ്റാളിന്റെ ബോര്‍ഡ് മോഹിപ്പിച്ചു. എന്തെങ്കിലും വായിക്കാന്‍ കിട്ടിയിരുന്നെങ്കില്‍?

പോളിക്കാല വൈകുന്നേരങ്ങളില്‍ ബോണിയുമൊത്തു പാണമ്പ്ര ലൈബ്രറിയിലും, ക്ലാസ്സുകള്‍ കട്ട് ചെയ്തു കോഴിക്കോട് യൂണിവേഴ്സിറ്റി ലൈബ്രറിയിലും സൊറപറഞ്ഞും വായിച്ചും ചര്‍ച്ചചെയ്തും കഴിച്ചു കൂട്ടിയ നാളുകളുടെ ഓര്‍മകള്‍ കൂടെ വന്നു.

ക്ലാസ്സുകളിലിരുന്നു പഠിച്ചതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചതു, ക്ലാസ്സുകള്‍ കട്ട് ചെയ്തു ലൈബ്രറികളില്‍ കറങ്ങിയ നേരത്താണ് എന്നതാണ് സത്യം.

റോഡ് മുറിച്ചുകടക്കെ ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ റോഡില്‍കൂടിയൊരു വാഹനത്തിന്റെ ടയര്‍മാത്രം പതിയെ എനിക്കുനേരെ വരുന്നു. റോഡിന്റെ നടുവില്‍ നടുവൊടിഞ്ഞൊരു മുച്ചക്ര ശകടം ഇരുചക്രമായി കിടക്കുന്നു തേങ്ങുന്നു. അതിന്റെ മൂടൊന്നു താങ്ങി, വണ്ടിയെ വഴിയരുകിലാക്കി, ഡ്രൈവറുടെ താങ്ക്സും വാങ്ങി ഓര്‍മകളുമായി ഞാന്‍ വീണ്ടും നീങ്ങി.

എത്രയെത്ര രാത്രികളില്‍, പാണമ്പ്രയിലെ പ്രേതാലയമ്പോലത്തെ വീട്ടില്‍ നിന്നും നേരേ നോക്കിയാല്‍ കാണുന്ന, ഒരുപാടു പ്രേതങ്ങളെ സൃഷ്ടിച്ച കുപ്രസിദ്ധമായ ‘പാണമ്പ്രവളവി‘ലേക്ക് ഓടിയിട്ടുണ്ട്. നിന്നു കത്തുന്നതും മറിഞ്ഞു കിടക്കുന്നതുമായ എത്ര വണ്ടികളും അവയില്‍ പെട്ട ജന്മങ്ങളെയും അന്നു കണ്ടിരിക്കുന്നു.

അറിയാതെ പ്രാര്‍ത്ഥിച്ചുപോയി. ഈശ്വരാ, കാത്തുകൊള്ളണേ...

നാഷണല്‍ ബുക്സ് അടഞ്ഞു കിടക്കുന്നു. അടുത്തുള്ള കടകളൊക്കെ തുറക്കുന്നതേയുള്ളൂ. ചിലപ്പോള്‍ സമയമാകുന്നതേയുണ്ടാവൂ. ഒരു പക്ഷെ അവധിയുമാകാം. എങ്കിലും സെക്യൂരിറ്റിക്കാരന്റെ മുന്നില്‍ പത്രം കണ്ടപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം. എടുത്തു മറിച്ചു. പുതിയ വാര്‍ത്തകളൊന്നുമില്ല. എല്ലാം പഴയതു തന്നെ. തീയതി നോക്കി. അതും പഴയതു തന്നെ. എന്റെ നോട്ടം കണ്ട് അയാള്‍ പറഞ്ഞു

എന്തൂട്ടാ നോക്കണ ക്ടാവേ, ഇന്നു മാതൃഭൂമി പേപ്പറില്ല്ല്യാലോ.

മുജീബും വണ്ടിയുമെത്തി.
അവധി കഴിഞ്ഞാല്‍ പേപ്പറില്ല. എന്തു കഷ്ടമാ? വാര്‍ത്തയുണ്ട്, പക്ഷേ അവക്കിരിക്കാനിടമില്ല. ഒരു കണക്കിനു നല്ലതാ. നാട്ടുകാരുടെ മനസ്സിനിന്നൊരു സ്വസ്ഥത കാണും. ഞാന്‍ പറഞ്ഞു.

ഏയ്, ഇംഗ്ലീഷ് പത്രങ്ങള്‍ക്കും, മലയാളത്തില്‍ മാധ്യമം പത്രത്തിനും സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലുമേ അവധിയുള്ളൂ. സൈനു പറഞ്ഞു.

അതെനിക്കൊരു പുതിയ അറിവായിരുന്നു. മാതൃഭൂമി പത്രത്തിന്നടിയിലൊരു ഹിന്ദു പത്രം ചിരിക്കുന്നുണ്ടായിരുന്നു. അതും പഴയതെന്നു കരുതി ഞാന്‍ മൈന്റ് ചെയ്തിരുന്നില്ല. കഷ്ടം!!!

അല്ല, ഈ പത്രങ്ങള്‍ക്കൊക്കെ സ്വാതന്ത്ര്യ ദിനത്തിനുള്ള അവധി എന്നായിരിക്കും......14-നോ 15-നോ?

ഓര്‍മകളിലന്നു ഞങ്ങളുടെ കലാമത്സരങ്ങളുടെ ദിനമായിരുന്നു. എല്ലാ പരിപാടിക്കും കയറി കോപ്രായങ്ങള്‍ കാണിക്കുന്ന ജിനീഷിന്റെ പ്രസംഗ മത്സരത്തിന്റെ ഊഴം.

വിഷയം “കമ്മ്യൂണിക്കേഷന്റെ പ്രസക്തി”.

ജിനീഷിന്റെ പേരുവിളിച്ചപ്പോഴേ സദസ്സില്‍ ചിരി ഉയര്‍ന്നു. സ്റ്റേജിലെത്തിയ ജിനീഷ് എല്ലാവരെയും നോക്കി പറഞ്ഞു.

ചിരിക്കണ്ടാ ചിരിക്കണ്ടാ, ഒരുത്തനും ഒരു വകയും അറിയില്ല. എന്നിട്ടാ നാലുവാക്കു പ്രസംഗിക്കാന്‍ വരുന്നവനെ നോക്കിയൊള്ള ചിരി. ഇപ്പോള്‍ കിട്ടിയ വിഷയമൊക്കെ അവിടിരിക്കട്ടെ, അതിനുമുന്‍പ് ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയതെന്നാണെന്നു പറ.

ചിരി മാഞ്ഞു, എല്ലാവരുടേയും ചെവി കൂര്‍ത്തു.

പിന്നെ, നിങ്ങള്‍ക്കു കേള്‍ക്കണോ? ഇവിടുത്തെ വലിയ പ്രസംഗക്കാരനായ ബോണിയളിയനോട് ഞാന്‍ ചോദിച്ചു. ഇര്‍ഷാദിനോടും സൈനു അളിയനോടും ജോസളിയനോടുമൊക്കെ ചോദിച്ചു. എല്ലാവര്‍ക്കും ഒരുത്തരം. ആഗസ്റ്റ് 15.

ആക്ച്യുല്ലീ എന്നാ നമുക്കു സ്വാതന്ത്ര്യം കിട്ടിയതെന്നാ? സദസ്സു നിശബ്ദമായി.
ഞാന്‍ പറയാം, ആഗസ്റ്റ് 14ന് അര്‍ദ്ധരാത്രി.

പിന്നെന്താ ഇവര്‍ക്കൊക്കെ അതു 15 ആയതു?
അതായതു, അങ്ങു ഡല്‍ഹിയില്‍ 14നു രാത്രി കിട്ടിയ സ്വാതന്ത്ര്യം ഇവിടെയെത്തിയതു 15നു ആണ്. അന്നു നമ്മുടെ കമ്മ്യൂണിക്കേഷന്‍ രംഗം ഇത്രയൊന്നും വികസിച്ചിട്ടില്ലായിരുന്നല്ലോ? വികസിച്ചിരുന്നെങ്കില്‍ അന്നു തന്നെ നമുക്കും സ്വാതന്ത്ര്യം കിട്ടിയേനെ, കൂടാതെ ഇവന്മാരെല്ലാം ഈ തെറ്റു പഠിച്ചു വെക്കുകേമില്ലായിരുന്നു. ഇതാണ് മക്കളേ കമ്മ്യൂണിക്കേഷന്റെ പ്രസക്തി.

പതിയെ കയ്യടി തുടങ്ങി, പിന്നെയതു ഉച്ചത്തിലായി.

തുടയിലൊരടി വീണപ്പോള്‍ ഞാന്‍ ഞെട്ടിയെണീറ്റു.
ഇരുന്നൊറങ്ങാതെ ഇറങ്ങളിയാ, ഒരു ചായ കുടിച്ചിട്ടാകാം ഇനി യാത്ര. സൈനുവിന്റെ സ്നേഹം ഇത്തിരി വേദനിപ്പിച്ച കാലുമായി ചായക്കടയിലേക്ക്‍.

രാജീവെന്നാണ് സൈനുവിന്റെ പേര്‍. ലീഗിന്റെ കുട്ടിപ്പട്ടാളമെന്ന പേരില്‍ എം.എസ്.എഫ് കാരനായ മുജീബിനോടൊപ്പം പിരിക്കാനിറങ്ങിയ ഒരു ദിനത്തില്‍, ഏതോ ഹാജിയാര്‍ സ്നേഹപൂര്‍വ്വം വെച്ചു വിളമ്പിയ ബിരിയാണിക്കു മുന്നില്‍ വെച്ചു സ്വയം കണ്ടെത്തിയ പേരാണ് സൈനുദ്ദീന്‍ അഥവാ സൈനു.

കൂട്ടത്തിലെ മറ്റൊരുവന്‍ പേരു ചോദിച്ചപ്പോള്‍ സ്വന്തം പേരിലെ കമ്മത്ത് എന്നതു ആദ്യം പറഞ്ഞു പോകുകയും പിന്നെ തിരുത്തി മുഹമ്മദെന്നു പറഞ്ഞു “കമ്മത്തു മുഹമ്മദ്” എന്ന പേരുമായി തിരിച്ചെത്തിയിരുന്നു. (ഇതു വായിക്കുന്ന ആര്‍ക്കെങ്കിലും തിരൂരങ്ങാടി പോളിക്കാരനായ, കായംകുളംകാരനായ ആ കമ്മത്തിനെക്കുറിച്ചറിവുണ്ടെങ്കില്‍ അറിയിക്കുക. ആള്‍ കുറച്ചുകാലമായി നമ്മുടെ വരുതിയിലില്ല.)

ചായ കുടിച്ചിറങ്ങി.
വെറുതെ വായ ചീത്തയാക്കി. മുജീബിന്റെ ആത്മഗതം.

പാലും വെള്ളവും പഞ്ചസാരയും ചായപ്പൊടിയും ആവശ്യത്തിനില്ലാത്ത ചായക്കൊന്നിനു ആകെയുണ്ടായിരുന്നതൊന്നു മാത്രം. ‘വില - അഞ്ചു രൂപ‘. കുതിച്ചു കയറുന്ന ജീവിതച്ചിലവിന്റെ സാക്ഷ്യപത്രം.

എന്നും ഗ്യാസു വണ്ടികള്‍ മറിയുമായിരുന്ന പടിക്കല്‍ വളവെത്തി. പഴയ ഓര്‍മ്മയുടെ വളവുകളില്‍ ഒരു ഗ്യാസു വണ്ടി സ്ലോ ചെയ്തപ്പോള്‍ മൂന്നുനാലു സഹപാഠികള്‍ വണ്ടിയുടെ പിന്നില്‍ നിന്നും ചാടിയിറങ്ങി താഴെവീണു. ഇറച്ചിയില്‍ പറ്റിയ അല്‍പ്പം മണ്ണൊക്കെ തട്ടിമാറ്റി ചോരയൊലിപ്പിച്ചവര്‍ ഓര്‍മകളില്‍ ചിരിച്ചു നിന്നു. അംജിത്തും സാബുവും ബിമലും സന്ദീപും.

പാണമ്പ്ര ഷീബയില്‍ നിന്നും പടംകണ്ടു വരവെ, ഒച്ചിഴയും വേഗത്തില്‍ കുത്തനെയുള്ള കയറ്റം കയറുന്ന ഗ്യാസ് വണ്ടികള്‍ക്കു പിന്നില്‍ ചാടിക്കയറുന്നതും ചേളാരിയിലിറങ്ങുന്നതും പോളിയിലെ കുട്ടികളുടെ സ്ഥിരം ശീലം. എന്‍.എച്ച് 17 വഴി പോകുന്ന ഗ്യാസ് വണ്ടികളെല്ലാം സാധാരണ ചേളാരിയിലെ ഐ.ഓ.സീയുടെ ഗ്യാസ് പ്ലാന്റിലേക്കുള്ളതാവും. പക്ഷെ ആ പ്രാവശ്യം പതിവു തെറ്റി. ഒച്ചിന്റെ വേഗത്തില്‍ കയറ്റം കയറിയ വണ്ടി ഉടന്തന്നെ പുള്ളിപ്പുലിയേക്കാള്‍ വേഗത്തില്‍ താഴേചേളാരിയിലേക്കുള്ള ഇറക്കമിറങ്ങി. പിന്നില്‍ കയറിയവര്‍ക്കു ഇറങ്ങബ്ണമെങ്കില്‍ വണ്ടിയൊന്നു വേഗതകുറച്ചാലല്ലേ പറ്റു. കിലോമീറ്റര്‍ അടയാളപ്പെടുത്തിയ കുറ്റികള്‍ ഒരുപാട് കടന്നു പോയി. ഒടുവിലീ വളവിലാ അവരിറങ്ങിയതു. തിരിച്ചുപോകാന്‍ കയ്യില്‍ പണമുണ്ടായിരുന്ന ജിത്താണ് ആദ്യം ചാടിയതു. കയ്യില്‍ കാശില്ലാത്ത മറ്റുള്ളവര്‍ക്കു പിന്നാലെ ചാടുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. രണ്ട് മിനുട്ട് നടത്തക്കു പകരംഅവര്‍ക്കുമുന്നില്‍ കിലോമീറ്ററുകള്‍ നീണ്ടുനിവര്‍ന്നു കിടന്നു.

ആദ്യം ചാടി അടുത്ത ബസ് സ്റ്റോപ്പിലെത്തിയ ജിത്തിനോടൊരു വഴിയാത്രക്കാരന്‍ പറഞ്ഞത്രേ?

കുറെ ഹറാമ്പറന്നോവന്‍മാര്‍ പഠിക്കാനെന്നും പറഞ്ഞിട്ടു എങ്ങാണ്ടൂന്നൊക്കെ ഇറങ്ങിയിട്ടുണ്ട്. കുറെ കൊരങ്ങന്മാരേ. തന്റെപോലത്തെ യോണീഫോമു തന്നാ. രണ്ടവന്മാര്‍ ഒരു ഗ്യാസു വണ്ടീടെ പൊറേ നിന്നു ഇപ്പോഴങ്ങോട്ട് പോന്ന്തു കണ്ടു. എവിടേക്കാണോ ഈ പാതിരാത്രീല് . താന്‍ കണ്ടായിരുന്നോ?

ഇല്ല. ആരാണോയെന്തോ? ചോരയൊലിക്കുന്ന മുറിവുകളുടെ വേദന കടിച്ചമര്‍ത്തി ജിത്തിന്റെ മറുപടി.

അളിയാ മൈമൂനയെ ഓര്‍മയുണ്ടോ? ഇവിടെയായിരുന്നു അവളുടെ താമസം.
സൈനു വീണ്ടും ഓര്‍മകളെയുണര്‍ത്തി.

ക്ലാസ്സിലെ ചില സഹപാഠികള്‍, തങ്ങളുടെ തൊട്ടടുത്ത ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മൈമൂനയെ രോമാഞ്ചത്തോടെ വര്‍ണ്ണിച്ചു പറയാറുണ്ടായിരുന്ന കഥകള്‍ ഓര്‍മ വന്നു. ചപല മോഹങ്ങളെ കൊതിപ്പിച്ച വാക്കുകള്‍. ആ വാക്കുകളാല്‍, അവളെ കണ്ടിട്ടില്ലാത്തവര്‍ക്കൊക്കെ അവളൊരു സ്വര്‍ഗ്ഗസുന്ദരിയായി. അവളെ ഒരു നോക്കു കാണാന്മാത്രമായി ആ കൂട്ടുകാരുടെ ക്വാര്‍ട്ടേഴ്സിലേക്കു ഒരു ദിവസത്തേക്കു തങ്ങാന്‍ വന്നെത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. വന്നെത്തുന്നവരുടെ കയ്യില്‍ നിന്നും രാവിലെയവള്‍ മുറ്റമടിക്കുന്നതു കാട്ടി കാശും ഭക്ഷണവും അവന്മാര്‍ വാങ്ങിത്തിന്നു.

നമ്മുടെ പരസ്യ സമ്പ്രദായത്തിന്റെ ആദ്യ രൂപങ്ങളിലൊന്നു. തിരക്കു കൂടിയപ്പോള്‍ ആ കൂട്ടുകാരെ നാട്ടുകാര്‍ പുറത്താക്കിയതു ചരിത്രം.

ചേളാരിയാകെ മാറിപ്പോയി. പടുകൂറ്റന്‍ കെട്ടിടങ്ങള്‍ ഒരുപാട്. ഓര്‍മകളിലെ പഴയ സുരഭി ഹോട്ടലും, മാസ്സ് ഹോട്ടലുമൊന്നും ഇന്നില്ല. മാറാത്തതു കാളച്ചന്തയും പോളിയും മാത്രം. പിന്നെ താഴെച്ചേളാരിയും മേലേചേളാരിയും താഴെയും മേലെയുമായി മാറാതെ നിലകൊള്ളുന്നു.

പോളിയുടെ ഗേറ്റ് കടന്നു.
അളിയാ, പോളിക്കൊരു മാറ്റവുമില്ലെന്നു ആരാ പറഞ്ഞതു? പോളിക്കുമുന്നില്‍ പഴയതുപോലത്തെ ഒരു കെട്ടിടം കൂടി വന്നു. ഇപ്പോള്‍ നമ്മള്‍ നേരെ ഗേറ്റിറങ്ങി കാര്‍പ്പോര്‍ച്ചിലേക്ക് കേറുന്നു. മുന്‍പായിരുന്നേല്‍ ഗേറ്റ് കടന്നിട്ടു കുറച്ചു നടക്കണമായിരുന്നില്ലെ? ജോണ്‍സിന് ആശ്ചര്യം!!!

എടാ മണ്ടന്‍കണേപ്പാ, ഗേറ്റും കെട്ടിടവും തമ്മിലെ അകലം കുറഞ്ഞതു പുതിയ കെട്ടിടം വന്നതു കൊണ്ടല്ല, പകരം ഗേറ്റ് കുറച്ചൂടെ അടുത്തേക്കു മാറ്റി ഫിറ്റ് ചെയ്തതാ. മുജീബ് തിരുത്തി.

കൂടി നിന്നവര്‍ക്കിടയില്‍ ജിനീഷിന്റെ ശബ്ദം, ആ പഴയ കലോത്സവദിനത്തിലെ തരികിട മാപ്പിളപ്പാട്ടുമായി.

കണ്ണുകളാം ദൈവം നല്‍കിയ,
കനക വിളക്കുള്ളവരേ നിങ്ങള്‍....
കണ്ണില്ലാ പാവത്തെ,
കണ്ടില്ലെന്നു നടിക്കരുതേ....
നിങ്ങള്‍ നല്‍കും ചില്ലറകളല്ലോ
പാവമാമെന്നുടെ ജീവിത മാര്‍ഗ്ഗം...
നിങ്ങള്‍ക്കോ നഷ്ടം ചില ചില്ലറകള്‍ മാത്രം.....

അളിയന്‍സ് തകര്‍ത്തു പാടുകയാണ്. ജൂനിയേഴ്സാണ് കൂടുതല്‍. വന്നവരോട് സൌഹൃദം പങ്കുവെച്ചും വരാത്തവരെ ഫോണ്‍വിളിച്ചും, അസാന്നിദ്ധ്യത്തില്‍ വേദനിച്ചും ഓര്‍മകളുണര്‍ത്തി കുറെ നേരം.

പിന്നെ....,

ഒരു വാക്കും പറയാതെ നമ്മെ എന്നെന്നേക്കുമായ് വിട്ടുപോയ നമ്മുടെ കൂട്ടുകാര്‍ക്കായ് അല്പനേരം മൌനം.

ഞങ്ങളെ കാണാനെത്തിയ പഴയ അദ്ധ്യാപകരായ ഷരീഫ് സാറും, കിഷോര്‍സാറും ഇപ്പോഴവിടുള്ള വിജയകുമാര്‍ സാറും പ്രിന്‍സിപ്പളും മനോജ് സാറും ഉള്‍പ്പെടെയുള്ളവരുടെ ഓര്‍മയുണര്‍ത്തലുകള്‍. എല്ലാവരും പരസ്പരം പരിചയം പുതുക്കി, പാട്ടുകള്‍ പാടി, പോളിയിലെ വെള്ളക്ഷാമത്തിനു പരിഹാരം കാണാനുള്ള പദ്ധതിക്കായുള്ള ഫണ്ട് സ്വരൂപിക്കലിന്നു തുടക്കം കുറിച്ചു, മുഴുവന്‍ പോളിക്കാരെയും ഒത്തുകൂട്ടാനൊരു കമ്മറ്റി രൂപീകരിച്ചു, എല്ലാവരെയും ഉള്‍പ്പെടുത്തി ഒരു കൂട്ടായ്മ രൂപീകരിക്കാന്‍ തീരുമാനമെടുത്തു പോളിക്കു വെളിയിലേക്കു. ആരോ ഒരു പാട്ടു മൂളി....

കഴിഞ്ഞു പോയ കാലം, കാറ്റിനക്കരെ...
കൊഴിഞ്ഞു പോയ രാഗം, കടലിനക്കരെ...
ഓര്‍മ്മകളെ, നിന്നെ ഓര്‍ത്തു കരയുന്നു ഞാന്‍ ...
നിന്‍റെ ഓര്‍മ്മകളില്‍ വീണുടഞ്ഞു പിടയുന്നു ഞാന്‍ ...


ഇനി വിട പറയും നേരം. സൂര്യനസ്തമിച്ചു തുടങ്ങി. മുഖങ്ങള്‍ മങ്ങി. വേഗം നാട്ടിലെത്തേണ്ടവര്‍ തിരിഞ്ഞു നോക്കി നോക്കി നിശബ്ദരായി വിടപറഞ്ഞു. വിട്ടു പോകാന്‍ കഴിയാത്ത ഹൃദയങ്ങള്‍ ഒരു ദിനം തങ്ങാന്‍ ലോഡ്ജുകള്‍ തേടി.

ഇനി ലോഡ്ജിലേക്കു.....
നഷ്ടബോധത്തിന്റെ ദു:ഖഭാരത്താല്‍ ഓഫായിപ്പോയ ചെങ്ങാതിമാരെ നടുക്കു കിടത്തി സരിഗമ. പഴയ സമരങ്ങളുടെ ഓര്‍മകളുണര്‍ന്നപ്പോള്‍ താഴെച്ചേളാരിമുതല്‍ മേലെച്ചേളാരിവരെ പണ്ടു കടിച്ചുകീറിത്തിന്നവര്‍ ഒറ്റപ്പാര്‍ട്ടിയായി വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ്. സില്‍ക്കിന്റെ മരണദിനത്തില്‍ കുത്തിയിരുന്നതിന്റെ ഓര്‍മക്കായി എന്‍.എച് 17-ല്‍ അല്പനേരം. പഴയ കാല്പാദങ്ങള്‍ തേടി സമീപ പ്രദേശങ്ങളായ ചെനക്കെലങ്ങാടിയിലും പാണമ്പ്രയിലും രമ്യതിയേറ്ററിലുമൊക്കെ ഹൃസ്വസന്ദര്‍ശനം.

മനസ്സില്‍ ഓര്‍മകള്‍ നിറച്ചു വീണ്ടും ലോഡ്ജിലേക്ക്. ഇനി തിരികെ യാത്ര. ജോസളിയനും കെ.വി.ആറുമൊന്നിച്ചു യാത്രക്കു ഞാന്‍ തയ്യാറായി. പോകും മുന്‍പു ചുള്ളിക്കാടിന്റെ യാത്രാമൊഴിയൊന്നിച്ചു പാടി.

“ഏഴരക്കമ്പുള്ള വടിയെടുത്തു
ഏഴരക്കമ്പുള്ള കുടയെടുത്തു
വ്യഥവെച്ചുന്നാറ്റിക്കുരുളിയൊന്നെടുത്ത്
ഇടങ്കാലു വെച്ചു പടികടന്നേ
ഇടനെഞ്ചു പൊട്ടിത്തിരിഞ്ഞു നിന്നേ...“

വീണ്ടുമൊരു ഡിസംബര്‍ 26 ഓര്‍മകളില് കയറിയിരുന്നു‍. 2004 ഡിസംബര്‍-26 ലെ സുനാമിയില്‍ പെട്ടിട്ടു അത്ഭുതകരമായി രക്ഷപെട്ട എന്റെ നാട്ടുകാരനായ ജോസിനോടൊത്താണ് തിരികെയാത്ര. അവന്റെ ഓര്‍മകളിലെന്താവും?

അന്നു, ഒരു വശത്തു ജോസിനെ തിരക്കിയുള്ള ഫോണ്‍‌വിളികള്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയിലും പിന്നെ അഭയാര്‍ത്ഥി ക്യാമ്പുകളിലും ഞാന്‍ തിരക്കിയതവനെയായിരുന്നു. സമീപത്തെ സ്കൂളിലൊടുവിലവനെ കണ്ടെത്തിയപ്പോള്‍ കെട്ടിപ്പിടിച്ചവനെന്നോട് മരണത്തിന്റെ വായില്‍ നിന്നും പുറത്തുവന്ന കഥ പറഞ്ഞു.

അച്ഛനെയും പെങ്ങളെയും ഒരു തെങ്ങിനെയും കെട്ടിപ്പിടിച്ചു നിന്നു രക്ഷപെട്ട കഥ. പൊങ്ങിപ്പൊങ്ങിവന്ന കടല്‍‌വെള്ളം കാല്‍മുട്ടും അരയും മാറും കഴുത്തും കടന്നു മുകളിലേക്കു പോയ നേരം. മരണത്തിന്റെ വാഹനം അടുത്തുകൂടി അയല്‍‌വാസികളെ കൊണ്ടു പോകുന്നതു കണ്ട നേരം. പിന്നെ ഉയര്‍ന്നുവന്ന വെള്ളം നാവിലിത്തിരി ഉപ്പു നനച്ച് മൂക്കില്‍ തൊട്ടിട്ടു പിന്‍‌വാങ്ങിയ നേരം. കൂടെ ജീവിച്ച മനുഷ്യരൊരു നിമിഷം കൊണ്ട് മരിച്ചതു കണ്ട് മരവിച്ച നേരം.

ജോസളിയന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മകളില്‍ ഈ സന്തോഷത്തിന്റെ ദിവസം പുതിയ ദീപമായ് തെളിഞ്ഞു പഴയ ദു‍:ഖങ്ങളെ മായ്ക്കട്ടെ. പ്രിയപ്പെട്ട കൂട്ടുകാരാ ഇതു നിനക്കായ്. ഒപ്പം ഓര്‍മകള്‍ മരിക്കാത്ത എല്ലാ തിരൂരങ്ങാടിയന്‍സിനുമായും.
Post a Comment

പഴയ ചില വികൃതികള്‍