ചിക്കനിന്റെ വിവിധയിനങ്ങള്‍ കൊണ്ട് ആദ്യ ദിനങ്ങളില്‍ തുടങ്ങിയ ഉച്ചയൂണിന്റെ വിഭവങ്ങളെ മങ്ങിയ ഒരോര്‍മ്മയാക്കി, മീന്‍വഴി വെറും ചമ്മന്തിയിലെത്തി നില്‍ക്കുന്നു. കിടക്കും മുന്‍പ് കിട്ടിയിരുന്ന പാലിലാണെങ്കില്‍ വെള്ളത്തിന്റെ അളവു കൂടിക്കൂടിയൊടുവില്‍ വെറുമൊരു ഗ്ലാസ്സ് ചൂടുവെള്ളം മാത്രമായുമൊതുങ്ങി.
നഷ്ടപ്പെട്ട കോളേജിന്റെ ഓര്‍മകളെ അയവിറക്കി, രാവിലെയെണീറ്റു റോഡിലേക്കു വായില്‍ നോക്കിയിരിക്കുമ്പോള്‍ ചുറ്റുവട്ടത്തെ കൂട്ടുകാരൊക്കെ റ്റാറ്റ പറഞ്ഞു കോളേജിലേക്കു യാത്രയാകുന്നു. ഭക്ഷണം കഴിച്ചു ബോറഡി മാറ്റിയും, അതിന്റെ ക്ഷീണം ഉറങ്ങിത്തീര്‍ത്തും, ഉറക്കത്തില്‍ എട്ടു നിലയില്‍ പൊട്ടിയെന്ന ദു:സ്സ്വപ്നം കണ്ടു ഞെട്ടിയുണര്‍ന്നും ഞാന്‍ മടുത്തു. ചുറ്റുവട്ടത്തൊന്നും പത്തുവയസ്സു പ്രായവ്യത്യാസത്തില്‍ പോലും ഇളയതോ മൂത്തതോ ആയ ഒരെണ്ണത്തിനെപ്പോലും പകലായാല്‍ കാണാനില്ല. ആറു മുതല്‍ അറുപതുവരെയുള്ളവരുടെ കമ്പനി കൊണ്ടുനടന്നിരുന്ന ഞാനങ്ങനെ, ആറു വയസ്സിനു താഴെയുള്ളതും അറുപതിനു മുകളിലുള്ളതും ചേര്‍ത്തു വലയം വ്യാപിപ്പിക്കേണ്ട അവസ്ഥയിലെത്തി.
എന്തായാലും ദിവസങ്ങള്‍ കഴിയവേ, വഴിയേ പോകുന്ന എന്നെക്കണ്ടാല്‍ കൊച്ചു കുട്ടികളുള്ള ചേച്ചിമാര്‍ ഓടി വന്നു “മോനേ, മാമനൊരു ഷേക്കാന്റു കൊടുത്തേ...” എന്നു പറഞ്ഞ് കൈകള്‍ നീട്ടിച്ചു, കുട്ടിയെ എന്റെ കയ്യിലേക്കിട്ടു തന്നിട്ടു വീടിനകത്തേക്കോടിപ്പോയാല്‍ മണിക്കൂറുകള്‍ക്കു ശേഷവും തിരിഞ്ഞു നോക്കാതെയായി.
കാലം പോകെ, വെറുതെ തേരാപ്പാരാ നടക്കുന്ന എന്നെ പ്രതീക്ഷിച്ചു നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും (അഥവാ ആ ബാലന്മാരും വൃദ്ധന്മാരും) രാവിലെമുതല്‍ കണ്ണിലെണ്ണയൊഴിച്ചു കാത്തു നില്‍ക്കാന്‍ തുടങ്ങി. അവരെ കൂടുതല്‍ നിര്‍ത്താതെ എത്രയും പെട്ടെന്നു അടുത്ത പരിപാടി പ്ലാന്‍ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു.
കോളേജില്‍ പോയ കൂട്ടുകാര്‍ തിരിച്ചെത്തുന്നതും കാത്തു വൈകുന്നേരമായാല്‍ റോഡിലേക്കു കണ്ണും നട്ടിരിക്കും. സ്കൂള്‍-കോളേജുകള്‍ വിടുന്ന സമയത്തങ്ങനെ കാഴ്ചകള്‍ കണ്ടു രസിച്ചു നില്‍ക്കുന്നതിന്നിടയിലാണ് റോഡിലൂടെ പോകുന്ന ചില മുഖങ്ങളിലെ ഭാവമാറ്റങ്ങള്‍ ശ്രദ്ധയില്‍ പെട്ടതു. മാറത്തടുക്കിയ പുസ്തകവുമായിപ്പോകുന്ന കൂട്ടത്തിലേക്കു നമ്മളൊന്നു നോക്കിയാല്‍, ഓരോരുത്തരില്‍ നിന്നും തിരികെയെത്തുന്ന ഒരുപാട് കടാക്ഷങ്ങള്‍. ഒരു ചിരിക്കൊരുപാട് റിഫ്ലക്റ്ററുകള്‍ .
പണ്ട് സ്കൂളില്‍ കൂടെപ്പഠിച്ചിരുന്ന, പല അങ്കത്തട്ടുകളില്‍ തോറ്റും ജയിച്ചും കറങ്ങിത്തിരിഞ്ഞുമൊക്കെ പാരലല്‍ കോളേജില്‍ അങ്കത്തിനിറങ്ങിയ ചില കൂട്ടുകാരെ അതിന്നിടയില്‍ കണ്ടുമുട്ടി. പഠനം മടുത്തിട്ടും പള്ളിക്കൂടം മടുക്കാത്തവര്‍. എങ്ങനെ ബോറഡി മാറ്റാം എന്നു തിരക്കി നടന്ന എനിക്കവര്‍ ഗുരുക്കന്മാരായി. പോളിയുടെ റിസള്‍ട്ട് വരും വരെയുള്ള ഒഴിവു വേളകള്‍ ആനന്ദകരമാക്കാനായി ഞാനും അവരോടൊപ്പം പാരലല്‍ കോളേജിലെ ഒരു പ്രീഡിഗ്രിക്കാരനായി പടികയറി.
ചത്താലും ‘കായംകുളം എം.എസ്.എം കോളേജി‘ന്റെ പടി മക്കളെ കാണിക്കില്ലെന്നു വാശിയുള്ള വീട്ടുകാരുടെ സന്തതികളാണവിടെ പഠിക്കുന്നവരിലൊരു കൂട്ടര് , മക്കളെ പാഴാക്കാനെന്തിനു കാശു ചെലവാക്കണമെന്ന ചിന്താഗതിക്കാരായ മാതാപിതാക്കളുടെ കുട്ടികള്‍ . (ഞാനും ആ ഗണത്തില്‍ പെടും. അതുകൊണ്ടാണ്, അടുത്തപെരുന്നാളിന്നു വെട്ടാനുള്ള പോത്തിനെ നേരത്തെ വാങ്ങി നിര്‍ത്തും പോലെ, ‘പത്താം ക്ലാസ്സു കഴിഞ്ഞാല്‍ ഇവന്‍ പോളിക്കുവേണ്ടി‘ എന്നു നേര്‍ച്ച നേര്‍ന്നെന്നെ എട്ടാം ക്ലാസ്സിലേ ടെക്നിക്കല്‍ സ്കൂളിലാക്കിയത്.)
മറ്റൊരു കൂട്ടര്‍, പഠിക്കാനായി തീരുമാനിച്ച പാവപ്പെട്ട കുട്ടികളായിരുന്നു. കോളേജില്‍ പോയിട്ടു പിന്നെ ട്യൂഷനും കൂടി കാശ് കൊടുക്കാന്‍ പറ്റാത്തവര്‍. പാഴാവില്ലെന്നു സ്വയം ശപഥം ചെയ്തവര്‍. അവരായിരുന്നവിടുത്തെ ന്യൂനപക്ഷം.
മൃഗീയ ഭൂരിപക്ഷമുള്ള മറ്റൊരു കൂട്ടരുണ്ട്. ലക്ഷ്യത്തില്‍ ഇത്ര കൃത്യമായി അമ്പെയ്തു കൊള്ളിച്ച വേറൊരു വിഭാഗമില്ലന്നു നാട്ടില്‍. അധികമാക്കി ആര്‍ഭാടമാക്കാതെയും, കുറഞ്ഞുപോയി പാഴാക്കാതെയും കൃത്യമായി 210 എന്ന മാന്ത്രിക സംഖ്യയില്‍ തന്നെ തങ്ങളുടെ എസ്.എസ്.എല്‍.സി മാര്‍ക്കു തളച്ചിട്ട മിടുക്കന്മാരും മിടുക്കികളുമായിരുന്നു അവര്‍. വിവിധ സ്കൂളുകളിലെ സ്ഥിരം പിന്‍ബെഞ്ചുകാരുടെ സമ്മേളനം. അതിനാല്‍ പിന്‍ ബെഞ്ചിനായി വന്മത്സരമാണവര്‍ക്കിടയില്‍ . എങ്കിലും കൂട്ടുകാരുടേയും വയസ്സിന്റെയും പിന്‍ബലത്താല്‍, നീളം കുറവായിരുന്നിട്ടും യോഗ്യതയില്ലാതിരുന്നിട്ടും എനിക്കും കിട്ടി പിന്‍ബെഞ്ചിലൊരു സീറ്റ്.
പഠന നിലവാരവും നീളവും തമ്മില്‍ വിപരീത ദിശയിലൊരു ബന്ധമുണ്ടെന്ന എന്റെ ആദ്യ തിയറം രൂപപ്പെടുന്നതു അവിടെവെച്ചാണ്. ‘നീളം കൂടിയാല്‍ സാധാരണയായി ക്ലാസ്സില്‍ പിറകിലിരിക്കണം. അവിടെക്കിടക്കുന്ന വൃത്തികെട്ട പിന്‍ബഞ്ച് സകല ദുശ്ശീലങ്ങളും നമ്മില്‍ വളര്‍ത്തും. കുട്ടികളില്‍ ദുശ്ശീലങ്ങള്‍ വളരുന്നതിന്ന് അടിത്തറയിടുന്നതു പിന്‍ബെഞ്ചാണെന്നു എനിക്കും ബോധ്യപ്പെട്ടു.
നല്ല കുട്ടികളെ ചീത്തയാക്കുന്ന ആ പിന്‍ ബഞ്ചിനെ വരും തലമുറയുടെ നന്മയെ ഓര്‍ത്തു ക്ലാസ്സിന്നു പുറത്താക്കണമെന്ന ആശയം മനസ്സില്‍ രൂപപ്പെടുമ്പോഴേക്കും പിന്‍ ബഞ്ചിലിരിക്കാനുള്ള തിരക്കുകാരണം പല ബെഞ്ചുകള്‍ ഒടിഞ്ഞു പോയിരുന്നു. :)
ക്ലാസ്സിലെ പെണ്‍കുട്ടികളാണെങ്കില്‍ എന്തൊക്കെയോ നിശ്ചയിച്ചുറപ്പിച്ചതുപോലെ(?), പഠിക്കേണ്ടതിലൊഴിച്ചു മറ്റെല്ലാ കാര്യത്തിലും വിരുതുകള്‍ കാട്ടിയിരുന്നു. പണത്തിന്റെ കാര്യത്തില്‍ പാവങ്ങളായിരുന്നു എങ്കിലും സ്നേഹത്തിന്റെ കാര്യത്തില്‍ എല്ലാവരും സമ്പന്നരായിരുന്നു. വില്‍ക്കാന്‍ വെക്കാത്ത ഹൃദയങ്ങളും, വലയില്‍ വീഴാത്ത കിളികളും വളരെ കുറവായിരുന്നു. ‘വലയില്‍ വീണ കിളികളാ‘യിരുന്നു’ ആ ക്യാമ്പസ്സിന്റെ സ്വന്തം പാട്ടു.
പാട്ടുകാരിയായ ഒരു ചട്ടക്കാരിയും, കൈ നോട്ടക്കാരിയായ തട്ടക്കാരിയും, ആട്ടക്കാരിയായ ചാട്ടക്കാരിയും പെണ്‍കുട്ടികളുടെ പിന്‍ബഞ്ചില്‍ നിറഞ്ഞിരുന്നു. ക്ലാസ്സിലെ ഇടക്കിടെയുള്ള കൂട്ടപ്പാട്ടിനു നേതൃത്വം നല്‍കിയിരുന്ന പാട്ടുകാരിക്കുട്ടിയുടെ പാട്ടുകളില്‍ മിക്കതും പള്ളിപ്പാട്ടുകളായിരുന്നു. എന്നാല്‍ അതുപോലും പലര്‍ക്കും തുള്ളല്‍ പാട്ടുകളായിരുന്നു . (ഉറക്കത്തിലും തുളസിയെം ശംഭുവെം കൂടെക്കൊണ്ടുനടന്നിരുന്ന ആണ്‍കുട്ടികളില്‍ ഒട്ടുമിക്കവരും പാട്ടില്ലെങ്കില്‍ തന്നെ ക്ലാസ്സ് സമയത്തും ആടും.) അങ്ങനെ പാടിയുമാടിയും ദിവസങ്ങള്‍ ആഘോഷപൂര്‍വ്വം മുന്നോട്ടു പോയി.
അതിന്നിടയില്‍, പ്രായത്തിന്റെ മൂപ്പും സമയത്തിന്റെ ദോഷവും ഒത്തു ചേര്‍ന്ന ഒരു ശുഭമുഹൂര്‍ത്തത്തില്‍, അടുത്തു വന്നിരുന്നു പാട്ടുകാരിപ്പാവാടക്കാരി പതിഞ്ഞ ശബ്ദത്തില്‍ പാടിയ പാട്ടിന്റെ വരികള്‍ കേട്ടു ഞാനൊന്നു ഞെട്ടി....
എനിക്കു നിന്നോട് പ്രണയമാണെന്നു പറയുന്നെല്ലാരും...
അയ്യോ, പറയുന്നെല്ലാരും....
‘അയ്യോ....‘ വിളി എന്റെ വകയായി വന്നുപോയതായിരുന്നു.......

സ്ഥലകാല ബോധം നഷ്ടപ്പെട്ടു ഞാനെന്നെ ആകെയൊന്നു നോക്കി. അവള്‍ക്കു കണ്ണുകാണില്ലേയെന്നായെന്റെ അടുത്ത സംശയം. ആ(?)ശങ്ക മൂത്ത് അതെന്തിന്റെയാണെന്നു പോലും തിരിച്ചറിയാന്‍ വയ്യാതായി.
‘അളിയാ, ലവള്‍ നിന്നെ നോക്കുന്നു....’
സകല പയ്യന്മാരെയും വഴിതെറ്റിച്ച വിശ്വവിഖ്യാതമായ വാക്യം അടുത്തിരുന്നവന്‍ ഉരുവിട്ടു...
അടുത്തിരുന്ന കുപ്പിയിലെ വെള്ളം ഒറ്റയടിക്കു അകത്താക്കി, അടുത്തിരുന്നവന്‍ പകര്‍ന്നു തന്ന ധൈര്യത്തില്‍ ഞാന്‍ നാണിച്ചു അവളെയൊന്നു നോക്കി.
തരക്കേടില്ല. അത്യാവശ്യം സുന്ദരിയാണ്......
അല്ല, അവള്‍തന്നെയാണ് സുന്ദരി.....
അതിനുമുന്‍പ് വരെ എനിക്കങ്ങനെ തോന്നിയിരുന്നില്ല. ഞാനാകെ മൊത്തം ക്ലാസ്സിനെയൊന്നു നോക്കി. ഇന്നു കൂട്ടത്തിലേറ്റവും സുന്ദരിയും അവള്‍ തന്നെ. മനസ്സു കള്ളം പറഞ്ഞു (?). എന്റെ ഹൃദയ താളം അവതാളത്തിലേക്കു നീങ്ങുമ്പോള്‍ പെണ്‍കൂട്ടത്തിന്നു നടുവില്‍ നിന്നു താളത്തില്‍ അവളുടെ മനോഹരശബ്ദം പൊങ്ങി.
കണ്ണുനീര്‍ മാറി വേദനകള്‍ എന്ന് മാറുമോ ?
നിന്ദകള്‍ മാറി നല്ല ദിനം എന്ന് കാണുമോ ?
ചൂടുവെള്ളത്തില്‍ വീണ പൂച്ചയെപ്പോലെ വിരണ്ട് ഞെട്ടിത്തരിച്ചു നിന്ന എന്റെ പ്രതികരണം ആശാവഹമല്ലാത്തതിനാവും ........ ഇടക്കിടക്കു ഇടങ്കണ്ണെറിഞ്ഞു അവള്‍ പാടിക്കൊണ്ടിരുന്നു. ഇതിനെക്കാള്‍ നല്ലതൊന്നും ഇനി വരാനില്ലെന്നു ബോധ്യമുള്ളതിനാലും, വരുന്നതെല്ലാം നല്ലതെന്ന വിശ്വാസത്താലും ഞാന്‍ മൌനം പൂണ്ടു. (മൌനം സമ്മതമാണന്നാണല്ലോ വിശ്വാസം). അവള്‍ക്കും സന്തോഷമായി.
ഒരു പുഞ്ചിരി സമ്മാനിച്ചിട്ടു അവള്‍ ചന്തമുള്ള അന്നനടയോടെ പടികളിറങ്ങുമ്പോള്‍, നല്ല അനുഭവ സമ്പത്തുള്ള അടുത്തിരുന്ന കൂട്ടുകാരന്‍ പുറത്തു തട്ടി എന്നെ ആശ്വസിപ്പിച്ചു.
‘സാരമില്ലളിയാ, ഇതിലും വലുതെന്തോ വരാനിരുന്നതാ‘,
പിന്നെ ഒന്നു നിറുത്തി അവന്‍ തുടര്‍ന്നു....
‘നിന്നോട് അങ്ങനെ പറഞ്ഞു സമാധാനിപ്പിക്കണമെന്നുണ്ട്. പക്ഷേ എന്തു പറയാനാ, ഇനി ഇതിലും വലുതെന്തോ വരാനാ?‘
ദിവസങ്ങള്‍ നീങ്ങി. ക്ലാസ്സുകള്‍ ഉത്സവത്തിന്റെ ഇടവേളകള്‍ പോലെയായി. ചില ക്ലാസ്സുകള്‍ ഉത്സവങ്ങള്‍ തന്നെയും. അദ്ധ്യാപകര്‍ ശുഷ്കാന്തിയോടെ തല്ലിയും, ആത്മാര്‍ത്ഥതയോടെ പഠിപ്പിച്ചും മുന്നോട്ടു പോയി. ‘തല്ലരുതമ്മാവാ, ഞാന്‍ നന്നാവില്ല‘ എന്ന ലൈനില്‍ വിദ്യാര്‍ത്ഥികള്‍ പലവിധ ലൈന്‍വലിക്കലുമായും മുന്നേറി. അക്കാലമത്രയും, മുന്‍ബെഞ്ചിലെ കുട്ടികള്‍ അറിയാതെ ഊരിയിട്ട ചെരുപ്പുകള്‍ പലതും, പിന്‍ബഞ്ചിലെ നീളമുള്ള കാലുകളാല്‍ തട്ടിയെടുക്കപ്പെട്ടു പലകയടിച്ചു മറച്ച ക്ലാസ്സ് റൂമില്‍ നിന്നും പുറത്തേക്കു പറന്നും പോയി. ഒളിഞ്ഞു നോട്ടത്തിന്റെ ആദ്യപാഠങ്ങള്‍ അടുത്ത ക്ലാസ്സുകളിലേക്ക് പലകകള്‍ക്കിടയിലൂടെ ഒളിഞ്ഞുനോക്കിപ്പഠിച്ചു എന്നല്ലാതെ പഠനം മാത്രം മുന്നോട്ടുപോയില്ല.
ഒരു ദിവസം, ഒരു മുഖവരയുമില്ലാതെ അവളെന്റെ അടുത്തെത്തി ചിണുങ്ങിക്കൊണ്ട് ചോദിച്ചു.
എന്താ പ്രണയത്തെകുറിച്ചുള്ള അഭിപ്രായം?
തലേന്നൊരുത്തനോട് പ്രണയം മൊഴിചൊല്ലിയ അവളുടെ കൂട്ടുകാരിയെ ഉപദേശിച്ചതിന്റെ ആഫ്റ്റെര്‍ എഫക്റ്റ്.
എന്തുപറയണം?എന്തു പറഞ്ഞാലും കുളമാകുമെന്ന കാര്യമൊറപ്പ്.
വിശ്വവിഖ്യാതമായ സകല പ്രണയങ്ങളും മനസ്സില്‍ ധ്യാനിച്ചു. കുട്ടിക്കാലം മുതല്‍ വായിച്ചു കൂട്ടിയ കഥകളും കവിതകളും കഥാപാത്രങ്ങളും മനസ്സിലൂടെ കടന്നു പോയി. ഉള്ളിലെന്നോ രൂപപ്പെടുത്തിയ വിശുദ്ധപ്രേമത്തിന്റെ പവിത്രത പറഞ്ഞു കഴിഞ്ഞപ്പോള്‍ ഗദ്ഗദത്തോടെ അവള്‍പറഞ്ഞു.....
അതേ, ഞാനത്രക്കൊന്നും ചിന്തിച്ചില്ലട്ടോ....
വേറൊന്നും തോന്നരുതു, പ്ലീസ്..... എന്നെയൊരു സഹോദരിയായിക്കാണണം...
എന്നില്‍ നിന്നൊരു ആശ്വാസ നിശ്വാസം പുറത്തേക്കു പോയിക്കാണണം. കണ്ണു തള്ളിയിരുന്നതിനാല്‍ ഒന്നും വ്യക്തമായി കാണാനായില്ല.
രക്ഷകാ എന്റെ പാപഭാരമെല്ലാം നീക്കണേ
യേശുവേ എന്നും നീതിമാന്റെ മാർഗ്ഗം നൽകണേ
മങ്ങിയ കാഴ്ച തെളിഞ്ഞു വന്നപ്പോഴേക്കും കൂട്ടുകാരുടെ നടുവിലിരുന്നവള്‍ പാടിത്തുടങ്ങിയിരുന്നു. ഒരു പ്രാര്‍ത്ഥനപോലെ........
പിന്നോട്ടോടാനാവാത്തതിനാല്‍ ദിവസങ്ങള്‍ പിന്നെയും മുന്നോട്ടു തന്നെ പോയി. എന്റെ റിസള്‍ട്ടു വന്നു. ഉറക്കത്തില്‍ ഞെട്ടിയുണരുമാറ് ഭയന്നതൊന്നും സംഭവിച്ചില്ല. ചെറിയ ജോലിയുമായി. ചുരുങ്ങിയ കാലയളവിലെ ആഘോഷങ്ങള്‍ക്കൊടുവില്‍ പടിയിറങ്ങവേ സ്നേഹ നിര്‍ഭരമായ യാത്രയയപ്പ്. അതിനു മാറ്റുകൂട്ടുവാന്‍ അന്നുമവള്‍ പാടി. കണ്ഡമിടറിപ്പാടവേ അവളുടെ കണ്ണുകള്‍ എന്റെ കണ്ണിലുടക്കി പിന്‍വലിഞ്ഞു. അപ്പോള്‍ ചൂണ്ടയില്‍ കൊളുത്തിവലിഞ്ഞത് ഹൃദയങ്ങളായിരുന്നു.
അരുതാത്തതെന്റെയാശ
അതറിയുന്നതെന്‍ നിരാശ
അരുണാഭ ചൂടിയണയും
അനുരാഗമേ, വേണ്ട വേണ്ടാ.
ജീവിതം ബോധ്യപ്പെടുത്തിയ, ബാധ്യതകള്‍ അറിഞ്ഞുള്ള വാക്കുകള്‍ എനിക്കൊരു യാത്രാമൊഴിയായവള്‍ കരുതി വെച്ചിരുന്നതാകാതെ വഴിയില്ല.
*************************************************
(അലുമിനി മീറ്റിങ്ങുകള്‍ കൂടി ഹൃദയബന്ധം പുതുക്കേണ്ടയാവശ്യമില്ലാത്ത സ്നേഹിതര്‍ക്ക്‍. ഒപ്പം വേലിക്കെട്ടുകളില്‍ നിന്നും പുറത്തുചാടാനാവാത്തതിനാല്‍, പ്രണയത്തെ വേലിക്കകത്താക്കിയവര്‍ക്കും)
20 comments:
ലക്ഷ്യത്തില്‍ ഇത്ര കൃത്യമായി അമ്പെയ്തു കൊള്ളിച്ച വേറൊരു വിഭാഗമില്ലന്നു നാട്ടില്‍. ;)
‘അളിയാ, ലവള്‍ നിന്നെ നോക്കുന്നു....’, എത്ര പ്രാവശ്യം പറഞ്ഞിരിക്കുന്നു ആ വാക്കുക..................
ഒളിഞ്ഞു നോട്ടത്തിന്റെ ആദ്യപാഠങ്ങള്‍ അടുത്ത ക്ലാസ്സുകളിലേക്ക് പലകകള്‍ക്കിടയിലൂടെ ഒളിഞ്ഞുനോക്കിപ്പഠിച്ചു എന്നല്ലാതെ പഠനം മാത്രം മുന്നോട്ടുപോയില്ല.
ആ ചെറിയ ജോലിയല്ലേ ഇപ്പോള്‍ വലുതായത്... :P
പഥികൻ , നല്ല ഓർമ്മക്കുറിപ്പ്.വിരസതയില്ലാതെ വായിച്ചു.
ഏറ്റവും പിന്നിലെ ബഞ്ചുകളുടെ കാര്യം പറഞത് പരമ സത്യം :)
അരുതാത്തതെന്റെയാശ
അതറിയുന്നതെന്‍ നിരാശ
അരുണാഭ ചൂടിയണയും
അനുരാഗമേ, വേണ്ട വേണ്ടാ.
BEst Wishes
ഒഴിവുകാലവും പ്രണയ കാലവും കൂടി ഒരുമിച്ചു വേണ്ടായിരുന്നു.ഒഴിവുകാലത്തൊരു പ്രണയം ന്നു മതിയാര്‍ന്നു. പിന്നെ ഒരുപാടു വലിച്ചു നീട്ടി. ഇന്നത്തെ ബ്ലാക് ബെറി കാലത്ത്, നൊവല്‍ പോലും ഒരു പേജെ കാണാവു. ഓര്‍, വായിക്കാനാള്‍ കാണില്ല.സമയമില്ലാ പോലും.കൊച്ച് പുഞ്ചിരി നല്‍കിട്ടോ.നന്ദു കാവാലം
;)
ഹും..പണി നടക്കട്ടേ..
ആശംസകള്‍സ്..!
‘അളിയാ, ലവള്‍ നിന്നെ നോക്കുന്നു....’
Virasamaya Samanila
കുറച്ചു നീണ്ടതാണെങ്കിലും ഒഴുവുകാലത്തെ ഈ പ്രണയകാലമാക്കിയ കാലഘട്ടം നന്നായി ചിത്രീകരിച്ചു കേട്ടൊ ഭായ്
“ഡിപ്ലോമക്കാരനാരെന്റെ മാരൻ..
പട്ടുപോലുള്ളാ മനസ്സുകാരൻ....”
എന്നൊക്കെ അവൾ പാടുമെന്ന് വിശ്വസിച്ചത് പാഴായി..
വിരസതയില്ലാത്ത അവതരണം. കുറച്ചു കൂടി ചുരുക്കാമായിരുന്നു.
ആശംസകള്‍.
പിന്‍ ബെഞ്ച്‌കാര്‍ പഴയ കുറെ ഓര്‍മ്മകളിലേക്ക് കൊണ്ടുപോയി ..നന്നായി പഥികാ..
ഒരു സമര്‍പ്പണം ആവാം ...എല്ലാ കാമുകന്മാര്‍ക്കും കാമുക്കിമാര്‍ക്കും (ഏതു തരത്തില്‍ ആണ് എന്ന് ഞാന്‍ പറയേണ്ടല്ലോ . അല്ലെ ?)
കൂട്ടുകാരെ, അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും വളരെ നന്ദി.
@ തിരൂര്‍ക്കാടന്‍,
ചില വലിയ വരികളെ ചുരുക്കാന്‍ വീണ്ടും ശ്രമിച്ചിട്ടുണ്ട്.
@ചെല,
:)
@ ഭായി, പിന്‍ബെഞ്ചിന്റെ ഗുണം എനിക്കു മനസ്സിലായതും അപ്പോഴാണ്‍.
@the man to walk with, ആ വരികള്‍ പനച്ചൂരാന്റെ ഒരു കവിതയിലേതാണ്‍.
@ബിഗു,
:)
@നന്ദു കാവാലം, താങ്കളുടെ നിര്‍ദ്ദേശം സന്തോഷത്തോടെ സ്വീകരിക്കുന്നു. പേരു മാറ്റുന്നു. ഒന്നുകൂടി ചെറുതാക്കാനുള്ള ശ്രമം നടത്തി. നന്ദി
വായിച്ചു.
ഇത്തിരി ഇഷ്ട്ടായി
kollam... aadyamayyannu njan ninte krithi vayikunnathu...
ആശംസകള്‍!
എനിക്കു നിന്നോട് പ്രണയമാണെന്നു പറയുന്നെല്ലാരും...nannayirikkunnu.aashmsakal..
പഠന നിലവാരവും നീളവും തമ്മിലുള്ള വിപരീത ബന്ധ സിദ്ധാന്തം നമ്മുടെ ക്ലാസിലെ ചിലരെങ്കിലും പോളിചെഴുതിയിട്ടില്ലേ ...
എന്തായാലും , ഇന്ന് ഞാന്‍ എന്റെ ക്ലാസ്സിലെ ബാക്ക് ബെഞ്ച് കാരെ മുഴുവന്‍ പുറത്ത് ഇറക്കിയെച്ചാ ക്ലാസ്സ് തുടങ്ങിയത്...
അപ്പോള്‍ ഇങ്ങനെ ചില ആരും അറിയാത്ത അധ്യായങ്ങളും കൂടെ ഉണ്ടല്ലേ ജീവിതത്തില്‍...
പിന്നെ ഇച്ചിരെ നീളം കൂടിയ പോലെ തോന്നി കേട്ടോ...
ഇനീം പറഞ്ഞിട്ടില്ലാത്ത കഥകള്‍ ബ്ലോഗിലൂടെ അങ്ങ് വരട്ടെ..
പ്രിയപ്പെട്ട പഥികാ, ഒഴിവുകാലത്തു നടന്ന പ്രണയം ഇനിയും മനസ്സില്‍ നിന്നു ഒഴിപ്പിച്ചു കളഞ്ഞില്ലെങ്കില്‍ താങ്കളെ ഒരു സ്ഥിരം പഥികനായി ഭാര്യ ഒഴിപ്പിച്ചു വിടാന്‍ സാധ്യതയുണ്‍ട്.സൂക്ഷിക്കുക.
ഹ ഹ ഹ.....
ഒരു തമാശ പറഞ്ഞതാ.
നന്നായിട്ടുണ്‍ട്
By Sujimon
ഗൊള്ളാം ഗൊള്ളാം..... പക്ഷെ ഇതവള്‍ വായിച്ചാലോ !!?
http://vadakkanachaayan.wordpress.com/
അരുതാത്തതെന്റെയാശ
അതറിയുന്നതെന്‍ നിരാശ
അരുണാഭ ചൂടിയണയും
അനുരാഗമേ, വേണ്ട വേണ്ടാ.
Post a Comment