ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Friday, June 3, 2011

കൊഴുഞ്ഞു പോയ മയില്‍പ്പീലി

കലപില കിലുങ്ങുന്ന ഒരു ടെക്സ്റ്റയിത്സ് കവറും കുലുക്കി, ചറപറ സംസാരിച്ചു കൊണ്ടവന്‍ എന്നും രാവിലെ വീട്ടിനു മുന്നിലെത്തും. സ്ലേറ്റും പെന്‍സിലുകളും തമ്മില്‍ സംസാരിക്കുന്ന കലപില ശബ്ദത്തിന്റെ പശ്ചാത്തല സംഗീതത്തില്‍, കവറില്‍ നിന്നും ഇടക്കിടെ മഷിത്തണ്ടുകള്‍ വെളിയിലേക്കു എത്തിനോക്കി ചിരിച്ചു നൃത്തം വെക്കും. ആടിയും പാടിയും തോളില്‍ കയ്യിട്ടു സ്കൂളിലേക്കുള്ള യാത്ര പിന്നെ ഞങ്ങളൊരുമിച്ചാണു.


സദറുദ്ദീന്‍, അതായിരുന്നവന്റെ പേരു. എനിക്കവനോട് പ്രണയമായിരുന്നിരിക്കണം. ഏതു ബെഞ്ചില്‍ അവനിരുന്നാലും തൊട്ടടുത്തു ഞാനുണ്ടാവുമായിരുന്നു. കൂടെ ഹംഷാദും. പേപ്പറുകള്‍ കൊണ്ടും ഓലക്കാല്‍ കൊണ്ടും വിവിധ രൂപങ്ങള്‍ - വള്ളവും, ബോട്ടും, മയിലും, മീനും, പന്തും, കൊക്കുമൊക്കെ-ഉണ്ടാക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കുന്നതു സദറുദ്ദീനായിരുന്നു. വൈകുന്നേരങ്ങളില്‍, സ്കൂളിന്റെ വരാന്തയില്‍ നിന്നും ശിപായി ഓടിക്കും വരെ ഞങ്ങള്‍ വിവിധ രൂപങ്ങളുണ്ടാക്കി പേപ്പറുകളും ഓലയും കീറിയിട്ടുകൊണ്ടിരിക്കും.

വീട്ടില്‍ നിന്നു നോക്കിയാല്‍ സ്കൂള്‍ കാണാം. അതിനാല്‍ ശിപായി കൂട്ടമണിയടി തുടങ്ങുമ്പോള്‍ ഓടിയാല്‍, മണിയടി തീരും മുന്‍പ് ക്ലാസ്സിലെത്താം. അന്നേ വളഞ്ഞ വഴി ഇഷ്ടമല്ലാത്തതിനാല്‍, വീട്ടിനു നേരെയുള്ള അഴിയില്ലാത്ത ജനാലയാണ് ക്ലാസ്സിലേക്കുള്ള ഞങ്ങളുടെ സ്ഥിരം വഴി. ഇടക്കു ഒന്നു രണ്ട് വീടുകള്‍. അതിലൊന്നു ഹംഷാദിന്റെ വീട്. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ രണ്ടു വിരലുകള്‍ വായില്‍ കടത്തി ചൂളമടിക്കും. അവന്‍ റെഡിയായാല്‍ മറുചൂളമടിയെത്തും.

ഞാന്‍ പഠിക്കാന്‍പോകുന്ന(?) എല്ലാ സ്കൂളുകളിലും എന്റെ ശത്രുക്കള്‍ നേരുത്തേ സ്ഥലം പിടിച്ചിട്ടുണ്ടാവും. എപ്പോഴും ക്ലാസ്സ് ഫസ്റ്റായി മാത്രം പഠിക്കുന്ന എന്റെ മുതിര്‍ന്ന മൂന്നെണ്ണം. അതിനാല്‍ പഠിത്തത്തിലെന്നല്ല, ബഞ്ചില്‍ പോലും പിറകിലേക്കു പോകാന്‍ പറ്റില്ലായിരുന്നു. അവസാന ക്ലാസ്സിലെത്തിയാലെ സ്വസ്ഥമായി ഒന്നു നെടുവീര്‍പ്പിടാന്‍ പോലും പറ്റു. അതായതു അപ്പോഴേ മുതിര്‍ന്നതില്‍ ഏറ്റവും ഇളയതുകൂടി സ്കൂളില്‍ നിന്നും പുറത്തായിട്ടുണ്ടാവു.

പരീക്ഷാകാലങ്ങളില്‍ എന്നും രാവിലെ ഹംഷാദും സദറും ഞാനും ഒന്നിച്ചിരുന്നു പഠിച്ചിട്ടാണു ക്ലാസ്സിലേക്കു കയറുക. പരീക്ഷ കഴിഞ്ഞു ഇറങ്ങിയാല്‍, ഇനിയും കീറിത്തീരാത്ത ബുക്കുണ്ടെങ്കില്‍ അതിന്റെ പേപ്പറുകള്‍ കീറി വിവിധ രൂപങ്ങളുണ്ടാക്കി പറത്തും. എന്തായാലും ചോദ്യപ്പേപ്പറുകള്‍ പറത്തിയിരിക്കും. അല്ലാതെ അതും കൊണ്ട് വീട്ടില്‍ ചെന്നാല്‍, ഏതെങ്കിലുമൊരു ഭദ്രകാളി ചോദ്യം ചോദിച്ചു ഞങ്ങളെ പറത്തും. ഒടുവില്‍ നമ്മുടെ സ്വസ്ഥതയും പറക്കും. വെറുതേയെന്തിനാ?

നാലാം ക്ലാസ്സിലെ അവസാന പരീക്ഷാദിനം. അടുത്ത വര്‍ഷം മുതല്‍ പുതിയ സ്കൂളിലേക്കാണ്. ക്ലാസ്സിലെ ഒട്ടുമിക്കവരും സമീപത്തു തന്നെയുള്ള പുതിയ സ്കൂളിലുണ്ടാവുമെന്നുറപ്പാണ്. വൈകുന്നേരം ഈ സ്കൂളങ്കണത്തിലാണ് സ്കൂളില്‍ പോയിട്ടില്ലാത്ത നാട്ടുകാരുടെ വരെ കളി. അതുകൊണ്ടുതന്നെ എന്തെങ്കിലുംനഷ്ടപ്പെടുമെന്ന വേദനയുമില്ല. രാഷ്ട്രീയവും തെരഞ്ഞെടുപ്പും സമരവുമൊക്കെയുള്ള വലിയസ്കൂളില്‍, വലിയവരോടൊപ്പം കൂടി വലിയവനാകുന്നെന്ന വലിയ സന്തോഷവുമുണ്ട്. അതുകൊണ്ടാവും, ക്ലോക്കിലെ സൂചിക്കിന്നു ഭയങ്കര സ്പീഡ്. പരീക്ഷക്കു പോകാന്‍ സമയമായി. ഇതുവരെ അവനെന്തേയെത്തിയില്ല?

അവസാന പരീക്ഷക്കു തയ്യാറെടുക്കുവല്ലേ? ഇത്തിരി താമസിക്കുക സ്വാഭാവികം. സ്വയം സമാധാനിച്ചു.

അവസാന പരീക്ഷക്കുള്ള എന്റെ തയ്യാറെടുപ്പുകളൊക്കെ രാത്രിതന്നെ കഴിഞ്ഞിരുന്നു. അടിച്ചു മാറ്റിയ, മൂത്തപെങ്ങളുടെ ഹീറോ പേനായില്‍ പറങ്കിപ്പഴത്തിന്റെ ചാറും നീലവും കൂട്ടിയ വെള്ളം ഞാന്‍ രാത്രിയിലേ നിറച്ചു വെച്ചു. അധികം വന്നതിനെ പഴയ മഷിക്കുപ്പിയില്‍ നിറച്ചും വെച്ചു. ഇനി പരീക്ഷ കഴിഞ്ഞിറങ്ങിയിട്ടു വേണം മഷി തെറുപ്പിക്കാന്‍. പറങ്കിപ്പഴത്തിന്റെ ചാറിട്ട നിറം കഴുകിക്കളയാന്‍ ഇത്തിരി പ്രയാസമാണ്. ഇതു പരമ്പരാഗതമായി കൈമാറിക്കിട്ടിയ ഒരാഘോഷത്തിന്റെ ബാക്കി പത്രം.

അവനെ കാത്തിരിക്കെ, ആരും കാണാതെ ബുക്കിലെ പേപ്പറൊന്നു പതിയെ വലിച്ചു കീറി, ഇന്നലെയവന്‍ പഠിപ്പിച്ച മയിലിനെ ഉണ്ടാക്കാന്‍ ശ്രമിച്ചു. പരീക്ഷയുടെ ടെന്‍ഷന്‍ കൊണ്ടാവും, എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല. ബുക്കിനിടയില്‍ നിന്നും അവനിന്നലെയുണ്ടാക്കിയ മയിലിനെ എടുത്തു ഒന്നു കൂടി പരിശോധിച്ചു.

ഛേ....., എന്നിട്ടും അതുപോലൊന്നുണ്ടാക്കാന്‍ പറ്റുന്നില്ല. എന്തായാലും ഇന്നു അവനെക്കാണുമ്പോള്‍ ഒന്നു കൂടി നന്നായി പഠിക്കണം... മനസ്സിലുറപ്പിച്ചു.

ഹംഷാദിന്റെ ചൂളമടി ശബ്ദം..... അവന്‍ കാത്തു നിന്നു മുഷിഞ്ഞിട്ടുണ്ടാവും. ഞാന്‍ എണീറ്റു നിക്കറിന്റെ പോക്കറ്റില്‍ ഒന്നു കൂടിത്തപ്പി നോക്കി. മഷിക്കുപ്പി അവിടെത്തന്നെയുണ്ട്. ഉടുപ്പിന്റെ പോക്കറ്റിനു വലിപ്പം കുറവായതിനാല്‍ ഹീറോ പേന കുത്തി വെക്കുന്നതു ഏറ്റവും മുകളിലെ ബട്ടണ്‍ഹോളിലാണ്. അടപ്പുമാത്രം ഉടുപ്പില്‍ ബാക്കിയാക്കി പേന ചിലപ്പോള്‍ ചാടിപ്പോകും. അങ്ങനെ ചാടിപ്പോകാതിരിക്കാന്‍ ഒരു കയ്യാല്‍ അതു മുറുക്കിപ്പിടിച്ചും കൊണ്ട് റോഡില്‍വരെ ഓടിപ്പോയി സദറുദ്ദീന്‍ വരുന്നുണ്ടോയെന്നു നോക്കി.

ഇല്ല, അവനിനിയുമെത്തിയിട്ടില്ല....

തിരിഞ്ഞു നടക്കുമ്പോള്‍ ഹംഷാദ് സന്തോഷത്തോടെ ഓടിവന്നു പറഞ്ഞു.

അളിയാ, ഇന്നു പരീക്ഷയില്ലെന്നു പറയുന്നു, നിങ്ങള്‍ വരാത്തതു കൊണ്ട് ഞാനുമിതുവരെ സ്കൂളില്‍ പോയില്ല. സദറെന്തേ?

ഇല്ല, അവനെത്തിയിട്ടില്ല, ഇന്നവധിയാണെന്നു അവന്‍ നേരുത്തെയറിഞ്ഞിട്ടുണ്ടാവും. വാ, നമുക്കു സ്കൂളിലേക്കു പോകാം...... ഞാന്‍ പറഞ്ഞു.

സ്കൂളില്‍, എവിടെയോ പോകാന്‍ തയ്യാറായി വരിവരിയായി ക്ലാസ്സിലെ എല്ലാവരും നില്‍ക്കുന്നുണ്ടായിരുന്നു. എല്ലാ മുഖങ്ങളിലും മ്ലാനത. ചിലരില്‍ കണ്ണീര്‍ ചാലുകള്‍. ചുറ്റിനും നോക്കി. സദറുദ്ദീന്‍, അവന്‍ മാത്രമില്ല. ‘സന്ധ്യക്കു വീട്ടിനു സമീപത്തെ മുളങ്കാടിനു സമീപത്തു വെച്ചായിരുന്നത്രേ... വലിയ അണലിയായിരുന്നു‘ ആരൊക്കെയോ അടക്കം പറയുന്നതു കേട്ടു.

എന്റെ ബുക്കില്‍ നിന്നും ഒരു പേപ്പര്‍ മയില്‍ പിടഞ്ഞു പിടഞ്ഞു താഴേക്കു വീണു.


കടപ്പാട്: ചിത്രങ്ങള്‍ ഗൂഗിള്‍ വഴി കിട്ടിയവ

27 comments:

ചെലക്കാണ്ട് പോടാ said...

പഥികനെ ഓര്‍ക്കുമ്പോള്‍ സിഡാക്കിലെ പൂക്കള മത്സരത്തിനായി മണ്ണില്‍ തീര്‍ക്കുന്ന മോഡലുകള്‍ തീര്‍ക്കുന്നതില്‍ വിദഗ്ദ്ധന്‍ എന്നാണ് മനസ്സിലേക്ക് ഓടിയെത്തുക

ആ കഴിവിനെ പരിപോഷിപ്പിച്ച വ്യക്തി ആയിരുന്നിരിക്കണം ആ സുഹൃത്ത്

പഥികന്റെ ഓര്‍മ്മകളിലൂടെ അവന്‍ ജീവിക്കട്ടെ....

:(

- സോണി - said...

മനസ്സില്‍ തട്ടുന്ന കഥ. സ്വാനുഭവത്തിന്റെ കണ്ണീരു കലര്‍ന്നതായി തോന്നി.

ബിഗു said...

ബാല്യത്തിലേക്ക് ഒരു തിരിച്ചുപോക്ക്. നന്നായിരിക്കുന്നു.

ഇലഞ്ഞിപൂക്കള്‍ said...

മനസ്സില്‍ തട്ടിയ എഴുത്ത്.. ആശംസകള്‍..

ശാലിനി said...

മനസ്സില്‍ തട്ടി... പിന്നെ ആ മയിലിനെ ഉണ്ടാക്കുന്നത്‌ എങ്ങനെ ആണെന്ന് ഒരു പോസ്റ്റ്‌ ഇട്ടാല്‍ വളരെ നന്നായിരുന്നു.. ഒറിഗാമി എനിക്ക് വളരെ ഇഷ്ടമാണ്..

പഥികന്‍ said...

വര്‍ഷങ്ങള്‍ മങ്ങലേല്‍പ്പിക്കാത്ത ചില മുറിവുകളും നഷ്ടങ്ങളുമുണ്ട്. ഇതു ഇരുപതു വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ഒരു ഓര്‍മയാണ്. ഒരുപക്ഷേ, ഓര്‍മകളിലുള്ള ആദ്യ മുറിപ്പാട്.

ചെല, കൂട്ടുകെട്ടുകളാണ് എന്നിലുള്ള കഴിവുകളെ എന്നും വളര്‍ത്തിയിട്ടുള്ളതു. ഏതിലും കൂടെക്കൂടാനുള്ള മനസ്സുമാത്രമേ എനിക്കു കൈമുതലായുണ്ടായിരുന്നുള്ളൂ...

സോണി, ബിഗു, ഇലഞ്ഞിപ്പൂക്കള്‍,
വായിച്ചിട്ടു പറഞ്ഞ നല്ലവാക്കുകള്‍ക്കു നന്ദി.

പഥികന്‍ said...

ശാലിനി,
സത്യത്തില്‍ മയിലിനെ ഉണ്ടാക്കുന്നത്‌ എങ്ങനെ ആണെന്ന് എനിക്കു ഇപ്പോഴുമറിയില്ല. അതന്നു മറന്നു പോയിയെന്നതാണു സത്യം. മയിലിനെക്കാണുമ്പോഴും വിവിധ രൂപങ്ങള്‍ പേപ്പറുകള്‍കൊണ്ടും ഓലക്കാല്‍ കൊണ്ടും കുട്ടികള്‍ക്കുവേണ്ടി ഉണ്ടാക്കുമ്പോഴൊക്കെ ഞാന്‍ സദറിനെയോര്‍ക്കും.

കുറച്ചു പേപ്പര്‍ - പ്ലാസ്റ്റിക് വിഭവങ്ങള്‍ ഉണ്ടാക്കുന്നതു തീര്‍ച്ചയായും ഞാന്‍ പോസ്റ്റാക്കുന്നുണ്ട്.

Dalamarmaram said...

kolllam

the man to walk with said...

ഓ ..വിഷമം തോന്നി
മനസ്സില്‍ വല്ലാതെ കൊണ്ടു

ലീല എം ചന്ദ്രന്‍.. said...

നന്നായി പറഞ്ഞു.
മനസ്സില്‍ തട്ടും വിധം

അഭിനന്ദനങ്ങള്‍

വീ കെ said...

ചെറുപ്പത്തിലെ ഓർക്കാപ്പുറത്തുള്ള ചില സംഭവങ്ങൾ മറ്റെല്ലാം മറന്നാലും പിന്നെയും പിന്നെയും പൊന്തിവരും... ഇന്നും മറന്നിട്ടില്ലാത്ത സംഭവങ്ങൾ ഞാനും കൂടെ കൊണ്ട് നടക്കാറുണ്ട്, ചില സ്വകാര്യ ദുഃഖങ്ങളായി...

നന്നായി പറഞ്ഞിരിക്കുന്നു..
ആശംസകൾ...

പാവപ്പെട്ടവന്‍ said...

നാലാം ക്ലാസിൽ നിന്നുപിരിയുമ്പോളും ഇത്രക്കും ദുഖമുണ്ടാകുമോ മാഷേ..?

Echmukutty said...

സങ്കടപ്പെടുത്തുന്ന എഴുത്ത്.

Manoraj said...

എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം സ്കൂള്‍ കഥകള്‍ മാത്രം. ആ മയിലിന്റെ രൂപം കണ്ടപ്പോള്‍ സഡാക്കോ സസാക്കിയുടെ സ്നേഹപ്രാവിനെ ഓര്‍ത്തുപോയി. പോസ്റ്റ് നന്നായിരിക്കുന്നു. നല്ല ഫീല്‍ ഉണ്ട്

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

20 വർഷം മുമ്പുള്ള ഓർമ്മയിലെ മുറിപ്പാടുകൾ തന്മയത്വമായി തന്നെ അവതരിപ്പിച്ചിരിക്കുന്നൂ കേട്ടൊ ഭായ്

തൂവലാൻ said...

നല്ല പോസ്റ്റ്..ക്ലൈമാക്സിലെ കൈയ്യടക്കം അഭിനന്ദനമർഹിക്കുന്നുണ്ട്….

റ്റോംസ്‌ || thattakam .com said...

നന്നായി പറഞ്ഞു..നല്ല പോസ്റ്റ്..ആശംസകള്‍ ..

മാണിക്യം said...

പ്രൈമറി സ്കൂളിലേയ്ക്ക് ഉള്ള പോക്കും അവിടെ നിന്ന് നാലാം ക്ലാസ്സ് പാസ്സാവുമ്പോള്‍ "വല്യആളായി"എന്നുള്ള തോന്നലും പിന്നെ ഒരു ക്ലാസ്സില്‍ നിന്ന് ജയിച്ചു പോവുമ്പോഴും ഉണ്ടാവുന്നില്ല. പഠിത്തത്തിന്റെ തുടക്കത്തിലെ അദ്ധ്യാപകരും കൊച്ചുകൂട്ടുകാരും കാലം കഴിയും തോറും കൂടുതല്‍ തെളിഞ്ഞു വരും മനസ്സില്‍ - ഓര്‍മ്മകളില്‍.....
"കൊഴുഞ്ഞു പോയ മയില്‍പ്പീലി"എന്ന പോസ്റ്റിലും ഈ അനുഭവം തന്നെ.പേപ്പറുകള്‍ കൊണ്ടും ഓലക്കാല്‍ കൊണ്ടും വിവിധ രൂപങ്ങള്‍ മെനയുന്ന സദറുദ്ദീനെ മറക്കാനാവാത്ത വിധം വായനക്കാരുടെ മനസ്സിലും എത്തിച്ചു. നല്ല എഴുത്ത്.പഥികന് നന്മകള്‍ നേരുന്നു...

MyDreams said...

നന്നായി എഴുത്ത്.

MyDreams said...
This comment has been removed by the author.
ചന്ദ്രകാന്തം said...

മുറിവ്‌...

പഥികന്‍ said...

Dalamarmaram, the man to walk with, ലീല എം ചന്ദ്രന്‍, വീ കെ, Echmukutty, Manoraj, മുരളിച്ചേട്ടന്‍, തൂവലാൻ, റ്റോംസ്‌, മാണിക്യം, MyDreams, ചന്ദ്രകാന്തം...

അഭിപ്രായങ്ങള്‍ അറിയിച്ചതില്‍ വളരെ സന്തോഷം. നന്ദി

പാവപ്പെട്ടവന്‍,
യു.കെ.ജി കഴിഞ്ഞപ്പോള്‍ കൂട്ടുകാരന്‍ ഹംഷാദ് സ്കൂള്‍ മാറിയതു കൊണ്ട്, വാശി പിടിച്ചു സ്കൂള്‍ മാറിയതാണ് ഞാന്‍. വേര്‍പിരിയലുകള്‍ ഏതു പ്രായത്തിലും ദു:ഖമാണ് :)

കൂതറHashimܓ said...

>>> എന്റെ ബുക്കില്‍ നിന്നും ഒരു പേപ്പര്‍ മയില്‍ പിടഞ്ഞു പിടഞ്ഞു താഴേക്കു വീണു.<<<

മ്മ്....
നല്ല എഴുത്ത്

pallikkarayil said...

പിടഞ്ഞുവീണ മയിൽ പീലി പിന്നെ നിശ്ശബ്ദമായി മനസ്സിൽ കയറിയിരുന്നു. ....

അകാലത്തിൽ വിനഷ്ടമായിപ്പോകുന്ന ആത്മബന്ധങ്ങൾ മനസ്സിൽ ഒരു വിങ്ങലായി, ചോര കിനിയുന്ന മുറിപ്പാടായി അവശേഷിക്കുന്നു.

പഥികന്റെ തൂലിക അത്തരം ഒരു മുറിപ്പാടിനെ വ്യക്തമായി കാണിച്ചുതന്നു.

ManzoorAluvila said...

ബാല്ല്യകാല സുഹൃത്തിന്റെ നീറുന്ന ഓർമ്മ വളരെ നന്നായ് പങ്കുവെച്ചു..എല്ലാ നന്മയും നേരുന്നു.

പഥികന്‍ said...

കൊഴിഞ്ഞു പോയ മയില്പ്പീലി ഈ പ്രാവശ്യത്തെ “എഴുത്തു ഓണ്‍‌ലൈന്“ മാഗസിനില്
http://malayalamezhuth.blogspot.com/2011/06/ezhuth.html

Odiyan said...

മനസ്സിനെ ഏറെ നൊമ്പരപ്പെടുത്തി...ആത്മാര്‍ത്ഥ സുഹൃത്തുകള്‍ക്കു പകരം വയ്ക്കാന്‍ ഒന്നിനുമാവില്ല ..എത്ര വര്‍ഷം കഴിഞ്ഞാലും ഏത് പൊസിഷനില്‍ ആയിരുന്നാലും സൌഹൃദങ്ങള്‍ ഒരു അനുഗ്രഹം തന്നെ ആണ്..ഒന്നാശ്വസിപ്പിക്കാന്‍ ,സന്തോഷങ്ങളില്‍,ധുക്കങ്ങളില്‍ എല്ലാം..അപ്പോള്‍ അവരുടെ വിയോഗം നമ്മളെ എത്ര മാത്രം വേദനിപ്പികും ...

പഴയ ചില വികൃതികള്‍