ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Monday, August 10, 2009

വിലാപം

നോക്കുക,
സൂക്ഷിച്ചു നോക്കേണ്ടതില്ല നീ കൂട്ടുകാരാ,
മിഴികളൊന്നു തുറക്കാന്‍ കഴിഞ്ഞാല്‍
നിന്നെക്കാണാന്‍ നീ പ്രതിഷ്ഠിച്ച
കണ്ണാടിയൊന്നു തകര്‍ക്കാന്‍ കഴിഞ്ഞാല്‍
കാണാമീ ലോകത്തിന്റെ വിലാപങ്ങള്‍

ചെവി വട്ടം പിടിക്കെണ്ടതില്ല, നീയാ
ശബ്ദയന്ത്രത്തിന്‍ നാരുകള്‍ നിന്‍
കര്‍ണ്ണപുടങ്ങളില്‍ നിന്നുമാദ്യം എടുത്തെറിയുക

കേള്‍ക്കുന്നുവൊ നീ,
രോദനങ്ങള്‍, വിലാപങ്ങളും
സഹിക്കാന്‍ കഴിയാതെ നീ വീണ്ടുമാ സംഗീത
ശബ്ദ വീചികളില്‍ ഒളിക്കുവാന്‍ കൊതിക്കുന്നുവോ?

അറിയുക,
വിലാപങ്ങളുതിര്‍ക്കുവാന്‍ തുടങ്ങിയിട്ടു
ശദാബ്ദങ്ങളേറെയായ്‌
ബധിര കര്‍ണ്ണപുടങ്ങളിലാണെല്ലാം പതിച്ചത്‌
ഇന്നു ശബ്ദങ്ങള്‍ പോലുമസ്തമിച്ചുപോയി
കാറ്റുപോലും,
പാറ്റിക്കളഞ്ഞതല്ലാതെ തഴുകിയില്ലൊരുനാളും.

അറിയുക സുഹൃത്തേ, ചരിത്രങ്ങള്‍
ഇവരീ കാടിന്റെ, നാടിന്റെയും മക്കള്‍

സുഖിക്കാന്‍ വോട്ടുകള്‍ തേടി,
രമിക്കാന്‍ യൗവനം തേടി,
ഒളിക്കാനിടം തേടി
വികസനങ്ങള്‍ക്കു മണ്ണുതേടി
അധികാരം എത്താറുണ്ടിവിടെ ഇടക്കിടെ
അധികാരമുള്ളവന്‍ കാടുകള്‍ കയറിയതെപ്പൊഴും
വിലാപങ്ങള്‍ ദാനമായി നല്‍കുവാന്‍
സര്‍വ്വവും നല്‍കിയവര്‍ പോറ്റുന്നു നമ്മളെ,
എന്ന നേരു ഇന്നാരറിയുന്നു.

കേള്‍ക്കുന്നുവോ നീ,
പട്ടിണിയാലും, രോഗങ്ങളാലും
കൂടൊഴിഞ്ഞ പൈതങ്ങള്‍തന്‍
മാതാക്കളുടെവിലാപങ്ങള്‍,
ശാപവാക്കുകളും

കേള്‍ക്കുന്നീലയൊ നീ,
തല ചായ്ക്കാന്‍ സ്വന്തം മണ്ണിലിടം തേടി പോയവര്‍ തന്‍
നെഞ്ചിലേക്കുതിര്‍ക്കുന്ന വെടിയൊച്ചകള്‍,
അവര്‍ തന്‍ വിലാപവും

വരിക സോദരാ,
കടല്‍ കയറിയും അണക്കെട്ടു പൊട്ടിയും
കൊടുങ്കാറ്റടിച്ചും പേമാരിയാലും
പിന്നെ, നാം പരിഷ്കൃതന്‍
വികസനങ്ങള്‍ക്കായി കൂടൊഴിപ്പിച്ചും
തെരിവു തെണ്ടിയാക്കിയ
തകര്‍ന്ന ജനകോടികള്‍ തന്‍
വിലാപങ്ങള്‍ കേള്‍ക്കാം, കാണാം
കഴിയുന്ന മാതിരി കൈത്താങ്ങുമാകാം.

മാളികമുകളില്‍ നിന്നൊന്നിറങ്ങുക താഴേക്കു നീ,
ബിംബങ്ങളെ കാണും കണ്ണാടികള്‍ എറിഞ്ഞുടച്ചു,
നേരുകള്‍ കാണാന്‍, കണ്ണടകളെടുത്തു വെച്ചു
കാറുകളിലേറാതെ കാല്‍നടയായ്‌,
കൈകോര്‍ത്തൊന്നിച്ച്‌ നമുക്ക്‌ നീങ്ങാം.

12 comments:

Irshad said...
This comment has been removed by the author.
Irshad said...

ടെമ്പ്ലേറ്റിന്റെ ഭാഗമായിട്ടിരുന്ന ഒരു കവിത, സുഹൃത്തുക്കളുടെ നിര്‍ദ്ദേശപ്രകാരം പോസ്റ്റാക്കി മാറ്റി. 2006ല്‍ ഓഫീസില്‍ നടന്ന മത്സരത്തിലെഴുതിയത്.

വയനാടന്‍ said...

ചെവി വട്ടം പിടിക്കെണ്ടതില്ല, നീയാ
ശബ്ദയന്ത്രത്തിന്‍ നാരുകള്‍ നിന്‍
കര്‍ണ്ണപുടങ്ങളില്‍ നിന്നുമാദ്യം എടുത്തെറിയുക...

ഗംഭീര വരികൾ.

ആശം സകൾ

ഷൈജു കോട്ടാത്തല said...

നല്ല വഴക്കമുണ്ട് പ്രയോഗങ്ങള്‍ക്ക്

കേള്‍ക്കുന്നീലയൊ നീ,
തല ചായ്ക്കാന്‍ സ്വന്തം മണ്ണിലിടം തേടി പോയവര്‍ തന്‍
നെഞ്ചിലേക്കുതിര്‍ക്കുന്ന വെടിയൊച്ചകള്‍,
അവര്‍ തന്‍ വിലാപവും

വിഷ്ണു | Vishnu said...

കവിത ആസ്വദിച്ചു അഭിപ്രായം പറയാന്‍ ഉള്ള അറിവ് എനിക്കില്ല....അത് കൊണ്ട് നന്നായി എന്നോ കൂടുതല്‍ മെച്ചമാക്കാമായിരുന്നു എന്നോ പറയുന്നില്ല ...ആശംസകള്‍ മാത്രം ...

Unknown said...

നല്ല സമൂഹികബോധം ഉണ്ടാക്കുന്ന കവിത

ചെലക്കാണ്ട് പോടാ said...

2006ല്‍ ഓഫീസില്‍ നടന്ന മത്സരത്തിലെഴുതിയത്...എന്നിട്ട് സമ്മാനം കിട്ടിയതിന് ഒരു മിഠായി പോലും വാങ്ങി തന്നില്ലല്ലോ.... :(

Irshad said...

വയനാടന്‍, ഷൈജു കോട്ടാത്തല, വിഷ്ണു, അനൂപ്‌ കോതനല്ലൂര്‍ എത്തിയതില്‍ വളരെ സന്തോഷം. അഭിപ്രായങള്‍ക്കു വളരെ നന്ദി.

ചെലക്കാണ്ട് പോടാ, ആളുകള്‍ വളരെ കുറവായതിനാല്‍ പങ്കെടുക്കുന്നവര്‍ക്കൊക്കെ സമ്മാനം എന്നതാണല്ലോ നമ്മുടെ പതിവു. മിഠായി മേടിക്കുന്ന പതിവു അതുകൊണ്ട് തന്നെ ശരിയാവില്ല.

രമേഷ് said...

പഥികാ.. കവിത നന്നായിട്ടുണ്ട്, പക്ഷെ ഇത് ഇനിയും നന്നാക്കാമെന്ന് തോന്നുന്നു..( ഞാന്‍ താരതമ്യം ചെയ്യുന്നത് മുരുകന്‍ കാട്ടാകടയുടെ കവിതകളായിട്ടാണേ.. എനിക്ക് ആ കവിതകള്‍ കേട്ടുള്ള പരിചയം മാത്രമേ കവിതകളുമായുള്ളൂ)

ശ്രീ said...

നന്നായിട്ടുണ്ട്

Irshad said...

രമേഷാ, നന്നായിട്ടുണ്ടെന്നു അറിയുന്നതൊരു സന്തോഷം. പിന്നെ എന്റെ കവിതകളെ അറിയപ്പെടുന്ന കവികളുടേതുമായി താരതമ്യപ്പെടുത്താന്‍ പോലും പാടില്ല എന്നതാണ് സത്യം. അവരൊക്കെ അറിയപ്പെടുന്നവരായത്, അവരുടെ രചനകള്‍ വളരെ മികച്ചതായതിനാലല്ലെ? ഞാനും ചിലപ്പോള്‍ തെളിഞു വരുമായിരിക്കും. ഹഹഹാ...

പിന്നെ, വര്‍ഷത്തിലൊരു കവിത എന്നതാണെന്റെ ശീലം. അതും ഓഫീസിലെ മത്സരത്തിനു മാത്രം. വിഷയം തന്നിട്ടു ഒരുമണിക്കൂറിനിടയില്‍ എഴുതുന്നതല്ലേ? സമ്മാനം കിട്ടിയതായതിനാല്‍ അത്രയ്ക്കങു മോശമായില്ല എന്ന ധൈര്യത്തില്‍ ഇട്ടതാ.

ശ്രീ, വളരെ സന്തോഷം....

smitha adharsh said...

അത് ശരി...അപ്പൊ,സമ്മാനം കിട്ടിയ കവിതയാ അല്ലെ?

പഴയ ചില വികൃതികള്‍