ഹൃദയത്തിനാണു ആദ്യം മുറിവേറ്റത്. ഒടുവിൽ, ഉറവ വറ്റിയ കണ്ണീർ തടങ്ങളിലും ചോര പൊടിഞ്ഞു. സകല വിഷമങ്ങളും ആവാഹിച്ച് ഉത്തരത്തിലേക്ക് ഉയർന്നാലോ എന്ന ചോദ്യം പതിയെ ഉള്ളിൽ ഉയിർകൊണ്ടു. അയയായ് വലിച്ചു കെട്ടിയിരുന്ന കയറിന്റെ വളഞ്ഞു പുളഞ്ഞയഗ്രമൊരു വിഷസർപ്പമായി തലയാട്ടി ഉത്തരം കാട്ടി. മറ്റുത്തരങ്ങൾ തേടാതെ കയറെടുത്ത് അവൻ കുരുക്കുണ്ടാക്കാൻ തുടങ്ങി.
അങ്ങനെ കയറിൽ കുരുക്ക് തീർക്കുന്നതിന്നിടയിലാണ് ആ ചിറകടി ആദ്യമായവന്റെ മുറിയിലെത്തിയത്. വഴിതെറ്റിയെത്തിയ ഒരു പക്ഷിയുടെ ചിറകുകൾ മുറിയിലെ പങ്കയുടെ ഇലയുമായി കൊരുത്ത ശബ്ദം കേട്ട് അവൻ തലയുയർത്തി നോക്കി.
കഷ്ടം!! അതിന്റെ ഇടനെഞ്ചിലും ചോര പൊടിഞ്ഞിട്ടുണ്ടാവണം. മുറിയിലെ പങ്കയുടെ തിരിയലിനെ തോൽപ്പിക്കുന്ന വേഗത്തിൽ ചിറകുകൾ വീശി ആ സുന്ദരിപ്പക്ഷി മുറിയുടെ മുക്കിലും മൂലയിലും ഓടി നടന്നു.
മുറിയോട് ചേർന്നു നിൽക്കുന്ന തെക്കേ മാവിന്റെ ശിഖരത്തിൽ കൂടുള്ള, നീണ്ട കൊക്കുകൾ കൊണ്ട് പൂവിൽ നിന്നും തേൻ നുകരാൻ തന്റെ വീടിന്റെ മുന്നിലെ ചെമ്പരത്തിയിൽ നിത്യം വന്നെത്താറുള്ള ഇണക്കുരുവികളിൽ ഒരുവൻ....
ഒരു ചെറുതേൻ കിളി.
ഫാനിന്റെ ഇതളുകളിൽ നിന്നും അതിന്റെ ശക്തമായ കാറ്റിൽ നിന്നും രക്ഷപെടാൻ കഷ്ടപ്പെട്ട് ഒഴിഞ്ഞു മാറിക്കൊണ്ട് വാതിലടഞ്ഞു കിടന്ന മുറിയിൽ അത് പരിഭ്രാന്തനായി പാഞ്ഞു നടന്നു. കടന്നുവന്ന ജനാലയുടെ പാളി അപ്പോഴും തുറന്നു കിടക്കുന്നുണ്ടായിരുന്നുവെങ്കിലും, അത് ശ്രദ്ധയിൽ പെടാതെ ആ കുരുവി ചിറകിട്ടടിച്ചു. തന്റെ ഉള്ളിലെ ചങ്കിടിപ്പിന്റെ അതേ താളം അവനപ്പോൾ ആ ചിറകടിയിലും കേട്ടു. അതേ താളത്തിൽ തന്നെ അവന്റെ കയ്യിലിരുന്ന കയറും വിറകൊള്ളുന്നുണ്ടായിരുന്നു. ഫാൻ നിർത്താനും വാതിൽ തുറക്കാനുമായി അവൻ വേഗം ചാടിയെണീറ്റു. എന്നാൽ അതിനു മുമ്പേ തന്നെ തിരികെ പറന്നു പോകാൻ അത് പാതി തുറന്നു കിടന്ന ആ ജനാല തന്നെ തിരഞ്ഞെടുത്തിരുന്നു.
ഹോ!! സമാധാനമായി... ഉള്ളിലിത്തിരി ശാന്തത കൈവന്ന പോലെ...
എന്നാൽ ആ സമാധാനത്തിനു ഏറെ ആയുസ്സുണ്ടായിരുന്നില്ല. അല്പ സമയത്തിനുള്ളിൽ തന്നെ അത് തിരികയെത്തി. എന്തെങ്കിലും അപകടം പിണയുമോയെന്ന ആശങ്കയാൽ അവന്റെ നെഞ്ചിലെ പിടപ്പ് വീണ്ടും അവതാളത്തിലായി.
അതേ സമയം, കുരുവിയിൽ കുറച്ചു കൂടി ആത്മവിശ്വാസം കൈവന്നിരുന്നു. അത് ഫാനിന്റെ താഢനത്തിൽ നിന്നും ചാഞ്ഞും ചരിഞ്ഞും ഒഴിഞ്ഞുമാറിക്കളിച്ചു കൊണ്ടിരുന്നു. ഇടയ്ക്ക് ജനൽ വഴി പുറത്തു പോയും പിന്നെ തിരികെ വന്നും അത് കളി തുടർന്നു. ഫാനിന്റെ സ്പീഡ് ഉച്ചസ്ഥായിയിലെത്തിച്ചും ഓഫ് ചെയ്തും പിന്നെ ഓൺ ചെയ്തും അവനും ആ കളിയിൽ അതിനൊപ്പം കൂടി. അപ്പോഴൊക്കെയും കുരുവി കൂസലില്ലാതെ തിരിഞ്ഞും മറിഞ്ഞും പാറി നടന്നു. ഒരിക്കലും താനിവിടെയൊരു കുരുക്കിൽ അകപ്പെട്ടിട്ടേയില്ലായിരുന്നു എന്നപോലെയായിരുന്നു അപ്പോൾ അതിന്റെ ഭാവം. ഏതു ദിക്കിലേക്കു പറന്നാലും പഴയ സ്ഥലത്തു തന്നെ തിരിച്ചു വരുന്ന രീതിയിൽ അതു ലംബമായും തിരശ്ചീനമായും വൃത്തം വരച്ചു കൊണ്ടിരുന്നു. തിരിയുന്ന പങ്കയുടെ ഇതളുകളിൽ ചിറകുടക്കാതെ നല്ല മെയ്‌വഴക്കത്തോടെ എത്ര മനോഹരമായാണ് അത് പാറി നടക്കുന്നത്?! . അവന്റെയുള്ളിലെ ചിറകടിയും അപ്പോഴൊരു സംഗീതമായി.
കയ്യിലിരുന്ന കയറിലെ കുരുക്കിന്റെ ബലം ഒന്നുകൂടി ഉറപ്പാക്കിക്കൊണ്ട് അവൻ പതിയെ മുറിക്കു പുറത്തിറങ്ങി. ആയുസ്സു നീട്ടിക്കിട്ടിയ തെക്കുവശത്തെ മാവിന്റെ ചാഞ്ഞ ശിഖരത്തിലേക്ക് കയറിന്റെ രണ്ടറ്റങ്ങളും വരിഞ്ഞു കെട്ടി ഒരു ഊഞ്ഞാലുണ്ടാക്കി ആടിയുയർന്നവൻ ഉത്തരം തൊട്ടു.
No comments:
Post a Comment