ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Tuesday, December 1, 2009

മൊയ്ദീന്റെ ലോകം

പൊന്നുരുക്കി കൊണ്ടിരുന്ന തട്ടാന്‍ മുത്തു, ഒരു കയ്യില്‍ കുഴലും മറുകയ്യില്‍ ചെറിയ കൊടിലുമായി കനലു നീറുന്ന ചട്ടിക്കുമുന്നില്‍ നിവര്‍ന്നിരുന്നു.

പിന്നെ അല്‍പ്പം വെള്ളമെടുത്തു തീയിലൊഴിച്ചു ചട്ടിയില്‍ നിന്നും പൊന്നെടുത്തു പുറത്തു വെച്ചിട്ട്, സാധുബീഡി ഒരെണ്ണമെടുത്തു കത്തിച്ചു. ബീഡിയുടെ തീ കത്തിയ ഭാഗം വായിക്കകത്താക്കി ഒന്നു വലിച്ചിട്ട് തിരിച്ചു ചുണ്ടത്തു വെച്ച്, തന്റെ കടയ്ക്കു മുന്നിലെ അരമതിലില്‍ വന്നു ചടഞ്ഞിരിക്കുന്ന മൊയ്തീനെ നോക്കി. എന്നിട്ടു ചോദിച്ചു.

എന്തൂട്രാ മൊയ്ദീനെ,

പുറത്തിരുന്ന മൊയ്തീനെന്ന മെലിഞ്ഞരൂപം കഴുത്തൊന്നു നീട്ടി മുത്തുവിനെ നോക്കി. പിന്നെ തൊണ്ടയൊന്നനക്കി.

മുത്തുവിന്റെ ചോദ്യം, അതു മൊയ്ദീനു കഥയുടെ പൊന്നെടുത്തു പാകമാക്കി പറഞ്ഞു തുടങ്ങാന്‍ ഒരു സ്റ്റാര്‍ട്ടര്‍ മാത്രം.

മുത്തു നീട്ടിയ ബീഡി കത്തിച്ചു, കണ്ണുകള്‍ അനന്തതയിലേക്കു പായിച്ചു, ഏതൊക്കെയോ സംഭവങ്ങള്‍ തന്റെ കണ്മുന്നില്‍ കണ്ട്, കണ്ണു തള്ളിച്ചു, ഇടക്കിടക്കു തോളൊന്നു വെട്ടിച്ച്, അരമതിലില്‍ കയറിയിരുന്നു, പിന്നെ മറു ഭിത്തിയില്‍ ചാരിയിരുന്നു മൊയ്തീന്‍ ഉടന്‍ പറഞ്ഞു തുടങ്ങി.

കോയ്ക്കോട്ടങ്ങാടീന്നു കാളവണ്ടീല് ഞങ്ങള് പാഞ്ഞ് പോയിട്ട്....., ഹോ എന്തൊരു രസമായിരുന്നു!!!!

മൊയ്തീന്റെ മുഖത്ത് സന്തോഷത്തിന്റെ തിരയിളക്കം. തള്ളിവന്ന കണ്ണുകള്‍ രണ്ട് കാളവണ്ടിച്ചക്രങ്ങള്‍ പോലെ കറങ്ങുന്നു.

അങ്ങനെ പാഞ്ഞു പാഞ്ഞ് കാപ്പാട് കടപ്പുറത്ത് കപ്പലീന്ന് ഇറങ്ങിയപ്പോ........, ഹോ!!! ആ കാണണതു ഞമ്മളെ ബേജാറാക്കണ് മുത്തുവേ.

ഇയ്യെന്താ കണ്ടേ ചെങായീ? മുത്തുവിന്റെ പ്രോത്സാഹനം.

മഹ്ഷറമൈതാനിയിലെപ്പോലെ......., എല്ലാരേം നിരത്തി നിര്‍ത്തീട്ട് ഹിറ്റ്ലര്‍.......,
ഒരു വലിയ അറക്കവാള്‍ കഴുത്തിന്റെ പൊക്കത്തിനു പാകത്തിലു വെച്ചിട്ടു ഒരു നീക്കാ...........
തലമണ്ട അരിഞ്ഞരിഞ്ഞു ............

ഞമ്മടെ കാപ്പാട് കടപ്പുറത്തോ?
അതേന്നെ, ഇയ്യിങോട്ട് നോക്കിയേ,
ഹൊ!!! ചോരയൊക്കെ പാറി വീണെന്റെ കുപ്പായോക്കെ എടങ്ങേറായി.
മുത്തുവേ, ഇതൊന്നു കഴുകിത്തരുമൊ?

ഭയന്ന കണ്ണുകളുമായി വിറച്ചു കൊണ്ട്, അത്ര അഴുക്കൊന്നുമില്ലാത്ത ഉടുപ്പു കാട്ടി മൊയ്തീന്റെ ദയനീയമായ ചോദ്യം.

നീ കത മൊത്തം പറ മൊയ്തീനെ...., അതു കഴിഞ്ഞിട്ടാകാം ബാക്കി. വീണ്ടും മുത്തുവിന്റെ പ്രോത്സാഹനം.

അങ്ങനെ ഞമ്മള് തിരോന്തരത്തൂന്നോടിയോടി..., ബോംബെയില് ബിമാനത്തില് വന്നിറങ്ങുമ്പം..........
ദേ നിക്കണ് കയ്യിലൊരു വടിയുമായി ബാപ്പാജി.

ആരു? ഗാന്ധിജിയൊ?
അല്ല ചെങ്ങായീ, ഞമ്മടെ ബാപ്പ. കയ്യിലൊരു വടിയുമുണ്ട്. എന്നെ തല്ലിക്കൊല്ല്ലാന്‍.

അതെന്തിനാ മൊയ്തീനെ അന്നെ തല്ലണേ?

അതേ, ഞമ്മളെ അങ്ങാടീല് മീം മേടിക്കാന്‍ വിട്ടതല്ലാരുന്നോ?
കാണാഞ്ഞക്കൊണ്ട് തിരക്കി ബന്നെതാ പഹയന്‍.

മൊയ്തീന്‍ ഇങ്ങനെയാണ്. സ്വയംഭൂവായ ചെറിയ ഊശാന്‍ താടി (ഇപ്പോഴത്തെ ബുള്‍ഗാന്‍) ഇടക്കിടക്കു തടവി ആ മെലിഞ്ഞ രൂപം പറഞ്ഞു തുടങ്ങിയാല്‍ നിര്‍ത്തില്ല. പക്ഷെ, എല്ലാവരോടും പറയില്ല. ഇരുട്ടു വീഴുമ്പോള്‍ ചെനക്കലങ്ങാടിയിലെ മുത്തുവിന്റെ കടത്തിണ്ണെയിലെത്തി കോലായിലെ അരമതിലിലോ ബെഞ്ചിലോ മിണ്ടാതിരിക്കും. മുത്തുവിന്റെ ചോദ്യത്തിനായി.

യാത്രാ വിവരണത്തിന്റെയും കഥയുടെയും സ്റ്റാര്‍ട്ടിങ് മുത്തുവില്‍ നിന്നാണ്. മുത്തുവിന്റെ ചോദ്യങ്ങള്‍ക്കു ഉത്തരം തേടി, കാളവണ്ടിയില്‍ തുടങ്ങുന്ന യാത്ര ബസ്സും കാറും കപ്പലും വിമാനവുമൊക്കെയായി ജപ്പാനും ജര്‍മ്മനിയും ബോംബയുമൊക്കെ വഴിയേ ചെനക്കലങ്ങാടിയിലെത്തൂ‍. ഇടയില്‍ ഹിറ്റ്ലറും മുസ്സോളിനിയും ലോകമഹാ യുദ്ധങ്ങളും സ്വാതന്ത്ര്യ സമര ചരിത്രങ്ങളും വന്നു പോകും. ഒരു കഥകളി നടനേക്കാള്‍ വ്യക്തമായി ഭാവങ്ങള്‍ മുഖത്തും ശരീരത്തിലും വന്നു പോകും. പൊട്ടിച്ചിരിച്ചും, പൊട്ടിക്കരഞ്ഞും, ഭയത്താല്‍ ഞെട്ടി വിറച്ചും കൊണ്ട് തന്റെ കണ്മുന്നില്‍ കാണുന്ന കഥ പറയും. കണ്ണു തുറന്നു വെച്ചു കഥകള്‍ പറയുന്ന മൊയ്തീന്‍, ഒടുവില്‍ ക്ഷീണിച്ചു, കണ്ണുകളടച്ചു, കഥകള്‍ക്കു വിരാമമിട്ടു, കാറ്റുപോയ ബലൂണ്‍ പോലെ കോലായില്‍ അനങ്ങാതിരിക്കും.

മൊയ്തീന്റെ ലോകം പൊകയുടേതാണത്രേ. കഞ്ചാവാണത്രേ ഊര്‍ജ്ജം. മുത്തു കൊടുക്കുന്ന ബീഡിയല്ലാതെ വേറൊന്നും വലിക്കുന്നതു ഞാന്‍ കണ്ടിട്ടില്ല. എന്നാലും കഥ പറയാനുള്ള മൂഡില്‍ മൊയ്തീനെ കണ്ടാല്‍ മുത്തുവിനറിയാം. അപ്പോള്‍ ‍.....

“പഹയനിത്തിരി പൊകഞ്ഞിട്ടുണ്ടെന്നു തോന്നുന്നു” എന്ന് പറഞ്ഞ് നടുവൊന്നു നിവര്‍ത്തി, സാധൂ ബീഡിയൊന്നു കത്തിച്ചു, മുത്തു തന്റെ ആദ്യ ചോദ്യമെറിയും.

“എന്തൂട്രാ മൊയ്ദീനെ?“

************************

ചെനെക്കലങ്ങാടിയിലെ ഞങ്ങളുടെ വാസത്തിന്റെ രണ്ടാം വര്‍ഷമാണ് സജു കൂടെയെത്തിയത്. അന്നുമുതലാണ് സജു മൊയ്തീന്റെ മായാലോകത്തെത്തുന്നതും. സജുവില്‍ എപ്പൊഴോ ഒരു മുജ്ജന്മ ശത്രുവിനെ മൊയ്തീന്‍ കണ്ടെത്തി.

സജുവിന്റെ കോളേജിലെ ആദ്യദിനം. ഞങ്ങളെല്ലാമൊന്നിച്ചാണ് കോളേജിലേക്കു പോകാനിറങ്ങിയത്. മരക്കാര്‍കാക്കയുടെ കടക്കുമുന്നില്‍, ബസ്സുവരും വരെ കൂട്ടത്തോടെ പത്രം വായിച്ചിരിപ്പാണ് പതിവു. വിവിധ കോളേജുകളിലേക്കും സ്കൂളുകളിലേക്കും പോകാനുള്ള ഒരു പട തന്നെ ഉണ്ടാവും ജംഗ്ഷനില്‍.
പത്രം നോട്ടവും വായില്‍നോട്ടവും ഒന്നിച്ചു.

ഡപ്പേ....

ഒരു അടിയുടെ ശബ്ദം കേട്ട് പത്രത്തില്‍ നിന്നും മുഖമുയര്‍ത്തി നൊക്കിയപ്പോള്‍ കണ്ടത് കലങ്ങിയ കണ്ണുമായി അന്തിച്ചു നില്‍ക്കുന്ന സജുവിനെയാണ്. ഒപ്പം ഒരു ഭാവ വ്യത്യാസവുമില്ലാതെ പരിചയക്കാരായ ഞങ്ങളെ ചിരിച്ചു കാട്ടുന്ന മൊയ്തീനും.

പ്രതികരിക്കാന്‍ തയ്യാറായെണീറ്റപ്പോള്‍ നാട്ടുകാര്‍ പറഞ്ഞു,
കഞ്ചാവാ ചെങ്ങായിമാരെ, വിട്ടുകള.

എല്ലാമൊരു പൊകപോലെ എന്നു പറഞ്ഞു സജുവിരുന്നു.
അങ്ങനെ പൊക മറ്റൊരാളിലേക്ക് ട്രാന്‍‌സ്ഫെര്‍ ചെയ്യുന്നത് അന്നാദ്യമായി കണ്ടു.

വൈകുന്നേരം മുത്തുവിന്റെ കടയില്‍ മൊയ്തീനെ വിചാരണ ചെയ്തു.

എന്തൂട്ടാ മൊയ്തീനേ, ഇജ്ജെന്തിനാ ആ ചെങ്ങായിയെ തച്ചെ? മുത്തുവിന്റെ ചോദ്യം.

ചെങ്ങായി, ഞമ്മളെത്ര കൂട്ടീട്ടാ ഞമ്മന്റെ തലേല്‍ പടച്ചോനെ ഇരുത്തണെ? ഓന്‍ ബന്നിട്ട് പടച്ചോനെ ഇറക്കീട്ട് അബിടെക്കേറി കുത്തീരിക്ക്ണ്. സഹിക്കാന്‍ പറ്റണ കാര്യാ?

സംഭ്രമമേതുമില്ലാതെയുള്ള മൊയ്തീന്റെ മറുപടി കേട്ടു മുത്തു, ദൈന്യനായി നില്‍ക്കുന്ന സജുവിനെ ദൈന്യതയോടെ നോക്കി.

ഞങ്ങളാദ്യം ഞെട്ടി. പിന്നെ പൊട്ടിച്ചിരിച്ചു.

സരസനും, ക്ഷമാശീലനും, പരോപകാരിയുമായ സജുവിനങ്ങനെ ഒരു ശത്രുവിനെ കിട്ടി.
ഹോട്ടലുകളില്‍ ചെറിയ പണി ചെയ്തു കൊടുത്തു ഭക്ഷണം കഴിക്കുന്ന നിര്‍ദ്ദോഷിയായ മൊയ്തീനും അന്നാദ്യമായി ഒരു ശത്രുവിനെക്കിട്ടി.

പിന്നീട് മൊയ്തീനെ കാണുമ്പോള്‍ സജുവിനെ ഞങ്ങളുടെ കൂട്ടത്തിന്നു നടുവിലാക്കി ഞങള്‍ സംരക്ഷിച്ചു പോന്നു.

പക്ഷേ, ചെനക്കലങ്ങാടി സ്കൂളിന്റെ പാറപ്പുറത്ത്, വെടി പറഞ്ഞിരിക്കുന്ന ഒരു വൈകുന്നേരത്ത് വീണ്ടും കേട്ടു, ആ പഴയ അടി ശബ്ദത്തിന്റെ മാറ്റൊലി. ഒരു സൈക്കിളും സജുവും റോഡില്‍ വീണു കിടക്കുന്നു. അല്‍പ്പം മാറി മൊയ്തീന്‍ ഒരു തേങ്ങയും കയ്യില്‍ പിടിച്ച് നിലയുറപ്പിച്ചിരിക്കുന്നു.

ഹോട്ടലിലേക്കു തേങ്ങ പൊതിച്ചുകൊണ്ടിരുന്ന മൊയ്തീന്‍, അല്‍പ്പം മാറി ഒരു സൈക്കിളിലിരുന്നു ആരോടോ കാര്യം പറഞ്ഞു കൊണ്ടിരുന്ന സജുവിനെ തേങ്ങപൊതിക്കുന്ന പാര എടുത്ത് എറിഞ്ഞതാണത്രേ?

വീണ്ടും വൈകുന്നേരത്തെ മുത്തുവിന്റെ കോടതി.
ചോദ്യം പഴയതു തന്നെ. എന്തൂട്ടാ മൊയ്തീനേ, ഇജ്ജെന്തിനാ ആ ചെങ്ങായിയെ തച്ചെ?

സജുവിന്റെയും മൊയ്തീന്റെയും ഭാവവും പഴയതിനു സമാനം.

മുത്തൂന്റെ ചോദ്യത്തിനു മൊയ്തീന്‍ മറുപടി പറഞ്ഞു.
അതേ...., ഓന്‍ ഞമ്മന്റെ മണ്ടേല്‍ ചവിട്ടീക്ക്ണ്.

(സൈക്കിളില്‍ ഇരുന്ന സജുവിന്റെ കാല്പാദവും, അപ്പുറത്തെ പറമ്പില്‍ തേങ്ങ പൊതിക്കാന്‍ കുനിഞ്ഞു നിന്ന മൊയ്ദീന്റെ തലയും, ഭൂമിക്കു സമാന്തരമായ ഒരു രേഖയില്‍ വരുമായിരുന്നെന്നു പിന്നീട് കണ്ടു പിടിക്കപ്പെട്ടു)

ഓന്‍ അന്റെ തലേലെങ്ങനാ ചവിട്ടെണ മൊയ്തീനെ? ഓന്‍ അപ്പുറെത്തെ തൊടീലല്ലേ ഇരുന്നിരിക്കണ.
അല്ല ചെങ്ങായീ, ഓന്‍ ചവിട്ടീരിക്ക്ണ്..... പെരുത്ത ബേദനാരുന്ന്.

അല്ല ചെങായി, ഇയ്യെന്താ ഈ പറയണ. മുത്തു വിശദീകരണം ആവശ്യപ്പെട്ടു.

മൊയ്തീന്‍ കുനിഞ്ഞിരുന്നു തല മുത്തുവിനെ കാണിച്ചു പറഞ്ഞു.

“ഇയ്യ് കണ്ടോ എന്റെ കയുത്തിനു മേലേ ഒരു മൊയ“

മൊയ്തീന്‍ തല തടവിക്കാണിച്ചു.

അതു കേട്ടു ഞങ്ങളുടെ കണ്ണുകള്‍ തള്ളി.

മൊയ്തീന്‍ അപ്പോഴും തന്റെ കഴുത്തിനു മേലെയുള്ള മുഴ (തല) തടവി കണ്ണും തള്ളിച്ച് വിഷാദനായി നില്‍ക്കുന്നുണ്ടായിരുന്നു.


കടപ്പാട്: ചിത്രം- ഗൂഗിള്‍

27 comments:

Irshad said...

മഹ്ഷറമൈതാനിയിലെപ്പോലെ......., എല്ലാരേം നിരത്തി നിര്‍ത്തീട്ട് ഹിറ്റ്ലര്‍.......,
ഒരു വലിയ അറക്കവാള്‍ കഴുത്തിന്റെ പൊക്കത്തിനു പാകത്തിലു വെച്ചിട്ടു ഒരു നീക്കാ...........
തലമണ്ട അരിഞ്ഞരിഞ്ഞു ............

മൊയ്തീന്റെ കഥകള്‍ - കഥയില്ലായ്മകള്‍

കണ്ണനുണ്ണി said...

മൊയ്തീനെ കൊണ്ട് തോറ്റു..ല്ലേ

Anonymous said...

ഇയ്യ്‌ കൊള്ളാലോ പഹയാ..

വശംവദൻ said...

“ചെങ്ങായി, ഞമ്മളെത്ര കൂട്ടീട്ടാ ഞമ്മന്റെ തലേല്‍ പടച്ചോനെ ഇരുത്തണെ? ഓന്‍ ബന്നിട്ട് പടച്ചോനെ ഇറക്കീട്ട് അബിടെക്കേറി കുത്തീരിക്ക്ണ്“

:)
മൊയ്തീൻ ആള് പുലി ആണല്ലേ?

ധനേഷ് said...

സജൂന് അങ്ങനെ തന്നെ വരണം. ഒന്നുകൊണ്ട് പഠിച്ചില്ലല്ലോ..
മൊയ്ദീനെ ഇഷ്ടപ്പെട്ടു.
പറഞ്ഞ സ്റ്റൈലും...

Irshad said...

കണ്ണനുണ്ണി,
തോറ്റുവെന്നു പ്രത്യേകം പറണ്ടതില്ലല്ലോ? മൊയ്തീന്‍ അങാടിയിലെത്തിയാല്‍ സജു റൂമില്‍ നിന്നും പുറത്തിറങ്ങാതെയായി.

jineesh, :)

വശംവദൻ, ധനേഷ്,
നീലത്താമരയിലെ വേദാന്തം പറയുന്ന സ്വാമി, “എല്ലാം പുകയല്ലേ കുട്ടികളെ” എന്നു പറഞ്ഞപ്പോള്‍ ഓര്‍മവന്നതാ ഈ പുകക്കഥ. എം.റ്റി യാണ് പ്രചോദനമെന്നു ചുരുക്കം.

ഗീത said...

മൊയ്തീന്റെ കയുത്തിനു മേലേള്ള മൊയ...

ഈ ഭാഷയും എഴുത്തും ഇഷ്ടപ്പെട്ടു ഒരുപാട്.

ഭായി said...

കഞ്ചാവ് ചെയ്യുന്ന ഒരോ പൊല്ലാപ്പുകളേ...
ഇത് വായിച്ചപ്പോള്‍ എന്റെ നാട്ടിലെ ഇതുപോലുള്ള ചില പുകയുന്ന കൊള്ളികളെ ഓര്‍മ്മ വന്നു!

നന്നായിട്ടുണ്ട്, വീണ്ടും വരാം.
ആശംസകള്‍

Mahesh Cheruthana/മഹി said...

ഭായി,
ഇഷ്ടമായി!
നന്നായി എഴുതിയിരിക്കുന്നു!
തുടരുക ബാക്കി മൊയ്തീൻ കഥകള്‍കൂടി!

ramanika said...

മൊയിദിനെ ഇഷ്ടമായി

Irshad said...

ഗീത റ്റീച്ചറെ,
വന്നതിലും അഭിപ്രായം അറിയിച്ചതിലും വളരെ സന്തോഷം.

ഭായി, ആ പുകയുന്ന കൊള്ളികളെക്കൊണ്ട് വേണം അടുത്ത ചിരിക്കു തിരി കൊളുത്താന്‍.

മഹി, മൊയ്ദീന്‍ പഴയ ഒരു ഓര്‍മയാണ്. 15 വര്‍ഷങ്ങള്‍ക്കപ്പുറം മലപ്പുറത്തായിരുന്നപ്പോഴത്തെ ഒരു ഓര്‍മ്മ. പിന്നെയും പലവട്ടം അവിടങ്ങളില്‍ പോയിട്ടും മൊയ്ദീനെ കണ്ടിട്ടില്ല. ഒര്‍ത്തിട്ടുമില്ല. മുത്തുവും ആ നാട് വിട്ടു. ഈ മാസം അവസാനം വീണ്ടും ഞാന്‍ കോളേജിളേക്കു പോകുന്നുണ്ട്. അന്വേഷിക്കാം.

രമണിക, വളരെ സന്തോഷം.

എല്ലാവര്‍ക്കും എപ്പോഴും സ്വാഗതം.

Anil cheleri kumaran said...

അതി സൂക്ഷ്മമായ എഴുത്ത്. നന്നായിട്ടുണ്ട്. തുടരുക.

ചെലക്കാണ്ട് പോടാ said...

അല്ലാ എന്‍റെ കോയേ...ഇങ്ങളും തൊടങ്ങിയാ പുകയടി...
ലേശം, ഇത്തിരി ചെറുങ്ങനെയെങ്കിലും തൊടങ്ങീട്ടുണ്ട്....

മീം മേടിക്കാന്‍ , ആ സ്ലാംഗ് കലക്കീട്ടാ......

ശ്രീ said...

മൊയ്ദീന്‍ കഥകള്‍ കൊള്ളാമല്ലോ.
പാവം സജു :)

വിഷ്ണു | Vishnu said...

മൊയ്തീന്‍ കൊള്ളം..കലക്കി മച്ചു!!

Irshad said...

കുമാരേട്ട, രജത്, ശ്രീ, വിഷ്ണു,

അഭിപ്രായം അറിയിച്ചതില്‍ വളരെ നന്ദി.

രജത്തെ, ഇത്തിരി പുകയാതെ എന്തു ജീവിതം.

വിഷ്ണു, തിരക്കിലാണെന്നു തോന്നുന്നല്ലൊ? സാധാരണ വരാനൊട്ടും വൈകുന്നതല്ലല്ലൊ?

രമേഷ് said...

ഇന്റെ ണ്യേ ആ തല്ല് അണക്കാ കിട്ടീഞെച്ചാ ഇപ്പോ ഞങ്ങള്‍ ഈ നട്ടം തിരിയൂലാര്‍ന്ന്,

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ മൊയ്ദീൻ നല്ലൊരു കഥപാത്രമാണല്ലോ...
നല്ലയവതരണം..കേട്ടൊ

mukthaRionism said...

ഉസാറായിക്ക്‌ണ്‌ട്ടോ...

Hari | (Maths) said...

മൊയ്തീന്‍ കഥ പെരുത്തിഷ്ടായീട്ടോ.. കോയിക്കോഡന്‍ സ്ലാങ്ങല്ലേ ഇത്. ഈ വൈവിധ്യങ്ങളെല്ലാമാണ് നമ്മുടെ സമ്പത്ത്.

ഇവിടെ വരാന്‍ വഴി തെളിച്ച നന്ദനയ്ക്ക് നന്ദി.

Maths Blog Team

Irshad said...

രമേഷാ,
കിട്ടേണ്ട സമയത്തു കിട്ടിയിരുന്നേല്‍ ഞാനും നന്നായേനെ.

ബിലാത്തിപട്ടണം,
താങ്കളെ ഇവിടെ കണ്ടതില്‍ വളരെ സന്തൊഷമുണ്ട്. നന്ദി.

മുഖ്‌താര്‍ ഉദരം‌പൊയില്‍, നന്ദി മാഷേ...

ഹരി (Hari),
അതെ, കോഴിക്കോടന്‍ സ്ലാങ് തന്നെ. നല്ലകാലത്ത് പഠനാര്‍ത്ഥം അവിടെയായിരുന്നു. അഭിപ്രായത്തിനു നന്ദി.

ഹരിയെ ഇവിടെയെത്തിച്ച നന്ദനക്കും നന്ദി.

നന്ദന said...

മൊയിദിനെ ഇഷ്ട

അഭി said...

മോയ്തിന്‍ ആളു കൊള്ളാല്ലോ
നന്നായിരിക്കുന്നു മാഷെ

Thabarak Rahman Saahini said...

കൊള്ളാം വളരെ നല്ല എഴുത്ത്.
മൊയ്തീന്റെ കഥാ സാമ്രാജ്യത്തില്‍ നിന്നും
ഇനിയും രസാവഹമായ കഥകള്‍
പ്രതീക്ഷിക്കുന്നു.
സ്നേഹപൂര്‍വ്വം
താബു.

ത്രിശ്ശൂക്കാരന്‍ said...

മൊയ്തീനെ...

നന്നായിരിയ്ക്കുന്നു. എന്റെ ബ്ലോഗില്‍ കമന്റിന് കുഴപ്പമൊന്നുമില്ലല്ലോ, ഇതുവരെ ആരും പറഞ്ഞില്ല.നന്ദി, വന്നതിനും കണ്ടതിനും

Akbar said...

:)

Irshad said...

നന്ദന, അഭി, താബു, ത്രിശ്ശൂര്ക്കാരന്‍ , അക്ബര്‍,
എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്കും സാന്നിദ്ധ്യത്തിനും ഹൃദയം നിറഞ്ഞ നന്ദി.

എല്ലാവര്‍ക്കും എന്റെ “പുതുവത്സരാശംസകള്‍”

പഴയ ചില വികൃതികള്‍