ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Saturday, June 16, 2007

ഒരു ഞായറാഴ്ച സ്വപ്നം

"ഇത്തിരി ഇതുക്കൂട്ട്‌ ഇരിപ്പമുണ്ട്‌, താല്‍പര്യമുള്ളവര്‍ക്കു എടുക്കാം."

പതിവു പോലെ ഞായറാഴ്ചയും സുജിത്തിന്റെ ശബ്ദം കേട്ടാണ്‌ ഉണര്‍ന്നത്‌. എന്തിനുമേതിനും അവനാ ഒറ്റ വാക്കുമതി.

മുണ്ടും പുതപ്പും വേര്‍തിരിച്ചെടുത്തു ശബ്ദമുണ്ടാക്കാതെ അടുക്കളയിലേക്കു നടന്നു. ആരെയും ഉണര്‍ത്തെരുതല്ലൊ?

പുട്ടും നനച്ച പൊടിയുമുണ്ട്‌ എന്നാണവന്‍ ഉദ്ദേശിച്ചതെന്നു അടുക്കളയില്‍ ചെന്നപ്പോല്‍ മനസ്സിലായി. എനിക്കു മുന്‍പെ ബിമലതു മനസ്സിലാക്കി എന്നുകൂടി മനസ്സിലായപ്പോള്‍ ഞാന്‍ പതിയെ വിടവാങ്ങി. ഇനിയവിടെ നിന്നിട്ടു കാര്യമില്ല.

പാവം! ബിമലിനീ വിശപ്പിന്റെ അസുഖമുണ്ടെ! അതുകൊണ്ടു അവന്റെ കിടപ്പു തന്നെ അടുക്കളേലേക്കു മാറ്റിയിരിക്കുകയാണ്‌ കുറച്ചു നാളായി.

ഇനിയാരെങ്കിലും ഉണരാനുണ്ടൊ? ബെന്‍സീര്‍ സുഖമായി ഉറങ്ങുന്നുണ്ട്‌. വിളിച്ചു നോക്കി. ഇന്നു രാവിലെ അവറാച്ചിയുടെ കടയില്ല. ഞായറാഴ്‌ചയല്ലെ? എന്തെങ്കിലും കിട്ടണമെങ്കില്‍ ജംഗ്ഷനില്‍ പോകണം. കൂട്ടിനൊരാളെ കിട്ടിയാല്‍ അത്രയുമായി.

സുജിത്‌ എന്തൊ പറഞ്ഞു, കൂടെ ഒരു ചുമയും. ഒന്നും വ്യക്തമായില്ല. പുട്ടും വായിലിട്ടു കൊണ്ട്‌ വിളിച്ചുകൂവിയാ ഇങ്ങനിരിക്കും. ഞാന്‍ മനസ്സില്‍ പറഞ്ഞു. എനിക്കു പുട്ടു കിട്ടാത്തതിലുള്ള പരിഭവം.

അടുത്തെത്തിയപ്പോള്‍ കാര്യം വ്യക്തമായി. ബെന്‍സീര്‍ കഴിച്ചിട്ടു കിടന്നുറങ്ങുവാ.

എല്ലാവരുടെയും ആര്‍ത്തിയെ പഴിച്ചിട്ടും എനിക്കു കിട്ടാത്തതിലുള്ള പരിഭവവുമായ്‌ ഞാന്‍ പുറത്തേക്കു പോയി.

ഭക്ഷണം കഴിച്ചുവന്നപ്പോഴേക്കും വീടുണര്‍ന്നു കഴിഞ്ഞിരുന്നു. ദൂരെനിന്നെ പാട്ടു കേട്ടു തുടങ്ങി.

പുണ്യവാന്‍ സമദിക്കായ്ക്കുണ്ടായി രണ്ട്‌ മക്കള്‍
ഒന്നാമന്‍ മുതുപാഴ്‌, രണ്ടാമന്‍ മറുപാഴ്‌...

ഫൈസിയാണ്‌ പാട്ടുകാരന്‍. പരിവാരങ്ങളെല്ലാരും കൂടി ഏറ്റ്‌ പാടുന്നു. എല്ലാവരും കൂടി ഒത്തുചേര്‍ന്നാലാദ്യം നൗഷാദാണ്‌ ഇര. പിന്നെ ഇരകള്‍ മാറിക്കൊണ്ടെയിരിക്കും. ആരിലും എപ്പോള്‍ വേണമെങ്കിലും ഇരയുടെ വേഷം അണിയിക്കപ്പെടാം.

ഞാന്‍ അടുക്കളയിലേക്കു പോന്നു. ഇന്ന് പാചകം ചെയ്യാനുള്ള ഊഴം എന്റേതാണ്‌. ഞാന്‍ അടുക്കളയുടെ ഒരു വശത്തു എഴുതി തൂക്കിയിട്ടിരിക്കുന്ന മെനുവിലേക്കു നോക്കി.

ഞായറാഴ്ച്ച :- ചോറും, ചിക്കന്‍ കറിയും മട്ടന്‍ പൊരിച്ചതും.

ഒരു നെടുവീര്‍പ്പോടെ ഞാനടുത്തു ചെന്നു ആദ്യത്തെ പേപ്പര്‍ മുകളിലെക്കു നീക്കി.

ഞായറാഴ്ച്ച :- ചോറും, പയറുകറിയും

ആദ്യത്തെ പേപ്പര്‍ വീട്ടിലേക്കു കടന്നു വരുന്നവര്‍ക്കു കാണാനുള്ളതാണ്‌. അടിയിലത്തേതു ഉണ്ടാക്കേണ്ടതും. ബെന്‍സീറിന്റെ ഓരൊ കലാപരിപാടികള്‍?

ഭക്ഷണത്തിനുള്ള സാധനങ്ങളെ അടുപ്പില്‍ കയറ്റിയിട്ടു ഞാനും കൂട്ടത്തിലേക്കു കൂടി. ഡെറിക്കും, രാകേഷും, ധനേഷും, നോയലുമൊക്കെ എത്തിയിട്ടുണ്ട്‌. ഇപ്പോഴത്തെയിര ബിമലാണ്‌. അവന്‍ ക്ലാസ്സിലെ പെണ്‍കുട്ടികള്‍ക്കു(അവര്‍ക്കുമാത്രം) ട്യൂഷന്‍ തുടങ്ങിയിട്ടു ഏറെയായില്ല. അസൂയാലുക്കളായ ഞങ്ങള്‍ക്കു കളിയാക്കുകയല്ലാതെ എന്തു ചെയ്യാന്‍ പറ്റും. അവനതാസ്വദിച്ചു കിടക്കുന്നു.

ഫൈസി തന്നെ വീണ്ടും പാടിത്തുടങ്ങി.
ഫാതിമാ..... ........
ഫാത്തിമയുടെ സ്ഥാനത്തു ഓരൊ പ്രാവശ്യവും ഓരൊ പേരുകള്‍. ഒടുവില്‍ ഒന്നിലങ്ങു ഉറപ്പിച്ചു.

ഏഴാം മൈലില്‍ വെറുതെയിരിക്കാതെ,
നിന്നെ ഞാന്‍ തേടിയെത്തും പൂമീനെ....
നോയലിന്റെ ഏറ്റുപിടുത്തത്തിനു ഫലമുണ്ടായി. ഇരയുടെ സ്ഥാനം ബിമലില്‍ നിന്നും നോയലിന്നായി. പാട്ടില്‍ പൂമീനിനു പകരം കരിമീനായി എന്നു മാത്രം.

അടുക്കളയില്‍ നിന്നും കൂവല്‍ കേട്ടു. ചെന്നു ചോറിറക്കി വെച്ചിട്ടു കുളിക്കാനായി നീങ്ങി.

പാരപണിയലുകള്‍ക്കു ഇടവേള നല്‍കിയെന്നു തോന്നുന്നു. ഇപ്പോള്‍ എല്ലാവരും നല്ല ഒരുമയിലാണ്‌. കുറെ പേര്‍ പേരമരത്തിലും മറ്റുള്ളവര്‍ ചാമ്പ മരത്തിലും. ഇടവേളകളില്‍ കൊറിക്കാനുള്ളതു മുറ്റത്തു തന്നെയുള്ളതെത്ര നന്നായി. ഇവിടുത്തെ ചാമ്പമരത്തിനു മുകളിലിരിക്കുമ്പോഴും കിഷോര്‍, അയലത്തെ ചാമ്പ മരത്തെയാണെന്നാലും വര്‍ണ്ണിക്കുക.

ഇതെന്തിരുറക്കമാ? സെക്കന്റ്‌ ഷോ കഴിഞ്ഞിട്ടു തന്നാ എല്ലാവരും കിടന്നുറങ്ങിയെ? എണ്ണീക്കടാ... എത്ര ഉറക്കം വന്നാലും രാവിലെ കൃത്യസമയത്ത്‌ എണീറ്റു വല്ലതും കഴിച്ചോളും. കാര്യത്തില്‍ മാത്രം എന്തു കൃത്യനിഷ്ട? രാവിലെ പുട്ടു കിട്ടാത്തതിലെ പരിഭവം എനിക്കപ്പോഴും തീര്‍ന്നിട്ടുണ്ടായിരുന്നില്ല.

ഞെട്ടിയുണര്‍ന്നു ഒരമ്പരപ്പോടെ അവനെന്റെ മുഖത്തേക്കു നോക്കി ഒരു ചോദ്യം. "നീയും ഇവിടെ ഉണ്ടായിരുന്നൊ?"

പിന്നെ ഞാന്‍ എവിടെ പോകാനാ? പോയി പല്ലു തേച്ചു കുളിക്കാന്‍ നോക്ക്‌.

അവന്റെ പതര്‍ച്ചയപ്പോഴും മാറിയിരുന്നില്ല. ഏതൊ സ്വപ്നം കണ്ടുകിടക്കുവായിരുന്നെന്നു മനസ്സിലായി. നല്ല വല്ല സ്വപ്നത്തിന്റെയും ഇടയിലാ ഞാന്‍ വിളിച്ചതെങ്കിലൊ? കൂടുതലൊന്നും ചോദിക്കാനും പറയാനും നില്‍ക്കാതെ ഞാന്‍ തടിയും രക്ഷിച്ചു കുളിക്കാനായി നീങ്ങി.

പിന്നെ ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ അവന്‍ കഥ പറഞ്ഞു തുടങ്ങി.

കഴിഞ്ഞ വെള്ളിയാഴ്ച പള്ളിയില്‍ നേരുത്തെ പോയതാണ്‌ പ്രശ്നം. അവിടെ പ്രസംഗിച്ച വിഷയം പരലോകവുമായി ബന്ധപ്പെട്ടതായിരുന്നു. സ്വപ്നത്തില്‍, മരിച്ചു പോയ അവനെയവിടെ വിചാരണക്കു വിധേയനാക്കി. വിചാരണ തുടങ്ങിയപ്പോഴെ, എന്നേ എല്ലാം കൈവിട്ടു പോയി എന്ന കാര്യം മനസ്സിലായി. ഒടുവില്‍ നരകവാതിലില്‍ നടയടിയും കഴിഞ്ഞു വാതില്‍ തുറക്കുന്നതും കാത്തു നില്‍ക്കുമ്പോഴായിരുന്നു എന്റെ വിളി. എന്നെ അവിടെ അവന്‍ പ്രതീക്ഷിച്ചില്ല (എന്തു കൊണ്ടാണൊ എന്തൊ?). അറിയാതെയവന്‍ ചോദിച്ചുപോയി. "നീയും ഇവിടെ ഉണ്ടായിരുന്നൊ?"

ഭക്ഷണം വേഗത്തില്‍ തീര്‍ത്തു, അംഗശുദ്ദിവരുത്തി, എന്റെ നമസ്കാരപ്പായയുമായവന്‍ അടുത്ത മുറിയിലേക്കു നീങ്ങിയപ്പോള്‍ അറിയാതെ ചിരിച്ചു പോയി. ഓരോരൊ സ്വപ്നങ്ങളുടെ കഴിവെ?

10 comments:

Derick Thomas said...

oru cheriya thiruth...

aa pattu undakkiyath oru pareeksha kalathannu ennanu ente orma. ethu pareeksha enno, ethanu padichathenno enikk valiya orma illa. ennalum aa pattu muzhuvan ippozhum ormayund. ellavarum koodi ondakkiya pattinu avasanam randu version undayi. onnnu bimal speacialum randu noyal specialum. najn ezhuthyath thettenkil shamikkanam.

pinne chamba maravum pera maravum ellavarudeyum weakness aayirunnu.
aa athikke oru kalam...

SUNISH THOMAS said...

:)

ഷാനവാസ്‌ ഇലിപ്പക്കുളം said...

കൊള്ളാം

കുറുമാന്‍ said...

ഞായറാഴ്ച്ച :- ചോറും, ചിക്കന്‍ കറിയും മട്ടന്‍ പൊരിച്ചതും.

ഒരു നെടുവീര്‍പ്പോടെ ഞാനടുത്തു ചെന്നു ആദ്യത്തെ പേപ്പര്‍ മുകളിലെക്കു നീക്കി.

ഞായറാഴ്ച്ച :- ചോറും, പയറുകറിയും


നന്നായിരിക്കുന്നു വികൃതി:)

Irshad said...

ഡെറിക്‌ പറഞ്ഞതു സത്യം. ആ പാട്ടുണ്ടാക്കിയതും പാട്ടു രണ്ടായതുമൊക്കെ ഒരു പരീക്ഷാകാലത്തായിരുന്നു. ഇതൊരു കഥ എഴുതാന്‍ ശ്രമിച്ചതല്ലെ? പലസംഭവങ്ങളെ ഒരു ചട്ടക്കൂടിലാക്കി എന്നു മാത്രം. ബെന്‍സീര്‍ സ്വപ്നം കണ്ടിട്ടുമില്ല, അങ്ങനൊന്നും സംഭവിച്ചിട്ടുമില്ല. ഇതും ഒരു വികൃതി.

അഭിപ്രായം പ്രകടിപ്പിച്ച എല്ലാവരോടും വളരെ നന്ദി.

Paathu said...

Ennitu Payaru curry enthaayi?

Kollam nannayittundu Vikrithi :)

Biju said...

പ്രിയപ്പെട്ട ഇര്‍ഷു...
ഒരു ഞായറാഴ്ചയെപ്പറ്റി ഇത്രയും നന്നായി എങ്ങനെയാ മച്ചു...നീ എഴുതിയതു??

അതും വളരെ കുറച്ച് നേരത്തെക്കുറിച്ച് മാത്രമെ നീ പറഞ്ഞിട്ടും ഉള്ളു..

വളരെ നന്നായിരിക്കുന്നൂ...

Irshad said...

വിഭക്കു കറിയെന്തായി എന്നാണ് അറിയേണ്ടതു. പെണ്‍കുട്ടികളുടെ ഒരു കാര്യമെ?
എന്താകാന്‍?
വിശപ്പെന്ന ഏറ്റവും രുചികരമായ കറി കൂട്ടിനുള്ളതു കൊണ്ട് അതു തീരും വരെ നമ്മളുണ്ടാക്കുന്ന കറിക്കും സ്വാദുണ്ടായിരിക്കും.

വഴിപോക്കാ, അഭിപ്രാ‍യങള്‍ക്കും പ്രോത്സാഹനങള്‍ക്കും വളാരെ നന്ദി.

ഒറ്റയാന്‍ | Loner said...

എടാ, ഇത്രയും ആള്‍ക്കാര്‍ നിങ്ങളുടെ വീട്ടില്‍ ഉണ്ടായിരുന്നോ?
എന്തായാലും കഥ അടിപൊളി ആയിട്ടുണ്ട്.
തുടര്‍ന്നും അടിപൊളി ആവട്ടെ.
ആശംസകള്‍...

Irshad said...

വീട്ടില്‍ വാടകക്ക് താമസിച്ചിരുന്നതു അഞ്ചു പേരാണ്. ബിമലും ബെന്‍സീറും നൌഷാദും സുജിത്തും പിന്നെ ഞാനും. ബാക്കിയുല്ലവര്‍ അതിഥികളാണ്. നിങളുടെ വീട്ടില്‍ എത്താറുള്ള എന്നെപ്പോലെയുള്ളവര്‍. വന്നാല്‍ പിന്നെ പോകുമൊ എന്നറിയാത്തവര്‍.

പഴയ ചില വികൃതികള്‍