ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Monday, June 11, 2007

പരീക്ഷാ കാലങ്ങള്‍

ഞാനാദ്യം കോളേജിലെത്തിയത്‌ ആദ്യ സീരീസ്‌ പരീക്ഷ തുടങ്ങുന്നതിന്നു തലേന്നാണ്‌. പിന്നെയാണ്‌ മനസ്സിലായത്‌ ഇത്‌ ജീവിതത്തിലെ പരീക്ഷാ സീരീസുകളുടെ തുടക്കമാണെന്ന്. പരീക്ഷകള്‍ വന്നെത്തും മുന്‍പെ പരീക്ഷകള്‍ മാറ്റാന്‍ നെട്ടോട്ടം ഓടിത്തുടങ്ങും. ഈ ഒരു കാര്യത്തില്‍ മാത്രം എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്‌. അതില്‍ രാഷ്ട്രീയ വ്യത്യാസങ്ങളുമില്ല. കഴിയുന്ന സഹായങ്ങള്‍ എല്ലാവരും ചെയ്യുകയും ചെയ്യും.

ഒരു മഴക്കാലത്തു പാതിരാത്രിയില്‍ പ്രിന്‍സിപ്പാളിനെ കണ്ട്‌ സീരീസ്‌ എക്സാം മാറ്റിവെക്കാന്‍ സമ്മതിപ്പിച്ചതിനെക്കുറിച്ചു പിന്നീട്‌ ഒരു അദ്ധ്യാപകന്‍ പറഞ്ഞതു ഇങ്ങനെയാണ്‌. "രാത്രിയിലെ വരവും അവന്മാരുടെ നില്‍പ്പും കണ്ടപ്പോള്‍ കോട്ടയം മുഴുവന്‍ വെള്ളത്തിന്നടിയിലായി എന്നു വിശ്വസിച്ചു പോയി. ചിലരെ കണ്ടപ്പോള്‍ അവരുടെ ആരൊക്കെയോ മരിച്ചൊ എന്നും സംശയിച്ചു"

യൂണിവേഴ്‌സിറ്റി പരീക്ഷ എത്തുന്നു എന്ന് അറിയേണ്ട താമസം, പരീക്ഷ ടൈം റ്റേബിള്‍സ്‌ തയ്യാറാക്കുന്ന തിരക്കായി. സപ്ലികളെ ഇടക്കു സൗകര്യമായ രീതികളില്‍ തിരുകി കയറ്റിയ ടൈം റ്റേബിള്‍സ്‌ എസ്‌.എം.എസ്‌ കളായി പാറി നടക്കുന്നതു കാണാന്‍ എന്തു ചന്തമാണ്‌. നമ്മള്‍ തന്നെ ശൃഷ്ടിച്ച എസ്‌.എം.എസ്‌കള്‍ തിരികെ വരുന്നതു എത്രപ്രാവശ്യം എന്നു കണക്കാക്കലാണ്‌ ചിലരുടെ വിനോദം.

ജീവിതത്തിനോടുള്ള കാഴ്ചപ്പാടുകള്‍ വലിയ വലിയ ചിന്തകളായി എഴുന്നള്ളുന്നതും ഈ സമയങ്ങളിലാണ്‌.
പഠിച്ചുകൊണ്ടിരിക്കുന്നവനെ കണ്ടാല്‍ ഫൈസിയുടെ ആദ്യ ചോദ്യം ഇങ്ങനെയായിരിക്കും.

"എന്തരെടെ?, വല്ലതും കഴിച്ചിട്ടും ഉറങ്ങിയിട്ടുമൊക്കെ പഠിച്ചാല്‍ പോരെ?, അല്ല നീയൊക്കെ എന്തിനാ പഠിക്കുന്നെ?"

ഇത്തിരി നിര്‍ത്തി ഉത്തരവും അവന്‍ തന്നെ പറഞ്ഞു തുടങ്ങും. അതിങ്ങനെയാണ്‌

"അല്ല, നമ്മളെന്തിനാ പഠിക്കുന്നെ? ഭാവിയില്‍ നല്ല ഭക്ഷണം കഴിക്കാന്‍, നന്നായിട്ട്‌ ഉറങ്ങാന്‍, പിന്നെ സുഖിക്കാനും. എന്നാല്‍ പിന്നെ അതൊക്കെ കഴിഞ്ഞിട്ടുള്ള പഠനം മതിയടേ..."

പകല്‍ എന്നെ വീട്ടില്‍ കണ്ടാല്‍ എക്സാം കാലമായെന്നു അയല്‍ വാസികള്‍ക്കു മനസ്സിലാവും. എവിടെ കിടന്നാലും നന്നായി ഉറങ്ങുന്ന എനിക്ക്‌ എക്സാമടുത്താല്‍ വീട്ടില്‍ കിടന്നാലെ ഉറക്കം വരൂ. ഒന്നും പഠിക്കാത്ത ഒരു വലിയ കൂട്ടതിനു നടുവില്‍ കിടക്കുമ്പോള്‍ എന്തൊരു സുരക്ഷിതത്വ ബോധമാണ്‌ ഉണ്ടാവുക എന്നു അനുഭവിച്ചു തന്നെ അറിയേണ്ടതാണ്‌. കൂടാതെ, എല്ലാം പഠിച്ചു കഴിഞ്ഞാലും, "ടാ..., ഒരു വകേം പഠിച്ചില്ലെടാ" എന്നു പറഞ്ഞുകൊണ്ടിരിക്കുന്ന ജോബിന്റെ വാക്കുകള്‍ (വിശ്വാസമില്ലെങ്കിലും) വളരെ ആശ്വാസം തരാറുണ്ട്‌.

ആദ്യ വര്‍ഷങ്ങളില്‍ പഠിക്കാനുള്ള ബുദ്ധിമുട്ടുമായ്‌ ഞാന്‍ വിഷമിച്ചു തളര്‍ന്നു കിടക്കുമ്പോള്‍, ബിമല്‍ ഒരാവേശത്തോടെ പുസ്തകങ്ങളെ പ്രണയിച്ചു നടന്നു. കോളേജില്‍ നിന്നു വന്നാലുടന്‍ തന്നെ പുസ്തകമെടുത്തിരിക്കുന്ന അവനെ ചെന്നു ചവിട്ടാന്‍ എത്ര പ്രാവശ്യം ആഗ്രഹിച്ചിട്ടുണ്ട്‌. ഒടുവില്‍ സ്വന്തം ആരോഗ്യ സ്ഥിതിയോര്‍ത്ത്‌ വേണ്ടായെന്നു വെക്കും. അവസാന കാലങ്ങളില്‍ ബിമലിനും കാര്യങ്ങള്‍ മനസ്സിലായി. പുസ്തകങ്ങള്‍ തുറന്നു മുഖത്തു വെളിച്ചം തട്ടാതെ വെച്ചു കിടന്നുറങ്ങുന്നതായി പിന്നീടുള്ള ശീലം.

അരണകളെപ്പോലെ അല്‍പ്പസമയം മാത്രം നിലനിക്കുന്ന ഓര്‍മ്മശക്തിയാണു ഏറെപ്പേര്‍ക്കും. പരീക്ഷക്കു കയറി എഴുതി തിരിച്ചിറങ്ങുമ്പോഴേക്കും അവയെല്ലാം മറന്നിട്ടുണ്ടാവും. എങ്കിലും നമ്മുടെ വിദ്യാഭ്യാസത്തില്‍ വിവരത്തെക്കാള്‍ മാര്‍ക്കിനു പ്രാധാന്യം ഉള്ളതിനാല്‍ രക്ഷപെട്ടു പോന്നു. പരീക്ഷക്കു കയറും മുന്‍പു സര്‍വ്വവും ഒരാവര്‍ത്തി പഠിപ്പിച്ചു വിട്ട പെങ്ങളുമാരെ എങ്ങനെ മറക്കും. പലപ്പോഴും ഞങ്ങള്‍ ജയിക്കെണമെന്ന നിര്‍ബ്ബന്ധം അവര്‍ക്കായിരുന്നു. ഏപ്രില്‍ ഫൂളിന്നു രാവിലെ വീട്ടിലേക്കു വിളിച്ചു കിട്ടാവുന്നതില്‍ ഏറ്റവും വലിപ്പമുള്ള പുസ്തകം (പേരെനിക്കു ഓര്‍മ്മയില്ല) കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിട്ടു എല്ലാവരും കൊണ്ടുവന്നു എന്നതു തന്നെ അവരുടെ ആത്മാര്‍ത്ഥതയ്ക്കു തെളിവാണ്‌.

ചോദ്യ പേപ്പര്‍ ചോര്‍ച്ചകള്‍ ഇന്നു വാര്‍ത്തകളല്ലാതായി തീര്‍ന്നിട്ടുണ്ട്‌. സീരീസിന്റെ ചോദ്യങ്ങള്‍ ചോര്‍ത്തലുകള്‍ എല്ലാവര്‍ക്കും ഒരു ഹരമായിരുന്നു. ചോദ്യങ്ങളിട്ട നിഷ്‌കളങ്കരായ അദ്ധ്യാപികമാരുമായ്‌ അല്‍പസമയ സൗഹൃത സംഭാഷണം കഴിഞ്ഞെത്തുന്ന വിരുതന്മാര്‍ മിക്കവാറും ചോദ്യത്തിന്റെ നമ്പര്‍ സഹിതമായിരിക്കും വിശദീകരിക്കുക. പറ്റിച്ച അദ്ധ്യാപകരും ഇല്ലാതില്ല എന്നതും സത്യം.

ഒന്നുമറിയാതെ പരീക്ഷ ഹാളില്‍ കയറുന്നതിനേക്കാള്‍ നല്ലതല്ലെ, ഉള്ള ചോദ്യങ്ങള്‍ക്കു ഇത്തിരി ഉത്തരവുമായിട്ടു പത്തുമിനിട്ട്‌ താമസിച്ചു കയറുന്നത്‌. ഒരു ചോദ്യപേപ്പര്‍ മുഴുവന്‍ സെക്കന്റുകള്‍കൊണ്ട്‌ ഹൃദിസ്ഥമാക്കുന്ന (കൈക്കലാക്കുന്ന) വിരുതന്മാര്‍ ഒരുപാടു പേരൊന്നും ഇല്ലായിരുന്നെങ്കിലും കിട്ടിയവ എല്ലാവരും എല്ലാവര്‍ക്കും വീതിച്ചു നല്‍കിയിരുന്നു. ഈ ഒരൊറ്റക്കാര്യത്തിലേ ഞാന്‍ അവിടെ സോഷ്യലിസ്റ്റുകളെ കണ്ടിട്ടുമുള്ളൂ. എന്തായാലും ആ പത്തു മിനിട്ടുകൊണ്ട്‌ പകുതി മാര്‍ക്കു നേടാന്‍ എല്ലാവര്‍ക്കും കഴിഞ്ഞിരുന്നു.

സ്ഥിരമായി ഉച്ചയൂണ്‌ സമയത്തു ഞാന്‍ ക്ലാസ്സില്‍ എത്തിച്ചേരും. ഇല്ലെങ്കില്‍ പട്ടിണി കിടക്കേണ്ടി വരികയൊന്നുമില്ല, എന്നാലും, ഒരുപാട്‌ കറികളും, വിവിധ തരത്തിലുള്ള ചോറുകളും (ഇതിലൊന്നും എന്റേതാവില്ല) സ്വാദിഷ്ടമായ പരദൂഷണങ്ങളും ചേര്‍ത്തുള്ള ഊണ്‌ നഷ്ടപ്പെട്ടു പോവരുതല്ലൊ? സ്ഥിരമായി ക്ലാസ്സില്‍ കയറുന്ന മറ്റൊരു സമയം സ്റ്റഡീലീവിന്റെ സമയമാണ്‌. ഒട്ടുമിക്കവരും അപ്പോള്‍ ക്ലാസ്സിലുണ്ടാവും. ചിലര്‍ അദ്ധ്യാപകരുടെ വേഷത്തിലും ചിലര്‍ കുട്ടികളുടെ വേഷത്തിലും. പഠനം അപ്പോഴാണ്‌ നന്നായി നടക്കുക. ഒപ്പം ഇടസമയങ്ങളില്‍ ഓരോരുത്തരുടെ കഴിവുകളും മനസ്സിലാക്കാം.

ക്ലാസ്സില്‍ കയറുമ്പോഴല്ലെ അവിടെയുള്ളവരുടെ കഴിവുകള്‍ മനസ്സിലാവൂ. നിങ്ങള്‍ കൈ നോട്ടക്കാരെ കണ്ടിട്ടില്ലെ? പക്ഷെ കയ്യക്ഷരം നോട്ടക്കാരെ കണ്ടിട്ടുണ്ടാവില്ല. കയ്യക്ഷരം നോക്കി സ്വഭാവം പറയുന്ന ഒരു കൂട്ടുകാരിയുണ്ട്‌. ഇന്റര്‍വ്യൂ ചെയ്യാനെത്തിയ മള്‍ട്ടിനാഷണല്‍ കമ്പനിക്കാരന്റെ കയ്യക്ഷരം നോക്കിപ്പറഞ്ഞു ഒടുവില്‍ ജോലിയും നേടി. അവിടെയും അതുതന്നെയാണൊ പണി എന്നറിയില്ല.

ഫൈസി ഇടക്കിടക്കു പുസ്തകത്തിന്റെ താളുകളില്‍ തടവിയ കൈ, നെഞ്ചിലും തലയിലും വെക്കുന്ന കാണാം. ഒടുവില്‍ ഇങ്ങനെയൊരു ആത്മഗതവും ഉണ്ടാവും. "....., ഇങ്ങനൊന്നു ചെയ്താല്‍ എല്ലാം മനപ്പാഠമാകുമായിരുന്നെങ്കില്‍?".

ക്ലാസ്സില്‍ ചിലരുണ്ട്‌. എത്ര വേഗത്തിലാണവര്‍ ഓരൊ പേജും ഹൃദിസ്ഥ്മാക്കി താളുകള്‍ മറിക്കുക. പരീക്ഷ പേപ്പറിലെ ഉത്തരങ്ങളോടാരും ചോദ്യങ്ങളും, വിശദീകരണങ്ങളും ചോദിക്കാത്തതു ഭാഗ്യം.

ആദ്യവര്‍ഷങ്ങളില്‍ ഏഴാം മൈലിലെ അന്തേവാസിയായിരുന്ന നാടന്‍പാട്ടുകാരന്‍ ഹോസ്റ്റലിലേക്കു മാറിയത്‌ ആ വര്‍ഷത്തെ തിയറി പരീക്ഷ കഴിഞ്ഞായിരുന്നു. കൂടെയുണ്ടായിരുന്ന നിഷാദ്‌, "ഉറക്കം വരുന്നല്ലോടാ, എന്തു ചെയ്യും?" എന്നു ചോദിച്ചാല്‍ അല്‍പ്പം സമയത്തിനുള്ളില്‍, അതുവരെ പഠിച്ചുകൊണ്ടിരുന്ന നമ്മുടെ പാട്ടുകാരന്‍, ഉറക്കം വന്നാല്‍ ചെയ്യേണ്ടതെന്തെന്നു കാണിച്ചു കൊടുത്തിരിക്കും. ആ കൂര്‍ക്കം വലിയുടെ ശബ്ദം കാരണം നിഷാദിന്റെ ഉറക്കവും പമ്പകടക്കും. അതുവരെ എല്ലാ വിഷയങ്ങളും ആദ്യം തന്നെ ജയിച്ചയാള്‍ അപ്രാവശ്യം ഹോസ്റ്റലില്‍ നിന്നും പോയി എഴുതിയ രണ്ട്‌ ലാബ്‌ പരീക്ഷകളിലും പരാജയപ്പെട്ടു ആഘോഷപൂര്‍വ്വം ഹോസ്റ്റല്‍ ജീവിതം തുടങ്ങിയതും ചരിത്രം.

ഇതിനു വിപരീതമാണു 'ഇതുക്കൂട്ട്‌'-ന്റെ ചരിത്രം. ഏഴാം മൈലില്‍ ഞങ്ങളോടൊപ്പമെത്തിയതില്‍ പിന്നെയാണ്‌ മാര്‍ക്കുകള്‍ കൂട്ടിയെഴുതിയ മാര്‍ക്ക്‌ ലിസ്റ്റുകള്‍ കിട്ടി തുടങ്ങിയത്‌. ഏതു വാക്കുകള്‍ക്കും, സാധനങ്ങള്‍ക്കും പകരം ഇതുക്കൂട്ട്‌ എന്ന വാക്ക്‌ ഉപയോഗിക്കുന്ന, ഏതു കൂട്ടത്തിലും ആര്‍ക്കുപകരവും വെക്കാവുന്ന സരസനായ ഒരു സാദാ കാഞ്ഞിരപ്പള്ളിക്കാരനാണ്‌ കക്ഷി.

പരീക്ഷയെന്നാ? ഈ ചോദ്യത്തിനു ഒരിക്കലും അടുത്ത മാസം എന്നതില്‍ കൂടിയ ഒരു കാലയളവു ഒരിക്കലും പറയാന്‍ അവസരം നല്‍കാറില്ല നമ്മുടെ പ്രൊഫഷണല്‍ വിദ്യാഭ്യാസം. ഒരു പക്ഷേ, പരീക്ഷകള്‍ മാറ്റിവെക്കപ്പെട്ട്‌ മാസങ്ങള്‍ തന്നെ ലഭിച്ചേക്കാം. എന്നാലും എപ്പോഴും തലക്കുമുകളില്‍ ഒരു മാസത്തിന്റെ ദൂരത്തില്‍ പരീക്ഷ എന്ന വാള്‍ തൂങ്ങി കിടക്കും.

റിസള്‍ട്ട്‌ വന്നാല്‍ മനസ്സിലാക്കാന്‍ കഴിയുക അടുത്ത പരീക്ഷയെത്തി എന്നാണ്‌. മാര്‍ക്‌ലിസ്റ്റ്‌ എത്തിയാല്‍, അടുത്ത പരീക്ഷക്കു ഫീസ്‌ അടക്കാനുള്ള തീയതി അടുത്തയാഴ്ചയാണെന്നും മനസ്സിലാക്കാം. എങ്കിലും എനിക്കു മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയോട്‌ നന്ദിയാണുള്ളത്‌. ജയിക്കും എന്നുറപ്പിച്ച വിഷയങ്ങളൊന്നും തോറ്റിട്ടില്ല. ഉറപ്പില്ലാത്ത പലതും ജയിച്ചിട്ടുമുണ്ട്‌. കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാവാത്ത, സഹായിക്കാത്ത ഒരു ഉദ്യോഗസ്തനെയും ഞാന്‍ അവിടെ കണ്ടിട്ടില്ല. ഒരുപാട്‌ കാര്യങ്ങള്‍ക്കു യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ടിട്ടും മറിച്ചൊരു അനുഭവം ഉണ്ടായിട്ടില്ല. ഒരുപാട്‌ സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെട്ടിട്ടുള്ളതില്‍ വളരെ ഭേദപ്പെട്ടതായിരുന്നു എം.ജി യൂണിവേഴ്‌സിറ്റി. ഒരു പക്ഷെ, ഞങ്ങളെ പരിചയപ്പെടുത്തിയവരും അവരും തമ്മിലുള്ള ബന്ധമായിരിക്കുമതിനു സഹായിച്ചത്‌.

പരീക്ഷയെ കുറിച്ചു ഓര്‍മ്മിക്കുമ്പോള്‍,ക്യാമ്പസ്സിലെ ആദ്യ ആത്മഹത്യയെ ഓര്‍ക്കാതിരിക്കാനാവില്ല. പരാജയങ്ങള്‍ സര്‍വ്വനാശമാകുന്നതു അന്നാണ്‌ ആദ്യമായ്‌ തൊട്ടറിഞ്ഞത്‌. കൂട്ടുകാരില്‍ ചിലരെ മരണം രോഗങ്ങളായും അപകടങ്ങളായുമെത്തി കൂട്ടിക്കൊണ്ട്‌ പോയിട്ടുണ്ട്‌. ആദ്യമായിട്ടാണ്‌ ഇതുപോലെയൊന്ന്. നമുക്കു, നേരാന്‍ ശാന്തി മന്ത്രങ്ങള്‍ മാത്രം ബാക്കി...

9 comments:

Derick Thomas said...

pareeksha kalathe vivarichath sariyayittilla. avrachiyude kadayile ormakalum, uchakku thanne vechu kazhikkalum, ellam vittu kalanju. avayellam adutha lakkangalil pratheekshikkam alle?

pinne thalennu vareyulla kathiyadikal......

ezhuthiyath nannai ezhuthiyittund

Paathu said...

Soooper !!!

Combined studykale kurichu koodi parayamayirunnu :)

രമേഷ് said...

ഹ്‌മ്മ്മ്മ്മ്..........പഠിക്കുന്നകാലത്ത് വെറും ഒഴപ്പനായിരുന്നു ല്ലേ????

-B- said...

കോളേജ് ഓര്‍മ്മകള്‍ രസകരം തന്നെ. അതിവിടെ അസ്സലായി എഴുതിയിട്ടുമുണ്ട്. :)

അപ്പഴേ..ആ കള്ള് ക്വിസ്സിന്റെ ഉത്തരങ്ങള്‍ കൂടി ഇടൂന്നേ..

Biju said...

പരീക്ഷാ കാലങ്ങളെക്കുറിച്ചുള്ള എഴുത്തുകള് കണ്ടു..

മറക്കാന്‍ കഴിയാത്ത ആ കാലം വളരെ ഭങ്ങിയായി എഴുതിയിരിക്കുന്നൂ..

എങ്ങനെ മറക്കാനാ ആര്‍ ഐ ടി ജീവിതം..
അല്ലെ കൂട്ടുകാരാ....

insight said...

Irshadikka..nhaninna ninte blog nokkiyathu..
Oru moolayilekku seat maattikittiyathu kondu ottakkirunnu chirichathu aarum kandittundavilla ennu viswasikkunnu:-)

benz said...

da...
4 maasam aayi njan saudi'l...manassarinju pottichiricha aadya divasam innannu..tnx a lot..i thnk we hd lotz f memmories t share. pazhaya kaalla smarannakkal ayavarakkan thanna avasarathinnu nandi...7th mile ellavarum big avatharanjallalle...nash,suk,lol,renj,shambu,kish..pinne nammude ayalvaasikkal..try t add more.nash-kkante oru cherukadha ullpeduthanam..a request..miz u all a lot..
snehapoorvam..

Irshad said...
This comment has been removed by the author.
Irshad said...

ബെന്‍സീറിക്കാന്റെ വരികള്‍ വായിച്ചപ്പോള്‍ സത്യത്തില്‍ കണ്ണ് നിറഞുപോയി. ഓര്‍മകള്‍ പെറുക്കിയെടുത്തു എഴുതിക്കഴിയുമ്പോള്‍, ഇതൊക്കെയും നഷ്ടപ്പെട്ടല്ലൊ എന്നോര്‍ത്തു ഇടക്കു കരച്ചില്‍ വരാറുള്ള്തു പോലെ. ഇപ്പോള്‍ ബെന്‍സീര്‍ വിദേശത്താണ്. ഞങള്‍ ബാക്കിയുള്ളവര്‍ ഇവിടെയും. ബെന്‍സീര്‍, ഞങളുടെ പ്രാര്‍ത്ഥനകള്‍ എന്നും നിനക്കുവേണ്ടിയുണ്ട്.

insight നും, ബെന്‍സീരിനുമൊക്കെ ചിരിക്കാന്‍ അവസരമൊരുക്കാന്‍ കഴിഞതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഇവിടം സന്ദര്‍ഷിക്കുന്നതില്‍ വളരെ നന്ദി.വീണ്ടും വരിക

ബിരിയാണിക്കുട്ടിക്ക്,
കള്ളു ക്വിസ്സിന്റെ ഉത്തരങളും തേടി ഞാനും അലയാന്‍ തുടങിയിട്ടു ഏറെ ദിവസങളായി. അടുത്തു തന്നെ കിട്ടും എന്നു പ്രതീക്ഷിക്കുന്നു. അറിയിക്കാം.

വഴിപോക്കെനും, രമേഷിനും, വിഭക്കും, ഡെറിക്കിനുമൊക്കെ എന്റെ നന്ദി.

രമേഷെ, നീ എന്നെ നാറ്റിച്ചെ അടങുള്ളു, അല്ലെ?

പഴയ ചില വികൃതികള്‍