ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......
ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.
ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.
Tuesday, April 8, 2014
പിറന്നാള്‍ സമ്മാനം
ഒരു മാര്‍ച്ച് 31... ഓര്‍മകളിലെ ആദ്യ പിറന്നാള്‍ ദിനം....
“മോനെന്താണ് അച്ഛനിന്നു വാങ്ങിത്തരേണ്ടതു?“
എന്നെ മടിയിലിരുത്തി, കെട്ടിപ്പിടിച്ചു കവിളത്തു മുഖമമര്‍ത്തി അച്ഛന് ചോദിച്ചു....
അതിനു മുമ്പുള്ള പിറന്നാള്‍ ദിനങ്ങളിലും, ഇതേ പോലെ മടിയിൽ പിടിച്ചിരുത്തി അച്ഛന് ഇതുതന്നെ ചോദിച്ചിട്ടുണ്ടാവണം. പക്ഷേ, ഓര്‍മ്മയില്ല. പഴയ കാലത്തെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ തുടങ്ങുന്നതു തന്നെ ഈ പിറന്നാള്‍ ദിവസം മുതലാണ്.
എനിക്കൊരു പട്ടം ഉണ്ടാക്കിത്തരുമോ അച്ഛാ?
ആകാശത്തു കൂടി മൂളിപ്പറന്നു പോയ ഒരു വിമാനത്തെ കൌതുകത്തോടെ നോക്കി ഞാന്‍ കൊഞ്ചിച്ചോദിച്ചു. ‘അച്ഛനുണ്ടാക്കിത്തരുന്ന കൊച്ചു പട്ടവുമായി ഈ വേനലവധി മുഴുവന്‍ പറന്നു നടക്കണം‘. വേനലവധി തുടങ്ങുന്നത് എന്റെ പിറന്നാളോടെയായതിനാല് ഞാനതു മനസ്സില്‍ ഉറപ്പിച്ചു.
നൂലില്‍ പിടിച്ചു കൊണ്ട് ഞാന്‍ നടക്കുമ്പോള്‍, ചെവിപോലെ പിടിപ്പിച്ച കൈകള്‍ ആട്ടിയാട്ടി, കുണുങ്ങിക്കുണുങ്ങി, നീളന്‍ വാല് നിലത്തിഴച്ചും, ചാഞ്ഞും ചെരിഞ്ഞും, പൊങ്ങിയും കറങ്ങിയും, കലപില കൂട്ടിയും എനിക്കു പിന്നാലെ ആ സുന്ദരി പട്ടം പാറി നടന്നു.
പട്ടങ്ങള്‍ മനുഷ്യ മനസ്സുകളെപ്പോലെയാണ്. ഒരു ചെറു നൂലില്‍ ബന്ധിക്കപ്പെടു നിയന്ത്രിക്കപ്പെടുമ്പോഴും, സ്വാതന്ത്ര്യം കണ്ടെത്തുന്നവര്‍. അതിനോടൊപ്പം പാറിപ്പറന്ന് എന്റെ മനസ്സുമൊരു പട്ടമായ് മാറി....
എന്നാല്‍, മൈതാനത്തിന്റെ നടുവിലെത്തും മുന്നെ ഒരു വികൃതിക്കാരനായ ഇളം കാറ്റിനൊപ്പം ചെങ്ങാത്തം കൂടി പെട്ടെന്നു പറന്നു പൊങ്ങി എന്റെ നിയന്ത്രണം വിട്ടു അതു മുന്നോട്ടു നീങ്ങി.
ഞാൻ ഓടി അടുത്തു ചെല്ലുമ്പോൾ എന്നെ കളിയാക്കിക്കൊണ്ട്, തലയാട്ടിയാട്ടി ചെറുകാറ്റുകളോട് കുശലം ചൊല്ലി അതങ്ങനെ നീങ്ങി. ഇടം കൈയ്യാല്‍ ഊര്‍ന്നിറങ്ങുന്ന നിക്കറിനെയും, മറുകയ്യാല്‍ പട്ടത്തെയും പിടിക്കാനോടിയോടി ഒടുവില്‍ ഒരു കുടിലിന്നു മുന്നിലെത്തി.
കുടിലിന്റെ ഉമ്മറത്തു, എന്റെ പട്ടവും കൊണ്ടിരുന്നു കളിക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടി. അവളുടെ കണ്ണുകളില്‍ അപ്രതീക്ഷിതമായി കിട്ടിയ സമ്മാനം നല്കിയ തിളക്കം. എന്നെക്കണ്ടപ്പോള്‍, പട്ടം മാറോടു ചേര്‍ത്തു പിടിച്ചു ആശങ്കകള്‍ ഉള്ളിലൊളിപ്പിച്ച് അവളൊരു പുഞ്ചിരി സമ്മാനിച്ചു.
താലോലിച്ചു തുടങ്ങും മുന്‍പേ വന്ന നഷ്ടം അപ്പോള്‍ തന്നെ എന്നെ കരച്ചിലിന്റെ വക്കിലെത്തിച്ചിട്ടുണ്ടായിരുന്നു. അതു മറ്റൊരാളിന്റെ സ്വന്തമാകുന്നതു സഹിക്കാനാവാതെ ഞാന്‍ വിങ്ങി....
എന്റെ പട്ടം തരുമോ?
കണ്ണീര് പടര്‍ന്നു തുടങ്ങിയ വാക്കുകള്‍ കൊണ്ട് ഞാന്‍ അവളോടു കെഞ്ചി...
പട്ടത്തെ നെഞ്ചോട് കൂടുതല്‍ ചേര്‍ത്തു പിടിച്ചുകൊണ്ട് അപ്പോളവള്‍ ദൈന്യതയോടെ എന്നെയൊന്നു നോക്കി....
വീടിനുള്ളിലേക്കു ഞാന്‍ പാളി നോക്കി. അകത്തൊരു തഴപ്പായയില്‍ ഒരു വൃദ്ധ കിടക്കുന്നുണ്ട്. ചെറു ഞെരക്കങ്ങള്‍ മാത്രമേ കേൾക്കാനുള്ളൂ. മറ്റാരുമില്ലെന്നു തോന്നുന്നു. പട്ടവും തട്ടിപ്പറിച്ചു കൊണ്ട് ഓടുക തന്നെ. മനസ്സില്‍ തന്ത്രങ്ങള്‍ രൂപപ്പെട്ടു.
പട്ടം തട്ടിയെടുക്കാനായി മുന്നിലേക്കാഞ്ഞ എന്നെ വിസ്മയിപ്പിച്ചു കൊണ്ട്, സൌമ്യമായി എന്റെ നേര്‍ക്കവള്‍ പട്ടം നീക്കി വെച്ചു. പിന്നെ......., ഇരുകൈകളും തറയില്‍ കുത്തി വീടിനകത്തേക്കു പതിയെ നിരങ്ങിക്കയറി. പിന്നാലെ, കളിമണ്ണു മെഴുകിയ തറയില്‍ അവളുടെ തളർന്നു മെലിഞ്ഞ കാലുകൾ ഉരഞ്ഞു നീങ്ങി.......
തലകുനിച്ച് ഞാന്‍ പതിയെ തിരിഞ്ഞു നടന്നു.
വീടിന്റെ ഉമ്മറത്തു, കുഞ്ഞിളം കാറ്റിനൊത്തു വാലാട്ടി തല പൊങ്ങാതെ പട്ടവും കിടന്നു....
പറന്നു നടക്കുന്ന പട്ടങ്ങളും... ഓടി നടക്കുന്ന ഞാനും... നിരങ്ങി നീങ്ങുന്ന അവളും.....
എന്റെ കുഞ്ഞു മനസ്സിന്റെ ഉറക്കം കെടുത്താൻ ആ ചിത്രം ധാരാളമായിരുന്നു.
പിന്നെയും, എന്റെ ഓരോ പിറന്നാളിനും അച്ചന് എനിക്കായ് പട്ടങ്ങളുണ്ടാക്കി, . ആദ്യ പട്ടം പറത്തലിന്റെ ഓര്‍മ്മ വിട്ടൊഴിയാത്തതുകൊണ്ടാവണം, ഓരോ പിറന്നാളിനും സമ്മാനങ്ങളായി ഞാന്‍ പട്ടങ്ങള്‍ മാത്രം ആവശ്യപ്പെട്ടതു. എന്നാൽ പിന്നീടുള്ള കാലം, ആ പട്ടങ്ങളെ നിയന്ത്രിച്ചതും ആര്‍ത്തു വിളിച്ചതും ഒരാള്‍ മാത്രമായിരുന്നില്ല, അതിനാല്‍ പിന്നീടൊരിക്കലും പട്ടങ്ങള്‍ കൈവിട്ടു പോയിട്ടുമില്ല.
സ്വന്തമായി പട്ടങ്ങള്‍ ഉണ്ടാക്കിത്തന്നിരുന്ന അച്ഛനു പിന്നെപ്പോഴോ മടുത്തു തുടങ്ങിയെങ്കിലും എന്നിലെ ആവേശം കൂടി വന്നു. ചോദിക്കാതെ തന്നെ പിറന്നാള്‍ സമ്മാനമായി പട്ടം വാങ്ങി വെയ്ക്കലായി അച്ഛന്റെ പിന്നീടുള്ള പതിവ്. വിവിധങ്ങളായ നിറങ്ങളിലും രൂപങ്ങളിലുമുള്ള പട്ടങ്ങള്‍.... അവ ഞങ്ങളുടെ വേനലവധികളിൽ പുതു നിറങ്ങൾ ചാർത്തി.
പുതിയ യു.പി സ്കൂളിന്റെ പടി കയറിയപ്പോള്‍ അവിടെ അവളുണ്ടായിരുന്നു. ഏതോ സഹായസംഘം നല്കിയ ഒരു വീല്‍ ചെയറും ഉരുട്ടി താഴത്തെ ക്ലാസ്സില്‍. പിന്നെപ്പോഴോ വരവും പോക്കുമൊക്കെ ഞങ്ങള്‍ ഒന്നിച്ചായി.
ഇന്നു മറ്റൊരു മാര്‍ച്ച് 31.
കാലം എത്ര വേഗം നീങ്ങുന്നു. ഇന്നീ റോക്കറ്റ് ഗവേഷണത്തിലെ ഉന്നത സ്ഥാനത്തു നിന്നും പടിയിറങ്ങുമ്പോഴും, ഉള്ളില്‍ ആ പഴയ പട്ടം പറത്തുകാരന് ആകാശത്തിന്റെ അനന്തത നോക്കി പട്ടം പറത്തുന്നു. ഉയര്‍ന്നു പൊങ്ങിയ പട്ടത്തിനും, അതിനും മേലെ ഉയര്‍ത്തിവിട്ട റോക്കറ്റുകൾക്കും, അവയ്ക്കൊപ്പം ഉയര്‍ന്ന ജീവിതത്തിനും ചുവട്ടില്‍, ഒന്നും കൈവിട്ടു പോകാതെ എല്ലാ നിയന്ത്രണ നൂലുകളുടെയും ഒരറ്റം പിടിച്ചു നിയന്ത്രിച്ചുകൊണ്ട് ഒരു മുച്ചക്ര വണ്ടിയില്‍ അവളെന്റെ അരികത്തിരിപ്പുണ്ട്. മുടികളിലിത്തിരി നര വീണെങ്കിലും അന്നു ഉമ്മറത്തിരുന്ന കുട്ടിയില്‍ കണ്ട കണ്ണിലെ തിളക്കം അല്പ്പവും കെടാതെ.....
Subscribe to:
Posts (Atom)
പഴയ ചില വികൃതികള്‍
-
രണ്ടാഴ്ച മുമ്പാണു 'ഒഴിവു ദിവസത്തെ കളി' എന്ന ചിത്രം കണ്ടത്. സമയം കിട്ടുന്ന സമയത്ത് ഉള്ളിലെ നീറ്റൽ അവസാനിച്ചിട്ടില്ലെങ്കിൽ ചിത്രത്തെ ക...
-
കഷ്ടപ്പെട്ടു പഠിച്ചും, ടെന്‍ഷനടിച്ചു കോപ്പിയടിച്ചു പരീക്ഷകളെഴുതിയും, അതൊക്കെത്തന്നെ പലവട്ടമെഴുതിയും പോളിപഠനം കഴിഞ്ഞു കൂമ്പുവാടി വീട്ട...
-
ഓര്‍മകളെ തട്ടിയുണര്‍ത്തിക്കൊണ്ട് സൈജുവിന്റെ ഫോണെത്തിയിട്ടു കുറച്ചു ദിവസമായി. യാന്ത്രികമായതും ആവര്‍ത്തന വിരസവുമെങ്കിലും, വളരെ സ്വസ്ഥമായി ജീവി...
-
അതിരാവിലെ, അടുക്കളയില്‍ ആരുടെയോ പതിഞ്ഞ സംസാരം. ചെവിയോര്‍ത്തു കിടന്നു..... സംസാരം ഭാര്യയുടേതാണ്..... ഇവള്‍ക്കെന്തു പറ്റി? രാത്രിയില്‍,...
-
പൊന്മുടിക്കുള്ള വഴി തിരുവനന്തപുരം വെള്ളയമ്പലത്തെ വീട്ടില്‍ കൂട്ടുകാരൊത്തു സൊറപറഞ്ഞിരിക്കുന്നതിനിടയില്‍ ആരോചോദിച്ചു. ഏതുവഴിയാടാ പൊന്മുടിക്...