അതിരാവിലെ, അടുക്കളയില്‍ ആരുടെയോ പതിഞ്ഞ സംസാരം.
ചെവിയോര്‍ത്തു കിടന്നു.....
സംസാരം ഭാര്യയുടേതാണ്.....
ഇവള്‍ക്കെന്തു പറ്റി?
രാത്രിയില്‍, അടുത്ത മുറിയിലേക്കു പോകാന്‍ പേടിയുള്ളയാളാണ്.
ഒരു എലിയെയോ, പല്ലിലെയോ, ചിലന്തിയെയോ കണ്ടാല്‍ പിന്നെത്തെ കാര്യം പറയുകയും വേണ്ട.
പേടിയായി...
പതിയെ, അടുക്കള വാതില്ക്കല് ചെന്നു എത്തി നോക്കി.
തിളച്ച വെള്ളത്തിലിട്ടു അയച്ചെടുക്കണോ? അതോ...
എന്റെ കാലുകളിടറി.
കാല്‍പ്പെരുമാറ്റം കേട്ടിട്ടാവണം, അവള് പാതിയില്‍ നിര്‍ത്തി....
ഞാന്‍ ശ്വാസമടക്കി വാതില്‍ മറഞ്ഞു നിന്നു ചെവി കൂര്‍പ്പിച്ചു.
അതോ, അരിപ്പൊടിയിട്ട പാത്രത്തിലേക്കു തിളച്ചവെള്ളമൊഴിക്കണോ?
ഞാന്‍ ശ്വാസം വിട്ടു. എങ്കിലും ബാക്കിക്കായ് ചെവിയോര്‍ത്തു നിന്നു.
നല്ലജീരകമോ? അപ്പോള്‍ നല്ലതല്ലാത്ത ജീരകവുമുണ്ടോ?
......................................
അല്ല, സത്യത്തില്‍ ഈ പെരും ജീരകത്തിനു എത്ര വലിപ്പം വരും?
.......................................
എന്ത്? ഉണങ്ങിയ ഇഞ്ചിക്കാണോ ചുക്കെന്നു പറയുന്നതു?
ഓഹോ,എങ്കില്‍ ചുക്കിനെ, ഉണങ്ങിയ ഇഞ്ചിയെന്നു വിളിച്ചാല്‍ പോരെ?
അല്ലെങ്കില്‍...,
ഇഞ്ചിയെ, ഉണങ്ങാത്ത ചുക്കെന്നു വിളിച്ചിരുന്നെങ്കിലും ഒരു പേരുമതിയായിരുന്നല്ലോ?
ഇതിപ്പോ.....
അരയില്‍ തിരുകിയ മൊബൈലില്‍ നിന്നും , അഴിഞ്ഞു കിടക്കുന്ന മുടികള്ക്കിടയിലേക്കു നീങ്ങുന്ന നാരുകള്‍ വഴി, പ്രഭാത ഭക്ഷണത്തിനായി എടുക്കേണ്ട അരിപ്പൊടിയുടെ അളവും, ചെയ്യേണ്ട വിധവും മറ്റു ചില അറിവുകളും ഡൌണ്‍ലോഡ് ചെയ്യുകയാണ് അവള്.
എനിക്കു സമാധാനമായി. ചിരിച്ചു കൊണ്ട് ഞാന്‍ അടുക്കളയിലേക്കു ചെന്നു.
മാതാപിതാക്കള്‍ ഹജ്ജിനു പോയൊരു കാലമാണ്, ബലിപ്പെരുന്നാളിന്റെ അവധി ദിനങ്ങള്‍...
വീട്ടില്‍ ഞാനും ഭാര്യയും മാത്രം.....
ആദ്യമായാണ് വീട്ടില്‍ രണ്ടു പേരും മാത്രമാകുന്നതു. ജോലിയുമൊക്കെയായി നടക്കുന്നതിന്നിടയില്‍, വീട്ടില്‍ ഏറെനാള്‍ തങ്ങാനിടവരാത്തതിനാല്‍, വീട്ടിലെ സാധന സാമഗ്രികളുടെ സ്ഥലവും അവള്‍ക്കു നിശ്ചയം പോരാ. സാധനങ്ങള്‍ തപ്പിയെടുക്കാനുള്ള തത്രപ്പാടിലാണ് കക്ഷി. സ്വന്തം വീട്ടില്‍ അടുക്കളയിലൂടൊക്കെ കടന്നു പോകുമായിരുന്നെങ്കിലും, അടുക്കള ഒറ്റക്ക് മാനേജ് ചെയ്യാനുള്ള വൈദഗ്ദ്ധ്യമൊന്നും നേടിയിരുന്നുമില്ല.
പാവം!!!
പ്രഭാത ഭക്ഷണം മുടങ്ങാതിരിക്കാനായി, പേടിയൊക്കെ മാറ്റിവെച്ചു പാതിരാത്രിയിലെപ്പോഴോ എഴുന്നേറ്റതാവണം. (സ്വന്തമായി ഒരു അടുക്കള മാനേജ് ചെയ്യേണ്ട ടെന്ഷനില്, തലേന്നു ഉറങ്ങിയിരുന്നോയെന്നു തന്നെ സംശയമുണ്ട് !!!).
എന്താ രാവിലെ?
അരിപ്പത്തിരിയുണ്ടാക്കാമെന്നു വിചാരിക്കുന്നു.
നടക്കുമോ?
എല്ലാം കിട്ടിയിട്ടുണ്ട്.
പൂണൂലു പോലെ കുറുകെ കിടക്കുന്ന ഇയര്‍ഫോണിന്റെ നാരില്‍ പിടിച്ചുയര്ത്തിക്കാട്ടി അവള് പറഞ്ഞു.
എന്നാല്‍ ശരി. ഞാനെന്തു ചെയ്യണം?
പൊടി വെന്തു കഴിഞ്ഞു ഒന്നു അയച്ചു പരത്തിത്തന്നാല് മാത്രം മതി. ചുട്ടെടുക്കുന്നതു ഞാനേറ്റു?
കയ്യിലെ പാചകകുറിപ്പും പേനയും സൈഡിലെ കലണ്ടറില്‍ കൊളുത്തിക്കൊണ്ടവള് പറഞ്ഞു
ഓഹോ..... അത്രയും മതിയോ?
അവള് മന്ദഹസിച്ചു....
ഇക്കാ...,
ദയനീയമായ ഒരു വിളികേട്ട് ചെന്നപ്പോള്‍, ഇടിയപ്പം പീച്ചാനുള്ള സേവനാഴിയുമെടുത്തു താടിക്കു കയ്യും കൊടുത്തിരിക്കുന്നു.
ഇത്തിരി വെള്ളം കൂടിപ്പോയി. ഇടിയപ്പമാക്കിയാലോ?
ഓ... അതിനെന്താ, ആയിക്കോട്ടെ.
എന്നാല്‍ അയച്ചിട്ടൊന്നു പീച്ചിത്തരൂ. ഞാന്‍ ചുട്ടു തരാം. അവള് പറഞ്ഞു.
ഓഹോ..... അത്രയും മതിയോ?
അപ്പോഴും അവള് മന്ദഹസിച്ചു....
അയയ്ക്കുമ്പോള്‍ ബരാല് വഴുതും പോലെ അരിമാവ് ചാടിക്കളിക്കുന്നു. പീച്ചുമ്പോള് പുറത്തുവരാനുമൊരു മടി. എന്റെ ബലമൊക്കെ എവിടെപ്പോയി?
അയ്യേ, ഈ ഇക്കായ്ക്കു നന്നായി പീച്ചാനുള്ള ബലം പോലുമില്ലല്ലോ?
എന്ന മുഖഭാവത്തോടെ അരയില്‍ കയ്യും കൊടുത്തു നിന്നു കൊണ്ട് അവളുടെ നോട്ടം.
പിന്നെയും ഫോണ്‍ വഴി ഉപദേശങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തു കഴിഞ്ഞു, ഒരു ചെറു ചിരിയോടെ അടുത്തു വന്നു അവള് പറഞ്ഞു....
ഇക്കാ, നമുക്കിന്നു കൊഴക്കട്ടയുണ്ടാക്കാം കേട്ടോ .....
ഉം...ഞാനൊന്നു മൂളുകമാത്രം ചെയ്തു.
ആ മൂളല്‍, ഒരു കൂര്‍ക്കം വലിയാകാന് അത്രസമയമൊന്നും വേണ്ടിവന്നില്ല. രാവിലെ ഇത്രയൊക്കെ പണിയെടുത്ത കാലം മറന്നിരിക്കുന്നു.
ഒരു കിച്ചന് ഡാന്‍സിന്റെ താളമേളങ്ങളാണ് പിന്നെ ഉറക്കത്തില്‍ നിന്നും എന്നെ വലിച്ചു പുറത്തിട്ടത്.
തട്ടും മുട്ടും, പാത്രങ്ങളുടെ ഓട്ടവും ചാട്ടവും അവയുടെ കര്‍ണ്ണകഠോരമായ സംഗീതവുമൊക്കെ ചേര്‍ന്ന ഒരു അടുക്കള സംഗീതം വീടാകെ ഒഴുകിപ്പരന്നു.....
വീണ്ടും വാതില്ക്കലെത്തി അടുക്കളയിലേക്ക് എത്തിനോക്കി.
ഒരു യുദ്ധം കഴിഞ്ഞ പ്രതീതി....
വിവിധ ധാന്യപ്പൊടികളാല് തീര്‍ത്ത വര്ണ്ണഛായങ്ങളുടെ അലങ്കാരങ്ങളുമായി, അടുക്കളയുടെ ഒരു മൂലയില്‍ അവള് അണിഞ്ഞൊരുങ്ങിയിരിക്കുന്നു.
എന്നെക്കണ്ടതും, വിജയശ്രീലാളിതനായ യോദ്ധാവിനെപ്പോലെ ഒരു കയ്യില്‍ ആവനാഴിക്കു പകരം സേവനാഴിയും, മറുകയ്യില്‍ ഒരു പുട്ടുകുറ്റിയുമായി അവള് എഴുന്നേറ്റു നിന്നു. അലങ്കാരങ്ങള്‍ തീര്‍ത്ത ധാന്യപ്പൊടികള്‍ അവിടമാകെ പറന്നു നടന്നു.
എന്റെ കൈയ്യും പിടിച്ചു ചുറ്റിനും എന്തിനെയോ പരതി അവള് നടന്നു.
ഞാന്‍ ചുറ്റും കണ്ണോടിച്ചു.
അടുക്കള ഒരു അടര്‍ക്കളം പോലെ....
പങ്കാളി ഒരു പോരാളിയെപ്പോലെയും.....
ഒടുവില്‍, അന്വേഷിച്ചതു കണ്ടെത്തി പഞ്ചാരഭരണിയും ചൂണ്ടി അവള് എന്റെ പിന്നില്‍ ഒളിച്ചു നിന്നു.
ഞാന്‍ സൂക്ഷിച്ചു നോക്കി.
അവിടെ കൊമ്പന് മീശകളുള്ള ഒരാള്‍ ഒളിഞ്ഞു കിടക്കുന്നു .......
ഒരു പാറ്റ.
******************************************************************
കടപ്പാട്. ചിത്രം ഗൂഗിള്‍ സേര്‍ച്ച് വഴി http://keralaflash.com/group/recipes ല്‍ നിന്നുമെടുത്തതു.
കുറിപ്പ്: ഈ ബ്രേക്ഫാസ്റ്റിന്റെ റിസള്‍ട്ടറിഞ്ഞിട്ടു വേണം ലഞ്ചും ഡിന്നറുമൊരുക്കാന് :)
ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......
ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.
ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.
Thursday, February 23, 2012
Subscribe to:
Posts (Atom)
പഴയ ചില വികൃതികള്‍
-
രണ്ടാഴ്ച മുമ്പാണു 'ഒഴിവു ദിവസത്തെ കളി' എന്ന ചിത്രം കണ്ടത്. സമയം കിട്ടുന്ന സമയത്ത് ഉള്ളിലെ നീറ്റൽ അവസാനിച്ചിട്ടില്ലെങ്കിൽ ചിത്രത്തെ ക...
-
കഷ്ടപ്പെട്ടു പഠിച്ചും, ടെന്‍ഷനടിച്ചു കോപ്പിയടിച്ചു പരീക്ഷകളെഴുതിയും, അതൊക്കെത്തന്നെ പലവട്ടമെഴുതിയും പോളിപഠനം കഴിഞ്ഞു കൂമ്പുവാടി വീട്ട...
-
ഓര്‍മകളെ തട്ടിയുണര്‍ത്തിക്കൊണ്ട് സൈജുവിന്റെ ഫോണെത്തിയിട്ടു കുറച്ചു ദിവസമായി. യാന്ത്രികമായതും ആവര്‍ത്തന വിരസവുമെങ്കിലും, വളരെ സ്വസ്ഥമായി ജീവി...
-
അതിരാവിലെ, അടുക്കളയില്‍ ആരുടെയോ പതിഞ്ഞ സംസാരം. ചെവിയോര്‍ത്തു കിടന്നു..... സംസാരം ഭാര്യയുടേതാണ്..... ഇവള്‍ക്കെന്തു പറ്റി? രാത്രിയില്‍,...
-
പൊന്മുടിക്കുള്ള വഴി തിരുവനന്തപുരം വെള്ളയമ്പലത്തെ വീട്ടില്‍ കൂട്ടുകാരൊത്തു സൊറപറഞ്ഞിരിക്കുന്നതിനിടയില്‍ ആരോചോദിച്ചു. ഏതുവഴിയാടാ പൊന്മുടിക്...