കൂട്ടുകാരികളുടെ നടുവില്‍ തലയെടുപ്പോടെ, വലം കയ്യില്‍

മൈമൂന....
നാട്ടിലെ കുട്ടികളുടെയെല്ലാം കണ്ണിലുണ്ണിയായിരുന്നവള്‍. ചുറ്റുവട്ടത്തെ സ്കൂളുകളിലെ ആണ്‍കുട്ടികളെല്ലാം അവളുടെ പാതയും പാദങ്ങളെയും പിന്തുടര്ന്നു പോന്നു. അവളെ സുരക്ഷിതമായി വീട്ടിലെത്തിക്കാതെ ഉറങ്ങിയില്ലവരാരും. അവളുടെ പുഞ്ചിരി കിട്ടിയവനും കിട്ടാത്തവനും ഒരുപോലെ ഉറക്കം നഷ്ടപ്പെട്ടു.
അന്നൊരു മത്സര ദിനമായിരുന്നു. സമീപത്തെ സ്വകാര്യ സ്കൂളിലെ, നല്ല പരിശീലനമൊക്കെ കിട്ടിയ - നല്ല ജേഴ്സിയൊക്കെ അണിഞ്ഞ - നല്ല പൂവന്‍പഴമ്പോലിരിക്കുന്ന കുട്ടികളുമായൊരു സൌഹൃദ മത്സരം. അവരുടെ കെട്ടും മട്ടുമൊക്കെ കണ്ടപ്പോള്‍ നമ്മുടെ നാടന്‍ കുട്ടികള്‍ക്കൊരു ഭയം. അങ്ങനെ ആളു തികയാതെ വന്നപ്പോള്‍ ‘സ്ഥിരമായി പന്തു പെറുക്കുന്നവന്‘ എന്ന യോഗ്യതയിലാണെനിക്കൊരു നറുക്കു വീണതു.
സൈഡ്, വിങ്ങ്, ഫോര്‍വേഡ്, ബാക്ക് എന്നൊന്നും വേര്‍തിരിക്കപ്പെട്ടിട്ടില്ലാത്ത നമ്മടെ നാടന്‍ കാല്‍പ്പന്തു കളിയോട്, ചിട്ടയൊത്ത ഫിഫയുടെ കളി. മൈതാനമായി മാറിയ പഴയ വയലിന്റെ വരമ്പു മാത്രം അതിര്‍വരമ്പായി കണ്ട ഞങ്ങളോടു, കളിക്കുമുമ്പ് റഫറിയായി നില്ക്കാന് വന്ന ചേട്ടന് കളിയുടെ അതിര്‍വരമ്പുകള്‍ വിവരിച്ചു. അപ്പോള്‍ അവരെല്ലാവരും തലയാട്ടിയും, ഞങ്ങളെല്ലാം വാപൊളിച്ചും നിന്നു.
എണ്ണമില്ലാത്ത കളിക്കാര്‍ ഒരു പന്തിനുവേണ്ടി കടിപിടികൂടുന്ന തരം കളിമാത്രം കളിച്ചു പരിചയമുള്ള, ഞങ്ങടെ സ്കൂളിലെ കുട്ടികളും, കളിയൊക്കെ പഠിച്ചുവന്ന നല്ല അച്ചടക്കമുള്ള കുട്ടികളും തമ്മിലൊരു പന്തു കളി.
കളി തുടങ്ങി....
മുണ്ട് മടക്കിക്കുത്തി ഞങ്ങളുടെ കൂട്ടം റെഡിയായി....
ഒറ്റക്കു പന്തുമായി ഞങ്ങളുടെ കൂട്ടത്തിനു നടുവില്‍ അകപ്പെട്ടവരെല്ലാം ചവിട്ടും കുത്തുമേറ്റ് നടുവും തടകി കളത്തിനു പുറത്തേക്കു പോയി. എന്നാല്‍ ആ പത്മവ്യൂഹത്തിനകത്തുനിന്നും പന്തു പുറത്തു കടത്താന്‍ കഴിഞ്ഞപ്പോഴൊക്കെ അവര്‍ ഞങ്ങളുടെ ഒഴിഞ്ഞ പോസ്റ്റില്‍ ഗോളടിച്ചു കൊണ്ടുമിരുന്നു.
അടിയുടെ കാര്യത്തില്‍ ഒരിക്കലും പിറകിലാകാത്ത ഞങ്ങളും ഇടക്കിടക്കു ഗോളടിക്കുന്നുണ്ടായിരുന്നു. പലപ്പോഴും ഗോളിയെ സഹിതം അടിച്ചിട്ടും, റഫറിയെ ഭീഷണിപ്പെടുത്തിയും, തിണ്ണമിടുക്കു കാട്ടിയും ഞങ്ങളും ഗോളുകള്‍ നേടിക്കൊണ്ടിരുന്നു.
പകുതി സമയം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കു ചിലതു മനസ്സിലായി.
സ്ഥിരമായി ഗോള്‍ പോസ്റ്റില്‍ ‘ഗോളി‘യായി ഒരാള്‍ വേണം എന്നതാണവയിലാദ്യത്തേത്..
ഒടുവില്‍.....
കളി തീരാന്‍ സമയമാകുന്നു....
ട്യൂഷന് ക്ലാസ്സ് കഴിഞ്ഞു കുട്ടികള്‍ വരുന്നു....
വഴിയേ പോകുന്ന യാത്രക്കാര്‍ പോലും അപ്പോള്‍ കാഴ്ചക്കാരായി....
എല്ലാ കഥയുടെയും ക്ലൈമാക്സുപോലെ ഇവിടെയും ഗോള്‍ നില സമനിലയിലെത്തി...
മൈമൂന കൂട്ടുകാരൊത്തു മൈതാനത്തില്‍ പ്രവേശിച്ചു...
പതിവുപോലെ ഞങ്ങളുടെ ചേട്ടന്മാര് ലോകമഹായുദ്ധം തുടങ്ങി...
എതിരാളികളില്‍ ചിലര്‍ കളിമറന്നു വെള്ളമിറക്കാതെ - വെള്ളമിറക്കി നിന്നു.
ചേട്ടന്മാരുടെ കടിപിടിക്കിടയില്‍ കിടന്നു പിടക്കണ്ട എന്നു കരുതി ഞാന്‍ ഒരൊഴിഞ്ഞ കോണിലേക്കു മാറി നിന്നു. നിക്കറൊക്കെയിട്ട എതിര് ഗോളി പെണ്‍കുട്ടികളെ കണ്ട് നാണം കുണുങ്ങി എനിക്കു പിന്നില്‍ മറഞ്ഞു നിന്നു. ഗോളിച്ചേട്ടന്റെ ജേഴ്സിയെ പുകഴ്ത്തി തമാശ പറഞ്ഞു ചിരിച്ചു വരുന്ന പെണ്‍കൂട്ടം തൊട്ടു മുന്നില്‍...
‘അടിയെടാ ഹിമാറെ....’
മൈതാനത്തിനു പുറത്തു ശുഷ്കാന്തിയോടെ കളികണ്ട് നിന്ന ഏതോ ഒരുവന്റെ അലര്‍ച്ച വായിനോക്കി നിന്ന എന്റെ ചെവിയില്‍ വന്നടിച്ചു. ഞെട്ടിത്തിരിഞ്ഞപ്പോഴേക്കും പന്ത് എന്റെ മൂക്കിനടുത്തെത്തിയിരുന്നു.
അറിയാതെ പിടഞ്ഞുമാറി, കാലു പൊക്കി പന്തിനിട്ടു ഒരു തൊഴിവെച്ചു ഞാന്‍ മൂക്കുംകുത്തി മറിഞ്ഞു വീണു.
ആകെ നാണെക്കേടായി......,
താഴെ വീണ സ്ഥിതിക്കു ഇനി പെണ്‍കുട്ടികള്‍ മൈതാനം വിട്ടിട്ടു എണീക്കാം എന്നു കരുതി ഞാന്‍ ഭൂമിയെ ചുംബിച്ചു കിടന്നു.
ചുറ്റിനും ആകെ ബഹളം. ആള്ക്കാര് ഓടിക്കൂടുന്ന ശബ്ദം. വായില്‍ നോക്കി നിന്ന് കളി കളഞ്ഞതിനു ചേട്ടന്മാരുടെ തല്ലിപ്പോള്‍ കിട്ടും..... മനസ്സു പറഞ്ഞു. തല്ലു വാങ്ങാനായി ഇല്ലാത്ത മസില് പെരുപ്പിച്ചു ഞാന്‍ കിടന്നു.
തല കറങ്ങുന്നതു പോലെ.....,
പതിയെ ഒരു കണ്ണു തുറന്നു. ആകെ കറങ്ങുന്നു....
കറങ്ങുന്നതിനിടയില്‍ കണ്ടു, മൈതാനത്തിന്റെ ഓരത്തു മുത്തു പൊഴിച്ചു ചിരിച്ചു നില്ക്കുന്ന മൈമൂന.
ഞാന്‍ രണ്ടു കണ്ണും തുറന്നു...
ആഹ്ലാദത്താല്‍ എന്നെയെടുത്തു വട്ടം കറക്കുന്ന പോത്ത് ബിജു. ചുറ്റിലും കൂട്ടുകാരുടെ വിജയാഘോഷം. തല താഴ്ത്തി നില്ക്കുന്ന എതിരാളികള്‍. അത്ഭുതത്തോടെ നോക്കുന്ന റഫറി.
എന്റെ മുഖത്തും വിരിഞ്ഞു അത്ഭുതത്തിന്റെ പൂക്കള്‍.
‘ആ സിസര്‍കട്ടു ഗോള്‍ സൂപ്പറായിരുന്നു‘വെന്നു ഒടുവില്‍ റഫറിയുടെ സര്‍ട്ടിഫിക്കറ്റ്.
അടുത്ത ദിവസം മുതല്‍ മൈമൂനയുടെ സ്പെഷ്യല്‍ ചിരി കിട്ടിത്തുടങ്ങി. ചുറ്റിലും നിന്നു എനിക്കുള്ള ചിരിയുടെ പങ്കു ചേട്ടന്മാര്‍കൂടി പങ്കിട്ടുപോന്നു. അങ്ങനെ, അന്നു മുതല്‍ ഞാന്‍ ഞങ്ങളുടെ ടീമിന്റെ ഫോര്‍വേഡായി.
കാലം പോകുന്നതനുസരിച്ചു കളിയില്‍ എന്റെ സ്ഥാനം മാറിക്കൊണ്ടിരുന്നു. ഫോര്‍വേഡില്‍ നിന്നു പിന്നെ ഞാന്‍ വിങ്ങിലെത്തി, കുറച്ചുകാലം ബാക്കായി, ഇടക്കു ഗോളിയുമായി, പിന്നെ ബെഞ്ചിലായി, ഒടുവില്‍ പുറത്തായി സൈഡായി. എങ്കിലും അന്നു കിട്ടിയ മൈമൂന്റെ ആ പുഞ്ചിരികളാല്‍ ഞാനൊരു ഫുട്ബോള്‍ ഫാനായി.
ചിത്രം കടപ്പാട്: ഗൂഗിള്‍